Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരുവ് നായയുടെ കടിയേറ്റ ആടിന് ചികിത്സ നിഷേധിച്ച സംഭവം: താമരശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടർക്ക് സസ്‌പെൻഷൻ; നടപടി സംഭവ ദിവസം ലീവെടുത്ത ഡോക്ടർക്കെതിരെ; സമയം കഴിഞ്ഞതിനാൽ ചികിത്സിക്കാനാവില്ലെന്ന് ധാർഷ്ട്യം കാട്ടിയ മൈക്കാവ് ആശുപത്രിയിലെ ഡോക്ടർക്കെതിരെയും താമരശ്ശേരി ആശുപത്രിയിലെ മറ്റു ജീവനക്കാർക്കെതിരെയും നടപടിയില്ല

തെരുവ് നായയുടെ കടിയേറ്റ ആടിന് ചികിത്സ നിഷേധിച്ച സംഭവം: താമരശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടർക്ക് സസ്‌പെൻഷൻ;  നടപടി സംഭവ ദിവസം ലീവെടുത്ത ഡോക്ടർക്കെതിരെ; സമയം കഴിഞ്ഞതിനാൽ ചികിത്സിക്കാനാവില്ലെന്ന് ധാർഷ്ട്യം കാട്ടിയ മൈക്കാവ് ആശുപത്രിയിലെ ഡോക്ടർക്കെതിരെയും താമരശ്ശേരി ആശുപത്രിയിലെ മറ്റു ജീവനക്കാർക്കെതിരെയും നടപടിയില്ല

ജാസിം മൊയ്തീൻ

കോഴിക്കോട്: താമരശ്ശേരിയിൽ തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വളർത്തു മൃഗം ചികിത്സ ലഭിക്കാതെ ചത്ത സംഭവത്തിൽ മൃഗഡോക്ടർക്ക് സസ്പെൻഷൻ. താമരശ്ശേരി വെറ്റിനറി ഡിസ്പെൻസറിയിലെ മൃഗ ഡോക്ടർ കെവി ജയശ്രീയെയാണ് മൃഗ സംരക്ഷണ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

ഈ മാസം 7ാം തിയ്യതിയാണ് താമരശ്ശേരി മുട്ടുകാവിൽ ജാനകിയുടെ ആട്ടിൻകുട്ടിയെ തെരുവ് നായ അക്രമിച്ചത്. നായയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് കുടൽമാല പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു ആട്ടിൻകുട്ടി. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് ആട്ടിൻകുട്ടിയെ അടുത്തുള്ള താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടുത്തെ ഡോക്ടറായ ജയശ്രീ അവധിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. പകരം തൊട്ടടുത്ത് മൈക്കാവ് ആശുപത്രിയിലെ ഡോക്ടറുടെ നമ്പർ ആശുപത്രി ജീവനക്കാർ നൽകിയതനുസരിച്ച് ആ നമ്പറിൽ വിളിച്ചപ്പോൾ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ചികിത്സിക്കാനാകില്ലെന്നും പറഞ്ഞു. ഉടൻ തന്നെ പുതുപ്പാടി ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എത്തിക്കാനുള്ള മറുപടിയാണ് ലഭിച്ചത്.

മൂന്നിടത്തു നിന്നും ചികിത്സ നിഷേധിച്ചതോടെ സംഭവത്തിൽ താമരശ്ശേരി ജനമൈത്രി പൊലീസ് ഇടപെടുകയായിരുന്നു. പിന്നീട് വൈകിട്ട് 8 മണിയോടെ പൊലീസ് ഇടപെടലിനെ തുടർന്ന് മൈക്കാവ് ആശുപത്രിയിലെ വെറ്റിനറി ഡോക്ടർ നിധിനിന്റെ നേതൃത്വത്തിൽ ആടിന് ശസ്ത്രക്രിയ ചെയ്തെങ്കിലും ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ആടിന്റെ ജീവൻ നഷ്ടമാകുകയും ചെയ്തു. സംഭവം വാർത്തയായതിനെ തുടർന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസും മന്ത്രി കെ രാജുവിന്റെ ഓഫീസും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്നേ ദിവസം ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന താമരശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടർ കെവി ജയശ്രീക്കെതിരെ മൃഗസംരക്ഷണ വകുപ്പ് നടപടിയെടുത്തിരിക്കുന്നത്. ജയശ്രീയുടെ അവധി മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും പരാതിയുണ്ട്.

അതേ സമയം സമയം കഴിഞ്ഞതിനാൽ ചികിത്സ നൽകാനാകില്ലെന്ന് പറഞ്ഞ മൈക്കാവ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ചികിത്സ നിഷേധിച്ച ഡോക്ടർമാരെ ഒഴിവാക്കി ഓഫീസിലെ സാങ്കേതിക കാര്യങ്ങളിലെ പിശക് ചൂണ്ടിക്കാട്ടി അവധിയിലായ ഡോക്ടർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർ ഒരു ജീവിയുടെ ജീവൻ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടയാളാണ്. ഇത്തരം അടിയന്തിര സാഹചര്യത്തിൽ ഡോക്ടർ ഒഴിഞ്ഞു മാറിയത് ഒട്ടും ന്യായീകരിക്കാവുന്നതല്ല. ചികിത്സാ വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP