Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസ് ക്ലബ് ഭരണസമിതിയുമായി തർക്കം: ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവച്ചു; സർക്കാർ അനുവദിച്ച മുഴുവൻ തുകയും ഇൻസ്റ്റിറ്റ്യൂട്ടിന് നൽകാത്തതും വേണുഗോപാലിനെ പിണക്കി

പ്രസ് ക്ലബ് ഭരണസമിതിയുമായി തർക്കം: ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവച്ചു; സർക്കാർ അനുവദിച്ച മുഴുവൻ തുകയും ഇൻസ്റ്റിറ്റ്യൂട്ടിന് നൽകാത്തതും വേണുഗോപാലിനെ പിണക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ വേണുഗോപാൽ ഉണ്ണിത്താൻ രാജിവച്ചു. ഡയറക്ടറായി നിയമിക്കപ്പെട്ട് ഒരു വർഷം പോലുമാകുന്നതിനുമുമ്പുള്ള രാജി പ്രസ് ക്ലബ് ഭരണസമിതിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ്. പുതിയ ഭരണസമിതി ഈ ശനിയാഴ്ച നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ചുമതലയേൽക്കാനിരിക്കുന്നതേയുള്ളു. ഇന്നലെ തന്റെ ഫേസ്‌ബുക്ക് പേജിൽ വേണുഗോപാൽ തന്നെ രാജിക്കാര്യം അറിയിക്കുകയായിരുന്നു

തന്നെ നിയമിച്ച മുൻ ഭരണസമിതിയുമായുള്ള തർക്കങ്ങളുടെ പേരിലും ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് കാര്യങ്ങളിലുള്ള അവിഹിതമായ ഇടപെടലുകളുടെ പേരിലും വേണുഗോപാൽ നേരത്തെതന്നെ ഒരു തവണ രാജി സന്നദ്ധത അറിയിച്ചിരുന്നു. പുതിയ ഭരണസമിതി വരുമ്പോഴെങ്കിലും കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പഴയ സമിതിയിലുള്ളവരിൽ പലരും പുതിയ സമിതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ഇവരുടെ ഇടപെടൽ തുടരുകയുമായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷത്തെ പ്രവേശനത്തിനുള്ള പരീക്ഷ ശനിയാഴ്ച നടത്താൻ നേരത്തെതന്നെ നിശ്ചയിച്ചിരുന്നതാണ്. പുതിയ ഭരണസമിതി ചുമതലയേൽക്കാനുള്ള ജനറൽ ബോഡിയോഗം ശനിയാഴ്ച നിശ്ചയിച്ചത് പിന്നീടാണ്. പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡയറക്ടർ വഴങ്ങിയില്ല. തുടർന്ന് പ്രസ് ക്ലബ്ബ് ഇടപെട്ട് നേരിട്ട് പരീക്ഷ മാറ്റിവയ്ക്കുകയും വിദ്യാർത്ഥികളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

പ്രസ് ക്ലബ്ബിലെ അനധികൃത മദ്യശാല ക്ലാസ് റൂമിനു സമീപത്തേയ്ക്കു മാറ്റിയതും ക്ലാസിൽ പെയിന്റടിച്ചതുമെല്ലാം തർക്കത്തിലേയ്ക്കു വളരുകയും രാജിക്ക് വഴിവയ്ക്കുകയുമായിരുന്നു. മുൻ ഡയറക്ടർ എസ് രാധാകൃഷ്ണനെ ഒഴിവാക്കി മുൻ ഭരണസമിതി വേണുഗോപാലിനെ നിയമിച്ചതുതന്നെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ജേണലിസത്തിലും ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലും മാസ്റ്റർ ബിരുദമുൾപ്പെടെ ഉയർന്ന യോഗ്യതകളും നിരവധി സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയവുമുണ്ടായിരുന്ന രാധാകൃഷ്ണനെ മാറ്റിയതിനെത്തുടർന്ന് കേരള സർവകലാശാലയുമായി ചേർന്ന് നടത്താനിരുന്ന കോഴ്‌സുകളുൾപ്പെടെയുള്ള പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയിൽ ചെറിയൊരു ഭാഗം മാത്രം ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ചെലവഴിച്ചതിന്റെ പേരിലും ഡയറക്ടറും മുൻ ഭരണസമിതിയുമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. മുൻ ഡയറക്ടറുടെ കാലത്ത് സമർപ്പിച്ച പദ്ധതി റിപ്പോർട്ടനുസരിച്ച് ഈ തുകയുടെ നല്ലൊരു ഭാഗം മാധ്യമപ്രവർത്തകരുടെ പരിശീലനത്തിനാണ് നീക്കിവച്ചിരുന്നത്. എന്നാൽ പരീക്ഷയും മറ്റും കമ്മറ്റിയുടെ അറിവോടെ നടത്താത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഒരു പ്രസ് ക്ലബ്ബ് ഭാരവാഹി മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP