Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മാർത്തോമ്മ സഭയെയും പിജെ കുര്യനെയും പുകഴ്‌ത്തി ഉപരാഷ്ട്രപതി; അടുത്ത രാജ്യസഭാ ചെയർമാനാകാൻ കുര്യന് യോഗമുണ്ടാകുമെന്നും വെങ്കയ്യ നായിഡു; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം ലോകത്തിന് മാതൃക: ക്രിസോസ്റ്റം തിരുമേനിയുടെ 101-ാം ജന്മദിനാഘോഷവും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

മാർത്തോമ്മ സഭയെയും പിജെ കുര്യനെയും പുകഴ്‌ത്തി ഉപരാഷ്ട്രപതി; അടുത്ത രാജ്യസഭാ ചെയർമാനാകാൻ കുര്യന് യോഗമുണ്ടാകുമെന്നും വെങ്കയ്യ നായിഡു; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം ലോകത്തിന് മാതൃക: ക്രിസോസ്റ്റം തിരുമേനിയുടെ 101-ാം ജന്മദിനാഘോഷവും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മാർത്തോമ്മസഭയുടെ പ്രവർത്തനങ്ങളെയും തന്നെ ഇവിടെ കൊണ്ടു വന്ന രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനൈയും പുകഴ്‌ത്തി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മഹാന്മാരെ ആദരിക്കുന്നത് മറ്റുള്ളവർക്ക് അവരുടെ ജീവിത വഴികൾ പിന്തുടരാൻ പ്രചോദനമാകുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. തിരുവല്ല മാർത്തോമാ സഭാ ആസ്ഥാനത്ത് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ 101-ാമത് ജന്മദിനാഘോഷവും മാർത്തോമ സഭയുടെ അധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ ശുശ്രൂഷയുടെ വജ്ര ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

നൂറ്റി ഒന്നാം വയസിലേക്ക് കടന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ ലഭിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം ലോകത്തിന് മാതൃകയാണ്. അശരണരോടുള്ള കാരുണ്യവും കരുതലും അദ്ദേഹം എപ്പോഴും കാത്തു സൂക്ഷിക്കുന്നു. നന്മ ചെയ്യുന്നവരെ ആദരിക്കുന്നത് ഭാരതീയ പാരമ്പര്യമാണ്. മാനവ സേവയാണ് മാധവ സേവയെന്ന ഭാരതീയ പാരമ്പര്യം ഉൾക്കൊണ്ട് തന്റെ ജീവിതത്തിലുട നീളം പ്രവർത്തിച്ച തിരുമേനിയുടെ ജീവിതം രാഷ്ട്രത്തിന് അഭിമാനകരമാണ്.

ദൈവത്തിനും രാജ്യത്തെ ജനങ്ങൾക്കുമായി നൂറു വർഷം കർമ്മ നിരതമായ സേവനം നടത്തിയ ക്രിസോസ്റ്റം തിരുമേനിയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും സംഭാവനകളും വലിയൊരു വിഭാഗം ജനങ്ങളുടെ പുരോഗതിക്ക് കാരണമായി. ആരോഗ്യത്തോടെ, ബുദ്ധിയോടെ, വിശാല ചിന്തകളോടെ നൂറുവർഷം ജീവിക്കട്ടെയെന്ന് അഥർവ വേദത്തിലെ പ്രാർത്ഥന സാർഥകമായ ജീവിതമാണ് ക്രിസോസ്റ്റം തിരുമേനിയുടേത്. നർമ്മത്തിലൂടെയും നല്ല പെരുമാറ്റത്തിലൂടെയും തന്റെ അനുഗ്രഹം അദ്ദേഹം എല്ലാവർക്കും നൽകുന്നു. വലിയ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് അശരണരായ 2500 പേർക്ക് വീടു വച്ചു നൽകാൻ മാർത്തോമ്മാ സഭയ്ക്ക് കഴിഞ്ഞിരുന്നു. തൊണ്ണൂറാം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത മുൻ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ. അഡ്വാനി അദ്ദേഹത്തിന് നൂറു വയസ് ആശംസിക്കുകയും നൂറാം പിറന്നാളിന് എത്താമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. 2017ൽ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം പിറന്നാളിന് എൽ.കെ. അഡ്വാനി എത്തുകയും ചെയ്തിരുന്നു.

പൗരോഹിത്യ വജ്രജൂബിലി ആഘോഷിക്കുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ദീർഘവീക്ഷണമുള്ള നേതൃത്വം ജനങ്ങൾക്ക് ഏറെ പ്രയോജനകരമായതിൽ സന്തോഷിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അനുകരണീയമാണ്. പൗരോഹിത്യ വജ്രജൂബിലിയോടനുബന്ധിച്ച്, സ്നേഹക്കരം എന്ന പേരിൽ മാരക രോഗങ്ങൾ ബാധിച്ചവരെ സഹായിക്കാൻ മാർത്തോമ്മാ സഭ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി ശ്ലാഘനീയമാണ്. ദേശീയ, അന്തർദേശീയ തലങ്ങളിൽ നൽകുന്ന എക്യുമെനിക്കൽ നേതൃത്വത്തിനും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അഭിനന്ദനം അർഹിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ മുസ്്ലിം പള്ളിയായിരുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ,് സെന്റ് തോമസ് ഇന്ത്യയിൽ ആദ്യമായി എത്തിയ സ്ഥലം, ഒൻപതാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ പള്ളി പണിയുന്നതിന് സ്ഥലം വിട്ടു നൽകിയ വേണാട് രാജാവിന്റെ മാതൃക, ജൈന മതവും ബുദ്ധ മതവും യഹൂദമതവും ഒക്കെ സഹവർത്തിത്വത്തോടെ കഴിഞ്ഞിരുന്ന കേരളം ഇന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള വിഭിന്ന മതങ്ങളിലേയും സംസ്‌കാരങ്ങളിലേയും നല്ല ആശയങ്ങളെ ഉൾക്കൊണ്ട ഭാരതീയ പാരമ്പര്യം മുറുകെ പിടിക്കുവാൻ നൂറ്റാണ്ടുകൾക്കു മുൻപേ കേരളത്തിന് കഴിഞ്ഞിരുന്നു. ബഹുസ്വരതയും വൈവിധ്യങ്ങളും നിലനിൽക്കുമ്പോൾ തന്നെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു പാരമ്പര്യമായിരുന്നു നമ്മുടേത്. ഈ പാരമ്പര്യത്തെ ഒറ്റക്കെട്ടായി സംരക്ഷിക്കുവാൻ നമുക്ക് കഴിയണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ മികച്ച സേവനമാണ് പിജെ കുര്യൻ ചെയ്യുന്നത്. അദ്ദേഹം അടുത്തു തന്നെ രാജ്യസഭാ ചെയർമാൻ ആകട്ടെ എന്നും വെങ്കയ്യ ആശംസിച്ചു. ഒരു മതത്തിലുള്ളവർ മറ്റൊരു മതത്തിന്റെ അന്തഃസന്ത മനസിലാക്കുകയും അതിന്റെ നല്ല വശങ്ങൾ ഉൾക്കൊള്ളുകയുമാണ് വേണ്ടതെന്നും വെങ്കയ്യ പറഞ്ഞു. വ്യക്തി മതം മാറേണ്ട ആവശ്യമില്ലെന്നും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗം ഉദ്ധരിച്ച് ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഉമ്മൻ ചാണ്ടി എംഎൽഎ, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത, ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ, മാർത്തോമ്മാ സഭാ ട്രഷറർ പി.പി. അച്ചൻകുഞ്ഞ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. രാജു ഏബ്രഹാം എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈകിട്ട് 4.10ന് ഉപരാഷ്ട്രപതി മടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP