Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി എന്തു ചെയ്താലും വെള്ളാപ്പള്ളി ഇനി കൈയടിക്കും; മുഖ്യമന്ത്രിയെ കൈയിലെടുക്കാൻ സെൻകുമാറിനേയും സമുദായ നേതാവ് കൈവിടുന്നു; പൊലീസ് തലപ്പത്തെ അഴിച്ചുപണിയിൽ കുറ്റമൊന്നും കാണാതെ പ്രസ്താവന; ലക്ഷ്യം ഇടത് പക്ഷം തന്നെ

പിണറായി എന്തു ചെയ്താലും വെള്ളാപ്പള്ളി ഇനി കൈയടിക്കും; മുഖ്യമന്ത്രിയെ കൈയിലെടുക്കാൻ സെൻകുമാറിനേയും സമുദായ നേതാവ് കൈവിടുന്നു; പൊലീസ് തലപ്പത്തെ അഴിച്ചുപണിയിൽ കുറ്റമൊന്നും കാണാതെ പ്രസ്താവന; ലക്ഷ്യം ഇടത് പക്ഷം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ടിപി സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പൊട്ടിത്തെറിക്കുമെന്ന് കരുതിയവർക്ക് തെറ്റി. മുഖ്യമന്ത്രി പിണറായിയുടെ നിർണ്ണായക തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്ന പതിവ് വെള്ളാപ്പള്ളി തുടരുകയാണ്. എങ്ങനേയും പിണറായിയെ പുകഴ്‌ത്തി ഇടതുപക്ഷവുമായി അടുക്കുകയെന്ന ശൈലി തന്നെയാണ് വെള്ളാപ്പള്ളി ഇവിടേയും തുടരുന്നത്. പൊലീസ് തലപ്പത്തെ അഴിച്ചുപണിയെ കുറ്റപ്പെടുത്താനാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ടി.പി.സെൻകുമാറിനെ തൽസ്ഥാനത്തു നിന്നു മാറ്റിയതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാൽ ദേവസ്വം നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടതിൽ വിശ്വാസികൾക്കുള്ള ആശങ്ക ദൂരീകരിക്കണമെന്നും വിശദീകരിക്കുന്നു. അതായത് ആ തീരുമാനത്തിൽ തെറ്റില്ലെന്ന് ബോധ്യപ്പെടുത്തിയാൽ അതിനേയും വെള്ളാപ്പള്ളി കൈയടിക്കും.

പിണറായി അധികാരത്തിലെത്തിയതു മുതൽ സർക്കാരിന്റെ എല്ലാ തീരുമാനങ്ങളേയും വെള്ളാപ്പള്ളി സ്വാഗതം ചെയ്തിരുന്നു. തുടക്കം കൊള്ളാമെന്നായിരുന്നു പ്രതികരണം. ഇതിന് ശേഷം ബിഡിജെഎസാണ് പിണറായിക്ക് അധികാരം നൽകിയതെന്ന വാദവും ഉയർത്തി. കോൺഗ്രസ് വോട്ടുകളെല്ലാം ബിജെപി സഖ്യത്തിന്റെ ഭാഗമായി ബിഡിജെഎസ് നേടിയതാണ് ഇതിന് കാരണമായി അവതരിപ്പിച്ചത്. എന്നാൽ ടിപി സെൻകുമാർ വിഷയത്തിൽ പിണറായിയുടെ തീരുമാനത്തെ വെള്ളാപ്പള്ളി വിമർശിക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. സെൻകുമാറിനോട് പലപ്പോഴും അത്രയേറെ താൽപ്പര്യം വെള്ളാപ്പള്ളി പുലർത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സെൻകുമാർ ഡിജിപി ആയതിന് പിന്നിൽ വെള്ളാപ്പള്ളിയാണെന്ന വ്യാഖ്യാനങ്ങളും പ്രചരിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്ഥലം മാറ്റ വിവാദത്തിൽ വെള്ളാപ്പള്ളിയുടെ പിന്തുണ സെൻകുമാറും പ്രതീക്ഷിച്ചു. എന്നാൽ പിണറായിയെ കൂടുതൽ അടുപ്പിക്കാൻ സെൻകുമാറിന്റെ സ്ഥലമാറ്റത്തിലും വെള്ളാപ്പള്ളി തന്ത്രപരമായ നീക്കം നടത്തി.

വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് തട്ടിപ്പുകേസുകൾ പലതും വിജിലൻസിന്റെ പരിഗണനയിലാണ്. ജേക്കബ് തോമസിനെ പോലൊരാൾ വിജിലൻസിന്റെ തലപ്പത്ത് എത്തുമ്പോൾ സർക്കാരിനെ പിണക്കുന്നത് ഗുണകരമാകില്ലെന്നാണ് വെള്ളാപ്പള്ളിയക്ക് കിട്ടിയ ഉപദേശമെന്നാണ് സൂചന. സെൻകുമാറും ജേക്കബ് തോമസും തമ്മിൽ ശത്രുതയുണ്ടെന്ന വിലയിരുത്തലുകളാണ് ഇതിന് കാരണം. സെൻകുമാറിനെ പിന്തുണച്ചാൽ മൈക്രോ ഫിനാൻസ് കേസുകളിൽ വിജിലൻസ് നിലപാട് കടുപ്പിക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ ഭയം. പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയും തന്നെ സെൻകുമാറിന്റെ നേതാവായി കാണരുതെന്ന് വെള്ളാപ്പള്ളി ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിലാണ് സെൻകുമാറിനെ പൂർണ്ണമായും കൈവിടുന്നത്.

പിണറായിയുടെ സർക്കാരിനെ അനുകൂലിച്ച് നിരന്തരം പ്രസ്താവന ഇറക്കി പതുക്കെ മോദി ക്യാമ്പിൽ നിന്ന് അകന്ന് ഇടതുപക്ഷത്ത് എത്തുകയാണ് വെള്ളാപ്പള്ളിയുടെ ലക്ഷ്യം. എന്നാൽ സിപിഐ(എം) ഈ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. അതുകൊണ്ട് ഉടനൊന്നും ബിജെപിയെ പിണക്കാൻ തയ്യാറാവുകയുമില്ല. എങ്കിലും പുതിയ രാഷ്ട്രീയ നീക്കത്തിന് അനുകൂലമായ സാഹചര്യം ക്രമേണയുണ്ടാക്കിയെടുക്കാനാണ് പിണറായിയെ സ്ഥിരമായി പുകഴ്‌ത്തി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെള്ളാപ്പള്ളിയെത്തുന്നത്. ഇത് തന്നെയാണ് സെൻകുമാർ വിഷയത്തിലും പ്രതിഫലിച്ചത്.

വി എസ് അച്യുതാനന്ദനുമായി മാത്രമേ തനിക്ക് എതിർപ്പുള്ളൂവെന്ന് സിപിഐ(എം) നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് നീക്കം. സിപിഎമ്മിലെ ആലപ്പുഴയിലെ ചില നേതാക്കൾക്ക് വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഇത് ചർച്ചയായി. തോമസ് ഐസക്കിനേയും ജി സുധാകരനേയും ഒരിക്കലും വെള്ളാപ്പള്ളി വിമർശിച്ചിട്ടുമില്ല. വെള്ളാപ്പള്ളി ഒപ്പമുണ്ടായിരുന്നുവെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തൂത്തുവാരൽ നടത്തിയേനെ എന്നാണ് ആലപ്പുഴയിലെ പല മുതിർന്ന നേതാക്കളുടേയും നിലപാട്. ഇത് മനസ്സിലാക്കിയാണ് പിണറായിയെ അടുപ്പിക്കാൻ വെള്ളാപ്പള്ളി ബോധപൂർവ്വം ശ്രമിക്കുന്നത്. ബിജെപിയുമായി തെറ്റി സിപിഎമ്മിൽ എത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെന്ന് ബിജെപിയും തിരിച്ചറിയുന്നു. എന്നാൽ കരുതലോടെ മാത്രമേ ഈ വിഷയത്തിൽ പ്രതികരണങ്ങൾക്ക് തയ്യാറാവൂ.

മുഖ്യമന്ത്രി എന്ന നിലയിൽ എന്ന നിലയിൽ പിണറായിയുടെ തുടക്കം കൊള്ളാം എന്ന പ്രസ്താവനയുമായാണ് വെള്ളാപ്പള്ളി സുഖിപ്പിക്കലിന് തുടക്കമിട്ടിരിക്കുന്നത്. എല്ലാ സമുദായങ്ങൾക്കും പിണറായി തുല്യപരിഗണന നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞുവയ്ക്കുന്നു. എല്ലാ സമുദായങ്ങൾക്കും അദ്ദേഹം തുല്യ പരിഗണന നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞുവയ്ക്കുന്നതും പ്രതീക്ഷകളോടെയാണ്. പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൈക്രോഫിനാൻസ് കേസുകൾ കുത്തിപ്പൊക്കുമെന്നും വെള്ളാപ്പള്ളി ഭയക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ ബിഡിജെഎസിന് കഴിഞ്ഞില്ല. എന്നാൽ വോട്ട് കിട്ടുകയും ചെയ്തു. ബിജെപിയുമായുള്ള ചങ്ങാത്തമാണ് ഇതിന് കാരണം. ഇടതുമുന്നണിയിലെത്തിയാൽ രണ്ട് കൂട്ടർക്കും നേട്ടമാകുമെന്ന് വരുത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമം.

തിരഞ്ഞെടുപ്പുകാലത്ത് ബിഡിജെഎസ് രൂപീകരിച്ച് വെള്ളാപ്പള്ളി ബിജെപിക്കൊപ്പം കൈകോർത്തതോടെ വിഎസിനെതിരെ അടിക്കടി വിമർശനങ്ങളുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. എന്നാൽ വിഎസിനെ ചരിത്രംപഠിപ്പിക്കാൻ വെള്ളാപ്പള്ളി വളർന്നിട്ടില്ലെന്നും ശ്രീനാരായണ ധർമ്മം പാലിക്കേണ്ടവർ അതു ചെയ്യാതിരുന്നാൽ വിമർശനം ഉയരുന്നത് സ്വാഭാവികമാണെന്നും പറഞ്ഞ്, വിഎസിനെ പിന്തുണച്ച് പിണറായിവിജയനും രംഗത്തെത്തിയതോടെ വെള്ളാപ്പള്ളി ഒതുങ്ങുകയും ചെയ്തു. വരും ദിനങ്ങളിൽ മുഖ്യമന്ത്രി പിണറായിയെ വിമർശിച്ച് വി എസ് എത്തുമെന്നാണ് വെള്ളാപ്പള്ളിയുടെ വിലയിരുത്തൽ. ഈ ഘട്ടത്തിൽ പിണറായിക്ക് അനുകൂലമായ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ മനസ്സിൽ ഇടം നേടുകയാണ് ലക്ഷ്യം. അതിന്റെ മുന്നോടിയായാണ് വെള്ളാപ്പള്ളിയുടെ പുതിയ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP