Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ബിഡിജെഎസുകാർ അല്ലാത്തവരെ മുഴുവൻ എസ്എൻഡിപിയിൽ നിന്നും പുകച്ചു പുറത്തു ചാടിക്കും; അംഗീകരിച്ചാൽ യോഗത്തിന്റെ തലപ്പത്ത് വിഹരിക്കാം, അല്ലെങ്കിൽ രാജി വച്ചേ പറ്റൂ; ചെങ്ങന്നൂർ യൂണിയനിൽ വെള്ളാപ്പള്ളിയുടെ ഉഗ്രകോപത്തിന് വിധേയമായ പ്രസിഡന്റും സെക്രട്ടറിയും ചില കൗൺസിൽ അംഗങ്ങളും കൂട്ടരാജി വച്ചു

ബിഡിജെഎസുകാർ അല്ലാത്തവരെ മുഴുവൻ എസ്എൻഡിപിയിൽ നിന്നും പുകച്ചു പുറത്തു ചാടിക്കും; അംഗീകരിച്ചാൽ യോഗത്തിന്റെ തലപ്പത്ത് വിഹരിക്കാം, അല്ലെങ്കിൽ രാജി വച്ചേ പറ്റൂ; ചെങ്ങന്നൂർ യൂണിയനിൽ വെള്ളാപ്പള്ളിയുടെ ഉഗ്രകോപത്തിന് വിധേയമായ പ്രസിഡന്റും സെക്രട്ടറിയും ചില കൗൺസിൽ അംഗങ്ങളും കൂട്ടരാജി വച്ചു

ആലപ്പുഴ: ബിഡിജെഎസ്സിൽ അംഗമാകാൻ വിസമ്മതിച്ചതിനെത്തുടർന്നു ചെങ്ങന്നൂരിൽ എസ് എൻ ഡി പി യോഗം യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും രാജിവച്ചു. ജില്ലയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നതും അംഗബലമുള്ളതുമായ യൂണിയനാണ് ഇപ്പോൾ ബിഡിജെഎസ്സിന്റെ പേരിൽ തകർന്നത്. യൂണിയൻ പ്രസിഡന്റിനും ജനറൽസെക്രട്ടറിക്കും പുറമെ ഏഴോളം കൗൺസിൽ അംഗങ്ങളും രാജിവച്ചിട്ടുണ്ട്. യോഗം ജനറൽ സെക്രട്ടറിയുടെ പിടിവാശിയാണ് ഇപ്പോൾ ഭാരവാഹികളുടെ കൂട്ടരാജിക്ക് കാരണമായതെന്ന് രാജിവച്ച പ്രസിഡന്റ് അഡ്വ. സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

യോഗം അംഗങ്ങളെല്ലാം ബി ഡി ജെ എസ്സിൽ ചേരണമെന്ന് സംസ്ഥാന അധ്യക്ഷന്റെ നിർദ്ദേശം നാളുകളായി ചൊവിക്കൊള്ളാതെ ഇരിക്കുകയായിരുന്നു ചെങ്ങന്നൂർ യൂണിയൻ ഭാരവാഹികൾ. എന്നാൽ കഴിഞ്ഞദിവസം ചേർന്ന വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച കണക്കും റിപ്പോർട്ടും അംഗീകരിക്കാനും ഒപ്പിട്ടുനൽകാനും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തയ്യാറാകാതിരുന്നതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം.

നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ സമർപ്പിക്കുന്ന കണക്കും റിപ്പോർട്ടും ഓഡിറ്റ് പൂർത്തിയാക്കിയതിനുശേഷമാണ് പാസാക്കുന്നത്. ഇതിൽ സാധാരണയായി വെള്ളാപ്പള്ളി നടേശൻ ഒപ്പുവക്കാറാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി ഇക്കുറി വെള്ളാപ്പള്ളി ഒപ്പുവക്കാൻ മടി കാട്ടുകയായിരുന്നുവെന്നാണ് സന്തോഷ് പറയുന്നത്. ഇത് ബി ഡി ജെ എസ്സിൽ അംഗത്വം എടുക്കാത്തതിലുള്ള അമർഷമായിട്ടാണ് കരുതുന്നതെന്ന് ഭാരവാഹികൾ പറയുന്നു.

തുഷാർ വെള്ളാപ്പള്ളിയുടെ ഉപദേശം ഇക്കാര്യത്തിൽ വെള്ളാപ്പള്ളിക്ക് ലഭിച്ചതായാണ് ഭാരവാഹികൾ സൂചിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി സുതാര്യമായി പ്രവർത്തിച്ചു വരുന്ന ഭരണസമിതിയിൽ വെള്ളാപ്പള്ളി അനുകൂല വിഭാഗം കടന്നുകൂടിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പിന്നീട് നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാതെയും ചർച്ചകൾ നടത്താതെയും വെള്ളാപ്പള്ളി നിസ്സഹകരണം തുടരുകയായിരുന്നു. ഇതിനിടെയാണ് വാർഷിക പൊതുയോഗം എത്തിയത്. ഈ അവസരത്തിൽ വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ മനസിലിരുപ്പ് പുറത്തുകാട്ടിയെന്നും ഭാരവാഹികൾ പറഞ്ഞു.

നേരത്തെ സാമ്പത്തിക തിരിമറിയെ തുടർന്ന് യൂണിയൻ ഭാരവാഹിയെ പുറത്താക്കിയിരുന്നു. ഇയാളും ഇപ്പോൾ നിലവിലെ ഭരണസമിതിക്കെതിരെ പ്രചരണം നടത്തുകയാണ്. കാര്യങ്ങൾ വഷളായിട്ടും ഇതുവരെയും വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്നും നിജസ്ഥിതി അന്വേഷിക്കാനോ ചർച്ച നടത്താനോ നീക്കങ്ങൾ നടത്തിയിട്ടില്ല. രാജിവച്ചവർ കാണാൻ ശ്രമിച്ചപ്പോൾ അസുഖമാണെന്നു പറഞ്ഞ് തടിയൂരുകയാണ്.

നേരത്തെ ചെങ്ങന്നൂരിൽ വനിതാ വിഭാഗം പ്രവർത്തകരെ സംഘടിപ്പിക്കാൻ പ്രീതി നടേശന്റെ പേരിൽ ഇവിടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനോടു രാഷ്ട്രീയ അതിപ്രസരമില്ലാത്ത പല പ്രവർത്തകരും അംഗീകരിച്ചില്ല. യോഗത്തിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാടാണ് എടുത്തത്. എന്നാൽ ബി ഡി ജെ എസ്സിൽ അംഗത്വം നേടാത്തവർക്ക് യോഗത്തിലും സ്ഥാനമില്ലെന്ന് തുഷാറും പ്രീതി നടേശനും വെള്ളാപ്പള്ളിയും വ്യക്തമാക്കിയിരുന്നു. എന്നാൽ പുറത്ത് അങ്ങനെയൊരു നിർദ്ദേശമില്ലെന്നാണ് വെള്ളാപ്പള്ളിയും കൂട്ടരും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ നിർദ്ദേശം ശരിവെക്കുന്നതാണ് ചെങ്ങന്നൂരിൽ നടന്നു വരുന്ന രാജിവെപ്പും ചെളിവാരിയെറിയലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP