Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുന്നോക്ക സംവരണത്തിൽ സർക്കാറിന് തെറ്റുപറ്റി; സർക്കാർ പറഞ്ഞതൊന്ന്, നടപ്പിലാക്കിയത് മറ്റൊന്ന്; സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക- മുന്നാക്ക അന്തരം വർധിക്കും; ലീഗിന് മുമ്പേ എസ്.എൻ.ഡി.പി അപകടം മണത്തു; സർക്കാറിന് വിമർശിച്ചു വെള്ളാപ്പള്ളി നടേശൻ

മുന്നോക്ക സംവരണത്തിൽ സർക്കാറിന് തെറ്റുപറ്റി; സർക്കാർ പറഞ്ഞതൊന്ന്, നടപ്പിലാക്കിയത് മറ്റൊന്ന്; സാമ്പത്തിക സംവരണത്തിലൂടെ പിന്നാക്ക- മുന്നാക്ക അന്തരം വർധിക്കും; ലീഗിന് മുമ്പേ എസ്.എൻ.ഡി.പി അപകടം മണത്തു; സർക്കാറിന് വിമർശിച്ചു വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നാക്ക സംരവണത്തിൽ സർക്കാരിന് പിഴവ് പറ്റിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ പറഞ്ഞതും നടപ്പാക്കിയതും തമ്മിൽ വൈരുധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണത്തിലെ അപകടം ലീഗിന് മുമ്പേ എസ്.എൻ.ഡി.പി യുണിയൻ മണത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലൂടെ പിന്നാക്ക മുന്നാക്ക അന്തരം വർധിക്കുകയാണ്. സാമ്പത്തിക സംവരണത്തിന്റെ യഥാർഥ ഗുണഭോക്താക്കൾ സമ്പന്നരാണ്. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാതിരിക്കുമ്പോൾ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള കോടിപതികൾ സംവരണത്തിന്റെ ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് ഇപ്പോൾ. പദവികളിലും അവസരങ്ങളിലുമുള്ള പിന്നാക്ക-മുന്നാക്ക അന്തരം കുറയ്ക്കുകയാണു സംവരണത്തിന്റെ ലക്ഷ്യം. പക്ഷേ മറിച്ചാണു സംഭവിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നോക്ക സംവരണ വ്യവസ്ഥയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും രംഗത്തെത്തി. മുന്നോക്ക സംവരണ ഉത്തരവിൽ മാറ്റം വേണം. നിലവിലെ വ്യവസ്ഥ തുല്യനീതിക്ക് നിരക്കാത്തത് ആണെന്നും സുകുമാരൻ നായർ വിമർശിച്ചു. എന്നാൽ മുന്നാക്ക സംവരണം കൊണ്ടുവന്നത് കേന്ദ്ര സർക്കാരാണെന്ന് എൽ ഡി എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. നിയമം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരില്ലെന്നും എന്നാൽ സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യാനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം സംഘടനകളുടെ യോഗത്തിൽ സംവരണ വിഷയത്തിൽ സർക്കാറിനെതിരെ സമരം ചെയ്യാൻ തീരുമാനം കൈക്കൊണ്ടിരുന്നു. മുസ്ലിംലീഗാണ് ഇതിന് മുൻകൈ എടുത്തതും. മുന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം കൊണ്ടുവന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പിയടക്കമുള്ള സംഘടനകളുമായി ചേർന്നുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ലീഗ് വ്യക്തമാക്കി. ലീഗിന്റെ തീരുമാനത്തെ മറ്റ് മുസ്ലിം സംഘടനകളും പിന്തുണച്ചു.

എൽ.ഡി.എഫിനോട് ചേർന്നുനിൽക്കുന്ന എ.പി സുന്നി വിഭാഗങ്ങൾ കൂടി ഈ സംയുക്ത യോഗത്തിൽ പങ്കെടുത്തിരുന്നു. സുന്നി, മുജാഹിദ്ദീൻ, ജമാഅത്തെ ഇസ്ലാമി തുടങ്ങി നിരവധി സംഘടനകൾ യോഗത്തിൽ പങ്കെടുത്തു. നിവേദനം നൽകുക, നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ വിവിധ നിർദ്ദേശങ്ങൾ ചർച്ച ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. എസ്.എൻ.ഡി.പിയെ കൂടി ചേർത്തുകൊണ്ട് ഒക്ടോബർ 28ന് യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സംയുക്ത യോഗം അറിയിച്ചു.

തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കത്തിന് കുഞ്ഞാലിക്കുട്ടി തന്നെ മുൻകൈയെടുത്തത്. മലബാറിലെ മുസ്ലിംവോട്ടുകൾ ഏകീകരിച്ചു നിർത്തുക എന്നതാണ് ഇതിലെ പ്രധാന ലക്ഷ്യം. പുതിയ സംവരണനയത്തിനെതിരെ മുൻ സംവരണ വിഭാഗങ്ങളെ ഉൾപ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യോഗത്തിന്റെ തീരുമാനം. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും ഇവർ ആലോചിക്കുന്നുണ്ട്. സംവരണത്തിൽ ആശങ്കയുള്ളത് മുസ്ലിം സംഘടനകൾക്ക് മാത്രമല്ലെന്നും അതുകൊണ്ടാണ് എല്ലാ പിന്നാക്ക സംഘടനകളുമായി ആലോചിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP