Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുദേവന്റെ കഴുത്തിൽ കയറിട്ട് നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി ചിത്രീകരിച്ചപ്പോഴും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം; ബിഷപ്പിനെതിരായ കാർട്ടൂൺ വരച്ചപ്പോൾ അത് മതനിന്ദ; ഇത് വോട്ടുബാങ്ക് രാഷ്ട്രീയമല്ലാതെ വേറെ എന്താണ്? ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ്; ലളിത കലാ അക്കാദമിയുടെ വിവാദ കാർട്ടൂൺ വിഷയത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന്റെ വിമർശനം

ഗുരുദേവന്റെ കഴുത്തിൽ കയറിട്ട് നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി ചിത്രീകരിച്ചപ്പോഴും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം; ബിഷപ്പിനെതിരായ കാർട്ടൂൺ വരച്ചപ്പോൾ അത് മതനിന്ദ; ഇത് വോട്ടുബാങ്ക് രാഷ്ട്രീയമല്ലാതെ വേറെ എന്താണ്? ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ്; ലളിത കലാ അക്കാദമിയുടെ വിവാദ കാർട്ടൂൺ വിഷയത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശന്റെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ വിവാദ കാർട്ടൂണിന് പുരസ്‌ക്കാരം നൽകിയ ലളിതകലാ അക്കാദമിയുടെ നടപടി പിൻവലിക്കുന്നതായാണ് മന്ത്രി എ കെ ബാലൻ നിലപാട് അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ നിലപാട് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സിപിഐയും സർക്കാറിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നിരുന്നു. ഈ അവസരത്തിൽ സർക്കാറിനെയും സിപിഎമ്മിനെയും വിമർശിച്ചു കൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. സർക്കാരിന്റെയും പാർട്ടിയുടെയും ഇരട്ടാത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്.

ശ്രീനാരായണ ഗുരുദേവന്റെ കഴുത്തിൽ കയറിട്ട് നിന്ദിച്ചപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞവർ ബിഷപ്പിനെതിരായ കാർട്ടൂൺ വരച്ചപ്പോൾ മതത്തെ തൊട്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയമല്ലാത വേറെ എന്താണെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി ചിത്രീകരിച്ചപ്പോഴും രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നാണ് പറഞ്ഞത്.

എന്നാൽ ബിഷപ്പ് ഫ്രാങ്കോയുടെ കാർട്ടൂൺ വരച്ചപ്പോൾ അതിന് നൽകിയ അവാർഡ് പിൻവലിച്ചു. മതത്തെ തൊട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു. ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ്. നമ്മൾ സംഘടിതരോ ശക്തരോ വോട്ട് ബാങ്കോ അല്ലാത്തതാണ് ഈ ഇരട്ടത്താപ്പിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലളിത കലാ അക്കാദമി പുരസ്‌കാരം നേടിയ കാർട്ടൂൺ ക്രിസ്തീയ മത പ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സിയായിരുന്നു ആദ്യം രംഗത്തെത്തിയത്.

സർക്കാർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നായിരുന്നു കെ.സി.ബി.സിയുടെ ആരോപണം. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയനെ അവഹേളിക്കുന്നതാണ് കാർട്ടൂൺ എന്നും കെ.സി.ബി.സി ആരോപിച്ചിരുന്നു. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും ആ കാർട്ടൂൺ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നുമായിരുന്നു മന്ത്രി എ.കെ ബാലൻ പ്രതികരിച്ചത്.

കെ.കെ സുഭാഷിന്റെ 'വിശ്വാസം രക്ഷതി' എന്ന പേരിലെ കാർട്ടൂണാണ് സഭയെ ചൊടിപ്പിച്ചത്. സ്ത്രീ പീഡകർക്കും അവരെ പിന്തുണയ്ക്കുന്നവർക്കുമുള്ള വിമർശനമായിരുന്നു കാർട്ടൂൺ. പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്റെ ചിത്രം ചേർത്തായിരുന്നു കാർട്ടൂൺ വരച്ചത്. പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണ്. കൈയിൽ മെത്രാൻ സ്ഥാനീയ ചിഹ്നവും. കോഴിയുടെ നിൽപ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നയാൾക്ക് പി.സി ജോർജ്ജിന്റേയും ഷൊർണ്ണൂർ എംഎ‍ൽഎ പി.കെ ശശിയുടേയും മുഖം. ഇതാണ് കാർട്ടൂൺ ചർച്ചയാക്കുന്ന വിമർശനം.

ജലന്തർ ബിഷപ്പായ ഫ്രാങ്കോയെ പീഡനത്തിൽ നിന്ന് രക്ഷിക്കാൻ പൊലീസ് ശ്രമിച്ചുവെന്ന വിമർശനമാണ് ഇതിലുള്ളത്. പി.സി ജോർജ് ഫ്രാങ്കോയെ പിന്തുണച്ചതും ചർച്ചയാക്കുന്നു.കേരള ശബ്ദത്തിന്റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയനെ 'മരണത്തിന്റെ മൊത്തവ്യാപാരിയായി' ചിത്രീകരിച്ച കാർട്ടൂണിനായിരുന്നു ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചത്. മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ ഗോപീ കൃഷ്ണനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

'കടക്ക് പുറത്ത്' എന്ന തലക്കെട്ടിലുള്ള കാർട്ടൂണിന് പുരസ്‌കാരം നൽകാൻ എത്തിയതും മുഖ്യമന്ത്രി തന്നെയായിരുന്നു. ആ കാർട്ടൂണിനെതിരെ ഒരു സിപിഎം കാരനും കുരുപൊട്ടിയില്ല. മാത്രമല്ല മികച്ച ആവിഷ്‌കാരമായി ഉൾക്കൊള്ളാനും കാർട്ടൂണിസ്റ്റിന് പുരസ്‌കാരം നൽകാനും പിണറായി തന്നെ മുന്നോട്ടുവരികയും ചെയ്തു. അതായത് മോദിയെയും പിണറായിയെയുമൊക്കെ നിങ്ങൾ എത് രീതിയിലും വിമർശിക്കാം. പക്ഷേ വിഷയത്തിൽ മതം കലർന്നാൽ നമ്മുടെ സാംസ്‌കാരിക നായകർക്ക്‌പോലും പ്രതികരിക്കാൻ ഭയമാണെന്ന് തെളിയിക്കയാണ് ഈ വർഷത്തെ കാർട്ടൂൺ വിവാദം.

മതപ്രതീകങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിനു ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു. പുരസ്‌കാരം പുനഃപരിശോധിക്കാൻ അക്കാഡമിയോടു നിർദ്ദേശിച്ചത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ല.അക്കാഡമികളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല. അവർ ചുമതലപ്പെടുത്തുന്ന സമിതിയാണു വിധികർത്താക്കളെ തീരുമാനിക്കുന്നത്. കാർട്ടൂണിൽ ബിഷപ് ഫ്രാങ്കോയെ ചിത്രീകരിച്ചതിനോടു സർക്കാരിനു വിയോജിപ്പില്ല. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണ്. എന്നാൽ, അതു വരച്ചുകാട്ടാൻ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നത്തെ അവഹേളിച്ചതിനോടാണു വിയോജിപ്പ്. മതവികാരം വ്രണപ്പെടുത്തുന്നതു സർക്കാർ നയമല്ല. അത് അംഗീകരിക്കുകയുമില്ല. ലളിതകലാ അക്കാഡമി ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കണം. ന്യൂനപക്ഷസമുദായങ്ങളോട് മാന്യമായ സമീപനമാണ് എക്കാലവും ഇടതുസർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

സമാനമായ നിലപാടാണ് സാംസ്‌കാരിക നായകർക്കുമുള്ളത്. എസ് ഹരീഷിന്റെ 'മീശ' നോവലിനെതിരെ സംഘപരിവാറിന്റെ നേതൃത്വത്തിൽ ചില ഹൈന്ദവ സംഘടനകൾ ഉറഞ്ഞുതുള്ളിയപ്പോൾ പ്രതികരിച്ച ഇടതുബുദ്ധിജീവികൾക്കൊക്കെ ഇപ്പോൾ നാക്കിറങ്ങിയ മട്ടാണ്. ഇതുപോലെ തന്നെയായിരുന്നു വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ പറഞ്ഞ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് എന്ന നാടകത്തിനെതിരെയും ചില ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അന്നും നാടകകൃത്ത് റഫീക്ക് മംഗലശ്ശേരിക്ക് യാതൊരു പിന്തുണയും സാംസ്‌കാരിക നായകരുടെ ഭാഗത്തുനിന്ന് കിട്ടിയില്ല, എന്നുമാത്രമല്ല, നാടകത്തിന്റെ മൂല കൃതിയായ കഥയെഴുതിയ ഉണ്ണി ആർ തൊട്ട് സച്ചിതാനന്ദൻവരെ ഇസ്ലാമോഫോബിയ എന്നു പറഞ്ഞ് നാടക സംവിധായകൻ റഫീഖിന്റെ ഒറ്റപ്പെടുത്തുകയായിരുന്നു. അന്നും സോഷ്യൽ മീഡിയയും സ്വതന്ത്ര ചിന്തകരും മാത്രമാണ് റഫീഖിന് പിന്തുണ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP