Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം ചെയ്ത് തട്ടിപ്പു നടത്തിയ എസ് എൻ ഡി പി നേതാവ് പൊതുപരിപാടിയിൽ വെള്ളാപ്പള്ളിക്കൊപ്പം; പ്രതി നാട്ടിലില്ലെന്നു പൊലീസ്; അഴിമതി-തട്ടിപ്പു കേസുകളിൽപ്പെട്ടവരെ വെള്ളാപ്പള്ളി കൂടെ കൊണ്ടു നടക്കുന്നു

തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം ചെയ്ത് തട്ടിപ്പു നടത്തിയ എസ് എൻ ഡി പി നേതാവ് പൊതുപരിപാടിയിൽ വെള്ളാപ്പള്ളിക്കൊപ്പം; പ്രതി നാട്ടിലില്ലെന്നു പൊലീസ്; അഴിമതി-തട്ടിപ്പു കേസുകളിൽപ്പെട്ടവരെ വെള്ളാപ്പള്ളി കൂടെ കൊണ്ടു നടക്കുന്നു

ആലപ്പുഴ; പൊലീസ് നാട്ടിലില്ലെന്നു പറയുന്ന തട്ടിപ്പുകേസ് പ്രതി വെള്ളാപ്പള്ളിക്കൊപ്പം പൊതുപരിപാടിയിൽ അദ്ധ്യക്ഷപദം അലങ്കരിച്ചു വിലസുന്നു. തെങ്ങിൻതോപ്പ് കാട്ടി പാടം കച്ചവടം ചെയ്ത് പ്രവാസി മലയാളിയുടെ കോടികൾ തട്ടിയ കേസിലെ പ്രതി എസ് എൻ ഡി പി കൂട്ടനാട് യൂണിയൻ പ്രസിഡന്റ് അഡ്വ. മധുസൂദനനാണ് വെള്ളാപ്പള്ളിക്കൊപ്പം വേദി പങ്കിട്ടത്.

ഇന്നലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ എസ് എൻ ഡി പി ശാഖാ കമ്മിറ്റി നിർമ്മിച്ച അഡ്വാൻസ്്ഡ് സ്റ്റഡീ സെന്റർ കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലാണ് മധൂസൂദനൻ അദ്ധ്യക്ഷനായത്. തട്ടിപ്പിനിരയായ ഹോട്ടലുടമ ടി. സി. പ്രേംരാജ് തന്നെ കബളിപ്പിച്ച പരാതിയുമായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയെയും വൈസ് പ്രസിഡന്റ് തുഷാറിനെയും സമീപിച്ചപ്പോൾ രണ്ടുപേരും സംഭവത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ് പരാതിക്കാരനെ പറഞ്ഞയയ്ക്കുകയായിരുന്നു. പ്രവാസിയിൽനിന്നും 2.5 കോടി രൂപയാണ് അഭിഭാഷകനായ യൂണിയൻ പ്രസിഡന്റ് തട്ടിയെടുത്തത്. കുട്ടനാട്ടിലുടനീളം ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെന്നറിയിച്ചിട്ടും വെള്ളാപ്പള്ളി ഒന്നും ചെയ്തില്ല.

കിടങ്ങറ സ്വദേശിയും വെളിയനാട് വില്ലേജിലെ സ്ഥിരതാമസക്കാരനുമായ അഡ്വ. പി പി മധുസൂദനൻ, ചന്ദനകാവ് ഗൗരീമഠത്തിൽ പി ആർ രാജേഷ് എന്നിവരാണ് കൊച്ചി സ്വദേശിയും ബ്ലൂ ഹേയ്‌സ് റിസോർട്ട് ഉടമയുമായ ടി സി പ്രേംരാജിനെ പറ്റിച്ചു കടന്നത്. മധുസൂദനൻ വ്യാജരേഖ ചമച്ച് ഭൂമിവിൽപന നടത്തിയ പത്തോളം കേസുകളുടെ തെളിവുകൾ തനിക്ക് ലഭിച്ചതായി പ്രേംരാജ് മറുനാടനെ അറിയിച്ചിരുന്നു. ഇത്തരത്തിൽ പത്തുകോടിയോളം രൂപതട്ടിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 22 വർഷമായി ദുബായിൽ ജോലിചെയ്തിരുന്ന പ്രേംരാജ് നാട്ടിൽ ഹോട്ടൽ ബിസിനസ് നടത്താനാണ് സ്ഥലം അന്വേഷിച്ചിറങ്ങിയത്. നിലവിൽ മൂന്നാറിലും കൊച്ചിയിലും റിസോർട്ടുകൾ നടത്തുന്ന പ്രേം രാജ് കുട്ടനാട്ടിലും ബിസിനസ് ആവശ്യാർത്ഥമാണ് സ്ഥലം വാങ്ങാൻ ഇറങ്ങിപ്പുറപ്പെട്ടത്. ഇതിനിടയിലാണ് ഇടനിലക്കാർ മുഖേന കുട്ടനാട്ടിലെ വെളിയനാട് വില്ലേജിൽ ആറ് ഏക്കർ സ്ഥലം റോഡരികിലായി കണ്ടെത്തിയത്.

ഇത് അഡ്വ. മധുസൂദനന്റെതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രേംരാജിനെ വസ്തുകാണിക്കാൻ ഇടനിലക്കാർ കൊണ്ടുവന്നത്. സ്ഥലം കണ്ട് താല്പര്യം ജനിച്ച പ്രേംരാജ് രേഖകൾ പരിശോധിച്ച് മധുസൂദനന് 70 ലക്ഷം രൂപ ആദ്യപടിയെന്നോണം ടോക്കൺ അഡ്വാൻസ് നൽകുകയായിരുന്നു. പിന്നീട് മുഴുവൻ പണവും നൽകി ആധാരം രജിസ്റ്റർ ചെയ്ത് വാങ്ങിയ പുരയിടത്തിൽ തേങ്ങയിടാൻ എത്തിയപ്പോഴാണ് മധുസൂദനനും കൂട്ടരും ചേർന്നു തടഞ്ഞത്. പ്രേംരാജ് വാങ്ങിയ സ്ഥലം ഇതല്ലെന്നും മറിച്ച് നേരത്തെ കാണിച്ച സ്ഥലത്തിനു പിന്നിലുള്ള പാടമാണ് ആധാരം ചെയ്തിരിക്കുന്നതെന്നുമാണ് അറിയിച്ചത്. ഇതോടെ തട്ടിപ്പ് മനസിലായ പ്രേംരാജ് താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. വില്ലേജ് ഓഫീസിലെ രേഖകളിൽ കാര്യമായ വെട്ടിതിരുത്തലുകൾ നടന്നായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പ്രേംരാജിനെ ആദ്യം കാണിച്ച് പണം തട്ടിയ സ്ഥലം മധുസൂദനന്റെ സഹോദരിയുടെ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പ് സംബന്ധിച്ചു പ്രേം രാജ് വെള്ളാപ്പള്ളിയോടും തുഷാർ വെള്ളാപ്പള്ളിയോടും പരാതി പറഞ്ഞപ്പോൾ തങ്ങൾക്ക് അറിയില്ലെന്നു പറഞ്ഞ് അവർ കൈകഴുകുകയായിരുന്നു. തട്ടിപ്പിനു കേസെടുത്ത പൊലീസാകട്ടെ, പ്രതി മധുസൂദനൻ നാട്ടിലില്ലെന്നാണു പറഞ്ഞത്. അഴിമതിക്കാർക്കും തട്ടിപ്പുകാർക്കും യോഗം സെക്രട്ടറി കൂട്ടുനിൽക്കുന്നുവെന്നതിന് മറ്റൊരു തെളിവാണ് സുഭാഷ് വാസു. കോടതി അന്ത്യശാസനം നൽകിയ സുഭാഷിനെ ഒപ്പം കൂട്ടിയാണ് വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ കാണാൻ പോയത്. അബ്കാരി കേസുകളടക്കം നിരവധി കേസുകളാണ് ദേവസ്വം ബോർഡ് അംഗം കൂടിയായ സുഭാഷിനെതിരെയുള്ളത്. ഇയാളും നാട്ടിലില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ പങ്കെടുത്ത പൊതുപരിപാടിയുടെ ചിത്രം കേസ് നൽകിയവർ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസിനും പണികിട്ടി.

നേരത്തെ യോഗത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും ചെറുനിക്ഷേപങ്ങൾ സ്വീകരിച്ച് ശാഖാതലത്തിൽ പ്രചരിച്ചിരുന്ന പണമിടപാട് സ്ഥാപനങ്ങൾ പലപ്പോഴായി പൊട്ടിയപ്പോഴും യോഗം സെക്രട്ടറി ഇതേ നിലപാടാണെടുത്തിരുന്നത്. ആലപ്പുഴ വളഞ്ഞവഴിയിൽ എസ് എൻ ട്രസ്റ്റിന്റെ പേരിൽ ബോർഡ് എഴുതിവച്ച് നടത്തിയ സ്ഥാപനം നാട്ടുകാരിൽനിന്നും സമുദായാംഗങ്ങളിൽനിന്നും നൂറു കോടിയോളം രൂപയാണു തട്ടിയത്. 101 പേർ അടങ്ങിയ നിക്ഷേപ കൂട്ടായ്മ ഇപ്പോഴും ട്രസ്റ്റിനെതിരെ സമരവും കോടതിയുമായി നെട്ടോട്ടമോടുകയാണ്. സ്വത്തുക്കളിൽ പലതും ഇവിടെ ബാങ്ക് റിക്കവറിയിലുമാണ്. ഇവരും നേരത്തെ പരാതിയുമായി വെള്ളാപ്പള്ളിയെ സമീപിച്ചിരുന്നു. നിക്ഷേപകരെ വിരട്ടുകയും തനിക്ക് ഇവരെക്കുറിച്ച് അറിവില്ലെന്നു പറഞ്ഞ് ഒഴിയുകയുമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്.

വെള്ളാപ്പള്ളിയുടെ നിലപാട് നിക്ഷേപകർ വാർത്താസമ്മേളനം നടത്തി പറഞ്ഞത് വൻവിവാദം സൃഷ്ടിച്ചിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തി കോടികൾ തട്ടിയ സ്ഥാപനങ്ങളുടെ നീണ്ട പട്ടികതന്നെയുണ്ട്. ആലപ്പുഴയിലെ മുന്നോടി ദേവസ്ഥാനം ശാഖയുടെ പേരിൽ പണം തട്ടിയ കൂട്ടത്തിലാണ്. ഇവിടെ നാട്ടുകാർ നിക്ഷേപകന്റെ മൃതശരീരവുമായി തട്ടിപ്പുമായി ബന്ധപ്പെട്ടവരുടെ വീട്ടുപടിക്കൽ സമരം ചെയ്തിരുന്നു. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ നിക്ഷേപസമാഹരണമായിരുന്നു ആലപ്പുഴയിലെതന്നെ ശ്രീപാദം ട്രസ്റ്റിന്റെത്. വെള്ളാപ്പള്ളിക്കു നേരിട്ടു ബന്ധമുള്ള ക്ഷേത്രമാണിത്.

പുനലൂരിലും പത്തനംതിട്ടയിലും സമാനസ്വഭാവമുള്ള കേസുകളാണ് ഉയർന്നുവന്നിട്ടുള്ളത്. തട്ടിപ്പുകാരെല്ലാം തന്നെ വെള്ളാപ്പള്ളിയുമായി നിരന്തരം ബന്ധം പുലർത്തുന്നവരാണെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP