Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹന ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നവർക്ക് വൻ ഇളവുകളുമായി കമ്പനികൾ; പ്രീമിയത്തിൽ 40 ശതമാനം വരെ ലാഭം നേടാം; എൻജിൻ നമ്പറും ചേസിസ് നമ്പറുമായി കമ്പനിയുടെ വെബ്‌സൈറ്റിൽ കയറിയാൽ അഞ്ചു മിനിട്ടുകൊണ്ട് പോളിസി റെഡി: വാഹന ഇൻഷുറൻസുകളെ കുറിച്ച് അറിയേണ്ടതെല്ലാം

വാഹന ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നവർക്ക് വൻ ഇളവുകളുമായി കമ്പനികൾ; പ്രീമിയത്തിൽ 40 ശതമാനം വരെ ലാഭം നേടാം; എൻജിൻ നമ്പറും ചേസിസ് നമ്പറുമായി കമ്പനിയുടെ വെബ്‌സൈറ്റിൽ കയറിയാൽ അഞ്ചു മിനിട്ടുകൊണ്ട് പോളിസി റെഡി:  വാഹന ഇൻഷുറൻസുകളെ കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ മാത്രമല്ല, ലോകമൊട്ടുക്ക് കാഷ്ലെസ് ഇക്കോണമിയിലേക്കു പതുക്കെ പതുക്കെ അടുത്തുകൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനം ഇന്ത്യയെ അതിവേഗം പണരഹിത സമ്പദ് വ്യവസ്ഥയിലേക്കു നയിക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. എന്തൊക്കെയാണെങ്കിലും സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാത്തരം വാണിജ്യ ഇടപാടുകളും ഇന്ന് ഇന്റർനെറ്റിലൂടെ നടക്കുന്നുണ്ട്. രാജ്യത്തെ ഇൻഷുറൻസ് മേഖലയും ഇക്കാര്യത്തിൽ അതിവേഗ ചുവടുവയ്‌പ്പുകളാണ് നടത്തുന്നത്. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഓൺലൈനിലൂടെ ഇൻഷുറൻസ് തുക അടയ്ക്കുന്നവർക്ക് ഇളവുകളുമായി പൊതുമേഖലാ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നു. പുതുതായി വാഹനം വാങ്ങുന്ന വാഹനത്തിനുള്ള ഇൻഷുറൻസ് ഓൺലൈനിലൂടെ എടുത്താൽ പ്രീമിയം തുകയുടെ പത്തുമുതൽ നാല്പതു വരെ ശതമാനം വരെ ഇളവാണ് ഉപഭോക്താവിനു ലഭിക്കുക.

ജീവിതത്തിന്റെ സമസ്ത മേഖലയിലും കടന്നുകയറുന്ന ഇന്റർനെറ്റ് ഇൻഷുറൻസ് മേഖലയിലും എത്തിയിട്ട് ഏറെ നാളായി. രാജ്യത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഇക്കാര്യത്തിൽ ഏറെ മുന്നിലായിരുന്നു. ബജാജ് അലയൻസ് പോലുള്ള കമ്പനികൾ 2012ൽ തന്നെ വെബ്സൈറ്റ് തുടങ്ങി ഓൺലൈൻ കച്ചവടത്തിന് അവസരം ഒരുക്കിയിരുന്നു. ഇക്കാര്യത്തിൽ ആദ്യം പിന്നോട്ടുനിന്ന പൊതുമേഖലാ കമ്പനികളും മാറിയ സാഹചര്യത്തിൽ ഓൺലൈൻ കച്ചവടത്തിന് ഏറെ പ്രധാന്യം നല്കാൻ തയാറായിരിക്കുകയാണ്.

ഉഭോക്താക്കളെ ഒരുവിധത്തിലും ശല്യപ്പെടുത്താതെ കമ്പനികൾക്ക് തങ്ങളുടെ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ കഴിയുന്ന ഒരിടം കൂടിയാണ് ഇന്റർനെറ്റ്. ഈയൊരു സൗകര്യമാണ് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളെ തങ്ങളുടെ ഇടപാടുകൾ ഓൺലൈനാക്കാൻ പ്രേരിപ്പിക്കുന്നത്. കമ്പനിക്കും ഉപഭോക്താവിനും ലാഭം കൂടുന്നുവെന്ന പ്രത്യേകതയും ഓൺലൈൻ കച്ചവടത്തിനുണ്ട്. പോളിസി വാങ്ങാൻ മാത്രമല്ല, പ്രീമിയം അടയ്ക്കാനും ക്ലെയിം ആവശ്യപ്പെടാനും നഷ്ടപരിഹാരം സ്വന്തം അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാനുമെല്ലാം ഇന്റർനെറ്റിനെ പ്രയോജനപ്പെടുത്താം. ഇതിനൊന്നിനും ഉപഭോക്താവ് മുറിവിട്ട് പുറത്തിറങ്ങേണ്ട ആവശ്യമില്ല. ആകെ വേണ്ടത് ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈലോ, കംപ്യൂട്ടറോ മാത്രം.

ഓൺലൈൻ ഇൻഷുറൻസുള്ള കമ്പനികൾ ഏതൊക്കെ?

പണരഹിതവിപണിയെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി കേന്ദ്ര സർക്കാരും കൂടിച്ചേർന്നാണ് ഓൺലൈൻ ഇൻഷുറൻസ് ഇടപാടുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ, ഓറിയന്റൽ, നാഷണൽ എന്നീ പൊതുമേഖലാ കമ്പനികളാണ് ഇളവുകൾ നല്കുന്നത്. സാധാരണ പോളിസികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ട് നിരക്കിൽ കിട്ടുന്ന പോളിസിക്കുമുണ്ടാകും. പ്രീമിയം തുകയുടെ പത്തു ശതമാനം ഇളവാണ് കേന്ദ്രം നല്കുന്നത്. ഒരു വണ്ടിക്ക് പരമാവധി 2,000 രൂപ വരെ ഇങ്ങനെ കിട്ടും. ഇതിനൊപ്പം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന അധിക ആനുകൂല്യവും ചേരുമ്പോൾ ലാഭം പ്രീമിയത്തിന്റെ 40 ശതമാനത്തിലെത്തും.

എൻജിൻ- ചേസിസ് നമ്പറുകൾ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക

അതേസമയം, പുതിയ വണ്ടികൾക്കുള്ള ഇൻഷുറൻസിനു മാത്രമാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ പോളിസി പുതുക്കുമ്പോൾ ഇതു ലഭ്യമാകില്ല. ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ലളിതമായ കാര്യങ്ങളേ ഉപഭോക്താവ് ചെയ്യേണ്ടതുള്ളൂ. പുതിയ വണ്ടിയുടെ എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ ഡീലറിൽനിന്ന് വാങ്ങിവയ്ക്കുക. എടിഎം കാർഡും കൈയിൽ കരുതി വേണ്ട കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ പുതിയ പോളിസിയുടെ ഭാഗം ക്ലിക്ക് ചെയ്യണം. വണ്ടി ഉടമയുടെ വിലാസവും വാഹനത്തിന്റെ എൻജിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും നൽകണം. വണ്ടിയുടെ മോഡൽ മാത്രം കൊടുത്താൽ മതി. വിലയും അനുബന്ധവിവരങ്ങളുമെല്ലാം സൈറ്റിൽ കിട്ടും. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.

നെറ്റ് ബാങ്കിങ് വഴിയോ കാർഡ് മുഖാന്തരമോ പണമടയ്ക്കാം. മൊബൈൽ വാലറ്റുകളും ഉപയോഗിക്കാം. അപ്പോൾതന്നെ പോളിസിയുടെ പ്രിന്റ് കിട്ടും. വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ഈ പ്രിന്റ് കൊടുത്താൽ മതി. ഒരു കോപ്പി വണ്ടിയിലും സൂക്ഷിക്കാം. അഞ്ചു മിനിട്ടു കൊണ്ട് കാര്യങ്ങൾ കഴിയും.

ഇൻഷുറൻസിന്റെ ഇടനിലക്കാരോട് റ്റാറ്റ പറയാം

ഇൻഷുറൻസ് പോളിസികൾ ഇന്റർനെറ്റിലൂടെ വാങ്ങുന്നതുമൂലം ഉപഭോക്താവിന് ഒട്ടേറെ പ്രയോജനങ്ങളാണു ലഭിക്കുന്നത്. പുഷ് മാർക്കറ്റിങ് ഇല്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് ഉപഭോക്താവിനു പിന്നാലെ നടന്ന് നിർബന്ധമായി പോളിസികൾ എടുപ്പിക്കുന്നത് പതിവു കാഴ്ചയാണ്. ഇടപാടുകൾ ഓൺലൈനാകുമ്പോൾ ഇടനിലക്കാരൻ ഇല്ലാതാകുന്നു. കമ്പനിയും ഉപഭോക്താവും തമ്മിൽ നേരിട്ടായിരിക്കും കച്ചവടം. ഏതു കമ്പനിയുടെ ഏതു പ്ലാൻ അനുസരിച്ചുള്ള പോളിസി തെരഞ്ഞെടുക്കണമെന്ന് ഉപഭോക്താക്കൾക്കു തീരുമാനിക്കാം. അനാവശ്യമായ ഇൻഷുറൻസ് പോളിസികൾ ഏജന്റ് ഉപഭോക്താവിന്റെ തലയിൽ കെട്ടിവയ്ക്കുന്ന സാഹചര്യം ഇവിടെ ഒഴിവാക്കപ്പെടുന്നു.

വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിയെക്കുറിച്ചും കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും ഉപഭോക്താവിന് ഇന്റർനെറ്റിലൂടെ സാധിക്കും. പ്രൊഡക്റ്റുകളും പ്ലാനുകളും എല്ലാം വിശദമായി വിലയിരുത്തുന്ന വെബ്സൈറ്റുകളും ഇന്ന് ധാരാളമുണ്ട്. വാങ്ങാൻ ഉദ്ദേശിക്കുന്ന പോളിസിക്ക് മറ്റു കമ്പനികൾ നല്കുന്ന വാഗ്ദാനങ്ങൾ ഉപഭോക്താവിനു പരിശോധിക്കാം. ഒരു മുറിയിലിരുന്ന് ഒരുവിധ സമ്മർദ്ദങ്ങളുമില്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ഉപഭോക്താവിനു ലഭിക്കുന്നത്.

വിവിധ പോളിസിയെക്കുറിച്ചുള്ള ഫീഡ്ബാക്കുകളും ഇന്റർനെറ്റിൽതന്നെ ലഭ്യമാണ്. മുമ്പ് ഇതേ പോളിസി ഉപയോഗിച്ചിട്ടുള്ളവരുടെ അനുഭവങ്ങൾ ശരിയായ പോളിസി തെരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കും. ഫീഡ്ബാക്കുകൾക്കും റേറ്റിംഗുകൾക്കും വേണ്ടി മാത്രം വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീരുമാനം വേഗത്തിലെടുക്കാൻ ഇത്തരം സൈറ്റുകൾ സഹായിക്കും. ഇൻഷുറൻസ് റേറ്റിങ് ഏജൻസികളുടെയും മറ്റ് അധികൃതരയുടെയും വെബ്സൈറ്റുകൾ പരിശോധിച്ചാൽ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തികസ്ഥിതിയും കൃത്യമായി നഷ്ടപരിഹാരം നല്കുന്നതിലുള്ള അവരുടെ ചരിത്രവും മനസിലാക്കാൻ ഉപഭോക്താവിനാകും. അതുപോലതന്നെ ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇൻഷുറൻസ് വകുപ്പിന്റെ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിരിക്കും.

വാഹന ഇൻഷുറൻസ് ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ അതിവേഗം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015 ൽ നടത്തിയ ഒരു കണക്കെടുപ്പിൽ വാഹന ഇൻഷുറൻസിൽ 24 ശതമാനവും ആരോഗ്യ ഇൻഷുറൻസിൽ 12 ശതമാനവും ഉണ്ടായിരിക്കുന്നതായി കണ്ടെത്തപ്പെട്ടു.

ഇതൊടൊപ്പം തന്നെ വാഹന ഇൻഷുറൻസ് സംബന്ധമായ വിവരങ്ങളും ഇന്റർനെറ്റിലൂടെ ലഭ്യമാണ്. ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ രാജ്യത്തെ ജനറൽ ഇൻഷുറൻസ് കമ്പനികളിൽ ഇൻഷുർ ചെയ്തതായ നിലവിലുള്ള എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി നൽകുന്നുണ്ട്. വാഹനത്തിന്റെ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ (രജിസ്ട്രേഷൻ നമ്പർ, എൻജിൻചേസിസ് നമ്പർ, ഇൻഷുർ ചെയ്ത കമ്പനി, ഓഫീസ്, പോളിസി നമ്പർ, പിൻകോഡ് എന്നിവ ആണ് അറിയാൻ കഴിയുക. 25 ഓളം ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ഇങ്ങനെ ലഭിക്കും.

ഓൺലൈൻ ഇൻഷുറൻസിനായി ലിങ്കുകൾ സന്ദർശിക്കാം

https://uiic.co.in/product/motor
http://www.newindia.co.in/calcis/motor1.aspx
https://www.orientalinsurance.org.in/
https://www.gibl.in/car-insurance/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP