Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവസരം കൊടുക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഇദ്ദേഹത്തെ മൽസരിപ്പിക്കുന്നത്; നല്ല ഭാവിയാണ് ഈ ചെറുപ്പക്കാരന് ഞങ്ങൾ കാണുന്നത്'; ഫാരീസ് അബൂബക്കറിന്റെ ബന്ധുവെന്നും കോഴിക്കോട് സീറ്റ് പേയ്മെന്റ് സീറ്റാണെന്നും വിമർശനം ഉയർന്നപ്പോൾ മുഹമ്മദ് റിയാസിനെ കൂടെ നിർത്തിയത് പിണറായി; മുഖ്യമന്ത്രിയുടെ മകൾ വീണ വിവാഹിതയാവുമ്പോൾ കാലം കാത്തുവെച്ച രാഷ്ട്രീയ കൗതുകം ഇങ്ങനെ

'യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും കൂടുതൽ അവസരം കൊടുക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഞങ്ങൾ ഇദ്ദേഹത്തെ മൽസരിപ്പിക്കുന്നത്; നല്ല ഭാവിയാണ് ഈ ചെറുപ്പക്കാരന് ഞങ്ങൾ കാണുന്നത്'; ഫാരീസ് അബൂബക്കറിന്റെ ബന്ധുവെന്നും കോഴിക്കോട് സീറ്റ് പേയ്മെന്റ് സീറ്റാണെന്നും വിമർശനം ഉയർന്നപ്പോൾ മുഹമ്മദ് റിയാസിനെ കൂടെ നിർത്തിയത് പിണറായി; മുഖ്യമന്ത്രിയുടെ മകൾ വീണ വിവാഹിതയാവുമ്പോൾ കാലം കാത്തുവെച്ച രാഷ്ട്രീയ കൗതുകം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലം. മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞ് ബേപ്പൂർ, കുന്ദമംഗലം എന്നീ നിയമസഭാമണ്ഡലങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടതോടെ കോഴിക്കോട് ലോക്സഭാ  സീറ്റ്‌  രാഷ്ട്രീയമായി സിപിഎമ്മിന് വ്യക്തമായ മേൽക്കെയുള്ളതായി. അതുകൊണ്ടുതന്നെ എൽഡിഎഫിൽ ജനതാദൾ സെക്യുലർ നേതാവ് എം പി വീരേന്ദ്രകുമാറിന് കൊടുത്തിരുന്ന സീറ്റ്, പിടിച്ചെടുത്ത് സിപിഎം സ്ഥാനാർത്ഥിയെ തന്നെ ഇവിടെ മൽസരിപ്പിക്കാനും അവർ തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണി വിട്ടത്. സിപിഎം അന്ന് മൽസരിപ്പിക്കാനായി രംഗത്തിറക്കിയത്, ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗമായിരുന്നു അഡ്വ പി എ മുഹമ്മദ് റിയാസിനെയായിരുന്നു.

അന്ന് പാർട്ടി അണികൾക്ക് അത്ര സുപരിചിതനായിരുന്നില്ല റിയാസ്. സിപിഎമ്മിൽ വി എസ്- പിണറായി വിഭാഗീയത കത്തി നിൽക്കുന്ന കാലം. മുഹമ്മദ് റിയാസ്, വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ ബന്ധുവാണെന്ന് ചാനൽ ചർച്ചയിൽ ഒരു രാഷ്ട്രീയ നിരീക്ഷകൻ പ്രഖ്യാപിക്കുന്നു. കോഴിക്കോട് സീറ്റിന് സിപിഎം കോഴ വാങ്ങിയെന്നും ഇത് പെയ്മെന്റ് സീറ്റ് ആണെന്നുമാണ് അതോടെ പ്രചാരണം മറുകിയത്. ഈ വിഷമവൃത്തത്തിൽ നിൽക്കവേയാണ് അന്ന് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോഴിക്കോട് എത്തിയത്.

മുതലക്കുളം മൈതാനിയിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ നോക്കി പിണറായി ആഞ്ഞടിച്ചു.' ഞങ്ങളെക്കുറിച്ച് എന്തും പറയാമെന്ന് ധാരണ ആർക്കും വേണ്ട. കോഴിക്കോട് സീറ്റ് പേയ്മെന്റ് സീറ്റാണെന്നൊക്കെ പറയുന്നവർ ഈ പാർട്ടി എങ്ങനെയാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് ആദ്യം പഠിക്കണം. കോൺഗ്രസിലെ പോലെ ഏതെങ്കിലും ഒരു നേതാവിന് കാശുകൊടുത്താൽ കിട്ടുന്നതല്ല ഞങ്ങളുടെ പാർട്ടിയുടെ ടിക്കറ്റ്. അതിന് കേന്ദ്രകമ്മറ്റി മുതൽ ജില്ലാ കമ്മറ്റിവരെയുള്ള ഒരു നീണ്ട പ്രോസസ് നടക്കാനുണ്ട്. യുവാക്കൾക്കും ന്യുനപക്ഷങ്ങൾക്കും കൂടുതൽ അവസരം കൊടുക്കുക എന്ന പാർട്ടി നയത്തിന്റെ ഭാഗമായാണ് ഞങ്ങൾ മുഹമ്മദ് റിയാസിനെ മൽസരിപ്പിക്കുന്നത്. നല്ല ഭാവിയാണ് ഈ ചെറുപ്പക്കാരന് ഞങ്ങൾ കാണുന്നത്'- പിണറായിയുടെ വാക്കുകൾ കേട്ട ഉടനെയുണ്ടായ കൂട്ട കൈയടി കേട്ടപ്പോഴാണ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ആശങ്കയൊഴിഞ്ഞത്.

പിണറായിയുടെ പ്രവചനം സത്യമായി. യുഡിഫ് തരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം കെ രാഘവനോട് വെറും ആയിരത്തോളം വോട്ടുകൾക്ക് അടിയറവു പറഞ്ഞെങ്കിലും, ചിട്ടയായ പ്രവർത്തനത്തിലൂടെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യനേതാവുവരെയായി മുഹമ്മദ് റിയാസ് ഉയർന്നു. ഇപ്പോൾ ചാനൽ ചർച്ചകളിലെ സിപിഎമ്മിന്റെ മുഖമാണ് റിയാസ്. കടുത്ത വിമർശകനായിരുന്നു അഡ്വ ജയശങ്കറിനുപോലും റിയാസിനെക്കുറിച്ചുള്ള നിലപാട് മാറ്റേണ്ടി വന്നു. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ ബേപ്പൂർ പോലുള്ള ഒരു ഷുവർ സീറ്റാണ് പാർട്ടി റിയാസിനുവേണ്ടി കണ്ടുവെച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. അന്ന് പിണറായി കൈപിടിച്ച് ഉയർത്തിയ യുവനേതാവ് ഇപ്പോൾ അദ്ദേഹത്തിന്റെ മരുമകൻ ആയെന്നത് കാലം കാത്തുവെച്ച മറ്റൊരു കൗതുകം. പിണറായി വിജയന്റെ മകൾ വീണയുമായുള്ള റിയാസിന്റെ വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞിരിക്കയാണ്.. ഈ മാസം 15 ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും വിവാഹം നടത്തുക.

കുപ്രചാരണങ്ങളെ അതിജീവിച്ച് നീങ്ങിയ വ്യക്തിത്വമാണ് മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു. ' ഈ ഫാരീസ് അബൂബക്കർ എന്ന മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടുപോലുമില്ല. നിങ്ങൾ ഒക്കെക്കൂടി എന്റെ അമ്മാവനാക്കിയ അയാളെ കണ്ടാൽ ഒന്ന് അന്വേഷണം പറഞ്ഞേക്കണം'. .നട്ടാൽ മുളക്കാത്ത നുണകളാണ് ഒരുകാലത്ത് തനിക്കെതിരെ പ്രചരിപ്പിച്ചതെന്ന് റിയാസ് എപ്പോഴും പറയും.

റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി എം അബ്ദുൽഖാദറിന്റെ മകനായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച റിയാസ് പക്ഷേ ചെറുപ്പത്തിൽ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുകയായിരുന്നു. കോഴിക്കോട് സെന്റജോസഫ് ബോയസ് ഹൈസ്‌ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ രാഷ്ട്രീയ രംഗത്ത് വന്നു. പിന്നീട് ഫറൂഖ് കോളജിലും ലോ കോളജിലും എസ്എഫ്ഐയുടെ അറിയപ്പെടുന്ന നേതാവായിരുന്നു. തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തന മേഖല ഡിവൈഎഫ്ഐയിലേക്ക് മാറ്റുകയായിരുന്നു. 2017ൽ കൊച്ചിയിൽ നടന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിയാണ് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതുവരെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് സ്ഥാനമൊഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. ബീഫ് കൊലകളും ന്യനപക്ഷ വേട്ടകളും അടക്കമുള്ള ഒരു പാട് വിഷയങ്ങളിൽ സംഘടനയെ ചലിപ്പിക്കാൻ മുഹമ്മദ് റിയാസിനായി. സിപിഎമ്മിന്റെ ഒരു പോഷക സംഘടന എന്ന നിലവാരത്തിൽനിന്ന് മാറി ഡിവൈഎഫ്ഐക്ക് സ്വതന്ത്രമായ അസ്തിത്വം വേണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.

ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ മുഹമ്മദ് റിയാസിന്റെ ആദ്യ വിവാഹം. ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്.  പിന്നീട് 2016ൽൽ വിവാഹമോചനം നേടുകയായിരുന്നു. ഈ സമയത്ത് ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി റിയാസിനെ വിവാദത്തിലാക്കി. പിണറായി വിജയന്റെ മകളും എ.ടി. കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണയുടെയും രണ്ടാം വിവാഹം ആണിത്. വീണയുമായുള്ള വിവാഹം ആറുമാസം മുമ്പുതന്നെ റിയാസ് കോഴിക്കോട്ടെ ഡിവൈഎഫ്ഐയിലെ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരുന്നു. 2 വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. രാഷ്ട്രീയവും വികസനവും അടക്കമുള്ള എന്ത് വിഷയവും ചർച്ച ചെയ്യാൻ കഴിയുന്ന നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ എന്നാണ് റിയാസ് പറഞ്ഞിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP