Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ 'പുതിയ പ്രതീക്ഷ' നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്‌ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾ

പ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ 'പുതിയ പ്രതീക്ഷ' നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്‌ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തിയതായും അതിൽ പ്രധാന വിഹിതം കോഴിക്കോടെ മതസംഘടനയ്ക്ക് കിട്ടിയതായും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചുവെന്ന് സംഘപരിവാർ പത്രമായ ജന്മഭൂമി. വിദ്യാഭ്യാസ മേഖലയിൽ 'പുതിയ പ്രതീക്ഷ' നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധമുണ്ട്. ഖുറാൻ വിവാദത്തിൽ ജലീലിനെ പിന്തുണയ്ക്കുന്ന മതസംഘടനയും ഇതാണെന്നും ജന്മഭൂമി വിശദീകരിക്കുന്നു. അതീവ ഗുരുതര ആരോപണങ്ങളാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള പത്രം ഉന്നയിക്കുന്നത്.

പ്രളയ സമയത്ത് യുഎഇ സർക്കാറിന്റെ അനുമതി ഇല്ലാതെ ഗൾഫിൽ പിരിച്ച പണം ഖുറാന്റെ മറവിൽ കടത്തുകയായിരുന്നു. യുഎഇ കോൺസിലേറ്റിന്റെ പേരിൽ തിരുവനന്തപുരത്തെ സ്വകാര്യബാങ്കിലുള്ള അക്കൗണ്ടിലേക്ക് ആ പണം എത്തിച്ചു. തുടർന്ന് വിവിധ സംഘടനകൾക്ക് പണം വീതിച്ചു നൽകി. 40 കോടിയോളം രൂപ കോഴിക്കോട്ടെ മതസംഘടനയ്ക്കു മാത്രം ലഭിച്ചു. ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കാണ് നൽകിയത്. 5 കോടിയുടെ കരാറാണിതെന്നും ജന്മഭൂമി ആരോപിക്കുന്നു. നേരത്തെ സമാന ആരോപണം പേരൊന്നും പറയാതെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.

4479 കിലോ ഖുറാൻ എത്തി എന്നാണ് കസ്റ്റംസ് കണക്ക്. അതനുസരിച്ച് 7750 ഖുറാനാണ് വന്നത്. 992 എണ്ണം സി- ആപ്റ്റ് വാഹനത്തിൽ മലപ്പുറത്ത് എത്തി. ബാക്കി 6785 ഖുറാൻ എവിടെപ്പോയി എന്നതിനുത്തരമില്ലെന്നും ജന്മഭൂമി വാർത്തയിൽ പറയുന്നു. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിക്കെതിരെ നേരിട്ടുള്ള ആക്രമണമാകും ഇനി ബിജെപിയും പരിവാർ സംഘടനകളും നടത്തുക. ഇതിന്റെ സൂചനയാണ് ജന്മഭൂമിയിലെ വാർത്തയും. ഇതോടെ രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇനി കൂടുതൽ മൂർച്ഛ കൂടും.

സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനെതിരെ ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ നേരത്തെ രംഗത്തു വന്നിരുന്നു. സ്വപ്നാ സുരേഷുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. തിരുവനന്തപുരത്തെ ഫർണ്ണിച്ചർ കടയിൽ സാധനം വാങ്ങാൻ മുഖ്യമന്ത്രിയുടെ മകൾ വീണയും സ്വപ്നാ സുരേഷും ഒരുമിച്ചു പോയി എന്നാണ് ആരോപണം. വീണയുടെ രണ്ടാം വിവാഹത്തിന്റെ അൺ എഡിറ്റഡ് വീഡിയോ പുറത്തു വിടണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ബിജെപി നേരിട്ട് ആരോപണം ഉന്നയിക്കുകയാണ്.

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾ സ്വപ്ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫർണിച്ചർ കടയിൽ പോയി കല്യാണ സമ്മാനമായി ഫർണിച്ചറുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങൾക്കു മുന്നിൽ വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല, മരുമകനെയും സ്വപ്ന സുരേഷിനൊപ്പമിരുത്തി ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മാനസിക നില തകർന്നിരിക്കുകയാണ്. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകർന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

സ്വർണക്കള്ളക്കടത്തിൽ പങ്കില്ലെന്ന് പരിശുദ്ധ ഖുറാനിൽ തൊട്ട് സത്യംചെയ്യാൻ കെ. ടി. ജലീൽ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളിൽനിന്ന് രക്ഷപ്പെടാനാണ് ജലീൽ ശ്രമിക്കുന്നത്. ഇതുപോലെ വർഗീയവാദിയായ മറ്റൊരു മന്ത്രിയെ കേരളം മുൻപ് കണ്ടിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന സിമി പ്രവർത്തകനായിരുന്നു ജലീൽ. അധികാരക്കൊതിമൂലം സിപിഎമ്മിൽ എത്തിയ ആളാണ്. ജലീലിനെ സിപിഎം ഭയക്കുന്നത് എന്തിനാണെന്നും ബിജെപി വക്താവ് ചോദിച്ചു. വീണയേയും ഭർത്താവ് റിയാസിനേയും ചോദ്യം ചെയ്യണമെന്നതാണ് സന്ദീപിന്റെ ആവശ്യം.

ഇവരെ സ്വപ്നയ്ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്താൽ എല്ലാ സത്യവും പുറത്തു വരുമെന്നും സന്ദീപ് വാര്യർ അവകാശ വാദം ഉന്നയിച്ചു. യുഎഇ കോൺസുലേറ്റിന്റെ മറവിലെ സ്വർണക്കടത്തിൽ മന്ത്രി കെ.ടി.ജലീലിനു പിന്നാലെ പിണറായി മന്ത്രിസഭയിലെ മറ്റൊരു അംഗം കൂടി കുടുങ്ങുന്നു എന്ന സൂചനയും ഉണ്ട്. പ്രളയത്തിന്റെ പേരിൽ യു.എ.ഇയിൽ നിന്ന് 140 കോടി സമാഹരിച്ചെന്നും അത് മതഗ്രന്ഥങ്ങളുടെ മറവിൽ കേരളത്തിലെത്തിച്ചെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കണ്ടെത്തിയതായി റിപ്പോർട്ട് നേരത്തെയും ചർച്ചകൾ വന്നിരുന്നു. ഇതേക്കുറിച്ച് ഇ.ഡിയും എൻ.ഐ.എയും വിശദമായ അന്വേഷണം നടത്തുകയാണ്. മതഗ്രന്ഥങ്ങളുടെ മറവിൽ വിദേശ കറൻസി കടത്തിയെന്ന ആരോപണം ഉയരുകയും മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തതോടെ ഫണ്ട് തട്ടിപ്പ് പുതിയ തലത്തിലെത്തുകയാണ്.

2018ലെ പ്രളയത്തിന്റെ ചിത്രങ്ങളും സർക്കാരിന്റെ അഭ്യർത്ഥനയും ഉപയോഗിച്ച് കോൺസുലേറ്റിന്റെ പേരിലായിരുന്നു പണപ്പിരിവ്. മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചപ്പോൾ 700 കോടിയുടെ സഹായ വാഗ്ദാനം ലഭിച്ചെങ്കിലും കേന്ദ്രസർക്കാർ തടഞ്ഞതിനാൽ സ്വീകരിക്കാനായില്ല. ഇതിനുപിന്നാലെയാണ് ധനസമാഹരണം നടന്നത്. തുക പ്രളയ പുനർനിർമ്മാണത്തിനെന്ന പേരിൽ സന്നദ്ധ സംഘടനകൾക്ക് കൈമാറിയെന്നാണ് പറയുന്നത്. യു.എ.ഇ സർക്കാരിന്റെ അനുമതി ഇല്ലാതെയായിരുന്നു ഇടപാടുകൾ. ഇങ്ങനെ ഗൾഫിൽ നിന്ന് പിരിച്ചെടുത്ത തുകയുടെ ഒരു പങ്ക് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ കോൺസുലേറ്റിന്റെ ചാരിറ്റി (ജീവകാരുണ്യ) അക്കൗണ്ടിലൂടെ എത്തിച്ചു. വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കുള്ള 20 കോടിയും ഇതിൽപ്പെടും. ശേഷിച്ച തുകയിൽ നല്ലൊരു പങ്ക് മതഗ്രന്ഥങ്ങളുടെ മറവിലും കടത്തിയെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ എന്നായിരുന്നു റിപ്പോർട്ട്.

മന്ത്രി ജലീലുമായി അടുപ്പമുള്ള സംഘടനയാണിത്. വിദേശസഹായം സ്വീകരിക്കാനുള്ള അവരുടെ എഫ്.സി.ആർ.എ അക്കൗണ്ടു വഴിയും പണം എത്തിയതായി സൂചനയുണ്ട്. സംഘടനയുടെ സ്‌കൂളിന്റെ ഐ.ടി കൺസൾട്ടൻസി അഞ്ചുകോടി രൂപയ്ക്ക് ബംഗളൂരുവിലെ സ്ഥാപനത്തിന് ലഭിച്ചതായി ഇ.ഡി കണ്ടെത്തിയെന്നും വാർത്ത വിശദീകരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ ബന്ധുവിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ആരോപണം. കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കാൻ പോന്നത വിവാദമാണ്. ഇന്നലെ ഇക്കാര്യത്തിൽ ചില സൂചനകളുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനം നടത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും മന്ത്രി ഇപി ജയരാജന്റെ മകനും വിവാദത്തിൽ പെട്ടുകഴിഞ്ഞു. ഇതിൽ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യവും ചെയ്തു. ഇപിയുടെ മകനേയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെയാണ് അതിവ പ്രാധാന്യമുള്ള വാർത്ത കേരള കൗമുദി പുറത്തു വിടുന്നത്. ഇതിലെ ഐടി സ്ഥാപനത്തിലേക്ക് അന്വേഷണം നീളുമോ എന്നതാണ് ഏറെ പ്രാധാന്യം അർഹിക്കുന്നത്. ജലീലിന് ബന്ധമുള്ള മതസംഘടനയുടെ നിലപാടും അതിനിർണ്ണയാകമാകും.

കോൺസുലേറ്റിന്റെ ചാരിറ്റി അക്കൗണ്ട് യു.എ.ഇയുടെ അനുമതിയില്ലാതെ പരിശോധിക്കാൻ കഴിയില്ലെന്ന പഴുതാണ് സ്വപ്നയും സംഘവും മുതലെടുത്തത്. ഈജിപ്തുകാരനും കോൺസുലേറ്റിലെ ഫിനാൻസ് ഓഫീസറുമായിരുന്ന ഖാലിദും സ്വപ്നയും ചേർന്നായിരുന്നു ചാരിറ്റി അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ലൈഫ് പദ്ധതിയുടെ ആദ്യഗഡുവായ 3.2കോടി അതേപടി കമ്മിഷനായി ഖാലിദിന് നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. രണ്ടാംഗഡുവിൽ നിന്ന് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75ലക്ഷം മാറ്റി. ജീവകാരുണ്യത്തിന്റെ പേരിൽ യുഎഇ കോൺസുലേറ്റിന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്ന സുരേഷും സംഘവും എത്തിച്ചത് 58 കോടിയോളം രൂപയെന്ന് അന്വേഷണ സംഘത്തിനു വിവരം കിട്ടിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി എത്തിയതും ഈ അക്കൗണ്ട് വഴിയാണ്. അതിൽ 14.5 കോടിയാണു വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമ്മാണക്കമ്പനിക്കു കൈമാറിയത്.

ഒറ്റ ബാങ്കിൽ യുഎഇ കോൺസുലേറ്റിന്റെ പേരിൽ 6 അക്കൗണ്ടുകളാണുള്ളത്. ഇതിൽ ഒരു അക്കൗണ്ടിലാണ് 58 കോടിയോളം രൂപ എത്തിയത്. ഇതിൽ 4 കോടിയോളമേ ഇനി അക്കൗണ്ടിലുള്ളൂ. ബാക്കി തുക ഇതേ ബാങ്കിലെ മറ്റൊരു അക്കൗണ്ട് വഴി ഇന്ത്യൻ രൂപയാക്കി ചെലവഴിച്ചു. ചില സംഘടനകൾക്കു പണം നൽകി. അതിന്റെ പേരിലും സ്വപ്നയും സംഘവും പണം കൈക്കലാക്കിയെന്നാണു വിവരം. പണം കിട്ടിയ ചില സംഘടനകൾ കേന്ദ്ര നിരീക്ഷണത്തിലാണ്. കോൺസുലേറ്റിന്റെ പേരിലാകുമ്പോൾ നയതന്ത്ര പരിരക്ഷയുണ്ട് എന്നതിനാൽ വിദേശസഹായ നിയന്ത്രണ നിയമം (എഫ്‌സിആർഎ) ബാധകമാകില്ല. ഇതു കണ്ടാണു കോൺസുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത്. കോൺസുലേറ്റിൽ സ്വപ്നയ്ക്കു നിർണായക സ്വാധീനമുണ്ടായിരുന്ന സമയത്തായിരുന്നു ഇത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP