Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറന്മുളയിൽ ഇടതുപക്ഷ എംഎൽഎയെ അംഗീകരിക്കാത്തവർ ഇപ്പോഴുമുണ്ട്; ഇത്തരക്കാരാണ് തന്നെ സാന്നിധ്യം മാത്രമാക്കി ഒതുക്കുന്നത്; അധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധമറിയിച്ചത് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി; ഇറങ്ങിപ്പോയെന്നത് ശരിയല്ല; കേരളോത്സവം ഉദ്ഘാടന വിവാദത്തിൽ വീണാ ജോർജ്ജ് മറുനാടനോട്

ആറന്മുളയിൽ ഇടതുപക്ഷ എംഎൽഎയെ അംഗീകരിക്കാത്തവർ ഇപ്പോഴുമുണ്ട്; ഇത്തരക്കാരാണ് തന്നെ സാന്നിധ്യം മാത്രമാക്കി ഒതുക്കുന്നത്; അധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധമറിയിച്ചത് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി; ഇറങ്ങിപ്പോയെന്നത് ശരിയല്ല; കേരളോത്സവം ഉദ്ഘാടന വിവാദത്തിൽ വീണാ ജോർജ്ജ് മറുനാടനോട്

അരുൺ ജയകുമാർ

പത്തനംതിട്ട: മാദ്ധ്യമപ്രവർത്തനത്തിൽ നിന്നും രാഷ്ട്രീയത്തിലിറങ്ങി എംഎൽഎയായ വ്യക്തിത്വമാണ് വീണാ ജോർജ്ജിന്റേത്. ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും സിപിഐ(എം) സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചപ്പോൾ മുതൽ വീണയോട് ചിലർ അനിഷ്ടം വച്ചു പുലർത്തുന്നുണ്ട്. തോൽപ്പിക്കാൻ ശ്രമിച്ച മറ്റു ചിലരാകട്ടെ അമിതമായ സ്‌നേഹപ്രകടനവും നടത്തുന്നുണ്ട്. എന്നാൽ, ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയെ സംസാരിക്കാൻ അനുവദിക്കാതെയും എതിർപ്പ് പ്രകടിപ്പിക്കുന്നവർ ഇപ്പോഴുമുണ്ട്. ഇതിന് കാരണം നാല് പതിറ്റാണ്ട് ശേഷമാണ് ആറന്മുളയ്ക്ക് ലഭിച്ച ഇടതുപക്ഷ എംഎൽഎ എന്നതു കൊണ്ടാണ്. കഴിഞ്ഞ ദിവസം മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കേരളോത്സവം ഉദ്ഘാടന ചടങ്ങിലും പ്രോട്ടോക്കോൾ ലംഘിച്ചതോടെ വീണാ ജോർജ്ജ് എംഎൽഎ പ്രതിഷേധം അറിയിച്ചിരുന്നു.

സ്ഥലം എംഎൽഎ അധ്യക്ഷത വഹിക്കേണ്ട ചടങ്ങിൽ സാന്നിധ്യം മാത്രമാക്കി ഒതുക്കിയതു കൊണ്ടാണ് വീണാ ജോർജ്ജ് പ്രതിഷേധിച്ചത്. പ്രസംഗത്തിൽ അധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധമറിയിച്ച് എംഎൽഎ ഇറങ്ങിപ്പോകുകയായിരുന്നു. ഇത് വാർത്തയായതോടെ സംഭവത്തെ കുറിച്ച് വീണ വ്യക്തമാക്കിയത് പ്രോട്ടോക്കോൾ ലംഘിച്ചതു കൊണ്ടാണ് താൻ പ്രതിഷേധിച്ചത് എന്നാണ്. ഇടതുപക്ഷ എംഎൽഎയായി അംഗീകരിക്കാത്തവരാണ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പിന്നിലെന്നും അവർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ഇത് ആദ്യമായിട്ടല്ല ഇത്തരമൊരു അനുഭവമെന്നും അതുകൊണ്ടാണ് ഇത്തവണ തന്റെ പ്രതിഷേധം അറിയിച്ചതെന്നും വീണ പറഞ്ഞു. എംഎൽഎ എന്നത് മണ്ഡലത്തിന്റെ മുഴുവൻ പ്രതിനിധിയാണ്. ഒരു പ്രത്യേക പാർട്ടിയുടെ മാത്രം പ്രതിനിധിയല്ല. രാഷ്ട്രീയപരമായ എതിർപ്പുകൾ ജനപ്രതിനിധികളോട് പ്രകടമാക്കുന്നത് ശരിയായ പ്രവണതയല്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ പരിപാടിയിൽ നിന്നും താൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി എന്ന് പറയുന്നത് ശരിയല്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കാര്യ പരിപാടിയിൽ എംഎൽഎയെ ഉൾപ്പെടുത്തിയത് സാന്നിധ്യം എന്ന നിലയിലാണ്. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് അധ്യക്ഷത വഹിച്ചത്.സംസസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയാണ് കേരളോത്സവം. സംസ്ഥാന സർക്കാറിന്റെ പരിപാടിയിൽ അദ്ധ്യക്ഷ പദവി അലങ്കരിക്കേണ്ടത് സ്ഥലം എംഎൽഎ ആണ്. എന്നാൽ ഈ പരിപാടിയുടെ അറിയിപ്പ്‌പോലും തനിക്ക് ലഭിക്കുന്നത് 4 ദിവസം മുൻപാണ്.

സംസ്ഥാന സർക്കാർ പരിപാടിയായ കേരളോത്സവത്തിന്റെ അധ്യക്ഷ പദവി പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയാണ് വഹിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി വീണാ ജോർജ് തന്റെ പ്രസംഗം ചുരുക്കി ആശംസ നേർന്ന് വേദി വിടുകയായിരുന്നുവെന്ന് നേരത്തെ വാർത്തകൽ വന്നിരുന്നു. എന്നാൽ ഇത് പൂർണമായിട്ടും ശരിയല്ലെന്നും അവർ പറഞ്ഞു.പരിപാടിക്ക് ആശംസകൾ അർപ്പിച്ച ശേഷം ഒരു കാര്യം കൂടി പറയാതെ പ്രസംഗം അവസാനിപ്പിക്കാനാകില്ലെന്ന് പറഞ്ഞാണ് താൻ പ്രതിഷേധം അറിയിച്ചതെന്നും അവർ പറഞ്ഞു.

യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം നടത്തുന്നത്. ആശംസ പ്രസംഗകയായിട്ടാണ് എംഎൽഎയെ വേദിയിൽ സ്വാഗതം ചെയ്തത്. അധ്യക്ഷനും ഉദ്ഘാടകനും പിന്നാലെ പ്രസംഗിച്ച വീണാ ജോർജ് പ്രസംഗം അവസാനിപ്പിച്ചത് പ്രതിഷേധമറിയിച്ചുകൊണ്ടാണ്. പ്രോട്ടോക്കോളിനെയും സ്പീക്കറുടെ റൂളിംഗിനെയും ഓർമിപ്പിച്ച എംഎൽഎ തന്നെ അവഗണിച്ചത് അബദ്ധം സംഭവിച്ചതായി കണക്കാക്കാനാകില്ലെന്നും പറഞ്ഞു. ഇത് ബോധപൂർവമാണെന്നു താൻ കരുതുന്നു. തന്റെ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്നും അവർ പറഞ്ഞു. ഇനി മറ്റൊരു പരിപാടിയിലും ഇതാവർത്തിക്കാൻ പാടില്ലെന്നും വീണാ ജോർജ് പറഞ്ഞു.

എന്നാൽ ഒരു വ്യക്തിയേയൊ സംഘടനയേയോ ഇതിന്റെ പേരിൽ കുറ്റം പറയാൻ താൻ തയ്യാറല്ലെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്താണോ ഇതിന്റെ പിന്നിലെന്ന ചോദ്യത്തിനാണ് അവർ ഇങ്ങനെ മറുപടി നൽകിയത്.തനിക്കുണ്ടായ അനുഭവത്തിൽ തനിക്ക് ശേഷം പ്രസംഗിച്ച യുവജന ക്ഷേമ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ളവർ ഈ വിഷയം ചൂണ്ടിക്കാട്ടിയെന്നും അവർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP