Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

വീണ നികുതി അടച്ചില്ലെന്നു ഓഗസ്റ്റിൽ ആരോപിക്കുന്നതിനു മുൻപു തന്നെ ജിഎസ്ടി അടച്ചിരുന്നുവെന്ന് റിപ്പോർട്ട്; മുഖ്യമന്ത്രിയുടെ കുടുംബത്തോട് കുഴൽനാടൻ മാപ്പു പറയണമെന്ന് എകെ ബാലൻ; ഒളിച്ചോടില്ലെന്ന് കോൺഗ്രസ് എംഎൽഎയും; ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും

വീണ നികുതി അടച്ചില്ലെന്നു ഓഗസ്റ്റിൽ ആരോപിക്കുന്നതിനു മുൻപു തന്നെ ജിഎസ്ടി അടച്ചിരുന്നുവെന്ന് റിപ്പോർട്ട്; മുഖ്യമന്ത്രിയുടെ കുടുംബത്തോട് കുഴൽനാടൻ മാപ്പു പറയണമെന്ന് എകെ ബാലൻ; ഒളിച്ചോടില്ലെന്ന് കോൺഗ്രസ് എംഎൽഎയും; ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വീണാ വിജയൻ ജിഎസ്ടി അടച്ചെന്ന് തെളിഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴൻനാടൻ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. കുഴൽനാടനെ പ്രതിക്കൂട്ടിൽ നിർത്താനാണ് സിപിഎം നീക്കം. ഇതിന്റെ ഭാഗമാണ് ബാലന്റെ രംഗത്തു വരവ്. അതിനിടെ വിഷയത്തിൽ ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു. വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് കുഴൽനാടൻ പറയുന്നത്.

അതിനിടെ വീണാ വിജയന് അനുകൂലമായി സൈബറിടത്ത് സിപിഎം പ്രതികരണം ശക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് ബാലൻ പ്രതികരണവുമായി എത്തിയത്. വീണാ ഐജിഎസ്ടിയും ആദായ നികുതിയും അടച്ചതാണെന്ന് നേരത്തേ താൻ പറഞ്ഞതാണ്. സിഎംആർഎലിൽനിന്ന് ലഭിച്ച പണത്തിന് വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമായാൽ ക്ഷമാപണം നടത്താമെന്നാണ് കുഴൽനാടൻ പറഞ്ഞത്. ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ധനകാര്യവകുപ്പ് കുഴൽനാടന് മറുപടി കൊടുത്ത സ്ഥിതിക്ക് എംഎൽഎ മാപ്പ് പറയണമെന്നും എ.കെ.ബാലൻ ആവശ്യപ്പെട്ടു.

വിവരാവകാശ നിയമപ്രകാരം ജിഎസ്ടി അടച്ചോ എന്ന വിവരം ലഭിക്കില്ലെന്നത് സാമാന്യബോധമാണ്. കുഴൻനാടൻ എന്തിനാണ് വിവരാവകാശ നിയമപ്രകാരം ഇത് ആവശ്യപ്പെട്ടതെന്ന് തനിക്ക് അറിയില്ല. തെറ്റായ സന്ദേശങ്ങൾ പ്രചരിക്കാതിരിക്കാനാണ് ധനകാര്യവകുപ്പ് കുഴൽനാടന് മറുപടി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. വീണ ജിഎസ്ടി കൊടുത്തിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്താമെന്ന് പറഞ്ഞയാളാണ് കുഴൽനാടൻ. മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിന് അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. എല്ലാ രേഖയും വീണയുടെ കൈയിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാൾ ഔപചാരിക കത്തുകൊടുത്തത്. അത് നൽകിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയിൽ ഞങ്ങൾ കൊടുക്കുന്നത് ശരിയല്ലാത്തതുകൊണ്ടാണ് ഞങ്ങളിത് നൽകാതിരുന്നത്' ബാലൻ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ നികുതി വിവരം കൊടുക്കാൻ കഴിയില്ലെന്ന് കുഴൽനാടന് അറിയാം. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അപേക്ഷ നൽകിയത്. നിയമവിരുദ്ധമായ നൽകിയ ഒരു അപേക്ഷയിൽ സർക്കാരിന് ഒരു വിവരവും നൽകാൻ കഴിയില്ല. ധനകാര്യ മന്ത്രിക്ക് അദ്ദേഹം നൽകിയ ഒരു ഇ-മെയിലിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ധനകാര്യ വകുപ്പ് അദ്ദേഹത്തന് കൃത്യമായ കണക്കുകൾ നൽകിയെന്നും ബാലൻ പറഞ്ഞു. പ്രതിപക്ഷത്തേയും കടന്നാക്രമിക്കുകയാണ് ബാലൻ. എല്ലാ അർത്ഥത്തിലും പിണറായിയുടെ കുടുംബത്തിന് സിപിഎം പ്രതിരോധം തീർക്കുകയാണ്.

നേരം വെളുത്താൽ തുടങ്ങും കോൺഗ്രസ്-ബിജെപി നേതാക്കൾ പച്ച നുണ പറയൽ. ദേവ ഗൗഡയുമായി ബന്ധപ്പെട്ട് നുണ പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹം വിളിച്ചില്ലെന്ന് ഗൗഡ തന്നെ പറഞ്ഞു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ മനസ്സിൽ പിണറായി വിജയനുള്ള സ്ഥാനം അവർക്കറിയാം. അതിനൊന്നും ഒരു പോറലും ഏൽപ്പിക്കാൻ ഈ ശ്രമങ്ങൾക്കാകില്ല. നുണ കച്ചവടത്തിന്റെ ഹോൾസെയിൽ ഡീലറവാകുകയാണ് യുഡിഎഫും കോൺഗ്രസുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ എം.കെ ബാലൻ ആരോപിച്ചു.

മാസപ്പടി, ജിഎസ്ടി വിഷയത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎും പ്രതികരിച്ചു. ഇതേക്കുറിച്ച് താൻ വിശദമായി പ്രതികരിക്കുമെന്നും എംഎൽഎ പറഞ്ഞു. ഈ വിഷയത്തിൽ എ.കെ.ബാലനുമായി ചർച്ചയ്ക്ക് തയാറാണ്. തന്റെ ഭാഗം കൂടി കേട്ടശേഷം താൻ മാപ്പ് പറയണോ എന്ന് പൊതുജനം വിലയിരുത്തട്ടെയെന്നും എംഎൽഎ കൂട്ടിച്ചേർത്തു. തനിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും കുഴൽനാടൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി ഒടുവിൽ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വീണയുടെ കമ്പനിയുടെ വിവരങ്ങൾ നിയമപ്രകാരം നൽകാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയത്. ഇത് വീണ ജിഎസ്ടി അടച്ചിട്ടില്ലെന്ന തരത്തിൽ പ്രചാരണത്തിനു കാരണമാകുമെന്നു വന്നതോടെയാണു ജിഎസ്ടി അടച്ചെന്നു കാട്ടി ധനവകുപ്പ് ഇന്നലെ മാത്യു കുഴൽനാടൻ എംഎൽഎക്കു മറുപടി നൽകിയത്.

വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക്കും ജിഎസ്ടി അടച്ചോ എന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കുഴൽനാടൻ ഓഗസ്റ്റ് 19ന് ആണു ധനമന്ത്രിക്ക് ഇമെയിൽ മുഖേന കത്തു നൽകിയത്. 2 മാസത്തിനു ശേഷം ഇന്നലെയാണ് ഇമെയിലായുള്ള മറുപടി. നിയമപ്രകാരം നൽകേണ്ട നികുതി അടച്ചിട്ടുണ്ടെന്നു കത്തിൽ ചൂണ്ടിക്കാട്ടിയ ധനവകുപ്പ്, തുക എത്രയാണെന്നു വ്യക്തമാക്കിയിട്ടില്ല. തീയതിയും നിർണ്ണായകമാണ്.

1.72 കോടിക്ക് അടയ്‌ക്കേണ്ട ഐജിഎസ്ടി എക്‌സാലോജിക് ബെംഗളൂരുവിൽ അടച്ചതായി നേരത്തെ ധനമന്ത്രിക്ക് ജിഎസ്ടി കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. വീണ നികുതി അടച്ചില്ലെന്നു മാത്യു കുഴൽനാടൻ ഓഗസ്റ്റിൽ ആരോപിക്കുന്നതിനു മുൻപു തന്നെ ജിഎസ്ടി അടച്ചിരുന്നതായും റിപ്പോർട്ടിൽ കമ്മിഷണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP