Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെപിസിസിയിൽ നിന്നുള്ള ഫണ്ട് വരവ് മുടങ്ങി; കോൺഗ്രസ് മുഖപത്രം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; തൃശൂരിൽ വീക്ഷണം അച്ചടി മുടങ്ങിയിട്ട് മൂന്നു ദിവസം; നൽകാനുള്ള 20 ലക്ഷം രൂപ ഉടനടി നൽകണമെന്നു എംഡി പി.ടി.തോമസിന് പ്രസ് ഉടമയുടെ കത്ത്; കൊച്ചിയിലും തൃശ്ശൂരിലും അഞ്ച് മാസത്തോളമായി ജീവനക്കാർക്ക് ശമ്പളമില്ല; കണ്ണൂരിലും കോഴിക്കോട്ടും രണ്ട് മാസമായി ശമ്പളമില്ല; വീക്ഷണത്തിലെ ജീവനക്കാർ ആശങ്കയുടെ നിഴലിൽ

കെപിസിസിയിൽ നിന്നുള്ള ഫണ്ട് വരവ് മുടങ്ങി; കോൺഗ്രസ് മുഖപത്രം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; തൃശൂരിൽ വീക്ഷണം അച്ചടി മുടങ്ങിയിട്ട് മൂന്നു ദിവസം; നൽകാനുള്ള 20 ലക്ഷം രൂപ ഉടനടി നൽകണമെന്നു എംഡി പി.ടി.തോമസിന് പ്രസ് ഉടമയുടെ കത്ത്; കൊച്ചിയിലും തൃശ്ശൂരിലും അഞ്ച് മാസത്തോളമായി ജീവനക്കാർക്ക് ശമ്പളമില്ല; കണ്ണൂരിലും കോഴിക്കോട്ടും രണ്ട് മാസമായി ശമ്പളമില്ല; വീക്ഷണത്തിലെ ജീവനക്കാർ ആശങ്കയുടെ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസിയുടെ ഫണ്ട് വരവ് നിലച്ചതോടെ കെപിസിസിയുടെ മുഖപത്രമായ വീക്ഷണം മൂക്കുകുത്തുന്നു. തൃശൂർ യൂണിറ്റിൽ പത്രം മുടങ്ങിയിട്ട് മൂന്നു ദിവസമായി. ദേശീയതലത്തിലും സംസ്ഥാന തലത്തിലും അതിപ്രധാനമായി കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വീക്ഷിക്കുന്ന വേളയിൽ തന്നെയാണ് കേരളത്തിൽ വീക്ഷണം മുടങ്ങുന്ന അവസ്ഥ വരുന്നത്. തൃശൂരിൽ പത്രം അടിക്കുന്ന ഒരുമ പ്രസിന്റെ ഉടമ വീക്ഷണം പ്രിന്റ് ചെയ്ത വകയിൽ തനിക്ക് തരാനുള്ള 20 ലക്ഷത്തോളം രൂപ ഉടനടി നല്കണം എന്നാവശ്യപ്പെട്ടു പത്രത്തിന്റെ മാനേജിങ് പി.ടി.തോമസിന് നൽകിയ കത്ത് വെളിയിൽ വന്നത് വീക്ഷണത്തിന് ക്ഷീണവുമായി.

കുടിശിക തരാതെ പത്രം പ്രിന്റു ചെയ്യാൻ കഴിയില്ലാ എന്നാണ് പ്രസ് ഉടമ വ്യക്തമാക്കുന്നത്. മുഴുവൻ ഉടമ്പടികളും വീക്ഷണം തെറ്റിച്ചു. . പത്തു ലക്ഷം കുടിശികയുള്ളപ്പോൾ അഞ്ചു ലക്ഷത്തിന്റെ ചെക്കുകൾ ബാങ്കിൽ പണമില്ലാതെ മുടങ്ങി. വീക്ഷണം പണം തരാത്തത് കാരണം പ്രസും പ്രതിസന്ധിയിലാണ്. അതിനാൽ ഉടനടി പണം നൽകണം-കത്തിൽ പ്രസ്സുടമ ആവശ്യപ്പെടുന്നു. ഒരു സംഘം കോൺഗ്രസ് നേതാക്കളുടെ പിന്തുണയിൽ അതിജീവന ത്വരയോടെ മുന്നോട്ടു പോയിരുന്ന പത്രത്തിന്റെ നിലനിൽപ്പ് കേരളത്തിൽ അസാധ്യമാകും വിധമാണ് നിലവിൽ പത്രത്തിന്റെ പോക്ക്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നുവെന്ന വാർത്തകൾ കോൺഗ്രസുകാർ കാണുന്നത് വീക്ഷണത്തിൽക്കൂടിയുമാണ്. ഈ രീതിയിൽ പോയാൽ രാഹുൽ എത്തുമ്പോഴേക്കും വീക്ഷണം അച്ചടി നിർത്തിയിട്ടുണ്ടാവുമെന്നാണ് ജീവനക്കാർ പറയുന്നത്. .തൃശൂർ യൂണിറ്റിൽ പത്രം മുടങ്ങുന്ന അവസ്ഥ വന്നപ്പോൾ വീക്ഷണത്തിന്റെ പല യൂണിറ്റിലും ജീവനക്കാരുടെ ശമ്പളം മുടങ്ങുകയാണ്. തൃശൂരിൽ പത്രം മുടങ്ങിയപ്പോൾ കണ്ണൂർ, കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം യൂണിറ്റുകളും പ്രതിസന്ധിയിൽ ആണ്ടുമുങ്ങുകയാണ്. കൊച്ചിയിലും തൃശ്ശൂരിലും അഞ്ച് മാസത്തോളമായി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ അവസ്ഥയിലാണ്. .കണ്ണൂരിലും കോഴിക്കോട്ടും രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. 33 ലക്ഷത്തിന് മുകളിൽ തൃശ്ശൂരിൽ മാത്രം കടമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

കെപിസിസിയിൽ നിന്നും വരുന്ന ഫണ്ട് വരവ് മുടങ്ങിയതാണ് വീക്ഷണത്തിന്റെ അവസ്ഥ ദയനീയമാക്കുന്നത്. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ മാറി മാറി അധികാരത്തിൽ വരുന്ന രാഷ്ട്രീയ പാർട്ടികൾ ആണെങ്കിലും പത്ര നടത്തിപ്പിൽ ഇരു രാഷ്ട്രീയ പാർട്ടികൾക്കും രണ്ടു നയമാണ്. സിപിഎം അധികാരത്തിൽ വന്നാൽ അടിമുടി വളർത്തുക പാർട്ടി മുഖപത്രമായ ദേശാഭിമാനിയാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യം അവഗണിക്കുക പാർട്ടി മുഖപത്രമായ വീക്ഷണമാണ്. ഈ കോൺഗ്രസ് വീക്ഷണം തന്നെയാണ് മുഖപത്രമായ വീക്ഷണത്തെ കുഴിയിൽ ചാടിക്കുന്നത്. 1976-ൽ ആരംഭിച്ച പത്രത്തിന് 2019 ആയിട്ടും ഒരു പ്രിന്റിങ് പ്രസ് പോലും സ്വന്തമാക്കാനായില്ല എന്നത് വീക്ഷണത്തിന്റെ ദയനീയതയാണ്. ഇതേ ദയനീയത തന്നെയാണ് തൃശൂരിൽ പത്രം മുടങ്ങാനും ഇടയാക്കിയത്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിച്ച ജനമഹായാത്രയോടെ വീക്ഷണത്തിന്റെ പ്രശ്‌നങ്ങൾ പരിഹൃതമാകുമായിരുന്നു എന്നാണ് വീക്ഷണത്തിനെ അറിയുന്നവർ പറയുന്നത്. രണ്ടു കോടി രൂപ നൽകാം എന്നാണ് മുല്ലപ്പള്ളി യാത്രയ്ക്ക് മുൻപ് അറിയിച്ചത്. യാത്രയിൽ പതിനാറ് കോടിയോളം രൂപ പിരിഞ്ഞു കിട്ടി എന്നാണ് ലഭിക്കുന്ന വിവരം. വലിയ മുതലാളിമാരിൽ നിന്ന് കിട്ടിയ കോടികൾ വേറെയും. ഈ തുകയൊന്നും തന്നെ വീക്ഷണത്തിലേക്ക് വന്നില്ല. പക്ഷെ കോൺഗ്രസിന്റെ തന്നെ വിഷ്വൽ ചാനൽ ആയ ജയ്ഹിന്ദ് ചാനലിന് ഈ യാത്ര കഴിഞ്ഞപ്പോൾ ഒരു കോടിയോളം രൂപ നൽകി എന്നാണ് സൂചന. പക്ഷെ വീക്ഷണത്തിന് വന്നത് അവഗണന മാത്രവും. നൽകിയ വാക്ക് മുല്ലപ്പള്ളി പാലിക്കുകയും ചെയ്തില്ല. . ഇതോടെയാണ് പത്രം വലിയ പ്രതിസന്ധിയിൽ അകപ്പെട്ടത്.

യാത്ര കഴിഞ്ഞതോടെ പണം നൽകുന്നതിൽ കാലതാമസം വന്നു. പിന്നീട് ഈ തുക നൽകിയതുമില്ല. വീക്ഷണത്തിന് പണം നൽകാൻ പറ്റില്ലെന്നാണ് മുല്ലപ്പള്ളി ഇപ്പോൾ പറയുന്നത്. മുല്ലപ്പള്ളിയോട് സംസാരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പണം തരാമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ഇത് വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാർട്ടിക്ക് വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പിന്നീട് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ വയ്യെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.

സ്വന്തം പ്രസിൽ പ്രിന്റ് ചെയ്യുന്ന പത്രമല്ല വീക്ഷണം. പുറത്തുള്ള പ്രസുകളിലാണ് പ്രിന്റിങ്. അവിടുത്തെ ബാധ്യതയും പത്രക്കടലാസിനും മുടക്കിയാൽ വീക്ഷണത്തിന് പിന്നെ വേറൊന്നും ബാക്കിയുണ്ടാവില്ല. പത്രം മുടങ്ങാതിരിക്കണമെങ്കിൽ പ്രിന്റിങ്, പത്രക്കടലാസുകൾ എന്നിവ അത്യാവശ്യമായതിനാൽ ആദ്യം തുക ഈ ആവശ്യങ്ങൾക്ക് നീക്കി വയ്ക്കും. അതിനാൽ ജീവനക്കാരുടെ ശമ്പളം നൽകാൻ തുക ബാക്കിയുണ്ടാവില്ല. ഇത് പ്രതിസന്ധി മൂർച്ഛിപ്പിക്കുകയും ചെയ്തു. കെപിസിസി സഹായം ഒഴുകിയെത്താതായതോടെയാണ് പ്രതിസന്ധിയിലേക്ക് പത്രം കൂപ്പുകുത്തിയത്.

വീക്ഷണത്തിലെ പ്രശ്‌നങ്ങൾ എല്ലാ കോൺഗ്രസ് നേതാക്കൾക്കും അറിയാം. പക്ഷെ അത് പരിഹരിക്കാൻ അവർക്ക് സമയം ലഭിക്കുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശരിയായ രീതിയിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പോലും കെപിസിസിക്ക് കഴിഞ്ഞില്ല. ഇതേ കെപിസിസി എങ്ങിനെ വീക്ഷണം പ്രശ്‌നം പരിഹരിക്കും എന്നാണ് ജീവനക്കാർ തന്നെ ചോദിക്കുന്നത്. പക്ഷെ പാർട്ടിയുടെ സഹായം തന്നെയാണ് വീക്ഷണം ഉറ്റുനോക്കുന്നത്. അത് ലഭിച്ചാൽ നല്ല നിലയിലേക്ക് പത്രത്തെ ഉയർത്താൻ സാധിക്കും എന്ന് തന്നെയാണ് ജീവനക്കാരുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP