Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് മാസമായി ശമ്പളമില്ല; ഈസ്റ്ററിന് 3000 രൂപ വേതനം ക്രൈസ്തവർക്ക് മാത്രം; ഇടുക്കിയിൽ നിന്നുള്ള ഇഷ്ടക്കാരെ കുത്തിനിറച്ച എംഡി പി.ടി.തോമസ് വരുത്തി വച്ചത് രണ്ടരക്കോടിയുടെ ബാധ്യത; കേസിൽ തോറ്റതോടെ കൊച്ചിയിലെ ആസ്ഥാന മന്ദിരവും നഷ്ടമായേക്കും; വീക്ഷണം പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വെട്ടിലായത് ജീവനക്കാർ

മൂന്ന് മാസമായി ശമ്പളമില്ല; ഈസ്റ്ററിന് 3000 രൂപ വേതനം ക്രൈസ്തവർക്ക് മാത്രം; ഇടുക്കിയിൽ നിന്നുള്ള ഇഷ്ടക്കാരെ കുത്തിനിറച്ച എംഡി പി.ടി.തോമസ് വരുത്തി വച്ചത് രണ്ടരക്കോടിയുടെ ബാധ്യത; കേസിൽ തോറ്റതോടെ കൊച്ചിയിലെ ആസ്ഥാന മന്ദിരവും നഷ്ടമായേക്കും; വീക്ഷണം പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വെട്ടിലായത് ജീവനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണത്തിൽ ക്രൈസ്തവർക്ക് മാത്രം ശമ്പളം നൽകിയതിൽ ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തി. രണ്ടു മാസത്തെ ശമ്പള കുടിശിക നിലനിൽക്കെയാണ് ക്രൈസ്തവ വിഭാഗത്തിലെ ജീവനക്കാർക്ക് മാത്രം ശമ്പളം നൽകിയത്. അതും മൂവായിരം രൂപ മാത്രമാണ് നൽകിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

പല പ്രസുകളിലും വൻ തുക കുടിശിക ആയതോടെ പത്രത്തിന്റെ അച്ചടി നിർത്തി വെക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.കൊല്ലം എഡിഷന് പിന്നാലെ തൃശൂർ എഡിഷനും വീക്ഷണം അടച്ചു പൂട്ടി. തിരുവനന്തപുരത്തും കൊച്ചിയിലും ഏപ്രിൽ ഒന്ന് മുതൽ പത്രം അടിക്കാൻ കഴിയില്ലെന്ന് പ്രസ്സുകാർ മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിൽ വല്ലപ്പോഴും മാത്രമാണ് പത്രം വിതരണത്തിനായി എത്തിക്കുന്നത്. അതിനിടെ കൊട്ടിഘോഷിച്ച് ആരംഭിച്ച വീക്ഷണം പക്ഷാചരണവും മുടങ്ങി.

പത്രത്തിന്റെ പ്രചാരണത്തിനായി ലക്ഷങ്ങൾ മുടക്കി പോസ്റ്ററുകൾ അച്ചടിച്ച് എല്ലാ ജില്ലകളിലും എത്തിച്ചിരുന്നു.എന്നാൽ പത്രത്തിന്റെ ഒന്നാം പേജിൽ തന്നെ മേഘാലയ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ പരാമർശം അടങ്ങിയ വാർത്ത വന്നതോടെ ഡിസിസി പ്രസിഡണ്ടുമാർ കടുത്ത പ്രതിഷേധം ഉയർത്തി. ഇതോടെ പക്ഷാചരണം സംബന്ധിച്ച പ്രവർത്തനങ്ങൾ പിന്നെ മുന്നോട്ടു പോയില്ല.

പക്ഷാചരണത്തിന്റെ പോസ്റ്റർ അടിച്ചതുമായി ബന്ധപ്പെട്ട് നിലവിലെ എം.ഡി പി. ടി തോമസ് തന്നിഷ്ടപ്രകാരം നിയമിച്ച ജോയിന്റ് മാനേജിങ് ഡയറക്ടർ ജെയ്സൺ ജോസഫിനെതിരെയും ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. പോസ്റ്റർ അടിച്ച വകയിൽ ലക്ഷങ്ങൾ കമ്മീഷനായി അടിച്ചെടുത്തു എന്നാരോപിച്ചു കെപിസിസിക്ക് നിരവധി പരാതികളും ലഭിച്ചു. ഇതിന് ശേഷം ജെയ്സൺ ജോസഫ് വീക്ഷണം ഓഫീസിൽ എത്തിയിട്ട് പോലുമില്ലെന്ന് പരാതിയിൽ പറയുന്നു.

കെ പി സി സി പ്രസിഡണ്ടായിരുന്ന വി. എം സുധീരൻ മുൻകൈ എടുത്താണ് പി. ടി തോമസ് എം എൽ എ യെ വീക്ഷണം എം ഡിയായി നിയമിച്ചത്. ഇതോടെ കോൺഗ്രസിലെ പ്രമുഖ ഗ്രൂപ്പുകൾ വീക്ഷണത്തെ കയ്യൊഴിഞ്ഞു. അധികാരമേറ്റ ഉടൻ ഇടുക്കിയിൽ നിന്നുള്ള തന്റെ ഇഷ്ടക്കാരെ എല്ലാ വകുപ്പിലും കുത്തി നിറച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയാണ് ഇതോടെ പ്രതിമാസം വീക്ഷണത്തിന് വന്നത്. പി. ടി തോമസിനാകട്ടെ വീക്ഷണം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞതുമില്ല. സാമ്പത്തികമായി സഹായം നൽകുന്നത് പാർട്ടി നിർത്തുകയും പി ടി നിയമിച്ച ജീവനക്കാരോട് മറ്റ് ജീവനക്കാർ സഹകരിക്കാതിരിക്കുകയും ചെയ്തതോടെ വീക്ഷണം ദൈനദിന പ്രവർത്തനം പോലും പ്രതിസന്ധിയിലായി.

അടുത്തിടെ 43 ലക്ഷം രൂപ പി ആർ ഡി പരസ്യ തുക ലഭിച്ചെങ്കിലും തനിക്ക് കടം വീട്ടാനുണ്ട് എന്ന് പറഞ്ഞു മുപ്പത് ലക്ഷം രൂപയും പി.ടി. തോമസ് കൊണ്ടുപോയത് ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. മൂന്ന് മാസത്തെ ശമ്പളം കുടിശിക നിലനിൽക്കുമ്പോഴാണ് എം ഡി ഇത്തരം ചതി ചെയ്തതെന്ന് ജീവനക്കാർ ആരോപിക്കുന്നു. എം ഡി യുടെ നടപടിയിൽ പ്രതിഷേധിച്ച് എഡിറ്റോറിയൽ ജീവനക്കാർ എഡിറ്റോറിയൽ യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധിച്ച ജീവനക്കാരെ എച്ച് ആർ മാനേജർ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതോടെ ജീവനക്കാർ നിസഹകരണം ആരംഭിച്ചിരിക്കുകയാണ്. നിശ്ച്ചിത യോഗ്യത ഇല്ലാത്തയാളെ എച്ച് ആർ മാനേജരായി നിയമിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ജീവനക്കാർ.

അതിനിടെ, തർക്കത്തിലായിരുന്ന കൊച്ചിയിൽ വീക്ഷണം ആസ്ഥാന മന്ദിരം നിലനിൽക്കുന്ന സ്ഥലം സംബന്ധിച്ച കേസിലും വീക്ഷണത്തിന് തിരിച്ചടിയായി കോടതി വിധിയെത്തി. വീക്ഷണം സ്വന്തമെന്ന് പറയുന്ന സ്ഥലം തർക്കമുന്നയിച്ച എൻ സി പി നേതാവ് ജയകുമാറിന് അതിർത്തി തിരിച്ചു കൊടുക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു. വർഷങ്ങളായി നിലനിൽക്കുന്ന കേസിൽ തുടക്കം മുതൽ കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനെ പൊടുന്നനെ മാറ്റി പി ടി യുടെ ആശ്രിതനെ കേസ് ഏൽപ്പിച്ചതിനാലാണ് തിരിച്ചടി ലഭിച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു.

കേസിനെ കുറിച്ച് യാതൊന്നും അറിയാത്ത അഭിഭാഷകനെ കേസ് ഏൽപ്പിച്ചത് വഴി കോടതിയിൽ നിന്നും തിരിച്ചടി ഇരന്നു വാങ്ങുകയായിരുന്നു എന്ന് ജീവനക്കാർ കെ പി സി സി നേതൃത്വത്വത്തെ അറിയിച്ചു. വീക്ഷണം ഇത്രയൊക്കെ കടുത്ത പ്രതിസന്ധിയിൽ ആയെങ്കിലും ഓഫീസിലേക്ക് വരാൻ പോലും എം ഡി കൂട്ടക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഏപ്രിൽ ഒന്ന് മുതൽ അച്ചടി കൂടി മുടങ്ങും എന്നായതോടെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്.

അടുത്തിടെ സ്ഥാനമൊഴിയാൻ പി. ടി തോമസ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം ചുമതലയേറ്റശേഷം വീക്ഷണത്തിന് ഉണ്ടായ രണ്ടരക്കോടിയോളം രൂപയുടെ ബാധ്യത തീർത്ത ശേഷം ഒഴിയാനാണ് കെ പി സി സി നിർദ്ദേശിച്ചത്. ഇതോടെ വെട്ടിലായത് ജീവനക്കാരാണ്. പലർക്കും പതിനായിരം രൂപയിൽ താഴെയാണ് ശമ്പളം എന്നതിനാൽ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്. പി ടി തോമസ് തന്നിഷ്ടം കാണിച്ചതിലൂടെയാണ് വീക്ഷണം ഇത്ര പരിതാപകരമായ അവസ്ഥയിൽ എത്തിയതെന്ന് കോൺഗ്രസ് നേതാക്കളും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP