Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെപിസിസി തലപ്പത്ത് മുല്ലപ്പള്ളിയും പത്രത്തിന്റെ ചുമതലയിൽ പിടി തോമസും എത്തിയതിന് പിന്നാലെ വീക്ഷണത്തിൽ വെട്ടിനിരത്തിൽ; ബെന്നി ബെഹ്നാനുമായി ബന്ധമുള്ളവരെല്ലാം വരിവരിയായി പുറത്തേക്ക്; മുൻപരിചയമില്ലാത്തവർ പരസ്യ-സർക്കുലേഷൻ വിഭാഗത്തിൽ എത്തിയതോടെ വരുമാനവും ഇടിഞ്ഞു; നാലുമാസം ശമ്പളം കുടിശ്ശികയായ രോഷത്തിൽ ജീവനക്കാർ; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് മുഖപത്രം പൂട്ടിപ്പോകുമോ?

കെപിസിസി തലപ്പത്ത് മുല്ലപ്പള്ളിയും പത്രത്തിന്റെ ചുമതലയിൽ പിടി തോമസും എത്തിയതിന് പിന്നാലെ വീക്ഷണത്തിൽ വെട്ടിനിരത്തിൽ; ബെന്നി ബെഹ്നാനുമായി ബന്ധമുള്ളവരെല്ലാം വരിവരിയായി പുറത്തേക്ക്; മുൻപരിചയമില്ലാത്തവർ പരസ്യ-സർക്കുലേഷൻ വിഭാഗത്തിൽ എത്തിയതോടെ വരുമാനവും ഇടിഞ്ഞു; നാലുമാസം ശമ്പളം കുടിശ്ശികയായ രോഷത്തിൽ ജീവനക്കാർ; തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് മുഖപത്രം പൂട്ടിപ്പോകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുടെ നാവായി നിന്ന് പ്രചരണപിന്തുണയുമായി മുൻനിരയിൽ നിൽക്കേണ്ടതാണ് പാർട്ടി മുഖപത്രം. ഈദൗത്യം സിപിഎമ്മിന് വേണ്ടി ദേശാഭിമാനിയും ബിജെപിക്ക് വേണ്ടി ജന്മഭൂമിയുമെല്ലാം നല്ല രീതിയിൽ ചെയ്യുമ്പോൾ കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം പൂട്ടിപ്പോകുന്ന സ്ഥിതിയിലേക്ക് എത്തുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സ്ഥാപനമെന്നാണ് ലഭിക്കുന്ന വിവരം.

നാലുമാസത്തിലേറെ ശമ്പളക്കുടിശ്ശിക ആയതോടെ ജീവനക്കാർ പലരും ലീവെടുത്ത് മാറി നിൽക്കുന്നു. എല്ലാം ശരിയാക്കാമെന്ന ഉറപ്പാണ് കോൺഗ്രസ് നേതൃത്വം നൽകുന്നതെങ്കിലും കാര്യങ്ങൾ ആശാവഹമല്ല. ഇതോടെ തിരഞ്ഞെടുപ്പുകാലത്തു തന്നെ പത്രം പൂട്ടേണ്ട സ്ഥിതിയാണെന്ന് പാർട്ടിക്ക് അകത്തുതന്നെ സംസാരം ഉയർന്നുകഴിഞ്ഞു.

സിപി ശ്രീധരൻ പത്രാധിപരായി എ.കെ.ആന്റണി മുൻകൈ എടുത്ത് പ്രസിദ്ധീകരണം ആരംഭിച്ച വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ. കൂടാതെ ജീവനക്കാർ തമ്മിലുള്ള ഭിന്നതയും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇപ്പോഴത്തെ യു ഡി എഫ് കൺവീനർ ബെന്നി ബെഹ്നാനു ശേഷം മുൻ എംപി. എ.സി.ജോസ് പത്രാധിപത്യം ഏറ്റെടുത്തതോടെയാണ് വീക്ഷണം ഇടക്കാലത്ത് നല്ല തിരിച്ചു വരവ് നടത്തിയത്.

എന്നാൽ, എ.സി.ജോസിന്റെ മരണ ശേഷം പി.ടി.തോമസാണ് വീക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തത്. പി.ടി. വന്നതോടെ വീക്ഷണം പച്ചപിടിക്കുമെന്നായിരുന്നു ഗ്രൂപ്പു വ്യത്യാസമില്ലാതെ കോൺഗ്രസ്സ് നേതാക്കൾ കണക്കു കൂട്ടിയത്. പക്ഷേ, ചുമതലയേറ്റ ശേഷം പി.ടി. സ്ഥാപനത്തിൽ വെട്ടിനിരത്തിൽ തുടങ്ങിയെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന റ്റി.വി പുരം രാജുവിനെ കെപിസിസിയോടുപോലും ആലോചിക്കാതെ പുറത്താക്കിയെന്നും പരാതി ഉയർന്നു. പിന്നീട് ഇഷ്ടക്കാരെ തിരുകി കയറ്റുകയായിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. പി.ടി.തോമസ് എം.ഡി.യായതോടെ എംഎ‍ൽഎ സീറ്റ് നഷ്ടമായ ബെന്നി ബെഹ്നാന് ഇതോടെ വിരോധം ഒന്നുകൂടി വർദ്ധിച്ചു. പിന്നീട് ബെന്നി ബെഹ്നാനും സ്വന്തം ആളുകളെ ഉപയോഗിച്ച് വീക്ഷണത്തിനെതിരെ പ്രവർത്തനം നടത്തി വരികയാണെന്നും ആരോപണമുണ്ട്.

മാർക്കറ്റിങ്, സർക്കുലേഷൻ, എഡിറ്റോറിയൽ വിഭാഗങ്ങളിൽ മുൻപരിചയമില്ലാത്തവരെ ഗ്രൂപ്പു താൽപ്പര്യം മാനിച്ച് നിയമിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയപ്പെടുന്നു. മലയാള മനോരമയിൽ നിന്ന് വിരമിച്ച പി.അജയകുമാർ, ബാബു കദളിക്കാട് തുടങ്ങിയവരെ നിയമിച്ചാണ് പി.ടി.തോമസ് വീക്ഷണം മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. എന്നാൽ പിന്നീട് പരസ്യവരുമാനം ഗണ്യമായി കുറയുകയായിരുന്നു.

ഇതിനിടെ ഡിസംബർ 31-ന് 13 വർഷമായി സർക്കുലേഷൻ ചുമതല നിർവഹിച്ചിരുന്ന റ്റി.പി ജോർജിനെ പുറത്താക്കി. ഇദ്ദേഹം ബെന്നി ബെഹ്നാനുമായി അടുപ്പമുള്ള ആളായിരുന്നു. കൂടാതെ ഇടുക്കി രൂപതയിലെ ഒരു വൈദികന്റെ സഹോദരനുമാണ്. ഇടുക്കി രൂപതയോടുള്ള പഴയ വിരോധവും പുറത്താക്കലിന് കാരണമായതായി പറയപ്പെടുന്നു. ഇതിനിടെ നാലു മാസത്തോളമായി ശമ്പളം മുടങ്ങി. തിരുവനന്തപുരത്ത് മുഖ്യചുമതലയുള്ള സീനിയർ റിപ്പോർട്ടർ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അവധിയെടുത്തു. ഒരാഴ്ച മുമ്പ് എച്ച്.ആർ. മാനേജരെ എഡിറ്റോറിയൽ കോർഡിനേറ്ററായി അധിക ചുമതല നൽകി. ഇതിൽ ക്ഷുഭിതനായി എക്സിക്യൂട്ടീവ് എഡിറ്റർ പി.അജയകുമാർ രാജി വച്ചതാണ് ഒടുവിലത്തെ സംഭവം.

മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന കേരളയാത്രയെ തുടർന്ന് ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയാണ് ജീവനക്കാർക്ക് എം.ഡി. നൽകുന്നത്. എന്നാൽ ഇതിനെ ഒരു വിഭാഗം നേതാക്കൾ എതിർക്കുന്നുണ്ട്. കൂടാതെ ഹെഡ്ഡോഫീസായ കൊച്ചിയിൽ നിന്നും ഒന്നാം പേജിന്റെ ചുമതല കോഴിക്കോട്ടേയ്ക്ക് ചുമതല നൽകിയതും ഒരു വിഭാഗം ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോപ്പികളും കുത്തനെ ഇടിഞ്ഞതോടെ കെ പി സി സി വിശദീകരണം ചോദിക്കാൻ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP