Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരിക്കു പിന്നാലെ കാനത്തിനും പുത്ര ദുഃഖം? കാനം രാജേന്ദ്രന്റെ മൗനത്തിനു പിന്നിൽ മകനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് 'വീക്ഷണം'; സംസ്ഥാന സെക്രട്ടറിയുടെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി സിപിഐയിൽ വിവാദമാവുന്നു; മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന അണിയറ കഥയും പാർട്ടിയിൽ പ്രചരിക്കുന്നു; സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഐയിൽ പടയൊരുക്കം

കോടിയേരിക്കു പിന്നാലെ കാനത്തിനും പുത്ര ദുഃഖം? കാനം രാജേന്ദ്രന്റെ മൗനത്തിനു പിന്നിൽ മകനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് 'വീക്ഷണം'; സംസ്ഥാന സെക്രട്ടറിയുടെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി സിപിഐയിൽ വിവാദമാവുന്നു; മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന അണിയറ കഥയും പാർട്ടിയിൽ പ്രചരിക്കുന്നു; സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഐയിൽ പടയൊരുക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇത് എന്തുപറ്റി? കഴിഞ്ഞ ഒരു വർഷം മുമ്പുവരെ ഇടതുപക്ഷത്തിനുവേണ്ടി ഗർജ്ജിക്കുന്ന സിംഹമായ കാനം രാജേന്ദ്രൻ ഇപ്പോൾ മാധ്യമങ്ങളോടുപോലും അധികം സംസാരിക്കാറില്ല. നേരത്തെ പിണറായി സർക്കാറിനെയും സിപിഎമ്മിനെയും സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കാറുള്ള കാനം ഇപ്പോൾ നിശബ്ദനാണ്. സ്വന്തം പാർട്ടി എംഎൽഎയെ പൊലീസ് മർദിച്ചിട്ടുപോലും ശക്തമായി പ്രതികരിക്കാൻ കാനത്തിന് ആയില്ല. ഈ സാഹചര്യം എന്താണെന്നത് ഇപ്പോൾ സിപിഐയിൽ വൻ വിവാദമാവുകയാണ്. സിവിൽ സപ്ലൈസ് വകുപ്പ് ഭരിക്കുന്ന കാനത്തിന്റെ മകന്റെ ചില അഴിമതിയുടെ റിപ്പോർട്ടുകൾ പിണറായിയുടെ കൈയിലുണ്ടെന്നും മകനെ രക്ഷിക്കാനാണ് കാനം ഈ മൗനം തുടരുന്നതെന്നുമാണ് പൊതുവെയുള്ള ആരോപണം. കോൺഗ്രസ് മുഖ പത്രമായ വീക്ഷണത്തതിൽ ഇന്ന് ഇക്കാര്യമാണ് പ്രധാന വാർത്തയായി കൊടുത്തിരിക്കുന്നത്. ഇത് പാർട്ടിയിലെ കാനത്തിന്റെ എതിർവിഭാഗം ചോർത്തിക്കൊടുത്ത വാർത്തയാണെന്നാണ് ആരോപണം. കെ ഇ ഇസ്മായിൽ വിഭാഗം പൂർണ്ണമായും കാനത്തിന് എതിരെ തിരിഞ്ഞിരിക്കയാണ്.

എൽദോ എബ്രഹാം എംഎൽഎയ്ക്കും പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിക്കുമടക്കം പൊലീസിന്റെ ക്രൂരമർദ്ദനമേറ്റിട്ടും ശക്തമായി കാനം പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. പൊലീസ് ലാത്തിച്ചാർജ്ജിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംഭവത്തിൽ കളക്ടറുടെ അന്വേഷണം കഴിഞ്ഞാലേ എന്തെങ്കിലും പറയാനുള്ളൂവെന്നും കാനം പ്രതികരിച്ചതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിക്കെതിരെയുള്ള അതൃപ്തി സിപിഐ നേതാക്കളിൽ പലരും പങ്കുവെച്ചത്. ഇനിയും ഈ നില തുടർന്നാൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന സൂചനയും നേതാക്കൾ നൽകി.

ഭരണത്തിന്റെ ആദ്യനാളുകളിൽ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധമുയർത്തിയിരുന്ന കാനം രാജേന്ദ്രൻ, പെട്ടെന്നൊരു ദിവസം പിണറായി വിജയന് മുന്നിൽ മുട്ടുമടക്കിയ കഥകളാണ് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഭരണത്തിന് ചുക്കാൻ പിടിച്ചിരുന്നത് കാനം രാജേന്ദ്രന്റെ മകനായിരുന്നുവെന്നതാണ് അതിലൊന്നെന്ന് വീക്ഷണം പത്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലേക്കുള്ള അരി, പയർ, മറ്റ് പലചരക്ക് സാധനങ്ങൾ എന്നിവ വാങ്ങുന്നതിലും വിൽക്കുന്നതിലും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് കാനത്തിന്റെ മകനാണത്രെ.

ഇടതുസർക്കാർ അധികാരമേറ്റതിന് പിന്നാലെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ ശേഷമായിരുന്നു ഇടപാടുകൾ. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായ സാഹചര്യത്തിൽ വിപണി ഇടപെടൽ നടത്താനായി ആന്ധ്രയിൽ നിന്ന് അരി വാങ്ങാനുള്ള സർക്കാരിന്റെ ശ്രമം പൊളിച്ചതും ഇത്തരം ഇടപാടുകളായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇടനിലക്കാർ വഴി കമ്മീഷൻ ഇനത്തിൽ തട്ടിയെടുത്തതത്രെ. സംസ്ഥാനത്തെ നിരവധി ഭൂമി ഇടപാടുകളിലും കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നു. സർക്കാർ ഭൂമി മാഫിയകൾക്ക് മറിച്ചു കൊടുക്കുന്നതിനായി ഇടപെടൽ നടത്തിയതോടെ റവന്യൂ വകുപ്പ് ഇടപെട്ടു. അടുത്തിടെ വിവാദമായ സർക്കാർ ഭൂമി മറിച്ചുവിൽക്കൽ ഇടപാടിന്റെ പിന്നിലും പ്രധാനിയായി പ്രവർത്തിച്ചതും ഇദ്ദേഹമായിരുന്നെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചെന്നാണ് വീക്ഷണം വാർത്തയിൽ പറയുന്നത്.

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം സംബന്ധിച്ച വിവാദം ഉയർന്നപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു കാനവും സിപിഐയും പ്രകടിപ്പിച്ചിരുന്നത്. അന്ന് നാലു മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ച സാഹചര്യം വരെയുണ്ടായി. ഇതിന് പിന്നാലെ, കാനത്തിന്റെ മകന്റെ ഇടപാടുകൾ സംബന്ധിച്ച മുഴുവൻ തെളിവുകളും പിണറായി വിജയന്റെ ടീം സംഘടിപ്പിച്ചുവെന്നാണ് സിപിഐ നേതാക്കൾ ഇപ്പോൾ അടക്കം പറയുന്നത്. പിന്നീട് ഒരു വിഷയത്തിലും പിണറായിക്കെതിരെയോ സിപിഎമ്മിനെതിരെയോ കാനം പ്രതികരിച്ചിട്ടില്ല. ഒരു വർഷം മുമ്പുവരെ എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റെത്.

പിണറായി സർക്കാർ അധികാരത്തിൽ ഏറിയ ആദ്യത്തെ രണ്ടുവർഷങ്ങളിൽ പ്രതിപക്ഷത്തേക്കാൾ പലപ്പോഴും സർക്കാറിന് തലവേദനയായത് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടുകൾ ആയിരുന്നു. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയിലടക്കം കാനം ശക്തമായി പ്രതികരിച്ചത് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല. അതുപോലെ സിപിഐ മന്ത്രിമാരെ ഒരു ഘട്ടത്തിൽ മന്ത്രസഭയിൽ നിന്ന് പിൻവലിച്ചുകൊണ്ടുതന്നെ അദ്ദേഹം പ്രതിഷേധം ഉയർത്തി. ഒരു വേള കേരളത്തിലെ യഥാർഥ പ്രതിപക്ഷം സിപിഐ ആണെന്നുവരെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.

എന്നാൽ കഴിഞ്ഞ ഒരു വർഷമായി സർക്കാറിനെ വെട്ടിലാക്കുന്നതരത്തിലുള്ള യാതൊരു പ്രതികരണങ്ങളും കാനം നടത്താറില്ല. ആന്തൂർ സംഭവം, കസ്റ്റഡിമരണം, വയനാട്ടിലെ മാവോയിസ്റ്റ് കൊല, തെരെഞ്ഞടുപ്പ് പരാജയം, ബിനോയ് കോടിയേരി വിഷയം എന്നിവയിലൊന്നും കാനം ശക്തമായി പ്രതികരിച്ചിട്ടില്ല. എല്ലായിപ്പോഴും മുഖം നോക്കാതെ പാർട്ടിയുടെ നിലപാട് പറയുന്ന കാനം ഇപ്പോൾ വാർത്താ സമ്മേളനങ്ങളിൽ പോലും സൂക്ഷിച്ചാണ് പ്രതികരിക്കാറ്. ദയനീയമായ ശരീരഭാഷയാണ് വാർത്താ സമ്മേളനിലൊക്കെ അദ്ദേഹത്തിനുള്ളത്. ഏറ്റവും ഒടുവിലായി സ്വന്തം പാർട്ടിയുടെ ഒരു എംഎൽഎയെ പൊലീസ് തല്ലി കൈയൊടിച്ചിട്ടും കാനത്തിന് പൊലീസിനെതിരെ ശക്തമായി പ്രതികരിക്കാനായിട്ടില്ല എന്നു മാത്രമല്ല, പൊലീസിനെ ന്യായീകരിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനെതിരെ പാർട്ടിയിൽ രോഷം അണപൊട്ടുകയാണ്

സിപിഐയുടെ വിവിധ ജില്ലാ കമ്മിറ്റികൾ ഒന്നൊന്നായി കാനം വിരുദ്ധ ചേരിയിലേക്ക് മാറുകയാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഇതിലേറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റിയാണ്. കെ. രാജുവിന് കീഴിലാണ് അവിടെ സിപിഐ. കാനത്തിന് വലിയ വിലയൊന്നുമില്ല. അതുകൊണ്ടു തന്നെയാണ് സിപിഐ പ്രവർത്തകർക്കും നേതാക്കൾക്കും എംഎൽഎയ്ക്കും നേരെ പൊലീസ് നരനായാട്ട് നടത്തിയിട്ടും കാനം പ്രതികരിക്കാതിരുന്നത്.

മാത്രമല്ല, ഒരു പൊലീസുകാരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഐ നടത്തുന്ന സമരത്തിന് നേരെ ലാത്തിച്ചാർജ്ജ് ഉണ്ടാകുമെന്ന് കാനത്തിന് നേരത്തെ തന്നെ വിവരവും ലഭിച്ചിരുന്നു. എന്നാൽ, അക്കാര്യം സമര നേതാക്കളെ അറിയിക്കാൻ കാനം തയാറായില്ലെന്ന പരാതിയും അവർക്കുണ്ട്. ഏതായാലും കാനത്തിന്റെ മകൻ സിവിൽ സപ്ലൈസ് ഭരണം നടത്തുന്നുവെന്ന പരാതി പാർട്ടിയിൽ വലിയ ഒച്ചപ്പാടാക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം. മകൻ നടത്തുന്ന ഇടപാടുകളുടെ രേഖകൾ ഭക്ഷ്യമന്ത്രി പി തിലോത്തമൻ, കാനത്തിന്റെ മുറിയിൽ ചെന്ന് മുഖത്തേക്ക് വലിച്ചെറിഞ്ഞുവെന്ന കഥയും പാർട്ടിയിൽ പ്രചരിക്കുന്നുണ്ട്. കോടിയേരിക്ക് മാത്രമല്ല, കാനത്തിനുമുണ്ട് പുത്രദുഃഖമെന്നാണ് ഇപ്പോൾ നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP