Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാനത്ത് കാറ് കണ്ടാൽ വെച്ചൂച്ചിറക്കാർക്ക് ഉറക്കമില്ല; മനസിൽ തെളിയുക പുത്തുമലയും കവളപ്പാറയും; കുമ്പിത്തോട്-അരയാൻ പാറയെ മുമ്പ് പിടിച്ചുകുലുക്കിയത് രണ്ട് ഉരുൾപൊട്ടലുകൾ; ഒന്നര ഹെക്ടറിൽ വീണ്ടും പുതിയ ക്വാറി വരുന്നു; ജിയോളജി വകുപ്പിന് മുമ്പിൽ അനുമതി എത്തിയതോടെ ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുതേയെന്ന് കരഞ്ഞ് വിളിച്ച് നാട്ടുകാർ; അനുമതി കിട്ടും മുമ്പേ സ്ഥലം വാങ്ങിക്കൂട്ടുന്ന ക്വാറി മുതലാളിമാരെ നാടുകടത്താൻ വെച്ചൂച്ചിറക്കാർ

മാനത്ത് കാറ് കണ്ടാൽ വെച്ചൂച്ചിറക്കാർക്ക് ഉറക്കമില്ല; മനസിൽ തെളിയുക പുത്തുമലയും കവളപ്പാറയും; കുമ്പിത്തോട്-അരയാൻ പാറയെ മുമ്പ് പിടിച്ചുകുലുക്കിയത് രണ്ട് ഉരുൾപൊട്ടലുകൾ; ഒന്നര ഹെക്ടറിൽ വീണ്ടും പുതിയ ക്വാറി വരുന്നു; ജിയോളജി വകുപ്പിന് മുമ്പിൽ അനുമതി എത്തിയതോടെ ഞങ്ങളെ കൊലയ്ക്ക് കൊടുക്കരുതേയെന്ന് കരഞ്ഞ് വിളിച്ച് നാട്ടുകാർ; അനുമതി കിട്ടും മുമ്പേ സ്ഥലം വാങ്ങിക്കൂട്ടുന്ന ക്വാറി മുതലാളിമാരെ നാടുകടത്താൻ വെച്ചൂച്ചിറക്കാർ

എം മനോജ് കുമാർ

റാന്നി: മഴയിരമ്പം കേൾക്കുമ്പോൾ വീട്ടിൽ നിന്നും ഓടി മാറേണ്ട അവസ്ഥ തങ്ങൾക്കും വരുമോ എന്ന് പേടിച്ചിരിക്കുകയാണ് പത്തനംതിട്ട റാന്നിയിലെ വെച്ചൂച്ചിറ ഗ്രാമവാസികൾ. തങ്ങളുടെ തലയ്ക്ക് മുകളിലുള്ള കുമ്പിത്തോട്-അരയാൻ പാറയിൽ ക്വാറിക്ക് അനുമതി തേടി തദ്ദേശവാസിയായ അരുൺ തെക്കെപ്പറമ്പിൽ മൈനിങ് ജിയോളജി വകുപ്പിന് അപേക്ഷ സമർപ്പിച്ചതോടെയാണ് വെച്ചുച്ചിറ ഗ്രാമവാസികൾ ആശങ്കയിലായിരിക്കുന്നത്. പ്രകൃതി മനോഹരഗ്രാമമാണ് പത്തനംതിട്ടയിലെ വെച്ചുച്ചിറ. ഇവിടുത്തെ ആകർഷമായ മലനിരയാണ് കുമ്പിത്തോട്-അരയാൻ പാറ മലനിരകൾ. ഈ മലനിരയെ അപ്പാടെ നശിപ്പിക്കും വിധമാണ് ഇപ്പോൾ ക്വാറി ഭീഷണി വരുന്നത്.

തലയ്ക്ക് മുകളിൽ പതിയിരിക്കുന്ന ദുരന്തമായാണ് കുമ്പിത്തോട്-അരയാൻ പാറയിൽ വരാൻ പോകുന്ന ക്വാറിയെ ജനങ്ങൾ വീക്ഷിക്കുന്നത്. അരയൻ പാറയിലെ ഒന്നര ഹെക്ടർ സ്ഥലത്ത് ക്വാറി നടത്താൻ അനുമതി തേടിയാണ് അരുൺ ജിയോളജി വകുപ്പിന് അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ എതിർപ്പുമായി ജനങ്ങളും അവരെ പിന്തുണച്ച് പഞ്ചായത്തും രംഗത്ത് വരുകയായിരുന്നു. ഇപ്പോൾ തന്നെ ഈ പഞ്ചായത്തിൽ രണ്ടു പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് കാരണമുള്ള ഭീഷണികൾ നാട്ടുകാർക്ക് മുൻപാകെ നിൽക്കെയാണ് കുമ്പിത്തോട്-അരയാൻ പാറയെ നാമാവശേഷമാക്കും വിധം മൂന്നാമതായുള്ള ക്വാറിയുടെ കൂടെ വരവ്.

കുമ്പിത്തോട്-അരയാൻ പാറയിൽ ക്വാറി വേണ്ടെന്നു വെച്ചുച്ചിറ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഭീതി ഒഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഒട്ടനവധി പേരെ ജീവനോടെ കുഴിച്ചു മൂടി മുന്നിൽ നിൽക്കുന്ന പുത്തുമലയും കവളപ്പാറയും മുന്നിൽ നിൽക്കെ, ഇത്തരം ഉരുൾപൊട്ടൽ ദുരന്തത്തിനു വെച്ചുച്ചിറയും സാക്ഷിയാകുമോ എന്ന ഭയമാണ് ജനങ്ങളെ അടക്കിഭരിക്കുന്നത്. പാറഖനനമാണ് കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ക്വാറികൾക്ക് അനുമതി നൽകുന്ന സമീപനമാണ് സർക്കാർ ഭാഗത്തും നിന്നും വരുന്നത്. ഇടുക്കി, വയനാട്, പത്തനംതിട്ട, മലപ്പുറം, പാലക്കാട്ടും തുടങ്ങി കേരളത്തിലെ മലനിരകൾ മുഴുവൻ ക്വാറികൾ കൊണ്ടും അനധികൃത നിർമ്മിതികൾക്കൊണ്ടും ദുർബലമാക്കപ്പെട്ട അവസ്ഥയിലാണ്. ഈ അവസ്ഥ മുന്നിൽ നിൽക്കെ തന്നെയാണ് ജനകീയ സംരക്ഷണസമിതി രൂപീകരിച്ച് ജനങ്ങൾ കുമ്പിത്തോട്-അരയാൻ പാറയെ ക്വാറി ഭീഷണിയിൽ നിന്ന് മുക്തമാക്കാനുള്ള പ്രക്ഷോഭ പാതയിലാണ്. കുമ്പിത്തോട് ജനകീയ സംരക്ഷണ സമിതി രൂപീകരിച്ച് ഈ കൂട്ടായ്മയ്ക്ക് ഒപ്പമാണ് ക്വാറിക്കെതിരെ ജനങ്ങൾ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.

രാഷ്ട്രീയം നോക്കാതെ ക്വാറിക്കെതിരെ ഒന്നിച്ച് നാട്ടുകാർ

കുമ്പിത്തോട്-അരയാൻ പാറയിൽ ക്വാറിക്ക് നിലവിൽ അനുമതി ലഭിച്ചില്ലെങ്കിലും ക്വാറിക്ക് ഒരുക്കം തുടങ്ങിയവർ ഈ മലയിലെ സ്ഥലങ്ങൾ ഉടമസ്ഥരിൽ നിന്നും വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. ഈ മലയിൽ സ്ഥലം ഉണ്ടായിരുന്ന പലരും ക്വാറി നടത്താൻ തീരുമാനിച്ചവർക്ക് സ്ഥലം വിറ്റ് പോയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കുമ്പിത്തോട്-അരയാൻ പാറ മുഴുവൻ വിലയ്ക്ക് എടുത്ത് ഖനനം നടത്താൻ അണിയറയിൽ പദ്ധതികൾ രൂപപ്പെടുന്നു എന്ന് വ്യക്തമായതോടെയാണ് ജനങ്ങൾക്ക് ആശങ്കകൾ അധികരിക്കുന്നത്. വെച്ചുച്ചിറയിലെ ഈപ്പൻ ടി തോമസ്, എലിയാമ്മ, അരുൺ തോമസ് എന്നിവരുടെ കൈവശമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് ക്വാറിക്ക് ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്. സ്ഥലം വേറെ ആളുകളുടെ കൈവശമാണെങ്കിലും അരുൺ തെക്കേപ്പറമ്പിൽ ആണ് അപേക്ഷ തേടിയിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.

ക്വാറി വന്നാൽ വെച്ചുച്ചിറ ഗ്രാമം അപ്പാടെ നശിക്കും എന്ന ഭീതി നാട്ടുകാർക്കുണ്ട്. പശ്ചിമഘട്ട മലനിരകളെ തകർത്ത് എറിഞ്ഞു പ്രവർത്തനം തുടങ്ങിയിരിക്കുന്ന എത്രയോ ക്വാറികൾ ഓരോ ഗ്രാമങ്ങളെയും തകർത്തെറിഞ്ഞ കാഴ്ച വെച്ചൂച്ചിറയ്ക്കാർക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെയാണ് ക്വാറി വന്നാൽ വെച്ചൂച്ചിറ നശിക്കും എന്ന ഭീതി ഗ്രാമത്തെ വിഴുങ്ങുന്നത്. ഉരുൾപൊട്ടലും മലയിടിച്ചിലുമുണ്ടായ പ്രദേശങ്ങളിൽ കഴിയുന്നവർ ആശങ്കയിലാണ്. ഇതേ ആശങ്ക തന്നെയാണ് വെച്ചുച്ചിറക്കാരും മുന്നിൽ കാണുന്നത്. ക്വാറി പ്രവർത്തനം തുടങ്ങിയാൽ തങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന മണ്ണ് ഇപ്പോൾ വേണമെങ്കിലും തങ്ങളെ ചതിക്കാം. മലമുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഉരുളുകൾ തങ്ങളെ തേടി വരും.. കല്ലുകൾ തെറിച്ച് വീടുകൾ ഉപയോഗ ശൂന്യമാകും. ടൺ കണക്കിന് ഭാരം വഹിക്കുന്ന ടിപ്പർ ലോറികൾ റോഡുകൾ ഉഴുത് മറിച്ച് കടന്നുപോകും. ഇതൊക്കെ അറിയാവുന്നതുകൊണ്ട് തന്നെയാണ് ക്വാറി വിരുദ്ധ പ്രവർത്തനങ്ങളിൽരാഷ്ട്രീയ പക്ഷഭേദം നോക്കാതെ മുഴുവൻ ജനങ്ങളും മുഴുകുന്നതും.

കുമ്പിത്തോട്-അരയാൻ പാറയിൽ മുൻപ് രണ്ടു തവണ ഉരുൾപൊട്ടൽ വന്നിട്ടുണ്ട്. അതീവ പരിസ്ഥിതി ദുർബല പ്രദേശത്താണ് ഈ മലനിര സ്ഥിതി ചെയ്യുന്നതും. ഈ മലയിൽ ക്വാറി വന്നാൽ വീണ്ടും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഈ മേഖല നേരിടേണ്ടി വരും. മലയുടെ താഴ്‌വാരത്ത് നൂറോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനിയുണ്ട്. പഞ്ചായത്ത് വക അംഗൻവാടിയും. ദേവാലയമായ പിആർഡിഎസ് മന്ദിരവുമുണ്ട്. ഈ മന്ദിരത്തിനോട് തൊട്ടും ഒട്ടനവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിനോട് തൊട്ടു തന്നെ കുന്നം ദേവീക്ഷേത്രമുണ്ട്. കുന്നം എൽപി സ്‌കൂളും വിശ്വ ബ്രാഹ്മണ കോളേജും സ്ഥിതി ചെയ്യുന്നുണ്ട്. വാട്ടർ അഥോറിറ്റിയുടെ ഒരു കുടിവെള്ള ടാങ്ക് ഈ മലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. തൊട്ടടുത്ത് തന്നെ അഥോറിറ്റിയുടെ തന്നെ ബൂസ്റ്റിങ് സ്റ്റേഷനുമുണ്ട്. ഇതിന്റെ മധ്യഭാഗത്ത് കൂടി കുംഭിത്തോട്-അരയാൻ പാറ റോഡും ഒപ്പം ചേത്തയ്ക്കൽ-നൂറോക്കോട് പിഡബ്ല്യുഡി റോഡും കടന്നുപോകുന്നുണ്ട്. ഇതിനെല്ലാം ഭീഷണിയാണ് ക്വാറിയുടെ വരവ്.

ക്വാറി വന്നാൽ ഉറക്കം വരില്ല; പുത്തുമലയും കവളപ്പാറയും മനസിൽ

ക്വാറിയുടെ വരവ് നിലവിലെ വെച്ചുച്ചിറയിലെ ജനജീവിതത്തെ തന്നെ താറുമാറാക്കും എന്ന് മനസിലാക്കിയാണ് ക്വാറിക്കെതിരെ ജനങ്ങൾ അണിനിരക്കുന്നത്. ക്വാറിയുടെ പ്രവർത്തനം ഞങ്ങൾ അനുവദിക്കില്ല. ഈ ക്വാറി വെച്ചുച്ചിറയെ നശിപ്പിക്കും എന്ന് ഞങ്ങൾക്ക് അറിയാം. ഒരു കാരണവശാലും ക്വാറിക്ക് അനുമതി നൽകാൻ അനുവദിക്കില്ല. അതുകൊണ്ട് തന്നെയാണ് ക്വാറിക്ക് അനുമതി തേടിയപ്പോൾ മുതൽ ഞങ്ങൾ എതിർപ്പുമായി രംഗത്ത് വന്നത്- കുമ്പിത്തോട് ജനകീയ സംരക്ഷണ സമിതിയുടെ കൺവീനർ ജോമോൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. രണ്ടു തവണ ഉരുൾപൊട്ടൽ നടന്ന മല കൂടിയാണ് ഇത്. ക്വാറി വന്നാൽ ഉരുൾപൊട്ടി മലയും താഴ്‌വാരവും നശിക്കും-ജോമോൻ പറയുന്നു.

ക്വാറിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി ആയിരത്തോളം പേരെ അണിനിരത്തി ജനങ്ങൾ റാലി നടത്തിയിരുന്നു. കൊച്ചു കുട്ടികളും വൃദ്ധജനങ്ങളും അടക്കമുള്ള ആബാലവൃദ്ധവും ഈ റാലിയിൽ അണിനിരന്നിരുന്നു. വെച്ചൂച്ചിറ പഞ്ചായത്ത് ഭരിക്കുന്നത് നിലവിൽ യുഡിഎഫ് ആണ്. കേരളാ കോൺഗ്രസ് നേതാവായ റോസമ്മ സ്‌കറിയയാണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസ് നേതാവ് വൈസ് പ്രസിഡനറും. നിലവിൽ പഞ്ചായത്ത് ക്വാറിക്കെതിരെയുള്ള നിലപാടിലാണ്. അതുകൊണ്ട് തന്നെ ജനകീയ പ്രക്ഷോഭം കണ്ടയുടൻ തന്നെ പഞ്ചായത്ത് അടിയന്തിര കമ്മറ്റി വിളിച്ചു കൂട്ടിയിരുന്നു. ഇതിനെ തുടർന്ന് ക്വാറിക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. ക്വാറിക്ക് അനുമതി നൽകേണ്ടതില്ലാ എന്നാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. ഈ തീരുമാനം മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും അയച്ചു നൽകാനും പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു. പഞ്ചായത്ത് ഭരണ സമിതി തീരുമാനം വന്നെങ്കിലും ക്വാറിമാഫിയയുടെ ശക്തി അറിയാവുന്നതിനാൽ ജനങ്ങൾക്ക് ഈ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്.

കേരളത്തിൽ ഇനി ക്വാറിക്ക് അനുമതി നൽകണോ എന്ന ചോദ്യം ഇപ്പോൾ തന്നെ സർക്കാരിനും ഭരണകേന്ദ്രങ്ങൾക്കും മുന്നിലുണ്ട്. പശ്ചിമഘട്ട മലനിരകളെ നശിപ്പിച്ച ക്വാറികളുടെ നിരന്തര പ്രവർത്തനവും അതീവ പാരിസ്ഥിതിക ദുർബല പ്രദേശത്ത് നടത്തിയ അനധികൃത നിർമ്മിതികളുമാണ് കേരളത്തിലെ പ്രളയദുരന്തങ്ങൾക്ക് കാരണമായതെന്ന കാര്യത്തിൽ വിലയിരുത്തൽ വന്നു കഴിഞ്ഞിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കാലാവസ്ഥയും പരിസ്ഥിതിയും നിയന്ത്രിക്കുന്ന പശ്ചിമഘട്ടം ക്വാറികൾ കാരണവും അനധികൃത നിർമ്മിതികൾ കാരണവും വൻ വെല്ലുവിളികൾ നേരിടുകയാണ്.

പശ്ചിമ ഘട്ടം നേരിടുന്ന ഈ വെല്ലുവിളികൾ തന്നെയാണ് പ്രളയദുരന്തമായി കേരളത്തിനു മുന്നിലേക്ക് വന്നത്. മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിച്ചു കളയാൻ ഒരു മടിയും കൂടാതെ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നിലും തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചുള്ള നിർമ്മിതി തന്നെയാണ് എന്നത് വസ്തുതയാണ്. വെള്ളം കയറുമ്പോൾ ഈ കുടുംബങ്ങളെ മരണത്തിന് എറിഞ്ഞു കൊടുക്കാനാണോ സർക്കാർ പരിപാടി എന്നാണ് സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചത്. അനധികൃത നിർമ്മാണങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകാനും സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത്തരം കാര്യങ്ങൾ ഒരു വഴിക്ക് നടക്കുമ്പോഴാണ് മറുവശത്ത് അനധികൃത ക്വാറികൾക്ക് സർക്കാർ അനുമതി തേടിയുള്ള ശ്രമങ്ങൾ ശരവേഗത്തിൽ പുരോഗമിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP