Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുന്നിനും സ്‌കാനിങ്ങിനും അടക്കം ഭീമമായ ചെലവ് വന്നാലും എല്ലാം സർക്കാർ വഹിക്കും; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദ്യദിവസം ഒഴികെ വാവ സുരേഷിന് നൽകുന്നത് പൂർണമായും സൗജന്യ ചികിത്സ; വാവ ഇപ്പോഴും തുടരുന്നത് മെഡിക്കൽ ഐസിയുവിൽ; പേവാർഡിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക മെഡിക്കൽ ബോർഡ്; രക്തം കട്ടപിടിക്കുന്ന നിലയിലേക്ക് മാറാത്തത് ചികിത്സയിലെ വെല്ലുവിളി

മരുന്നിനും സ്‌കാനിങ്ങിനും അടക്കം ഭീമമായ ചെലവ് വന്നാലും എല്ലാം സർക്കാർ വഹിക്കും; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദ്യദിവസം ഒഴികെ വാവ സുരേഷിന് നൽകുന്നത് പൂർണമായും സൗജന്യ ചികിത്സ; വാവ ഇപ്പോഴും തുടരുന്നത് മെഡിക്കൽ ഐസിയുവിൽ; പേവാർഡിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക മെഡിക്കൽ ബോർഡ്; രക്തം കട്ടപിടിക്കുന്ന നിലയിലേക്ക് മാറാത്തത് ചികിത്സയിലെ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റതിനെ തുടർന്ന് സർക്കാർ വാവ സുരേഷിന് നൽകുന്നത് പൂർണമായും സൗജന്യ ചികിത്സ. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മാത്രമാണ് വാവയ്ക്ക് സ്വന്തം പോക്കറ്റിൽ നിന്ന് മെഡിക്കൽ കോളേജിലെ അനുബന്ധ ചെലവുകൾക്ക് പണം നൽകേണ്ടി വന്നത്. ഇതോടെ, ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നിർദ്ദേശപ്രകാരം ചികിത്സ പൂർണമായും സൗജന്യമാക്കി. ആന്റിവെനം, പുറത്തുനിന്ന് മരുന്ന് വാങ്ങൽ തുടർച്ചയായ സിടി സ്‌കാൻ തുടങ്ങി നിരന്തര പരിശോധനകളാണ് വേണ്ടി വരുന്നത്. ബിപിഎൽകാർക്ക് മാത്രമാണ് സാധാരണഗതിയിൽ പൂർണസൗജന്യ ചികിത്സ നൽകുന്നത്. അതല്ലെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ് വേണ്ടി വരും.

വാവാ സുരേഷിനെ പേവാർഡിലേക്ക് മാറ്റുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. വാവ സുരേഷിന്റെ ആരോഗ്യനില സംബന്ധിച്ച് ഇന്നലെ മറുനാടൻ നൽകിയ വാർത്ത വൻ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ആരോഗ്യനിലയിലെ ആശങ്കകൾ അധികരിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ ബോർഡ് കൂടുകയും ചെയ്തിരുന്നു. പക്ഷെ ഐസിയുവിൽ തന്നെ വാവയെ നിലനിർത്താനാണ് തീരുമാനം വന്നത്. ഐസിയുവിൽ തന്നെ വാവയെ നിലനിർത്തണോ അതോ പേവാർഡിലേക്ക് മാറ്റണോ എന്ന തീരുമാനം മെഡിക്കൽ ബോർഡാണ് കൈക്കൊള്ളുക. ഇന്നലെ മെഡിക്കൽ ബോർഡ് കൂടിയെങ്കിലും വാവ സുരേഷിന്റെ പൊതു സ്ഥിതിയാണ് വിലയിരുത്തിയതെന്ന് മെഡിക്കൽ കോളെജ് ആർഎംഒ ഡോക്ടർ മോഹൻ റോയി മറുനാടൻ മലയാളിയോട് പറഞ്ഞു.

വാവയുടെ കാര്യത്തിൽ നിലവിൽ പേടിക്കേണ്ട അവസ്ഥയില്ലെന്ന് ആർഎംഒ പറഞ്ഞു. അണലിയുടെ വിഷമാണ് വാവയ്ക്ക് ഏറ്റത്. സ്വാഭാവികമായും രക്തം കട്ടപിടിക്കാനുള്ള കാര്യത്തിൽ വിഷമതകൾ വരും. രണ്ടു തരത്തിൽ പാമ്പിൻ വിഷം മനുഷ്യ ശരീരത്തെ ബാധിക്കുന്നുണ്ട്. ഒന്ന് നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷം. രണ്ടാമത് രക്തചംക്രമണത്തെ ബാധിക്കുന്ന വിഷം. അണലിയുടെ വിഷം രക്തക്കുഴലുകളെയും രക്തം കട്ട പിടിക്കാനുള്ള കഴിവിനെയുമാണ് പ്രധാനമായും ബാധിക്കുന്നത്. ഇതാണ് വാവ സുരേഷ് നേരിടുന്ന പ്രശ്നം. അതുകൊണ്ട് തന്നെയാണ് സുരേഷിനെ മെഡിക്കൽ ഐസിയുവിൽ നിലനിർത്തുന്നത്-ആർഎംഒ പറയുന്നു.

രക്ത അണലിയുടെ കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മറുനാടൻ വാർത്തയ്ക്ക് ശേഷം കൂടിയ മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. മെഡിക്കൽ ബോർഡു ചേർന്ന് സുരേഷിന്റെ ആരോഗ്യ വിവരം വിലയിരുത്തുകയായിരുന്നു. ഡോക്ടർമാരോട് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാവ സുരേഷ് ഗുരുതരാവസ്ഥയിൽ ആയിരുന്നു. രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഡോക്ടർമാരെ ആശങ്കപ്പെടുത്തിയത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം ഈ നിലയിൽ നേരിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിശദമായ പരിശോധനകൾക്ക് ശേഷം വിലയിരുത്തിയത്.

വാവാ സുരേഷിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതാണ് ഡോക്ടർമാർക്കും ആശ്വാസം നൽകുന്ന കാര്യം. അതേസമയം ഐസിയുവിൽ തന്നെ തുടരാനാണ് മെഡിക്കൽ ബോർഡ് തീരുമാനം എടുത്തതെന്ന് മെഡിക്കൽ ബോർഡ് തലവൻ ഡോ. എം.എസ്. ഷർമ്മദ് മറുനാടൻ മലയാളിയോട് ഇന്നലെ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച പോസ്റ്റു വന്നിട്ടുണ്ട്. സുരേഷിന്റെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർ ഒഫീഷ്യൽ പേജിലാണ് ആരോഗ്യ സംബന്ധിച്ച വിവരം ഇട്ടത്. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റുമെന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടിരിക്കുന്നത്. എംഡിഐസിയുവിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാർഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ അപ്‌ഡേറ്റ് ചെയ്യുമെന്നും വാവയുടെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർ പോസ്റ്റിലൂടെ അറിയിക്കുന്നു.

വാവ സുരേഷിന്റെ കാര്യത്തിൽ അദ്ദേഹം സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക സ്രാവത്തെയാണ്. രക്ത അണലി കടിച്ചാൽ രക്തം കട്ടപിടിക്കാത്ത അവസ്ഥയുണ്ടായിരുന്നു. രക്തക്കുഴലുകളെയും രക്തം കട്ട പിടിക്കാനുള്ള കഴിവിനെയുമാണ് ഈ ഇനത്തിലുള്ള പാമ്പുകളുടെ വിഷം പ്രധാനമായും ബാധിക്കുന്നത്. പാമ്പു കടിയേറ്റ ശേഷം വാവ സുരേഷിന്റെ രക്തം കട്ടപിടിച്ചിരുന്നില്ല. രക്തം കട്ടപിടിക്കാത്ത അവസ്ഥ വരുമ്പോൾ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണെന്നതായിരുന്നു ഡോക്ടർമാരെ ആശങ്കപ്പെടുത്തിയ കാര്യം.

വാവയുടെ കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതർ പറഞ്ഞത് വാവയുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല എന്നതാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ ആശങ്കപ്പെടുത്തിയ കാര്യം. ആന്തരിക രക്തസ്രാവം തടയാനുള്ള എല്ലാ ഒരുക്കങ്ങളുമാണ് വാവയുടെ കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ നടത്തിയിരിക്കുന്നത്. ഇത് പതിയെ ആണെങ്കിലും ഫലിച്ചു തുടങ്ങി എന്നതാണ് ഡോക്ടർമാർക്ക് ആശ്വാസമാകുന്ന കാര്യം. അതേസമയം ആന്തരിക രക്തസ്രാവം വന്നാൽ വാവയുടെ ജീവൻ അപകടത്തിലാകുമെന്ന ഭയം നിലനിൽക്കുകയും ചെയ്യുന്നു.

രക്ത അണലി എന്ന വിഷപാമ്പാണ് വാവ സുരേഷിനെ കടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവനെ തൽകാലം രക്ഷിച്ചു നിർത്തിയത്. പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് അത്യാഹിതം ഉണ്ടായത്. പാമ്പിനെ ചാക്കിലാക്കിയതിനുശേഷം ചിലർ പാമ്പിനെ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ കൈപ്പത്തിയിൽ കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശാല കുടുംബാംഗങ്ങൾ സന്ദേശം അയച്ചിരുന്നു. മണ്ണാറശാല കുടുംബാംഗം എസ് നാഗദാസാണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള സന്ദേശം അയച്ചത് .

വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വാവ സുരേഷിനായി മണ്ണാറശാല അടക്കമുള്ള നാഗക്ഷേത്രങ്ങളിൽ ആരാധകർ നേർച്ചകളും സമർപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയിൽ കടിയേറ്റത്. കൈയിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാകുകയായിരുന്നു.

അതേസമയം, വാവ സുരേഷിന്റെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ് അറിയിച്ചു. വാവ സുരേഷ് സമൂഹത്തിന്റെ സ്വത്താണെന്നും വിദഗ്ധ ചികിത്സ നൽകുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരനോട് സംസാരിച്ചതായും രാജേഷ് ഫേയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതൽ ചികിത്സയ്ക്കായി എയിംസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ സാധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചതായും രാജേഷ് ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

എന്നാൽ, ആർഎംഒയോട് സംസാരിച്ചപ്പോൾ വാവയുടെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെത്തന്നെ തുടർന്നാൽ മതിയെന്നും പറഞ്ഞു. വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും രാജേഷ് ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP