Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തോലിക്കാ സഭ ഇനി 'ഇരകൾക്കൊപ്പം'; ഫ്രാങ്കോ മുളയ്ക്കന്മാരും റോബിൻ വടക്കാഞ്ചേരിമാരും ഇനി കുഞ്ഞാടുകൾക്ക് പേടി സ്വപ്‌നമാവില്ല; കത്തോലിക്കാ സഭയിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പുത്തൻ മാർഗ നിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ; അതാത് രൂപതകളിൽ പരാതി സെല്ലുകൾ വരും; പരാതികളിൽ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വത്തിക്കാനിലേക്ക് അയയ്ക്കണം; സഭാ ചരിത്രത്തിൽ നാഴികകല്ലായി മാറുന്ന ഉത്തരവിങ്ങനെ

കത്തോലിക്കാ സഭ ഇനി 'ഇരകൾക്കൊപ്പം'; ഫ്രാങ്കോ മുളയ്ക്കന്മാരും റോബിൻ വടക്കാഞ്ചേരിമാരും ഇനി കുഞ്ഞാടുകൾക്ക് പേടി സ്വപ്‌നമാവില്ല; കത്തോലിക്കാ സഭയിലെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പുത്തൻ മാർഗ നിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ; അതാത് രൂപതകളിൽ പരാതി സെല്ലുകൾ വരും; പരാതികളിൽ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വത്തിക്കാനിലേക്ക് അയയ്ക്കണം; സഭാ ചരിത്രത്തിൽ നാഴികകല്ലായി മാറുന്ന ഉത്തരവിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ : കത്തോലിക്കാ സഭ ഇനി 'ഇരകൾക്കൊപ്പം'. സഭയിൽ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും പുത്തൻ മാർഗനിർദ്ദേശങ്ങളുമായി ഫ്രാൻസിസ് മാർപ്പാപ്പ. ഇതിനായി എല്ലാ രൂപതകളിലും പരാതി സെല്ലുകൾ ഉണ്ടാക്കും. പരാതിപ്പെടുന്നവർക്കെതിരെ പ്രതികാരനടപടികൾ പാടില്ലെന്നും അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കി വത്തിക്കാനെ അറിയിക്കണമെന്നും നിർദ്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കി. വ്യാഴാഴ്‌ച്ചയാണ് ഇത് സംബന്ധിച്ച് നിർദ്ദേശമിറക്കിയത്. സഭയിൽ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം ശ്രദ്ധിയിൽപെട്ടാൽ ഇവ റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക സംവിധാനമുണ്ടാക്കുമെന്നാണ് മാർപാപ്പ അറിയിച്ചിരിക്കുന്നത്.

ഇത്തരം വിഷയങ്ങളിൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ ആർച്ച് ബിഷപ്പുമാരെ ചുമതലപ്പെടുത്തും. മൂന്ന് വർഷത്തെ പരീക്ഷണാടിസ്ഥാനത്തിൽ നിർദ്ദേശം നടപ്പാക്കാനാണ് തീരുമാനം. ഈ വർഷം ജൂൺ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും. സഭയ്ക്കുള്ളിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് ഇരകളിൽ മാനസികമായും ആത്മീയമായുമുള്ള തകർച്ചയുണ്ടാക്കുമെന്നും സഭയിലെ കൂട്ടായ്മയെ ഇത് സാരമായി ബാധിക്കുമെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.

ഇത്തരം സംഭവങ്ങളുണ്ടായാൽ കൈകാര്യം ചെയ്യേണ്ട ആദ്യ ചുമതല ബിഷപ്പിനാണെങ്കിലും സഭയ്ക്ക് കീഴിൽ സുവിശേഷവേല ചെയ്യുന്ന ഓരോരുത്തർക്കും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ ഉത്തരവാദിത്വമുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു. സഭയിൽ ലൈംഗിക അതിക്രമം തടയുന്നതിനായി ആഗോളതലത്തിലുള്ള നീക്കമാണ് നടത്തുന്നതെന്നും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് പരമാവധി ശ്രമിക്കുമെന്നും മാർപാപ്പ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ പത്തു കൽപനകളിലെ ആറാമത്തെ കൽപന ലംഘിക്കുന്നതിന് തുല്യമാണ്.

പുതിയ നിർദ്ദേശ പ്രകാരം ഇത്തരം വിഷയങ്ങളിൽ സിവിൽ അല്ലെങ്കിൽ കാനോൻ നിയമപ്രകാരമുള്ള അന്വേഷണം നടത്താനും കുട്ടികളെ ഉപയോഗിച്ചുള്ള അശ്ശീല വീഡിയോ നിർമ്മാണം, കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം, അധികാരം ദുരുപയോഗപ്പെടുത്തിയുള്ള ലൈംഗിക ചൂഷണം എന്നിവയെ തടയാനും ശ്രമിക്കുമെന്നും മാർപാപ്പ പറയുന്നു. ഇത്തരം വിഷയങ്ങൾക്കായി രൂപീകരിക്കുന്ന പ്രത്യേക സെല്ലുകൾ വഴി ആർച്ച് ബിഷപ്പ് അന്വേഷണം നടത്തുകയും ഇത് ആരംഭിച്ച് ഓരോ 30 ദിവസത്തിനകം അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ടുകൾ അയയ്ക്കുകയും 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുകയും വേണമെന്നും മാർപ്പാപ്പ നിർദ്ദേശിച്ചു.

ഇതിനായി ആർച്ച് ബിഷപ്പുമാർക്ക് അന്വേഷണം നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ വിദഗ്ധരായ ആളുകളുടെ സേവനം തേടാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇത്തരം അന്വേഷണങ്ങൾക്ക് വേണ്ടി വരുന്നതായ തുകയുടെ കാര്യം ബിഷപ്പുമാരുടെ സമ്മേളനത്തിൽ തീരുമാനിക്കും. അന്വേഷണത്തിന്റെ പുരോഗമന ഘട്ടത്തിൽ ആരാണോ ആരോപണ വിധേയരായിരിക്കുന്നത് അവർ കുറ്റക്കാരാണ് എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രമിക്കും.

അന്വേഷണം പൂർത്തിയായ ശേഷം രേഖകൾ വത്തിക്കാനിലേക്ക് അയയ്ക്കുകയും ഇവ കൃത്യമായി പരിസോധിച്ച ശേഷം കുറ്റം തെളിഞ്ഞാൽ കാനോൻ നിയമപ്രകാരമുള്ള നടപടി എടുക്കുകയും ചെയ്യും. ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇരയാകുന്നവർ ഇതിന് ശേഷം മറ്റ് രീതിയിൽ പീഡിപ്പിക്കപ്പെടുന്നില്ലെന്നും അവരുടെ മാനസിക ശാരീരിക ആരോഗ്യം ശരിയായ രീതിയിലാണെന്ന് ഉറപ്പ് വരുത്തുകയും അതിന് വേണ്ടതായ കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും മാർപാപ്പയുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.

ഇത്തരം പരാതികൾ ഇരകൾക്ക് ഭീതി കൂടാതെ സമർപ്പിക്കുന്നതിന് അതാത് രൂപതകളിൽ കൃത്യമായ സംവിധാനം ഉടൻ ഒരുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകം ഓഫീസ് അടക്കം നിർമ്മിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും അത് എങ്ങനെ വേണമെന്ന കാര്യത്തിൽ അതാത് രൂപതകൾക്ക് തീരുമാനമെടുക്കാം. എന്നാൽ 2020 ജൂണിന് മുൻപ് ഇത് പൂർത്തിയായിരിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

മാർപ്പാപ്പയുടെ നിർദ്ദേശത്തിന്റെ പ്രസക്തഭാഗങ്ങൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP