Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി നേതൃത്വം വിചാരിക്കുന്നത്തു പോലെ കാര്യങ്ങൾ നടക്കാത്തത് വാസ്തു തെറ്റി ഓഫീസ് കെട്ടിടം പണിതിട്ടെന്ന് ജ്യോതിഷ വിധി! 80 ലക്ഷം മുടക്കി രണ്ട് കൊല്ലം മുമ്പ് പണിതീർത്ത സിപിഎമ്മിന്റെ തൊടുപുഴ ഏര്യാ കമ്മറ്റി ഓഫീസിലെ വാതിൽ പൊളിച്ചു നീക്കി വേറെ വാതിൽ വച്ചു; വിവാദങ്ങൾ അവസാനിക്കാതെ ഇടുക്കിയിലെ സിപിഐ(എം) നേതൃത്വം

പാർട്ടി നേതൃത്വം വിചാരിക്കുന്നത്തു പോലെ കാര്യങ്ങൾ നടക്കാത്തത് വാസ്തു തെറ്റി ഓഫീസ് കെട്ടിടം പണിതിട്ടെന്ന് ജ്യോതിഷ വിധി! 80 ലക്ഷം മുടക്കി രണ്ട് കൊല്ലം മുമ്പ് പണിതീർത്ത സിപിഎമ്മിന്റെ തൊടുപുഴ ഏര്യാ കമ്മറ്റി ഓഫീസിലെ വാതിൽ പൊളിച്ചു നീക്കി വേറെ വാതിൽ വച്ചു; വിവാദങ്ങൾ അവസാനിക്കാതെ ഇടുക്കിയിലെ സിപിഐ(എം) നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: മതവും ദൈവവും ഇല്ലെന്നാണ് സിപിഐ(എം) പറയുന്നത്. ദൈവം ഇല്ലെങ്കിലും ഭൂരിപക്ഷം പേരുടേയും ബോധത്തിലുള്ള യാഥാർഥ്യമാണു ദൈവവും മതവുമെന്നും മതത്തേയും വിശ്വാസത്തേയും കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് സങ്കൽപ്പങ്ങളെ പുനർവിചന്തനം ചെയ്യണമെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിന് പിറകെ തൊടുപുഴ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന വാസ്തു വിവാദവും എത്തുന്നു. മതവും ദൈവവും ഇല്ലെന്ന് പറയുന്ന ബേബി പുനർചിന്തനത്തിന് തയ്യാറാകുന്നത് തൊടുപുഴയിലെ സഖാക്കളെ കൂടി മനസ്സിൽ വച്ചാകണം. ഏതായാലും ഇടുക്കിയിലെ സിപിഐ(എം) വിഭാഗീയതയ്ക്ക് പുതിയ മാനം നൽകുകയാണ് വാസ്തു പ്രശ്‌നത്തിലെ ഓഫീസ് പൊളിക്കൽ.

വിവി മത്തായിയാണ് തൊടുപുഴ സിപിഎമ്മിലെ കിങ് മേക്കർ. നേരത്തെ ഏര്യാ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം. പാർട്ടി സമ്മേളനത്തിൽ തൊടുപുഴ ഏര്യാ വി എസ് പക്ഷക്കാർ പിടിച്ചെടുത്തിരുന്നു. പിന്നീട് വിഭാഗീയത ആരോപിച്ച് ടി ആർ സോമനെ മാറ്റി കരുത്ത് തെളിയിച്ച സഖാവ്. ഇത് ഏറെ വിവാദങ്ങൾ തൊടുപുഴയിലുണ്ടായി. നേതൃത്വത്തെ വെല്ലുവിളിച്ച് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതിനെല്ലാം പിന്നിലെ കാരണം അതി സമർത്ഥമായി വിവി മത്തായി തന്നെ കണ്ടെത്തി. എല്ലാത്തിനും പ്രശ്‌നം വാസ്തുവാണ്. ഇത് പരിഹരിച്ചാൽ വിഭാഗീയതയും തീരും. ഇതോടെ ആ തീരുമാനവും എത്തി.

രണ്ടുവർഷം മുമ്പു ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സിപിഐ(എം). തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിലെ വാതിൽ പൊളിച്ചു നീക്കി മാറ്റി പുതിയത് നിർമ്മിച്ചു. ഈ വാതിലായിരുന്നു സോമനെ ജയിപ്പിച്ചതെന്ന് പോലും കണ്ടെത്തി. ജ്യോതിഷ സഹായത്തോടെയായിരുന്നു ഈ പരിഹാര മാർഗ്ഗം മത്തായി കണ്ടെത്തിയത്. തൊടുപുഴയിലെ കിങ് മേക്കർ പറഞ്ഞാൽ തിരുവായ്ക്ക് എതിർവായ ഇല്ല. അതുകൊണ്ട് തന്നെ ഏരിയാ സെക്രട്ടറിയുടെ മുറിയിലേക്കുള്ള വാതിലാണ് പൊളിച്ചു നീക്കി മാറ്റി നിർമ്മിക്കുന്നതിനെ ഏര്യാ സെക്രട്ടറി പോലും എതിർത്തില്ല. എന്നാൽ മറുവിഭാഗം ആരോപണവുമായെത്തുകയാണ്. വാസ്തുശാസ്ത്രപ്രകാരമുള്ള പിഴവിന്റെ പേരിലാണ് വാതിൽ പൊളിച്ചുമാറ്റിയതെന്ന ആരോപണവുമായി പാർട്ടിയിലെ മറുവിഭാഗം സജീവമാവുകയാണ്.

വാസ്തുശാസ്ത്ര പ്രകാരമാണ് വാതിൽ പൊളിച്ചതെന്ന ആരോപണം ശരിയല്ലെന്ന് ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറയുന്നു. ഏരിയാ സെക്രട്ടറിയുടെ മുറിയിലേക്കുള്ള പ്രവേശനം മറ്റൊരു മുറിയിലൂടെയായിരുന്നു. പാർട്ടി പ്രവർത്തകർ ഇതിൽ പരാതി ഉന്നയിച്ചതോടെ നേരിട്ട് മുറിയിലെത്താനാണു വാതിൽ നിർമ്മിച്ചതെന്നും അല്ലാതെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാനേതൃത്വം മുന്നോട്ടു വച്ച പാനലിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സെക്രട്ടറിയെ വിഭാഗീയതയുടെ പേരിൽ തരം താഴ്‌ത്തിയതിനെ തുടർന്നാണ് എസ്.എഫ്.ഐ നേതാവായിരുന്ന മുഹമ്മദ് ഫൈസലിന് ഏരിയാ സെക്രട്ടറിയുടെ ചുമതല ലഭിച്ചത്. ഇതിന് ചുക്കാൻ പിടിച്ചത് മത്തായി ആയിരുന്നു.

എന്നാൽ നിർമ്മിച്ച് രണ്ടു വർഷമായ ഓഫീസ് എന്തിനു പൊളിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഏരിയാ കമ്മിറ്റി നിർമ്മാണ കാലഘട്ടം മുതൽ വിവാദങ്ങൾ നില നിന്നിരുന്നു. 80 ലക്ഷത്തോളം രൂപ ചിലവു വന്ന ഓഫീസിന്റെ നിർമ്മാണക്കണക്കുകൾഇതുവരെ അവതരിപ്പിച്ചിരുന്നില്ല. ഇതു സംബന്ധിച്ചുള്ള കണക്കുകൾ ആവശ്യപ്പെട്ടതിനു പിന്നാലെ മുൻ ഏരിയാ സെക്രട്ടറിയുൾപ്പടെ തരംതാഴ്‌ത്തിയതെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ കെട്ടിടം പണിക്ക് ചുക്കാൻ പിടിച്ചതും മത്തായി ആയിരുന്നു. വാസ്തുവിനോട് മത്തായിക്കുള്ള താൽപ്പര്യം മുമ്പേ വ്യക്തമായിരുന്നു. ഏര്യാ സെക്രട്ടറി പദത്തിലിരിക്കുമ്പോഴായിരുന്നു തന്റെ വീട് മത്തായി വച്ചത്. അന്ന് ഓരോ കല്ലും വാസ്തു നോക്കിയായിരുന്നു വച്ചത്. പോയിക്കര നാരായണനെന്ന ജ്യോതിഷനെയാണ് മത്തായിക്ക് കൂടുതൽ വിശ്വാസം. അദ്ദേഹം പറഞ്ഞതു പ്രകാരമാകും പാർട്ടി ഓഫീസിലെ വാതിൽ പൊളിച്ചതെന്നും മറു വിഭാഗം പറയുന്നു.

ഏതായാലും തൊടുപുഴയിൽ വിഭാഗീയതയെ കൂടുതൽ രൂക്ഷമാക്കുകയാണ് വാതിൽ പൊളിക്കൽ വിവാദം. വിഭാഗീയത നിലനിൽക്കുന്ന സിപിഐ(എം) തൊടുപുഴ ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടും ഫലം കാണുന്നില്ലെന്നാണ് വിവാദം തെളിയിക്കുന്നത്. രണ്ടു വർഡഷം മുൻപ് നടന്ന ഏരിയാകമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷ പാനലിനെതിരെ മത്സരിച്ച് വിജയിച്ചതിന്റെ പേരിൽ നിലവിൽ ഏരിയാ സെക്രട്ടറിയായിരുന്ന ടി.ആർ. സോമനെയും കമ്മിറ്റി അംഗം കെ.എം. ബാബുവിനെയും ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്‌ത്താൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. തുടർന്ന് മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയായി നിയമിച്ചു.

മുൻപ് 19 അംഗങ്ങളുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയിൽ ടി.ആർ. സോമനെയും കെ.എം. ബാബുവിനെയും തരം താഴ്‌ത്തിയപ്പോൾ പുതിയതായി അഞ്ചു പേരെ ഉൾക്കൊള്ളിച്ച് 22 അംഗ കമ്മിറ്റിയായി ഉയർത്തുകയും ചെയ്തു. ടി.ആർ. സോമനെയും കെ.എം. ബാബുവിനെയും ഒഴിവാക്കിയുള്ള പഴയ 17 അംഗ കമ്മിറ്റിയിൽ 11 അംഗങ്ങളും തരം താഴ്‌ത്തൽ നടപടിയെ എതിർത്തു സംസാരിച്ചപ്പോൾ മുൻ ഏരിയാ സെക്രട്ടറി വി.വി. മത്തായി മൗനം പാലിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്ത്രപരമായ മൗനമായിരുന്നു ഇത്. തരം താഴ്‌ത്തൽ നടപടിയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ പ്രകടനം നടത്തിയിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇതെല്ലാം ഒരുവിധത്തിൽ പറഞ്ഞു തീർത്തു. അപ്പോഴാണ് വാസ്തു വിവാദം എത്തുന്നത്.

പാർട്ടിയിൽ താരതമ്യേന ഏറ്റവും ജൂനിയറായ മുഹമ്മദ് ഫൈസലിനെ ഏരിയാ സെക്രട്ടറിയാക്കിയതിൽ ഔദ്യോഗിക പക്ഷത്തും എതിർഭാഗത്തും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും മന്ത്രി എം.എം. മണിക്കും ഉള്ള താൽപര്യമാണ് ഡിവൈഎഫ്ഐ നേതൃനിരയിൽ പോലും എത്തുന്നതിനു മുമ്പ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിച്ചേരാൻ മുഹമ്മദ് ഫൈസലിന് തുണയായത് എന്നാണ് ആക്ഷേപം. നിലവിൽ 26-ഓളം അടിപിടി അക്രമ കേസുകളിൽ പ്രതിയാണ് പുതിയ സെക്രട്ടറി. കൂടാതെ എട്ടോളം അറസ്റ്റ് വാറണ്ടുകളുും ഉണ്ടത്രേ. തൊടുപുഴ മേഖലയിലെ കോളേജുകളിൽ നിരന്തം നടക്കുന്ന അടിപിടികൾ പിന്നിൽ മുഖ്യ സൂത്രധാരകനാണത്രേ. ഈ വാദങ്ങൾക്കൊപ്പമാണ് വ്‌സ്തുവും പ്രശ്‌നക്കാരനാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP