Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വർക്കല റിസോർട്ടിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ വിദേശി ബൈക്കുമായി കറങ്ങാൻ ഇറങ്ങി; പൂയംപള്ളി ജംഗ്ഷനിൽ വെച്ച് കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റു; അപകടത്തിൽപെട്ട വിദേശിയെ ഭയം കൊണ്ട് സഹായിക്കാതെ കൈയൊഴിഞ്ഞു നാട്ടുകാർ; ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാതെ ആംബുലൻസ് ഡ്രൈവർമാരും; ഒടുവിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് പൊലീസ് എത്തിയ ശേഷം ട്രാക്ക് വോളന്റിയേഴ്‌സ് ആംബുലൻസ് എത്തിച്ച്; പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഉക്രൈൻ സ്വദേശിയെ തിരികെ റിസോർട്ടിൽ എത്തിച്ചു

വർക്കല റിസോർട്ടിൽ കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ വിദേശി ബൈക്കുമായി കറങ്ങാൻ ഇറങ്ങി; പൂയംപള്ളി ജംഗ്ഷനിൽ വെച്ച് കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റു; അപകടത്തിൽപെട്ട വിദേശിയെ ഭയം കൊണ്ട് സഹായിക്കാതെ കൈയൊഴിഞ്ഞു നാട്ടുകാർ; ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കാതെ ആംബുലൻസ് ഡ്രൈവർമാരും; ഒടുവിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് പൊലീസ് എത്തിയ ശേഷം ട്രാക്ക് വോളന്റിയേഴ്‌സ് ആംബുലൻസ് എത്തിച്ച്; പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഉക്രൈൻ സ്വദേശിയെ തിരികെ റിസോർട്ടിൽ എത്തിച്ചു

വിനോദ് നായർ

കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താമസസ്ഥലത്തു പുറത്തിറങ്ങരത് എന്ന നിർദ്ദേശം അവഗണിച്ച് ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ വിദേശിക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ പൂയപ്പള്ളി ജംഗ്ഷനുസമീപം കാറും ബെക്കും കൂട്ടിയിടിച്ചാണ് ഉക്രയ്ൻ സ്വദേശിക്ക് പരുക്കേറ്റത്. അപകടത്തിൽപ്പെട്ട് നിലത്തു കിടന്ന ഇയാളെ സഹായിക്കാൻ ആരും തയ്യാറായില്ലെന്നത് കോവിഡ് ഭീതിയുടെ ഉദാഹരണമായി മാറി. അപകടത്തിൽ പെട്ടയാാളെ ആശുപത്രിയിൽ ആക്കാനാണ് ആളുകൾ വിസമ്മതിച്ചത്.

വിദേശിയാണ് എന്നറിഞ്ഞതോടെ പ്രദേശത്തുള്ള ആംബുലൻസ് ഡ്രൈവർമാരും കൈയൊഴിഞ്ഞു. ഒരുമണിക്കൂറോളം റോഡിൽ തന്നെ ഇരുന്ന വിദേശിപ പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും തൊട്ടടുത്തേയ്ക്ക് പോകാൻ പോലും ആരും ധൈര്യം കാട്ടിയില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൂയപള്ളി എസ്എച്ച്ഒ വിനോദ്ചന്ദ്രന്റെ നേത്യത്വത്തിൽ പൊലീസ് എത്തിയെങ്കിലും ഇവരും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ മടിച്ചു. തുടർന്ന് കൊല്ലത്തു നിന്ന് ട്രാക്ക് വോളന്റിയേഴ്‌സ് ആംബുലൻസുമായി എത്തിയാണ് ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

വർക്കലയിലെ റിസോർട്ടിൽ സെൽഫ് കോറന്റീനിൽ കഴിഞ്ഞിരുന്ന വിദേശി താമസസ്ഥലത്തു നിന്നും രഹസ്യമായി പുറത്തുചാടി സമീപത്തുള്ള കടയിൽനിന്നും വാടകയ്‌ക്കെടുത്ത ബൈക്കുമായാണ് രാവിലെ കറങ്ങാൻ ഇറങ്ങിയത്. അപകടത്തിൽ പ്പെട്ടതോടെ കറക്കം അവസാനിപ്പിക്കേണ്ടി വന്നതിന്റെ ദേഷ്യം ഇയാൾ ജില്ലാആശുപത്രിയിൽ ചികിത്സ നൽകുന്ന സമയത്തും പ്രകടിപ്പിച്ചു. ഇയാൾക്ക് കൊറോണ രോഗ ലക്ഷണമില്ലയെന്ന് വ്യക്തമായെങ്കിലും സെൽഫ് കോറന്റീനിൽ തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുകയാണ് ഉണ്ടായത്. പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും റിസോർട്ടിലാണ് എന്നറിയിച്ചതോടെ ചികിത്സയ്ക്കു ശേഷം ജില്ലാ ആശുപത്രിയുടെ ആംബുലൻസിലാണ് ഇയാളെ തിരികെ വർക്കലയിലെ റിസോർട്ടിൽ എത്തിച്ചത്.

വർക്കലയിൽ കോവിഡ്-19 സ്ഥിരീകരിച്ച ഇറ്റലി സ്വദേശിവർക്കലയിലും കൊല്ലത്തുമായി എവിടെയൊക്കെ സന്ദർശിച്ചതിന്റെ റൂട്ടെമാപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എല്ലാ വർഷവും കേരള സന്ദർശനത്തിനെത്തുന്ന ഇറ്റലി സ്വദേശിക്കു വർക്കലയിലും പരിസരങ്ങളിലും വ്യാപക ബന്ധങ്ങളുണ്ട്. ഓട്ടോറിക്ഷയിലാണു മിക്കവാറും സഞ്ചാരം. കോവിഡ്-19 സംശയിച്ചു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു വർക്കല നിന്നു പരിശോധനയ്ക്കു വന്നതും മടങ്ങിയതും ഓട്ടോയിലാണ്. പാരിപ്പള്ളിയിൽ നിന്നു വർക്കലയിലേക്കു പോയ ഓട്ടോറിക്ഷ കണ്ടെത്താനായെങ്കിലും അവിടെ നിന്നു പാരിപ്പള്ളിയിലേക്കു വന്ന ഓട്ടോറിക്ഷ കണ്ടെത്താനായിട്ടില്ല.

ഓട്ടോറിക്ഷയിൽ പലയിടത്തും ചുറ്റിക്കറങ്ങിയ വഴി പ്രധാന ഉൽസവച്ചടങ്ങിലും ഇയാൾ പങ്കെടുത്തു. ഇയാളുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ. എല്ലാ വർഷവും പാപനാശത്തെത്തി ദിവസങ്ങളോളം റിസോർട്ടിൽ തങ്ങിയശേഷമാണ് മടങ്ങുന്നത്. ഫെബ്രുവരി 27-ന് ഡൽഹി വഴിയാണ് ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഇയാൾ താമസിച്ച പാപനാശം നോർത്ത് ക്ലിഫിലെ റിസോർട്ടിൽനിന്നും വാഹനമെത്തിയാണ് ഇയാളെ കൊണ്ടുവന്നത്. മാർച്ച് മൂന്നിന് പാപനാശത്ത് റിസോർട്ടുകളിലെ വിനോദസഞ്ചാരികളുടെ വിവരങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ശേഖരിക്കുന്നതിനിടെയാണ് ഇറ്റലി സ്വദേശി താമസിക്കുന്ന വിവരമറിഞ്ഞത്.

തുടർന്ന് വിവരങ്ങൾ ധരിപ്പിച്ചശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കയച്ച് രക്തപരിശോധന നടത്തി. പിന്നീട് താമസിക്കുന്ന മുറിക്കുള്ളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചാണ് മടക്കിയയച്ചത്. ഇയാൾ നല്ല ആരോഗ്യവാനായാണ് കാണപ്പെട്ടിരുന്നത്. വെള്ളിയാഴ്ച പരിശോധനാഫലം പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾ 130 അൽ അധികം ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി അഭിപ്രായപ്പെട്ടത്.

അതേസമയം വിദേശത്തു നിന്നും കേരളത്തിൽ എത്തിയവരെ ജനം സംശയത്തോടെ നോക്കുന്ന സംഭവം ആവർത്തിക്കുന്നത് ടൂറിസം രംഗത്തിനും തിരിച്ചടിയാകുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തു നിന്ന് കെഎസ്ആർടിസി ബസിൽ മൂന്നാറിലേക്ക് യാത്ര തിരിച്ച വിദേശ ദമ്പതികളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗലക്ഷണങ്ങളില്ലെങ്കിലും മൂന്നാറിൽ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്ന നിർദ്ദേശം മറികടന്നായിരുന്നു വിദേശ ദമ്പതികളുടെ യാത്ര.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മൂന്നാറിൽ പോകാനായി സ്‌പെയിനിൽ നിന്നുള്ള ദമ്പതികൾ കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയത്. ഇടുക്കി സേനാപതിയിലേക്കുള്ള ബസിൽ ഇരുവരും കയറിയതോടെ ജീവനക്കാർ നിയന്ത്രണങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകണമെന്ന നിർദ്ദേശം ഇവർ തള്ളികളഞ്ഞു. അരമണിക്കൂറിലേറെ കാത്തിട്ടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ പൊലീസോ എത്താതിരുന്നതോടെ വിദേശികളുമായി ബസ് യാത്ര പുറപ്പെട്ടു. 22ലേറെ കിലോമീറ്റർ സഞ്ചരിച്ച ശേഷം കുറവിലങ്ങാടിലാണ് കലക്ടറുടെ നിർദ്ദേശ പ്രകാരം പൊലീസ് ബസ് തടഞ്ഞത്. പിന്നീട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം ആറിന് നെടുമ്പാശേരിയിലെത്തിയ ദമ്പതികൾ ഫോർട്ട്‌കൊച്ചിയിലും ആലപ്പുഴയിലും തങ്ങിയ ശേഷമാണ് ഇന്നലെ ഏറ്റുമാനൂരിലെത്തിയത്. ഇവിടെ നിന്ന് മൂന്നാറിലേക്ക് പോകാനായിരുന്നു പദ്ധതി. വിദേശികൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. കെഎസ്ആർടിസി ബസിലെ ജീവനകാർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒന്നും നൽകിയിരുന്നില്ല. ജാഗ്രത നിലനിൽക്കെ വിവരം അറിയിച്ചിട്ടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്താൻ വൈകിയതും ബസ് സ്റ്റാൻഡിൽ നിന്ന് വിട്ടയച്ചതും വീഴ്ചയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP