Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിസന്ധികളോട് പട വെട്ടി സബ് ഇൻസ്പെക്ട്ടറായി മാറിയ ആനി ശിവയുടെ ജീവിതകഥ ഏറ്റെടുത്ത് കേരളക്കരയും സൈബർ ലോകവും; തളരാത്ത നിശ്ചയദാർഢ്യമെന്ന് മോഹൻലാലും വാഴ്‌ത്തിയ ഉദ്യോഗസ്ഥക്ക് വർക്കല സ്‌റ്റേഷനിൽ നിന്നും എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം; ആനിയുടെ ആഗ്രഹം പോലെ സർക്കാർ ഉത്തരവ്

പ്രതിസന്ധികളോട് പട വെട്ടി സബ് ഇൻസ്പെക്ട്ടറായി മാറിയ ആനി ശിവയുടെ ജീവിതകഥ ഏറ്റെടുത്ത് കേരളക്കരയും സൈബർ ലോകവും; തളരാത്ത നിശ്ചയദാർഢ്യമെന്ന് മോഹൻലാലും വാഴ്‌ത്തിയ ഉദ്യോഗസ്ഥക്ക് വർക്കല സ്‌റ്റേഷനിൽ നിന്നും എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം; ആനിയുടെ ആഗ്രഹം പോലെ സർക്കാർ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിസന്ധികളോട് പടവെട്ടി കേരളാ പൊലീസിൽ സബ് ഇൻസ്‌പെക്ട്ടറായി ജോലി നേടി വാർത്തകളിൽ ഇടംപിടി.ച്ച വർക്കല സബ് ഇൻസ്പെക്ടർ ആനി ശിവയുടെ സേവനം ഇനി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ. നേരത്തെ നൽകിയ അപേക്ഷ പരിഗണിച്ചാണ് ആനിയുടെ സ്ഥലംമാറ്റം. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ സ്വപ്നങ്ങളുമായി മുന്നേറി സബ് ഇൻസ്പെക്ടറായി വർക്കലയിൽ ജോലിയിൽ പ്രവേശിച്ച ആനിയുടെ കഥ വലിയ വാർത്തയായിരുന്നു. 20ാം വയസ്സിൽ ഭർത്താവും കുടുംബവും ഉപേക്ഷിച്ച് പിഞ്ചു കുഞ്ഞിനെയും മാറോട് ചേർത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ആനി പ്രതിസന്ധികളിൽ തളരാതെ 12 വർഷങ്ങൾക്ക് ശേഷമാണ് സബ് ഇൻസ്പെക്ടറായി കാക്കിയണിഞ്ഞത്.

ഒറ്റപ്പെട്ടു പോയിട്ടും തളരാതെ ജീവിതത്തോട് പൊരുതിയ ആനി ശിവയുടെ ജീവിതകഥ സൈബർ ലോകം ഏറ്റെടുത്തതോടെ അഭിനന്ദനവുമായി നിരവധി പ്രമുഖർ രംഗത്തെത്തി. തളരാത്ത നിശ്ചയദാർഢ്യമെന്നാണ് നടൻ മോഹൻലാലും പോലും വാഴ്‌ത്തിയത്.

ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്പോൾ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു ആനി ശിവ. പിന്നീടുള്ള ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു ഈ അമ്മയ്ക്കും മകനും. വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പിൽ തുടങ്ങിയ ജീവിതം. 14 വർഷങ്ങൾക്ക് ശേഷം ആനി ശിവ നീതിയുടെ കാവൽക്കാരിയായി മാറി.

''എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു'' വർഷങ്ങൾ നീണ്ട തന്റെ അലച്ചിലിനെ കുറിച്ച് ആനി കുറിക്കുന്നത് ഇതാണ്

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വീട്ടിൽ നിന്ന് ഇറങ്ങി കൂട്ടുകാരനൊപ്പം ജീവിതം തുടങ്ങുന്നത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതോടെ കുടുബവുമായുള്ള ബന്ധം നഷ്ടമായി. ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ ഭർത്താവുമായി വേർപിരിഞ്ഞ ആനി എട്ടു മാസം പ്രായമായ മകനുമായി ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചത്.

കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് കയറിവന്ന മകളെ അംഗീകരിക്കാൻ വീട്ടുകാർക്കായില്ല. അതോടെയാണ് താമസം അമ്മൂമ്മയുടെ ചായപ്പിലാക്കുന്നത്.

അതിനു ശേഷം ജീവിക്കാനായി ചെയ്തുകൂട്ടിയ ജോലികൾക്ക് കണക്കില്ല. കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുപോയി നടന്നു വിറ്റും ഇൻഷുറൻസ് ഏജന്റായുമെല്ലാം ജോലി ചെയ്തു. അതിനിടെ ചില ബിസിനസുകൾ നടത്തിയെങ്കിലും അതും പരാജയമായി. വർക്കല ശിവഗിരി തീർത്ഥാടന സമയത്ത് നാരങ്ങാ വെള്ളവും ഐസ്‌ക്രീമും വിറ്റു .ആ സമയത്തെല്ലാം പഠനവും മുന്നോട്ടു കൊണ്ടുപോകാനും മറന്നില്ല.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. സുരക്ഷിതത്വത്തിനായി ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അമ്മയും അച്ഛനുമെല്ലാമായി. 2014-ൽ സുഹൃത്തിന്റെ പ്രേരണയിലാണ് വനിതകളുടെ എസ്‌ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പൊലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ൽ വനിതാപൊലീസായി ജോലി ലഭിച്ചു. 2019-ൽ എസ്‌ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25-ന് വർക്കലയിൽ എസ്‌ഐ.യായി ആദ്യനിയമനം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP