Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെൺ സുഹൃത്തിന്റെ സഹോദരന്റെ കൂട്ടുകാരനെന്ന നിലയിൽ പരിചയം; 2017ലെ കണ്ടുമുട്ടൽ കല്യാണാലോചനയിൽ എത്തിച്ചത് അസ്വാഭാവികതയൊന്നുമില്ലാതെ; പൊരുത്തം നോക്കിയപ്പോൾ കുറിപ്പുകൾ തമ്മിൽ ചേരാതെ വന്നതോടെ തനി നിറം പുറത്ത് കാട്ടി; നിരന്തര ഭീഷണി തുടർന്നപ്പോൾ വെൽഡറുടെ വിവാഹ അഭ്യർത്ഥന നിരന്തരം നിരസിച്ച് ബി എസ് സി വിദ്യാർത്ഥിനിയും; ഒടുവിൽ തട്ടിൻ മുകളിലെ ഓടിളക്കി പെട്രോളൊഴിച്ച് കത്തിക്കൽ ശ്രമം; ഇരവിപുരത്തെ ഷിനുവിന്റെ ക്രൂരതയും സമാനതകളില്ലാത്തത്; അസ്ഥി പ്രണയം പെട്രോളായി കത്തുമ്പോൾ

പെൺ സുഹൃത്തിന്റെ സഹോദരന്റെ കൂട്ടുകാരനെന്ന നിലയിൽ പരിചയം; 2017ലെ കണ്ടുമുട്ടൽ കല്യാണാലോചനയിൽ എത്തിച്ചത് അസ്വാഭാവികതയൊന്നുമില്ലാതെ; പൊരുത്തം നോക്കിയപ്പോൾ കുറിപ്പുകൾ തമ്മിൽ ചേരാതെ വന്നതോടെ തനി നിറം പുറത്ത് കാട്ടി; നിരന്തര ഭീഷണി തുടർന്നപ്പോൾ വെൽഡറുടെ വിവാഹ അഭ്യർത്ഥന നിരന്തരം നിരസിച്ച് ബി എസ് സി വിദ്യാർത്ഥിനിയും; ഒടുവിൽ തട്ടിൻ മുകളിലെ ഓടിളക്കി പെട്രോളൊഴിച്ച് കത്തിക്കൽ ശ്രമം; ഇരവിപുരത്തെ ഷിനുവിന്റെ ക്രൂരതയും സമാനതകളില്ലാത്തത്; അസ്ഥി പ്രണയം പെട്രോളായി കത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : അസ്ഥിക്ക് പിടിച്ച പ്രണയം പെട്രോളായി കത്തുന്നത് കണ്ട് കേരളം നടുങ്ങുന്നു. പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരിൽ ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുൻപ് തന്നെയാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചത്.

സൗമ്യ വധത്തിനു തൊട്ടു മുൻപ് തന്നെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ വിദ്യാർത്ഥിനിയെ ഇതേ രീതിയിൽ വെട്ടിയ ശേഷം അജിൻ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയിൽ ഇരിക്കെ ഈ വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഇതേ രീതിയിൽ അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് ഇരവിപുരത്തും വില്ലനായി മാറിയത്. പക്ഷെ ആയുസിന്റെ ബലം കൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടപ്പോൾ പ്രതിയായ വർക്കല ചെറുന്നിയൂർ വടശ്ശേരിക്കോണം ചാണിക്കൽ ചാമവിളവീട്ടിൽ ഷിനു (25) ഇരവിപുരം പൊലീസിന്റെ പിടിയിലുമായി.

പെട്രോൾ ഒഴിച്ചുള്ള കത്തിക്കലിൽ ചാരമായി മാറിയേക്കാവുന്ന അവസ്ഥയിൽ നിന്ന് തലനാരിഴയ്ക്കാണ് ബിഎസ്സി ഫലം കാത്തിരിക്കുന്ന പെൺകുട്ടി രക്ഷപ്പെട്ടത്. ഓട് പൊളിച്ച് പെൺകുട്ടിയുടെ മുറിയിൽ ഇറങ്ങി പെട്രോൾ ഒഴിച്ച് . കത്തിക്കാനുള്ള ശ്രമത്തിൽ പ്രതിയായ ഷിനു ലൈറ്റർ എടുക്കുന്നത് കണ്ടു കുതറിയോടിയതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ഇന്നലെ പെൺകുട്ടിയുടെ വീട്ടുകാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ പോയിരുന്നു.

ഈ സമയത്താണ് പെൺകുട്ടിയെ മുൻ പരിചയമുണ്ടായിരുന്ന ഷിനു വർക്കലയിലുള്ള സ്വന്തം വീട്ടിൽ നിന്ന് ഇരവിപ്പുറത്തേക്ക് എത്തുന്നത്. ഷിനു വെൽഡറും പെൺകുട്ടി ബിഎസ് എസി കെമിസ്ട്രിവിദ്യാർത്ഥിനിയുമാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ:

ഷിനു ഇന്നലെ വൈകീട്ട് വീട്ടിൽ എത്തുമ്പോൾ ബന്ധുവായ ഒരു പെൺകുട്ടിയും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ബന്ധുവായ പെൺകുട്ടി പുറത്തുള്ള ബാത്ത്‌റൂമിൽ പോകുന്നത് കണ്ട ഷിനു വീടിനു മുകളിൽ കയറി ഓട് ഇളക്കി പെൺകുട്ടിയുടെ റൂമിനകത്തേക്ക് കയറുകയായിരുന്നു. റൂമിലെത്തി പെൺകുട്ടിയെ മുറുകെ പുണർന്ന ശേഷം കയ്യിലെ പെട്രോൾ കുപ്പി തുറന്നു പെട്രോൾ പെൺകുട്ടിയുടെ മുകളിലേക്ക് ഒഴിക്കുകയായിരുന്നു. സർവശക്തിയുമെടുത്ത് പെൺകുട്ടി കുതറിയപ്പോൾ പെട്രോൾ ഷിനുവിന്റെ മേലേക്കും കുപ്പി നിലത്തേക്കും വീണു.

ബാക്കിയുണ്ടായിരുന്ന പെട്രോൾ തറയിൽ ഒഴുകി. ഇതിന്നിടയിൽ ലൈറ്റർ എടുക്കാൻ ശ്രമം വന്നപ്പോൾ പെൺകുട്ടി ഓടി പുറത്തേക്ക് വന്നു നിലവിളിക്കുകയായിരുന്നു. ഇതോടെയാണ് തൊട്ടപ്പുറത്തെ ചിറ്റപ്പനും അയൽവാസിയും ഓടിയെത്തി ഇയാളെ പിടിച്ചത്. ഷിനുവിനെ പൊലീസ് പിന്നീട് റിമാൻഡ് ചെയ്യുകയും ചെയ്തു.

മുൻപും വീടിനു മുകളിൽ കയറി ഒളിച്ചിരുന്നതിന് പിടിയിലായി

വെറുതെ ഭയപ്പെടുത്താൻ പെട്രോൾ ഒഴിച്ച് എന്ന് ഷിനു പൊലീസിന് മൊഴി കൊടുത്തെങ്കിലും പിന്നെ ലൈറ്റർ എന്തിനു എന്ന ചോദ്യത്തിന് ഷിനുവിന് ഉത്തരമില്ലായിരുന്നു. പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയാണ് ഷിനു ഓടിളക്കി അകത്ത് കയറിയത് എന്ന് തന്നെയാണ് പൊലീസ് അനുമാനം.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇത് പൂർണമായി നിഷേധിക്കാനും ഷിനുവിന് കഴിഞ്ഞതുമില്ല. ഇതിനു മുൻപും ഇതേ പെൺകുട്ടിയുടെ വീടിനു മുകളിൽ കയറി ഒളിച്ചിരുന്ന ഷിനുവിനെ നാട്ടുകാർ പിടികൂടി മുന്നറിയിപ്പ് നൽകി വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെട്രോളുമായി വീടിനകത്ത് കയറി ഷിനു പെൺകുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ചത്. പെട്രോൾ ഒഴിച്ചപ്പോൾ കത്തിക്കാനുള്ള സമയം നൽകാതെ പെൺകുട്ടി കുതറി വീടിനു പുറത്തിറങ്ങി നിലവിളിച്ചതിനാലാണ് പെൺകുട്ടിക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

വിവാഹാഭ്യർത്ഥനയുമായി എന്നും പിറകെ

പെൺകുട്ടിക്ക് 2017 മുതൽ ഷിനുവിനെ അറിയാം. ചാത്തന്നൂർ കോളേജിൽ പഠിക്കുന്ന അവസരത്തിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ സഹോദരന്റെ സുഹൃത്ത് ആയാണ് ഷിനു പെൺകുട്ടിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പെൺകുട്ടിയുടെ സുഹൃത്തിന്റെ സഹോദരന് ഒപ്പം ഉള്ളയാൾ എന്ന നിലയിൽ പെൺകുട്ടിക്ക് ഇയാളെ അറിയാം. പക്ഷെ പ്രേമം എന്ന രീതിയിൽ ഈ ബന്ധം നീങ്ങിയില്ലെന്നാണ് പെൺകുട്ടി ഇരവിപുരം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

പക്ഷെ ഈ വർഷം മുതൽ ഷിനു വിവാഹാഭ്യർത്ഥനയുമായി പിറകെയുണ്ടായിരുന്നു. പക്ഷെ പൊരുത്തം നോക്കിയപ്പോൾ കുറിപ്പുകൾ തമ്മിൽ ചേരാത്തത് കാരണം പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ തന്നെ പെൺകുട്ടിയും വിവാഹാഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഷിനു ചാത്തന്നൂരിൽവെച്ച് മൂന്നുമാസം മുൻപ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പെൺകുട്ടിക്ക് ഉള്ളിൽ ജീവഭയവുമുണ്ടായിരുന്നു. കോളേജിൽ ചെ്ന്ന ഷിനുവിന് ഒപ്പം ചെന്നേ മതിയാകൂവെന്നായിരുന്നു അന്ന് പെൺകുട്ടിയെ ഷിനു ഭീഷണിപ്പെടുത്തിയത്.

അതിനാലാണ് പെൺകുട്ടിയുടെ വീട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ പോയപ്പോൾ ബന്ധുവായ പെൺകുട്ടിയെ വീട്ടിൽ ഒപ്പം നിർത്തിയത്. ഈ പെൺകുട്ടി ബാത്ത് റൂമിൽ പോകുന്നത് കണ്ടിട്ടാണ് ഷിനു ധൃതിപ്പെട്ട് ഓടിളക്കി പെൺകുട്ടിയുടെ മുറിയിൽ ഇറങ്ങിയത്. പക്ഷെ വധശ്രമത്തിൽ നിന്ന് പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP