Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

2.74 കോടിയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; പ്രതിയുടെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ കോടതി ഉത്തരവ്; തന്നെ പൊലീസ് തെറ്റിദ്ധരിച്ച് കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്ന് പ്രതിയുടെ വാദം; ബിജിലാലിനായി ഹാജരായത് അഡ്‌ല.പൂന്തുറ സോമൻ; നിരപരാധിയാണെന്നും കേസിനാസ്പദമായ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയുടെ ജാമ്യഹർജി

പി നാഗരാജ്

തിരുവനന്തപുരം: 2.74 കോടി രൂപയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പു കേസിൽ ഒന്നാം പ്രതി സമർപ്പിച്ച ജാമ്യ ഹർജിയിൽ സംസ്ഥാന സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കേസിൽ ഒന്നാം പ്രതിയും സി പി എം സൈബർ പോരാളിയും അഡീഷണൽ സബ്ബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റുമായിരുന്ന എം.ആർ. ബിജുലാലാണ് അഡ്വ. പൂന്തുറ സോമൻ മുഖേന ജാമ്യ ഹർജി സമർപ്പിച്ചത്. സർക്കാർ നിലപാട് ഓഗസ്റ്റ് 10 ന് അറിയിക്കാൻ മജിസ്ട്രേട്ട് ലെനി തോമസ് കുരാകറാണ് ഉത്തരവിട്ടത്.

തന്നെ പൊലീസ് തെറ്റിദ്ധരിച്ച് കളവായി കേസിൽ ഉൾപ്പെടുത്തിയതാണ്. താൻ നിരപരാധിയാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബിജുലാൽ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടി. തന്റെ നിരപരാധിത്വം വിസ്താര മധ്യേ കോടതിക്ക് ബോധ്യപ്പെടുന്നതാണ്. തന്നെ ജാമ്യത്തിലേൽക്കാൻ മതിയായ ജാമ്യക്കാർ ഹാജരുള്ളതാണ്. താൻ ഒളിവിൽ പോവുകയോ തെളിവ് നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. കോടതി കൽപ്പിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാൻ താൻ തയ്യാറാണ്. തന്നെ ജാമ്യത്തിൽ വിട്ടയക്കുന്ന പക്ഷം കോടതി കൽപ്പിക്കുന്ന സ്ഥലത്തും സമയത്തും കൃത്യമായി ഹാജരായിക്കൊള്ളാമെന്നും കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിൽ പറയുന്നു.

Stories you may Like

ഓഗസ്റ്റ് 5 ന് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ വക്കീലാഫീസിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കോടതിയുടെ കിഴക്ക് തെക്ക് ഭാഗത്തായി സ്ഥിഥിതി ചെയ്യുന്ന വക്കിലാഫീസാണ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ജാമ്യക്കാരുമായി വക്കിലാഫീസിലെത്തിയ ബിജുലാൽ വക്കീലാഫീസിൽ വച്ച് ദൃശ്യമാധ്യമങ്ങൾക്ക് അഭിമുഖം നൽകവേയാണ് പൊലീസ് പിടികൂടിയത്.

ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി സർക്കാർ നിലപാടറിയിക്കാനായി ഓഗസ്റ്റ് 13 ന് മാറ്റിവച്ചു. ഇതിനിടെയാണ് വിചാരണ കോടതിയായ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങാനെത്തിയത്. സർവ്വീസിൽ നിന്നും വിരമിച്ച സബ്ബ് ട്രഷറി ഓഫീസർ ഭാസ്‌ക്കരന്റെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പു നടത്തിയത്. 2020 മാർച്ചിൽ ഒരു ദിവസം ട്രഷറി ഓഫീസർ നേരത്തേ വീട്ടിൽ പോയപ്പോൾ കമ്പ്യൂട്ടർ ഓഫാക്കാൻ പസ് വേഡ് പറഞ്ഞു തന്നതെന്നതായാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയിൽ പറയുന്നത്.

ട്രഷറി ഓഫീസർ വിരമിക്കും മുമ്പ് അവധിയിൽ പോയ ശേഷം ഏപ്രിലിൽ പണം പിൻവലിച്ചു. ആദ്യം 74 ലക്ഷവും പിന്നീട് രണ്ടു കോടിയുമാണ് പിൻവലിച്ചത്. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാൻ സഹോദരിക്ക് അഡ്വാൻസ് നൽകി. ഭാര്യക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങി. ബാക്കി പണം ഓൺലൈനിൽ റമ്മി ചീട്ടു കളിക്ക് ഉപയോഗിച്ചുവെന്നുമാണ് പ്രതി നൽകിയതായ കുറ്റസമ്മത മൊഴി. അതേ സമയം ഒരു പൊലീസുദ്യോഗസ്ഥനോട് നടത്തുന്ന യാതൊരു കുറ്റസമ്മതവും അയാൾക്കെതിരായി തെളിയിക്കാൻ പാടില്ലെന്ന് ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 25 വിവക്ഷിക്കുന്നുണ്ട്.

അതേ പോലെ തന്നെ പ്രതി പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോൾ നടത്തുന്ന കുറ്റസമ്മതം അയാൾക്കെതിരായി തെളിയിക്കാവുന്നതല്ലെന്ന് തെളിവു നിയമത്തിലെ വകുപ്പ് 26 ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കുറ്റസമ്മത മൊഴിക്ക് കോടതിയിൽ നിയമസാധുത വരണമെങ്കിൽ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിനയിച്ചാനയിച്ച വഴിയേ പ്രതിയുമൊത്ത് അന്വേഷണ ഉദ്യോഗസ്ഥൻ ചെന്ന് ആ പണമോ വസ്തുക്കളോ റിക്കവറി നടത്തണം. എന്നാൽ മാത്രമേ കോടതി തെളിവായി സ്വീകരിക്കുകയുള്ളു. ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള അത്തരം റിക്കവറിയുടെ തെളിവു മൂല്യം കോടതി വിലയിരുത്തുന്നത് സാക്ഷി വിസ്താര വിചാരണക്ക് ശേഷമാണ്.

ഇവിടെ പ്രതിയുടെ അക്കൗണ്ടിൽ നിന്നല്ലാതെയാണ് ഭൂരിഭാഗം ക്രമക്കടും നടന്നിരിക്കുന്നത്. അത് ബിജുലാലല്ലെങ്കിൽ മറ്റാരൊക്കെയാണെന്ന് കണ്ടെത്തണം. അന്വേഷണ ഉദ്യോഗസ്ഥൻ നേരിടേണ്ട കടുത്ത വെല്ലുവിളിയാണത്. ക്രിമിനൽ കേസിൽ പ്രതിക്ക് താൻ നിരപരാധിയാണെന്നവകാശപ്പെട്ട് പ്രതിക്കൂട്ടിൽ നിശബ്ദനായി നിന്നാൽ മതിയാകും. ആരോപിക്കുന്ന കുറ്റം തെളിയിക്കേണ്ടത് ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനടങ്ങുന്ന പ്രോസിക്യൂട്ടിങ് ഏജൻസിയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP