Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അഭിമുഖത്തിന് പിന്നാലെ സംഭവിച്ച ഫാക്ച്വൽ തിരുത്തുകൾ അക്കമിട്ട് പോസ്റ്റ് ചെയ്ത് എത്തിയത് നടൻ റോഷൻ; പിന്നാലെ സൈബർ ബുള്ളിങ്ങും വ്യക്തിഹത്യയും നേരിട്ടത് സബ് എഡിറ്റർ ലക്ഷ്മി പ്രേംകുമാർ; ലേഖികയെ വ്യക്തിപരമായി ഉപദ്രവിക്കുകയാണ് ലക്ഷ്യമെന്ന് റോഷൻ പറഞ്ഞതായി ലേഖികയുടെ ആരോപണം; ഭീഷണിപ്പെടുത്തിയതിന്റെ വോയ്‌സും പുറത്ത് വിടാൻ തയ്യാറെന്ന് മാധ്യമപ്രവർത്തക; അഭിമുഖത്തിന് പിന്നാലെ വിവാദവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള മനോരമയുടെ വനിതയിൽ നടൻ റോഷൻ മാത്യുവിന്റെ അഭിമുഖം വന്നതാണ് പുതിയ വിവാദമായി സോഷ്യൽ മീഡിയ കത്തിപ്പടരുന്നത്.വനിതാ ലേഖികജ ലക്ഷ്മി പ്രമോദ് തയ്യാറാക്കിയ അഭിമുഖത്തിന് പിന്നാലെ അഭിമുഖത്തിലെ ചിലഭാഗങ്ങൾ തങ്ങളുടേ വാക്കുകളല്ല എന്ന് പറഞ്ഞ് റോഷനും നടി ദർശനയും രംഗത്തെത്തുകയായിരുന്നു. അഭിമുഖത്തിൽ ലേഖികയ്ക്ക് സംഭവിച്ച വീഴ്ചകൾ എന്ന് ചൂണ്ടിക്കാട്ടിയാണ് റോഷൻ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്.

എന്നാൽ ഇതിന് പിന്നാലെ ലേഖികയ്ക്ക് എതിരെ കരുതി കൂട്ടി ഒരുവിഭാഗം സൈബർ ബുള്ളിങ്ങും നടത്തി. പിന്നിൽ നടൻ റോഷൻ മാത്യൂ ആണെന്ന് ആരോപിച്ചാണ് മധ്യമപ്രവർത്തക രംഗത്തെത്തിയിരിക്കുന്നത്. വനിതയുടെ ഓഫീസിൽ വിളിച്ച് ലേഖികയെ ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിക്കുന്നു. . തന്നെ വ്യക്തിപരമായി ഉപദ്രവിക്കുക തന്നെയാണ് ലക്ഷ്യം എന്ന് റോഷൻ പറഞ്ഞതായും വനിത ലേഖിക ലക്ഷ്മി പ്രേംകുമാർ വെളിപ്പെടുത്തുന്നു. ഫേസ്‌ബുക്ക് പോസ്റ്റുമായി താരം ഇത്തരം സൈബർ ബുള്ളിങ്ങിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്

വിവാദത്തിന്റെ പേരിൽ ലേഖികയെ അധിക്ഷേപിക്കരുതെന്ന റോഷന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെയാണ് നടനെതിരെ ഗുരുതരാരോപണവുമായി ലേഖിക രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ലേഖികയുടെ ആരോപണത്തെകുറിച്ച് പ്രതികരിക്കാൻ റോഷൻ മാത്യു തയ്യാറായിട്ടില്ല.

വനിത അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നുവെന്നും തങ്ങൾ ഇട്ട പോസ്റ്റ് നിലപാട് വിശദീകരിക്കൽ മാത്രമാണെന്നും റോഷൻ പ്രതികരിച്ചതിന് പിന്നാലെയാണ് അഭിമുഖം നടത്തിയ വനിതയുടെ ലേഖിക ലക്ഷ്മി പ്രേംകുമാർ വെളിപ്പെടുത്തൽ നടത്തുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ:-

വനിതയിൽ അഭിമുഖം വന്നതിനു ശേഷം എന്റെ സീനിയറുമായി റോഷൻ സംസാരിച്ചിരുന്നു. റോഷന്റെ ആവശ്യം ഈ പത്ത് പോയന്റുകളും, എന്റെ ഫോട്ടോയും ഉൾപ്പെടെ പ്രസിദ്ധീകരിക്കണം എന്നുള്ളതായിരുന്നു. ഇത് ഞാൻ മാത്രം ഉന്നയിക്കുന്നതല്ല. എന്റെ സീനിയർ സബ് എഡിറ്ററോട് സംസാരിച്ച കാര്യമാണ്. അപ്പോൾ ഇവിടെ നിന്നും പറഞ്ഞത് ഇത് വനിതയുടെ ഉത്തരവാദിത്വമാണെന്നും, ലേഖികയുടെ പേര് വലിച്ചിഴയ്ക്കരുത് എന്നുമാണ്. എന്നാൽ റോഷന്റെ മറുപടി ലക്ഷ്മിയെ വ്യക്തിപരമായി ഉപദ്രവിക്കുക എന്നതാണ് എന്റെ ലക്ഷ്യം പൈസ കൊടുത്തിട്ടാണെങ്കിലും ഞാൻ ഇതിന് റീച്ച് കൂട്ടും എന്നായിരുന്നു. ഇത് പറയുന്ന ഓഡിയോ എന്റെ കൈയിലും എന്റെ സഹപ്രവർത്തകരുടെ അടുത്തും ഉണ്ട്. ഇതിനെതിരെ കേസിന് പോകാൻ തന്നെയാണ് എന്റെ തീരുമാനം. എന്റെ സ്ഥാപനത്തിന്റെ എല്ലാ സപ്പോർട്ടും എനിക്കൊപ്പമുണ്ട്.

എന്റെ പേഴ്സണൽ ഐഡി ഇട്ടുകൊടുത്തിട്ട്, എല്ലാവർക്കും അത് ഞാൻ ആണെന്ന് മനസിലായ ശേഷം സൈബർ ആക്രമണത്തിന് എതിരാണെന്നു പറയുന്നു. റോഷൻ ഈ യുഗത്തിൽ ജീവിക്കുന്ന ആളല്ലേ, അറിയാമായിരിക്കുമല്ലോ സൈബർ ആക്രമണം നടത്തുമെന്ന്. എന്റെ പേരു മാത്രമെ സൂചിപ്പിച്ചിരുന്നുള്ളൂ എങ്കിൽ ശരി, എന്റെ ഐഡി ആ പോസ്റ്റിനകത്തേക്ക് വലിച്ചിട്ടത് സൈബർ ആക്രമണത്തിന് വിട്ടുകൊടുക്കുക എന്ന ഉദ്ദേശം കൊണ്ട് തന്നെയാണ്. റോഷനെ പോലെ ഇത്രയും റീച്ചുള്ള ഒരാൾ മൂന്നു മണിക്കൂറിന് ശേഷം അത് ഡിലീറ്റ് ചെയ്തിട്ട് ഒരു കാര്യവുമില്ല.

മലയാള സിനിമയിലെ നടിമാരെല്ലാം നേരിടുന്ന പ്രശ്നമാണ് സൈബർ ബുള്ളീയിങ്ങ്. അതെല്ലാം അറിഞ്ഞുവെച്ചുകൊണ്ടാണല്ലോ എന്നെ അതിലേക്ക് എറിഞ്ഞു കൊടുത്തത്. റോഷന്റെ ഭീഷണി ഓഡിയോ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. എന്നോട് പറഞ്ഞതാണ് ഞാൻ എഴുതിയത്. ആ പത്ത് പോയന്റുകളും തികച്ചും ബാലിശമായവയാണ്. റോഷനും ദർശനയും തമ്മിൽ പ്രണയമാണ് എന്ന് ഹൈലറ്റ് ചെയ്താണ് ഞങ്ങൾ കൊടുത്തതെങ്കിൽ ശരി. ഞങ്ങൾ വളച്ചൊടിച്ചെന്നു പറയാം. എന്നാൽ അതിനകത്ത് തന്നെ സൗഹൃദമാണ് എന്ന് പറയുന്നുണ്ടല്ലോ. പിന്നെ ബെസ്റ്റ് ഫ്രണ്ട് എന്ന് വിളിക്കില്ല, ബെസ്റ്റിയസ്റ്റ് ഫ്രണ്ട് എന്നെ വിളിക്കൂ എന്നൊക്കെ പറയുന്നതിൽ എനിക്കൊന്നും പറയാനില്ല.' ഇത്രയുമാണ് ലേഖിക പ്രതികരിച്ചത്.

നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന ലക്ഷ്മി പത്മകുമാറിന്റെ നിലപാടിനെ കുറിച്ച് അഴിമുഖം പ്രതികരണമാരഞ്ഞപ്പോഴാണ് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് റോഷൻ പറഞ്ഞത്. കുറച്ചുകഴിയട്ടെ, വേറൊരു തിരിക്കിലാണെന്നായിരുന്നു റോഷന്റെ പ്രതികരണം. ഇന്ന് രാവിലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ലക്ഷ്മി പ്രേംകുമാർ താൻ നേരിടുന്ന സൈബർ ബുള്ളിയിംങിനെ കുറിച്ച് പ്രതികരിച്ചിരുന്നു.

ലക്ഷ്മി പ്രേംകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:-

സുഹൃത്തുക്കളെ

24 മണിക്കൂർ ആകുന്നു എന്നെയും കുടുംബത്തെയും സൈബർ കൂട്ടം വെട്ടി നിരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്....

സോഷ്യൽ മീഡിയയുടെ സാധ്യതകൾ അതി ഗംഭീരമായി ഉപയോഗിച്ച ഒരു സിനിമയിലെ നായകനെയും നായികയെയും അവതരിപ്പിക്കുമ്പോൾ അഭിമുഖം വാട്സ് ആപ്പ് ചാറ്റിന്റെ മാതൃകയിൽ കൊടുക്കുന്നതും ഫഹദിന് നന്ദി പറയുന്നതും 'മോഹൻലാൽ സാറും തുടക്കം വില്ലനായിട്ടായിരുന്നു' എന്ന നിർദോഷമായ വാചകം ഉൾപ്പെടുത്തുന്നതും ഒക്കെ (ഇവയെല്ലാം, യെസ്, അതേ എന്നൊക്കെ അഭിമുഖത്തിന്റെയും ഫോട്ടോ ഷൂട്ടിന്റെയും ഇടയിൽ നിങ്ങൾ തന്നെ സമ്മതിച്ചതാണ്) അത്ര വലിയ 'തെറ്റുകൾ' ആണെന്ന് ഇപ്പോഴാണ് മനസിലായത്!

ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. ഇന്റർവ്യൂവിൽ സംസാരിക്കുന്ന അതേ ഓർഡറിൽ അല്ല ഇന്നേ വരെ ഒരു അഭിമുഖവും അച്ചടിച്ചു വന്നിട്ടുള്ളത്. ആശയവും അർഥവും മാറാതെ സമാനമായ വാക്കുകളിൽ എഴുതുന്നു. അതാണല്ലോ തയാറാക്കിയത് എന്ന് പറഞ്ഞ് എഴുതിയ ആളിന്റെ ബൈലൈൻ കൊടുക്കുന്നത്.

ഇന്റർവ്യൂ അയച്ചു കൊടുത്ത് അനുവാദം വാങ്ങിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന് ഞാൻ പഠിച്ച ജേർണലിസം പാഠങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടുമില്ല.

ഞാൻ ചെയ്യുന്നത് താരങ്ങളുടെ പി ആർ. വർക്ക് അല്ല, ജേർണലിസം ആണെന്ന് എന്നും ഉറച്ചു വിശ്വസിക്കുന്നു.

നിങ്ങൾ പരിചയപെട്ടത് 8 വർഷം മുന്നേ ആണെന്ന് ഇപ്പോൾ പറയുന്നു. എന്നോട് പറഞ്ഞത് 9 വർഷം മുന്നേ ആണെന്ന്. മറ്റൊരു മീഡിയയിൽ പറഞ്ഞത് 10 വർഷം മുന്നേ എന്ന്. (ആ അഭിമുഖം neat intention എന്ന് പറഞ്ഞ് നിങ്ങൾ തന്നെ fb യിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്‌ക്രീൻ ഷോട്ട് ഇതോടൊപ്പം.) ഏതാണാവോ ശരി?

മുഖം ഇല്ലാത്തവരുടെ മനഃശാസ്ത്രം അറിയുന്നതുകൊണ്ട് ഒന്നും പറയണ്ട എന്ന് കരുതിയതാണ്. പക്ഷേ

ഇത്ര ബാലിശമായ കാര്യങ്ങൾക്ക് കഥയറിയാതെ കുറ്റപ്പെടുത്തിയവരോട് ചിലത് പറയണം എന്നു തോന്നി. അത്ര മാത്രം.

അഭിമുഖം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിൽ തിരുത്ത് വനിത മാസികയിലും ഫേസ് ബുക്കിലും വനിത ഓൺലൈനിലും കൊടുക്കാം എന്നു ബന്ധപ്പെട്ടവർ തന്നെ അറിയിച്ചതാണ്.

എന്നാൽ എന്റെ ഫേസ് ബുക്കിൽ നിന്ന് അനുവാദം ഇല്ലാതെ എന്റെ ഫോട്ടോ എടുത്തു ചേർത്ത്, അവർ തന്നെ എഴുതി തയാറാക്കിയ കുറിപ്പ് പ്രസിദ്ധീകരിക്കണം എന്നായിരുന്നു നിർബന്ധം പിടിച്ചത്...

സൈബർ ആക്രമണം നടത്താൻ സാഹചര്യം ഉണ്ടാക്കിയ, 'സാമൂഹിക പ്രതിബദ്ധത'യുള്ള നടൻ വനിത പ്രതിനിധിയോട് സംസാരിച്ച ഓഡിയോയിലെ ഭീഷണി ഇങ്ങനെ ആണ് , 'പരിചയം ഉള്ള ചില ആൾക്കാരോടും പേജസിനോടും അങ്ങനെ സോഷ്യൽ മീഡിയയിൽ റീച് ചെയ്യാവുന്ന ചിലരോടും കയ്യിൽ നിന്ന് കുറച്ചു പൈസ മുടക്കിയും അല്ലാതെയും ഞാൻ അത് അപ്ലോഡ് ചെയ്യും.......... ഇതൊക്കെ കഴിഞ്ഞിട്ട് ലക്ഷ്മിക്ക് ഡയറക്റ്റ്‌ലി 'ദ്രോഹം ചെയ്യണം' എന്ന് എനിക്ക് പേഴ്‌സണലി അതിയായി ആഗ്രഹം ഉണ്ട്...'

നിങ്ങൾ പറഞ്ഞ 'ദ്രോഹത്തിന്റെ ചെറിയൊരു ഭാഗമായി ആയി' എന്റെ ഫേസ് ബുക്ക് ലിങ്ക് എന്റെ അനുവാദം ഇല്ലാതെ പോസ്റ്റ് ചെയ്തതും കണ്ടു... മൂന്ന് മണിക്കൂർ സൈബർ കൂട്ടത്തിന് എടുക്കാൻ പാകത്തിൽ അതിട്ടു കഴിഞ്ഞു ഡിലീറ്റ് ചെയ്തതും കണ്ടു.

അദ്ദേഹത്തിന്റെ 'ദ്രോഹം' ഏതറ്റം വരെ പോവും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല, ഈ കുറിപ്പിനും സൈബർ സംഘങ്ങൾ ആക്രമണം ഉറപ്പായും നടത്തിയേക്കാം

സിനിമതാരങ്ങൾക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക് എതിരെ വനിതയിൽ സ്റ്റോറികൾ ചെയ്ത എനിക്ക് എതിരെ അതേ കൂട്ടത്തെ വച്ചു ഒളിയുദ്ധം നടത്തിയ കഴിവും അതു ഷെയർ ചെയ്തവരെയും ലൈക്ക് ചെയ്തവരെയും മൗനം പൂണ്ടവരെയും കണ്ടു.

എല്ലാവരോടും ഒന്നേ പറയാനുള്ളു,

സീ യു സൂൺ,

എന്നെ സ്‌നേഹിക്കുന്നവരും വിളിച്ചും മെസ്സേജ് അയച്ചും ആശ്വസിപ്പിച്ചവരും പറഞ്ഞതു പോലെ നിയമത്തിന്റെ വഴിയേ ഞാൻ പോവുന്നു. പൊലീസ് കേസും സൈബർ കേസും കൊടുക്കുന്നു. ബാക്കി എല്ലാം അവിടെ പറഞ്ഞോളാം.

Vanitha

(വിവിധ മാധ്യമങ്ങൾക്ക് ഇതേ വ്യക്തികൾ നൽകിയ ഇന്റർവ്യൂകളുടെ സ്‌ക്രീൻ ഷോർട്ടുകൾ ഇതിനൊപ്പം നൽകുന്നു )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP