Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിഡിപി സ്ഥാനാർത്ഥിയായി വാണി വിശ്വനാഥ് മത്സരിക്കുക ടിആർഎസിന്റെ എംഎൽഎ കൂടിയായ നടി റോജക്കെതിരെ; എൻടിആറിന്റെ നായികയായി 15-ാം വയസ്സിൽ അഭിനയിച്ച മലയാളി താരത്തിന് സാധാരണക്കാർക്കിടയിൽ വൻ ജനപ്രീതി: തെലുങ്കാനാ തിരഞ്ഞെടുപ്പ് മലയാളികളുടെ ഇഷ്ട വിഷയമാകുന്നത് ഇങ്ങനെ

ടിഡിപി സ്ഥാനാർത്ഥിയായി വാണി വിശ്വനാഥ് മത്സരിക്കുക ടിആർഎസിന്റെ എംഎൽഎ കൂടിയായ നടി റോജക്കെതിരെ; എൻടിആറിന്റെ നായികയായി 15-ാം വയസ്സിൽ അഭിനയിച്ച മലയാളി താരത്തിന് സാധാരണക്കാർക്കിടയിൽ വൻ ജനപ്രീതി: തെലുങ്കാനാ തിരഞ്ഞെടുപ്പ് മലയാളികളുടെ ഇഷ്ട വിഷയമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തെലുങ്കാന:  തെലുങ്കാനാ തെരഞ്ഞെടുപ്പ് മലയാളികൾക്കും ആവേശമായി മാറുന്നു. തെലുങ്കുദേശം പാർട്ടിയുടെ സ്ഥാനാർത്ഥിയായി മലയാളികളുടെ ആക്ഷൻ നായിക വാണി വിശ്വനാഥും തിരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നതാണ് മലയാളികൾക്കും ആവേശമായിരിക്കുന്നത്. ഒരുകാലത്ത് എൻടിആറിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ വാണി വിശ്വനാഥ് മത്സരിക്കുക വൈഎസ്ആർ കോൺഗ്രസിലെ എംഎൽഎ ആയ നടി റോജയ്‌ക്കെതിരെ ആയിരിക്കും.

ടിഡിപി വിട്ട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്ന റോജയെ എങ്ങനെയും തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻടിആറിന്റെ പഴയ കാല നായിക എന്ന നിലയിൽ പ്രശസ്തയായ വാണി വിശ്വനാഥിനെ തെലുഗു മക്കൾക്ക് മുന്നിൽ ടിഡിപി അവതരിപ്പിക്കുന്നത്. റോജ എംഎൽഎ ആയ നഗരി മണ്ഡലത്തിൽ ടിഡിപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആലോചിക്കുന്നതായാണു വാണി അറിയിച്ചത്. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

ചന്ദ്രബാബു നായിഡുവിന്റെ നേതൃപാടവമാണ് ഇപ്പോൾ ടിഡിപിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് വാണി വിശ്വനാഥ് പറയുന്നു. തൊണ്ണൂറുകളിലെ പ്രണയ നായികയായിരുന്ന റോജ, 1999-ൽ തെലുങ്കു ദേശം പാർട്ടിയിലൂടെയാണു രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് ചന്ദ്രബാബു നായിഡുവുമായി പിണങ്ങി വൈഎസ്ആർ കോൺഗ്രസിലെത്തി. തന്റെ കടുത്ത വിമർശകയായ റോജയെ എന്തുവില കൊടുത്തും തോൽപ്പിക്കുകയാണു നായിഡുവിന്റെ ലക്ഷ്യം. തെലുങ്കിൽ ഏറെ ആരാധകരുള്ള വാണി വിശ്വനാഥ് റോജയ്ക്കു യോജിച്ച എതിരാളിയാകുമെന്നാണു ടിഡിപിയുടെ കണക്കു കൂട്ടൽ.

തെലുങ്കുദേശം പാർട്ടി നേതൃത്വം വാണിയുമായി പലതവണ ചർച്ച നടത്തിയിരുന്നു. പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിൽ ഇന്നലെയാണ് മത്സരിക്കാമെന്ന് വാണി ടിഡിപി അണികൾക്ക് വാക്കു നല്ഡകുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പർ താരവും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി.റാമറാവുവിന്റെ നായികയായി പതിനഞ്ചാം വയസ്സിലാണു വാണി വിശ്വനാഥ് അഭിനയിച്ചത്. എൻടിആർ രാഷ്ട്രീയത്തലേക്കു ക്ഷണിച്ചെങ്കിലും അന്നു സിനിമ മാത്രമായിരുന്നു മനസ്സിലെന്ന് വാണി പറയുന്നു.

എൻ.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഒരാൾ എന്ന പേരുമായാണ് നടി വാണി വിശ്വനാഥ് തെലങ്കാനയുടെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഒരുകാലത്ത് തെലുങ്കു സിനിമയിൽ തിളങ്ങിനിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് നേതൃത്വം വാണിയുമായി ചർച്ച നടത്തിയതായിട്ടുള്ള വാർത്തകൾ പുറത്തുവരുന്നതും.

1992 ൽ പുറത്തിറങ്ങിയ 'സമ്രാട്ട് അശോക' എന്ന ചിത്രത്തിൽ അശോകചക്രവർത്തിയായി എൻടിആർ കിരീടമണിഞ്ഞപ്പോൾ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. തെലുങ്കുദേശത്തിൽ സജീവമായിരുന്ന നടി റോജ വൈഎസ്ആർ കോൺഗ്രസിലേക്കു ചേക്കേറിയതും വാണിയുടെ സാധ്യത വർധിപ്പിക്കുന്നതായാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിൽ തെലങ്കാനയിൽ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎൽഎമാരിൽ പലരും പാർട്ടിയിൽ നിന്നു കൂറുമാറി. തെലങ്കാനയിൽ ടിഡിപിയുടെ സാന്നിധ്യം ശക്തമായി ഉണ്ടെന്ന വിലയിരുത്തലിലാണു പാർട്ടി.

തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. ശോഭാ നാഗിറെഡ്ഡിയുടെ മരണത്തോടെ വൈഎസ്ആർ കോൺഗ്രസിലെ മുൻനിര നേതാവായി മാറിയ റോജ ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ ഏറ്റവും വലിയ വിമർശകയുമാണ്.ആക്ഷൻ ഹീറോയിനെയിറക്കി റോജയെ ഏതു വിധത്തിലും ഒതുക്കാനാണ് നായിഡു തീരുമാനിച്ചിട്ടുള്ളത് . 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാണിയിലൂടെ വനിതാ വോട്ടുകൾ സമാഹരിക്കാമെന്നാണ് തെലുങ്കുദേശത്തിന്റെ കണക്കുകൂട്ടൽ.

ജയിച്ചാൽ വാണി ആന്ധ്രാ മന്ത്രിയാകുമെന്നും സൂചനയുണ്ട്. 46കാരിയായ വാണി ഇപ്പോഴും തെലുങ്കിൽ ഏറെ താരമൂല്യമുള്ള നടിയാണ്. അടുത്തിടെ 'ജയ ജാനകി നായക' എന്ന സിനിമയിൽ നാലു സീനിൽ അഭിനയിക്കുന്നതിന് വാണിക്ക് കിട്ടിയ പ്രതിഫലം 40 ലക്ഷം രൂപയായിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP