Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

വണ്ടിപെരിയാറിലെ 'നേര്' തെളിയിക്കാൻ അഡ്വ രാജേഷ് എം മേനോന് സർക്കാർ അവസരമൊരുക്കില്ല; ഹൈക്കോടതിയിൽ പ്രാക്ടീസില്ലെന്ന ന്യായത്തിൽ ഒഴിവാക്കൽ; സ്വന്തം നിലയിൽ വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?

വണ്ടിപെരിയാറിലെ 'നേര്' തെളിയിക്കാൻ അഡ്വ രാജേഷ് എം മേനോന് സർക്കാർ അവസരമൊരുക്കില്ല; ഹൈക്കോടതിയിൽ പ്രാക്ടീസില്ലെന്ന ന്യായത്തിൽ ഒഴിവാക്കൽ; സ്വന്തം നിലയിൽ വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടുക്കി, വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബം ആവശ്യപ്പെട്ട അഭിഭാഷകനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കാനാവില്ലെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) നിലപാട് എടുക്കുന്നതിന് പിന്നിൽ രാഷ്ട്രീയമെന്ന ചർച്ച സജീവം. കുട്ടിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിലാണു ഡി.ജി.പി. ഇക്കാര്യം വ്യക്തമാക്കിയത്. തെളിവുകളുടെ അഭാവത്തിൽ പ്രതി അർജുനെ വിട്ടയച്ച വിചാരണക്കോടതി വിധിക്കെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സ്പെഷൽ ഗവ. പ്ലീഡർ അംബികാദേവി ഹാജരാകും.

തങ്ങൾക്കു താത്പര്യമുള്ള അഭിഭാഷകനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു കുടുംബം മുഖ്യമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പിയുമായി ചർച്ചചെയ്ത് തീരുമാനിക്കാമെന്നാണു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ, കുട്ടിയുടെ കുടുംബം നിർദേശിച്ച അഡ്വ. രാജേഷ് എം. മേനോൻ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഡി.ജി.പി. ആവശ്യം നിരസിച്ചത്. അഡ്വ രാജേഷ് എം മേനോൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത പാലക്കാട്ടെ പ്രമുഖനാണ്. ഇരകൾക്കായി നീതിയൊരുക്കുന്ന അഭിഭാഷകൻ. വണ്ടിപ്പെരിയാറിൽ രാഷ്ട്രീയം ചർച്ചകളിലുണ്ട്. ആ രാഷ്ട്രീയത്തെ ജയിപ്പിക്കാനാണ് രാജേഷ് എം മേനോനെ അകറ്റുന്നതെന്നാണ് സൂചന. അതിനിടെ സ്വന്തം നിലയിൽ അഡ്വ രാജേഷ് എം മേനോനെ നിയോഗിക്കുന്നതും കുടുംബത്തിന്റെ ആലോചനയിലുണ്ട്.

കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണു ഡി.ജി.പി. കുട്ടിയുടെ കുടുംബത്തെ അറിയിച്ചത്. കേസിൽ പട്ടികജാതി പീഡനനിരോധന നിയമം ചുമത്താൻ കഴിയില്ലെന്നാണു പൊലീസ് നിലപാട്. കുടുംബം ഇക്കാര്യം ഹൈക്കോടതിയിൽ ചോദ്യംചെയ്യും. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ 2021 ജൂൺ 30-നാണ് ആറുവയസുകാരിയെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്നു വൈദ്യപരിശോധനയിൽ വ്യക്തമായി. എന്നാൽ, പൊലീസ് പ്രതിചേർത്ത വണ്ടിപ്പെരിയാർ സ്വദേശി അർജുനെതിരേ ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷനു കോടതിയിൽ തെളിയിക്കാനായില്ല.

അട്ടപ്പാടി മധു വധം, വാളയാർ കേസുകളിൽ ഹാജരായ അഡ്വ. രാജേഷ് എം. മേനോനെ വണ്ടിപ്പെരിയാർ പീഡനക്കേസിലും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ രംഗത്ത് വരുന്നത് അഭിഭാഷകനിൽ വിശ്വാസം അർപ്പിച്ചായിരുന്നു. ഇരകൾക്ക് വേണ്ടി നീതിക്കായി തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തി വാദിക്കുന്ന അഭിഭാഷകനാണ് അഡ്വ രാജേഷ് എം മേനോൻ. വണ്ടിപ്പെരിയാറിൽ പ്രതിസ്ഥാനത്ത് സിപിഎം പ്രാദേശിക നേതൃത്വമാണ്. അതുകൊണ്ട് തന്നെ രാജേഷ് എം മേനോനെ പോലൊരു അഡ്വക്കേറ്റിനെ സർക്കാർ വാദത്തിനായി നിയോഗിക്കുമോ എന്നത് ആശങ്കയായി ഉയർന്നിരുന്നു. അത് സ്ഥിരീകരിക്കപ്പെടുകയാണ് ഇപ്പോൾ.

നേര് സിനിമ ചർച്ചയാകുന്ന കാലമാണ് ഇത്. പീഡന കേസിൽ കോടതി മുറികളിൽ തെളിവുകൾ എല്ലാ അർത്ഥത്തിലും ചർച്ചയാക്കി ഇരയ്ക്ക് നീതിയൊരുക്കിയ കഥാപാത്രമാണ് നേര് സിനിമയിലെ വിജയമോഹൻ എന്ന വക്കീൽ. മോഹൻലാൽ തകർത്ത് അഭിനയിച്ച് കൈയടി നേടിയ സിനിമ. ഈ സിനിമയിലെ വിജയമോഹന് സമാനമാണ് അഡ്വ രാജേഷ് എം മേനോന്റെ രീതികളും. തെളിവുകളും സാഹചര്യവും ശാസ്ത്രീയ വസ്തുതകളും അടിസ്ഥാനമാക്കി പ്രതിയിലേക്ക് ശിക്ഷ എത്തിക്കുന്ന വക്കീൽ. ആർക്കും വഴങ്ങാത്ത രാഷ്ട്രീയത്തിന് അപ്പുറം ഇരകൾക്ക് വേണ്ടി ചിന്തിക്കുന്ന വക്കീൽ. അതുകൊണ്ടാണ് വണ്ടിപ്പെരിയാറിലും ആ കുടുംബത്തിന്റെ പ്രതീക്ഷയായി രാജേഷ് എം മേനോൻ മാറിയത്.

പാലക്കാട് ബാറിലെ പ്രമുഖ ക്രിമിനൽ അഭിഷാകണാണ് അഡ്വ രാജേഷ് എം മേനോൻ. അട്ടപ്പാടിയിലും വാളയാറിലും രാജേഷ് എത്തിയത് പാലക്കാട്ടെ പേരും പെരുമയും വിശ്വാസ്യതയും അടിസ്ഥാനമാക്കിയാണ്. എന്നാൽ ഇപ്പോൾ ജില്ലയ്ക്ക് അപ്പുറത്തും രാജേഷിന്റെ വാദത്തിനും പ്രതിരോധത്തിനുമായുള്ള ആവശ്യം ശക്തമാകുന്നതിന് തെളിവാണ് വണ്ടിപ്പെരിയാർ കേസ്. ഇവിടെ പ്രതിയെ കോടതി വെറുതെ വിട്ടു. അപ്പോഴും കൊലപാതകമാണ് സംഭവിച്ചതെന്നും തെളിവുകൾ നിരത്തുന്നതിലെ വീഴ്ചയാണ് കാരണമെന്നും കോടതി പറയുന്നു. ഈ സാഹചര്യത്തിലാണ് നല്ലൊരു പ്രോസിക്യൂട്ടറുണ്ടെങ്കിൽ കേസ് ജയിക്കാമെന്ന് കുടുംബം വിശ്വസിക്കുന്നത്. പുനരന്വേഷണവും പുനർവിചാരണയിലും നീതിയൊരുക്കാൻ രാജേഷിന് കഴിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

അട്ടപ്പാടി മധു വധക്കേസിൽ പ്രതിസന്ധികൾ തുടരെ തുടരെ മധുവിന്റെ കുടുംബത്തെ വേട്ടയാടിയപ്പോൾ അവരുടെ ഏക പ്രതീക്ഷയായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ രാജേഷ് എം മേനോൻ. അത് വെറുതെയായതുമില്ല. തുടക്കം മുതൽ ആത്മവിശ്വാസത്തോടെ തളരാതെ മധുവിന് നീതി നേടിക്കൊടുക്കാൻ മുൻനിരയിലുണ്ടായിരുന്ന പേരാണ് രാജേഷ് എം മേനോന്റേത്. അഡ്വ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം മേനോനെ നിയമിച്ചത്. അഡീഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു രാജേഷ് എം മേനോൻ. പ്രതികൾക്ക് ശിക്ഷയും കിട്ടി. പിന്നാലെ വാളയാർ കേസിലും നീതിയൊരുക്കാൻ നിയോഗിക്കപ്പെട്ടു. അതും ഇരയുടെ കുടുംബങ്ങളുടെ നിർദ്ദേശം കൂടി പരിഗണിച്ച്.

ഈ സാഹചര്യത്തിലാണ് വണ്ടിപ്പെരിയാറിലും അഡ്വ രാജേഷ് എം മേനോൻ ചർച്ചകളിൽ എത്തിയത്. സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചതിനാൽ തങ്ങൾക്ക് വിശ്വാസമുള്ളയാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് രേഖാമൂലം മുഖ്യമന്ത്രിയോട് കുടുംബം ആവശ്യപ്പെട്ടത്. അഡ്വ. രാജേഷ് എം. മേനോനെയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഇതോടൊപ്പം വാക്കാൽ അറിയിക്കുകയായിരുന്നു. ഡി.ജി.പി.യോട് ആലോചിച്ച് മറുപടിപറയാമെന്നായിരുന്നു മറുപടി. വണ്ടിപ്പെരിയാറിൽ സിപിഎം പ്രതിക്കൂട്ടിലാണ്. അതുകൊണ്ട് തന്നെ പല തലത്തിൽ ആലോചിച്ച് മാത്രമേ അഡ്വ രാജേഷ് എം മേനോനെ സർക്കാർ ചുമലത ഏൽപ്പിക്കൂവെന്ന വിലയിരുത്തൽ എത്തി. അതാണ് സംഭവിക്കുന്നതും.

മധു വധക്കേസിലെ വിചാരണയും ശിക്ഷാനടപടികളും അറിയാനിടയായിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ ആവശ്യപ്പെടുന്നതെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു. കേസിൽ കോടതി വെറുതേവിട്ട പ്രതിയുടെ ബന്ധുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അദ്ദേഹം ആശുപത്രി വിട്ടശേഷമാണ് ഡി.ജി.പി.യെ നേരിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP