Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരക്ഷാ ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തമൊഴിവാക്കി; വണ്ടാനത്തും കുറ്റം ബ്ലീച്ചിങ് പൗഡറിന്; രണ്ടു തീപിടിത്തമുണ്ടായിട്ടും മിണ്ടാതിരുന്നവർക്കെതിരെ ആരും നടപടിയും എടുക്കില്ല; കത്തി പോകുന്നത് അഴിമതി മുതൽ തന്നെ; കാരണം അവ്യക്തമെന്ന് ഫയർഫോഴ്‌സ്; ബ്ലീച്ചിങ് പൗഡർ കത്തുന്ന വസ്തുവല്ലെന്നും വിദഗ്ദ്ധർ; വണ്ടാനത്തും സർവ്വത്ര ദുരൂഹത  

സുരക്ഷാ ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തമൊഴിവാക്കി; വണ്ടാനത്തും കുറ്റം ബ്ലീച്ചിങ് പൗഡറിന്; രണ്ടു തീപിടിത്തമുണ്ടായിട്ടും മിണ്ടാതിരുന്നവർക്കെതിരെ ആരും നടപടിയും എടുക്കില്ല; കത്തി പോകുന്നത് അഴിമതി മുതൽ തന്നെ; കാരണം അവ്യക്തമെന്ന് ഫയർഫോഴ്‌സ്; ബ്ലീച്ചിങ് പൗഡർ കത്തുന്ന വസ്തുവല്ലെന്നും വിദഗ്ദ്ധർ; വണ്ടാനത്തും സർവ്വത്ര ദുരൂഹത   

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനത്തെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിലെ തീപ്പിടിത്തത്തിനു ക്ലീൻ ചിറ്റ് നൽകി കേരളാ പൊലീസ്. തീ പിടിത്തത്തിന് പിന്നിൽ അട്ടിമറിസാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പുറത്തുനിന്നാരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഉറപ്പായതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതീകരണത്തിൽ തകരാറില്ലെന്നാണ് സംഭവസ്ഥലം പരിശോധിച്ച ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അധികൃതർ പറഞ്ഞത്. കത്തിയതും കത്താത്തതുമായ ബ്ലീച്ചിങ് പൗഡർ സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവിടേയും പഴി ബ്ലീച്ചിങ് പൗഡറിനാകും. അതായതുകൊല്ലത്തും തിരുവനന്തപുരത്തും കത്തിയ അതേ ബ്ലീച്ചിങ് പൗഡർ വണ്ടാനത്തും കത്തിയെന്ന് സാരം.

ഒരാഴ്ചയ്ക്കിടെ രണ്ട് വൻതീപിടിത്തങ്ങളുണ്ടായിട്ടും ഒരു അഗ്‌നിരക്ഷാസേന ജീവനക്കാരന്റെ ജീവൻ നഷ്ടമായിട്ടും സർക്കാർ സംവിധാനങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല. ഇതിന്റെ ബാക്കി പത്രമാണ് വണ്ടാനത്തെ തീ പിടിത്തം. അതുകൊണ്ട് തന്നെയാണ് ദുരൂഹത സംശയിക്കുന്നത്. ദുരൂഹത ഇല്ലെന്ന് പൊലീസ് പറയുമ്പോഴും വണ്ടാനത്തെ മേരുന്നുസംഭരണശാലയിൽ തീപിടിത്തമുണ്ടായതിന്റെ കാരണം അവ്യക്തമെന്ന് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക റിപ്പോർട്ട് വിശദീകരിക്കുന്നു. ബ്ലീച്ചിങ് പൗഡറിന് സ്വയം തീപിടിക്കുമോ എന്നതു സംബന്ധിച്ചു വിദഗ്ധ അഭിപ്രായം തേടണമെന്നും സംസ്ഥാന അഗ്‌നിരക്ഷാ സേന മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ച മുറിയിൽ വായുസഞ്ചാരം കുറവായിരുന്നു. ബ്ലീച്ചിങ് പൗഡറിൽ ക്ലോറിന്റെ അളവ് കൂടുതലുമാണ്. തീ പെട്ടെന്നു പടരാൻ ഇതെല്ലാം കാരണമാണെങ്കിലും തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരാനുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ശനിയാഴ്ച തന്നെ അഗ്‌നിരക്ഷാസേന തീപിടിത്തം സംബന്ധിച്ചു അന്വേഷണം ആരംഭിച്ചിരുന്നു.

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിനു പടിഞ്ഞാറ് തീവണ്ടിപ്പാളത്തിനടുത്തുള്ള കെട്ടിടത്തിന് ശനിയാഴ്ച പുലർച്ചേ രണ്ടോടെയാണ് തീപിടിച്ചത്. ആലപ്പുഴയിലെ വിവിധ ആശുപത്രികളിലേക്കു വിതരണംചെയ്യാനുള്ള 60 ടൺ ബ്ലീച്ചിങ് പൗഡറാണ് രണ്ടുമുറികളിലായി സൂക്ഷിച്ചിരുന്നത്. അതിൽ പകുതി കത്തിനശിച്ചു. ഓട്ടോമാറ്റിക് അഗ്‌നിരക്ഷാസംവിധാനം പ്രവർത്തിച്ചതുമൂലം മരുന്നുസംഭരണശാലയ്ക്കു തീപിടിച്ചില്ല. കോടികളുടെ മരുന്നാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്. ബ്ലീച്ചിങ് പൗഡറിനൊപ്പം പിപിഇ കിറ്റുകളും മറ്റും കത്തിയതായും സൂചനകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണമൊന്നും ആരോഗ്യ വകുപ്പ് നൽകുന്നില്ല.

സംഭവസമയത്ത് ഒരു സുരക്ഷാജീവനക്കാരൻ മാത്രമാണ് വിശാലമായ സമുച്ചയത്തിലുണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തമൊഴിവാക്കി. കൊല്ലം, തിരുവനന്തപുരം ഗോഡൗണുകൾക്കു പിന്നാലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആലപ്പുഴയിലെ കെട്ടിടത്തിലും തീപ്പിടിത്തമുണ്ടായതാണ് ദുരൂഹതകൾക്കിടയാക്കിയത്. കെഎംഎസ്സിഎൽ ജനറൽ മാനേജർ ഡോ.എ.ഷിബുലാൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ബ്ലീച്ചിങ് പൗഡറാണു തീപിടിത്തത്തിനു കാരണമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ രാസപദാർഥങ്ങളുടെ സ്വഭാവം സംബന്ധിച്ച ആധികാരിക രേഖയായ മെറ്റീരിയൽ സേഫ്റ്റി ഡേറ്റ ഷീറ്റിൽ സ്വയം തീപിടിക്കുന്ന വസ്തുക്കളുടെ പട്ടികയിൽ ബ്ലീച്ചിങ് പൗഡർ ഇല്ല. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നു.

30,000 കിലോ ബ്ലീച്ചിങ് പൗഡറാണു കത്തിനശിച്ചത്. കെട്ടിടത്തിന്റേതടക്കം 16.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിനു പടിഞ്ഞാറ് തീവണ്ടിപ്പാളത്തിനടുത്തുള്ള കെട്ടിടത്തിനു ശനിയാഴ്ച പുലർച്ചേ രണ്ടോടെയാണു തീപിടിച്ചത്. തീയുംപുകയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം തുടങ്ങിയത്. അഗ്‌നിരക്ഷാസേന ആലപ്പുഴ നിലയത്തിലെ മൂന്നു യൂണിറ്റുകളെത്തി രണ്ടേമുക്കാലോടെ തീ നിയന്ത്രണവിധേയമാക്കി. ബ്ലീച്ചിങ് പൗഡർ കത്തിയതുമൂലമുണ്ടായ പുകയും രൂക്ഷഗന്ധവും രക്ഷാപ്രവർത്തനത്തിനെത്തിയവരെ വലച്ചു.

ആലപ്പുഴയിലെ വിവിധ ആശുപത്രികളിലേക്കുള്ള 60 ടൺ ബ്ലീച്ചിങ് പൗഡറാണു രണ്ടുമുറികളിലായി സൂക്ഷിച്ചിരുന്നത്. കത്തിയ മുറിയുടെ ഷട്ടറുകൾ തെറിച്ച് പ്രധാന സംഭരണശാലയിലേക്കുവീണു. കെട്ടിടത്തിനു പുറത്തുള്ള എയർകണ്ടീഷണറുകളിലേക്കും തീപടർന്നു. കൊല്ലം ഉളിയക്കോവിൽ, തിരുവനന്തപുരം മേനംകുളം ഗോഡൗണുകളിൽ ദിവസങ്ങളുടെ ഇടേവളയിലുണ്ടായ തീപിടിത്തങ്ങൾക്കു പിന്നാലെ,ആലപ്പുഴ വണ്ടാനത്തെ കെ.എം.എസ്.സി.എൽ. ഗോഡൗണും കത്തിനശിക്കുകയായിരുന്നു. ഒരാളുടെ മരണത്തിനിടയാക്കിയ തിരുവനന്തപുരം തീപിടിത്തത്തിനു പിന്നാലെ, കെ.എം.എസ്.സി.എൽ. േഗാഡൗണുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയും ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പിന്റെ പരിശോധനകളും പ്രഹസനമായി. രണ്ടുദിവസം മുമ്പ് അഗ്‌നിസുരക്ഷാപരിശോധന നടന്ന ഗോഡൗണാണ് ഇന്നലെ കത്തിയമർന്നത്.

കൊല്ലത്തിനു പിന്നാലെ തിരുവനന്തപുരത്തും കെ.എം.എസ്.സി.എൽ. ഗോഡൗണിനു തീപിടിത്തമുണ്ടായപ്പോൾതന്നെ പ്രതിപക്ഷം അട്ടിമറിയാരോപിച്ച് രംഗത്തെത്തിയിരുന്നു. കോവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നെന്ന കേസിൽ തെളിവെടുപ്പ് നടക്കാനിരിക്കേയാണു കെ.എം.എസ്.സി.എൽ. ഗോഡൗണുകളിൽ തുടർച്ചയായി തീപിടിത്തമുണ്ടാകുന്നത്. തിരുവനന്തപുരം തീപിടിത്തത്തിനു പിന്നാലെ കഴിഞ്ഞദിവസം കെ.എം.എസ്.സി.എൽ. വെബ്സൈറ്റ് പ്രവർത്തനരഹിതമായിരുന്നു. തൊട്ടടുത്ത ദിവസമാണു വണ്ടാനത്തും തീപിടിത്തമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP