Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നൃത്തച്ചുവടുകളിൽ പരിമിതികൾ മറികടന്ന വന്ദനയ്ക്ക് മാംഗല്യം; കാര്യാട്ടുമഠത്തിൽ എൻ. ഉദയകുമാർ ഇനി വന്ദനയുടെ നല്ല പാതി

നൃത്തച്ചുവടുകളിൽ പരിമിതികൾ മറികടന്ന വന്ദനയ്ക്ക് മാംഗല്യം; കാര്യാട്ടുമഠത്തിൽ എൻ. ഉദയകുമാർ ഇനി വന്ദനയുടെ നല്ല പാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതുകാലിൽ ചിലങ്കകെട്ടി പരിമിതികളെ വെല്ലുവിളിച്ച് വിജയംകണ്ട വന്ദന ഇനി വിവാഹജീവിതത്തിലേക്ക്. പേരൂർക്കട പുതുവൽ പുത്തൻ വീട്ടിലെ വി.ആർ. വന്ദനയ്ക്ക് ജന്മനാ ഇടതുകാൽ മാത്രമേയുള്ളു. അത് പരിമിതിയല്ലെന്നു തിരിച്ചറിഞ്ഞ് ധൈര്യപൂർവം എട്ടാം വയസ്സിൽ നൃത്തലോകത്തെത്തി. ഇന്ന് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചുപ്പുടിയിലും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. വ്യാഴാഴ്ചയാണ് വന്ദനയുടെ വിവാഹം. കൊല്ലം പട്ടാഴി നടുത്തേരി, കാര്യാട്ടുമഠത്തിൽ എൻ .ഉദയകുമാറാണ് ഇനി വന്ദനയുടെ ചുവടുകൾക്ക് താങ്ങാകുക. കൊല്ലം അഞ്ചാലുംമൂട് പനയം ദേവീക്ഷേത്രത്തിലെ ശാന്തിക്കാരനാണ് ഉദയകുമാർ.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും കൊമേഴ്‌സിൽ ബിരുദം നേടിയിട്ടുണ്ട് വന്ദന. ഇപ്പോൾ നൃത്തം പ്രൊഫഷനാക്കി മുന്നോട്ടുപോകുന്നു. വിദേശത്തടക്കം നിരവധി വേദികളിൽ ഡാൻസ് അവതരിപ്പിച്ചുകഴിഞ്ഞു. നേമം സന്തോഷിന്റെ കീഴിൽ ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം നേരിട്ടഭിനന്ദിച്ചതാണ് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമെന്ന് വന്ദന പറയുന്നു. ജയ്പുർ കാലുമായി നൃത്തലോകം കീഴടക്കിയ നടി സുധാ ചന്ദ്രനാണ് വന്ദനയുടെ റോൾ മോഡൽ. ഒരു ചാനൽ ഷോയ്ക്കിടെ വന്ദനയെക്കണ്ട സുധയും മനം നിറഞ്ഞ് അഭിനന്ദിച്ചു. നടൻ പ്രഭുദേവയും വന്ദനയെ നേരിട്ടഭിനന്ദിച്ചിട്ടുണ്ട്.

അടുത്തിടെയിറങ്ങിയ എൽ.ബി.ഡബ്ല്യു എന്ന സിനിമയിൽ നായികയായും വന്ദന അഭിനയിച്ചു. പരിമിതികളെ മറികടന്ന് വന്ദനയെ ഇത്രയുംകാലം മുന്നോട്ടു നടത്തിയത് മാതാപിതാക്കളായ രവീന്ദ്രനും വത്സലയുമാണ്. കൂലിപ്പണിക്കാരനാണ് രവീന്ദ്രൻ. ജോലിക്കിടെയുണ്ടായ ഒരു വീഴ്ചയെത്തുടർന്ന് രവീന്ദ്രന് ഇപ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. സ്ഥിരമായി ജോലിക്ക് പോകാനാകുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് മകളുടെ വിവാഹം വരുന്നത്. സുമനസ്സുകളുടെ സഹായം അവർക്ക് തുണയാകുന്നുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15നും 12.45നും മദ്ധ്യേ കുടപ്പനക്കുന്ന് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP