Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യപ്പൻ ക്ഷമിക്കട്ടെ! ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ നിന്നത് അറിവില്ലായ്മ കൊണ്ട്; പടി കയറുന്നത് ഒഴിവാക്കാമായിരുന്നു; സംഘർഷം നിയന്ത്രിക്കാനാണ് പതിനെട്ടാം പടിയിൽ നിന്നത്; ആചാരലംഘനം തുറന്നുസമ്മതിച്ച് വത്സൻ തില്ലങ്കേരി; തന്ത്രി നിർദ്ദേശിച്ച പരിഹാര ക്രിയ ചെയ്തുവെന്നും ആർഎസ്എസ് നേതാവ്; സംഘർഷഭരിതമായ മണിക്കൂറുകൾക്ക് ശേഷം ചിത്തിര ആട്ടപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു; മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക വൃശ്ചികം ഒന്നിന്

അയ്യപ്പൻ ക്ഷമിക്കട്ടെ! ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ നിന്നത് അറിവില്ലായ്മ കൊണ്ട്; പടി കയറുന്നത് ഒഴിവാക്കാമായിരുന്നു; സംഘർഷം നിയന്ത്രിക്കാനാണ് പതിനെട്ടാം പടിയിൽ നിന്നത്; ആചാരലംഘനം തുറന്നുസമ്മതിച്ച് വത്സൻ തില്ലങ്കേരി; തന്ത്രി നിർദ്ദേശിച്ച പരിഹാര ക്രിയ ചെയ്തുവെന്നും ആർഎസ്എസ് നേതാവ്; സംഘർഷഭരിതമായ മണിക്കൂറുകൾക്ക് ശേഷം ചിത്തിര ആട്ടപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു; മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക വൃശ്ചികം ഒന്നിന്

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല:ശബരിമലയിൽ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതിലെ ആചാരലംഘനം തുറന്നുസമ്മതിച്ച് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. അറിവില്ലായ്മ കൊണ്ടാണ് ആചാരം ലംഘിച്ചത്. ഇതിന് തന്ത്രി കണ്ഠര് രാജീവര് പരിഹാരക്രിയ നിർദ്ദേശിച്ചു. പരിഹാര ക്രിയ താൻ പൂർത്തിയാക്കിയെന്നും തില്ലങ്കേരി വിവിധ ടെലിവിഷൻ ചാനൽ ചർച്ചകളിൽ പറഞ്ഞു.

ഇരുമുടിക്കട്ടില്ലാതെ പതിനെട്ടാം പടിയിൽ നിന്നത് അറിവില്ലായ്മ കൊണ്ടാണ്. പടി കയറുന്നത് ഒഴിവാക്കാമായിരുന്നു. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പ്രകോപിതരായ വിശ്വാസികളെ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. പതിനെട്ടാംപടിക്ക് താഴെ ഒരുപൊലീസുകാരൻ പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവരര് പറഞ്ഞു. ആചാരങ്ങൾ പ്രകാരം തന്ത്രിക്കും മേൽശാന്തിക്കും പന്തളം രാജകുടുംബത്തിനും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേൽപ്പറഞ്ഞവർ അല്ലാത്ത ആരെങ്കിലും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയാൽ ആചാരലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് പരാതി വന്നാൽ ആവശ്യമായ പരിഹാരക്രിയകൾ നടത്തുമെന്നും തന്ത്രി അറിയിച്ചു. അതേസമയം, ഏത് വിധത്തിലുള്ള പരിഹാരക്രിയകളാണ് നടത്തുമെന്നുള്ള കാര്യം ഇപ്പോൾ വിശദീകരിക്കാനാവിലെന്നും തന്ത്രി വ്യക്തമാക്കി. അതിനിടെ, സംഘർഷഭരിതമായ 24 മണിക്കൂറിന് ശേഷം ചിത്തിരആട്ടവിശേഷ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി നട അടച്ചു. രാത്രി 10 മണിയോടെ ഹരിവരാസനം കൂട്ടായി പാടി നട അടയ്ക്കുമ്പോൾ സന്നിധാനം പൊതുവെ ശാന്തമായിരുന്നു.

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ആചാരലംഘനം നടത്തിയതായാണ് നേരത്തെ ആരോപണം ഉയർന്നിരുന്നത്. ആർഎസ്എസ് നേതാവ് ആചാരംഘനം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇരുമുടിക്കെട്ടില്ലാതെ വത്സൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പുറമെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർദാസും ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിൽ കയറിയെന്നും ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ മേൽശാന്തിക്കൊപ്പം പതിനെട്ടാംപടിയിൽ കയറുകയും ഇറങ്ങുകയും ചെയ്തുവെന്നാണ് ശങ്കർദാസിനെതിരെയുള്ള ആരോപണം.

സ്ത്രീകളെ ഭക്തർ തടഞ്ഞതോടെ പൊലീസ് വലിയ പ്രതിസന്ധിയിലായി. ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടു വരികയും ചെയ്തു. ഇതോടെയാണ് കൂടിയ ഭക്തരെല്ലാം സന്നിധാനം സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. ഇതോടെ പൊലീസ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഇവിടേക്ക് തില്ലങ്കേരി എത്തുകയായിരുന്നു, സംഘർഷം അതിരുവിട്ടപ്പോൾ വത്സൻ തില്ലങ്കേരി പൊലീസിന്റെ മെഗാ ഫോൺ ഉപയോഗിച്ച് സന്നിധാനത്ത് കാര്യങ്ങൾ നിയന്ത്രിക്കുന്ന കാഴ്ചയാണ് കണ്ടത്. ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികളെ പൊലീസ് തന്നെ തടയും എന്നാണ് വത്സൻ തില്ലങ്കേരി പറഞ്ഞത്. അമ്പത് കഴിഞ്ഞ സ്ത്രീകളെ പോലും തടയുന്ന സാഹചര്യം ആയിരുന്നു ഉണ്ടായത്. സ്ത്രീകൾക്ക് നേരെ പ്രതിഷേധക്കാർ പാഞ്ഞടുക്കുന്ന കാഴ്ചയും കണ്ടു. ഈ സാഹചര്യത്തിൽ ആയിരുന്നു വത്സൻ തില്ലങ്കേരി പൊലീസിന്റെ മെഗാ ഫോണും കൈയിലെടുത്ത് അനുയായികളോട് സംസാരിച്ചത്. കോളാമ്പി പിടിച്ചത് പൊലീസും. തൊട്ടുപിറകിൽ എല്ലാം അംഗീകരിച്ച് കൊല്ലം കമ്മീഷണറായ പികെ മധുവും ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് നേതാവാണ് വത്സൻ തില്ലങ്കേരി.

ഇവിടെ വന്നിട്ടുള്ളത് ഭക്തന്മാർ ആയിട്ടാണ്. ഇവിടെ ചില ആളുകൾ, അഞ്ച് പത്ത് ആളുകൾ, ഈ കൂട്ടത്തിൽ കുഴപ്പം ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ച് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തിൽ ആരും വീണുപോകാൻ പാടില്ലെന്നായിരുന്നു പൊലീസിന്റെ മൈക്കിലൂടെ വത്സൻ തില്ലങ്കേരിയുടെ ആഹ്വാനം. ആചാരലംഘനം തടയാൻ പൊലീസുണ്ട് ആചാര ലംഘനം ഇവിടെ നടക്കില്ലെന്നാണ് വത്സൻ തില്ലങ്കേരി പറഞ്ഞത്. അതിന് ഇവിടെ പൊലീസും നമ്മുടെ വളണ്ടിയർമാരും ഉണ്ടെന്നും തില്ലങ്കേരി പറഞ്ഞു. പമ്പ മുതൽ ഇതിനുള്ള സംവിധാനങ്ങളുണ്ട്. അത് കടന്നിട്ട് ആർക്കും ഇങ്ങോട്ട് വരാൻ പറ്റില്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ആവശ്യമില്ലാതെ വികാരാധീനരാകരുത് നമ്മൾ ആവശ്യമില്ലാതെ വെറുതേ വികാരാധീനരാകേണ്ട കാര്യമില്ലെന്നാണ് ആഹ്വാനം. പ്രായപരിധിക്ക് പുറത്തുള്ള സ്ത്രീകൾ എത്തുമ്പോൾ അവർക്ക് ദർശനം നടത്താൻ സഹായം ചെയ്യണം എന്നും പറഞ്ഞു. സന്നിധാനത്ത് സംഘർഷം സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരുടെ കെണിയിൽ വീഴാൻ ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അണികളോടുള്ള ചോദ്യം. ആവശ്യമുണ്ടെങ്കിൽ എല്ലാവരേയും വിളിക്കും ഒരൊച്ച കേൾക്കുമ്പോൾ അങ്ങോട്ടോടുക, മറ്റൊരു ഒച്ച കേൾക്കുമ്പോൾ അങ്ങോട്ട് ഓടുക... ഈ പരിപാടി വേണ്ട. ആചാരലംഘനം തടയാനുള്ള സംവിധാനം ഇപ്പോഴിവിടെ ഉണ്ട്. അത് അല്ലാതെ, എല്ലാവരുടേയും ആവശ്യം വരുന്ന ഒരു സാഹചര്യം വന്നാൽ എല്ലാവരേയും വിളിക്കും എന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

50 വയസ്സാകാത്ത സ്ത്രീകൾ എത്തിയെന്ന് സംശയത്തിൽ പ്രതിഷേധക്കാർ പ്രതിരോധം തീർത്തിരുന്നു. 250 ഓളം വരുന്ന പ്രതിഷേധക്കാരാണ് സ്ത്രീകൾക്കെതിരെ പ്രതിഷേധിച്ചത്. തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമ്പതു വയസിന് മുകളിൽ ഇവർക്ക് പ്രായമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇവരെ ദർശനം നടത്താൻ പ്രതിഷേധക്കാർ അനുവദിച്ചത്. തൃശ്ശൂരിൽ നിന്നുള്ള സംഘത്തിലെ ലളിത എന്ന സ്ത്രീക്ക് നേരെയാണ് പ്രതിഷേധക്കാർ പാഞ്ഞടുത്തത്. ഇവർക്ക് 52 വയസ്സുണ്ട്. ഇവരോടൊപ്പം അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളും ഉണ്ടായിരുന്നു. തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദർശനത്തിനായി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP