Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നത വിദ്യാഭ്യാസവും ലോക പരിചയവും സ്വന്തമായി വരുമാനവും ഉണ്ടായിട്ടും താലികെട്ടിയ പുരുഷൻ ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിച്ച് ജീവിച്ചിട്ടും സംശയ രോഗിയായ ഭർത്താവ് നിരന്തരം മർദ്ദിച്ചു; മൂത്ത സഹോദരിയും കുടുംബവും സ്വത്തുക്കൾ അടിച്ചുമാറ്റിയപ്പോൾ വഴിയാധാരമായി; വൈകി കിട്ടിയതു കൊണ്ടു ഒരുപാട് സ്‌നേഹിച്ചിട്ടും മകൻ പോലും തിരിഞ്ഞു നോക്കിയില്ല; വൽസല ടീച്ചർ തെരുവിന്റെ മകളായത് ഇങ്ങനെ

ഉന്നത വിദ്യാഭ്യാസവും ലോക പരിചയവും സ്വന്തമായി വരുമാനവും ഉണ്ടായിട്ടും താലികെട്ടിയ പുരുഷൻ ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിച്ച് ജീവിച്ചിട്ടും സംശയ രോഗിയായ ഭർത്താവ് നിരന്തരം മർദ്ദിച്ചു; മൂത്ത സഹോദരിയും കുടുംബവും സ്വത്തുക്കൾ അടിച്ചുമാറ്റിയപ്പോൾ വഴിയാധാരമായി; വൈകി കിട്ടിയതു കൊണ്ടു ഒരുപാട് സ്‌നേഹിച്ചിട്ടും മകൻ പോലും തിരിഞ്ഞു നോക്കിയില്ല; വൽസല ടീച്ചർ തെരുവിന്റെ മകളായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൽസല ടീച്ചർ ആളാകെ മാറി. എങ്ങനെ വൽസല ടീച്ചർ തെരുവിലെ ദുഃഖപുത്രിയായി? നല്ലൊരു സ്‌കൂളിൽ നിന്ന് മികച്ച വ്യക്തികെള വാർത്തെടുത്ത് ഈ ലോകത്തിന് സമ്മാനിച്ച ശേഷം സെന്റോഫും ആനുകൂല്യങ്ങളും വാങ്ങി കുടുംബത്തോടൊപ്പം സസന്തോഷം സ്വന്തം നാട്ടിലേക്കു തിരിച്ച വൽസല ടീച്ചർക്ക് ഇന്ന് ആരുമില്ല. വൈകിയുണ്ടായ മകൻ ഇനിയും അമ്മയെ തിരിഞ്ഞു നോക്കുന്നില്ല. തെരുവിലെ അദ്ധ്യാപികയുടെ കഥ അറിഞ്ഞ വിദ്യ ഇപ്പോഴും ആശ്വാസവുമായി ഈ അമ്മയുടെ അടുത്ത എത്തുന്നു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ അവർ ഓർത്തെടുക്കുന്നുണ്ട്. ടീച്ചർക്ക് മകനും ഭർത്താവും ഉണ്ടെന്നാണ് സൂചനകൾ. തന്നെ തെരുവിലാക്കിയ ഇവർക്കെതിരെ കേസ് എടുക്കണമെന്ന് ഈ അമ്മ ആഗ്രഹിക്കുന്നില്ല. എങ്ങനേയും അവരെ അമ്മയിലേക്ക് അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പക്ഷേ വാർത്തയെല്ലാം അറിഞ്ഞിട്ടും ബന്ധുക്കൾ ആരും വൽസല ടീച്ചറെ തേടിയെത്തുന്നില്ല.

ജാതീയത അടിച്ചേല്പിച്ച ആ മനസിൽ സ്വയം മുറുകെപ്പിടിക്കുന്ന ചില വിശ്വാസങ്ങൾ. കാലാഹരണപ്പെട്ട മാമൂലുകൾ. ഉന്നത വിദ്യാഭ്യാസവും, ലോക പരിചയവും, സ്വന്തമായ വരുമാനവും ഉള്ള സ്ത്രീയായിരുന്നിട്ടു പോലും എന്നും താലികെട്ടിയ പുരുഷൻ ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിക്കുന്ന സ്ത്രീ. ആ വിശ്വാസം പരമാവധി മുതലെടുത്ത ഭർത്താവും ഒരുപാട് വൈകി കിട്ടിയ മകനും. ഇതാണ് ടിച്ചറുടെ കഥയിലെ വില്ലനെന്നാണ് വിദ്യ പറയുന്നത്. സംശയ രോഗിയും മദ്യപനുമായ ഭർത്താവ് രാപകലെന്യേ ടീച്ചറെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി മലപ്പുറത്തെ ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിനു സമീപത്തു നിന്നൊരാൾ എന്നെ വിളിച്ചറിയിച്ചിരുന്നു. വൈകിയെത്തിയ മകന് നൽകുന്ന പ്രത്യേക പരിഗണന സൂര്യസായ് എന്ന അവന്റെ പ്രൈമറി ക്ലാസ് മേറ്റ് ഹുസ്‌ന ഓർക്കുന്നു. അറബി പഠിപ്പിച്ചിരുന്നു ടീച്ചർ അവനെ. എന്നാൽ ഈ അമിത ശ്രദ്ധ ഒരിക്കലും അവനെ മിടുക്കനാക്കിയിരുന്നില്ല എന്നും ഹുസ്‌ന പറഞ്ഞുവെന്ന് വിദ്യ പറയുന്നു

എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കുടുംബവും സ്‌കൂളുമായി മലപ്പുറത്തെ ജീവിതത്തിൽ സ്വർഗം കണ്ടെത്തിയ ടീച്ചർ സ്വന്തം നാടിനെയും വീടിനെയും മറന്നു പോയി എന്നതിൽ അതിശയോക്തിയില്ല. അച്ഛനമ്മമാരെയും രോഗിയായ സഹോദരനെയും പരിചരിച്ച് അവിടെ താമസമാക്കിയ മൂത്ത സഹോദരിയും കുടുംബവും കുടുംബവീട് ധന നിശ്ചയ പ്രകാരം എഴുതി വാങ്ങിയത് ടീച്ചർ അറിഞ്ഞിരുന്നില്ല. പെൻഷനായി തിരിച്ചെത്തിയ ടീച്ചർക്ക് വീടില്ലാതായി. വീട് നഷ്ടമായെന്നറിഞ്ഞപ്പോൾ അതുവരെ ആർക്കൊക്കെ വേണ്ടിയാണോ എല്ലാം മറന്ന് ജീവിച്ചത് ആ വ്യക്തികളും. സ്വന്തം പ്രശ്‌നങ്ങൾ ഒരിക്കൽ പോലും ക്ലാസ് റൂമിലേക്കോ സ്‌കൂളിലേക്കോ ടീച്ചർ കൊണ്ടു വന്നിരുന്നില്ല. സ്‌കൂളിലേത് വീട്ടിലും. അതു കൊണ്ടു തന്നെ സഹപ്രവർത്തകർ പോലും അറിയാതെ പോയി-വിദ്യ പറയുന്നു.

വൽസല ടീച്ചറുമായി നേരിട്ട് സംസാരിച്ച ഷാജി തക്കിടിയിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കോൺട്രിബ്യൂട്ടറി പെൻഷൻ ആണ് . 5000 ന് അടുപ്പിച്ച് തുക കിട്ടുമായിരുന്നു. 2015 വരെ ബാങ്ക് അക്കൗണ്ട് ആക്ടീവ് ആയിരുന്നു. അതു കഴിഞ്ഞിട്ടുള്ള കാര്യം വ്യക്തമല്ല. മകൻ തിരുവനന്തപുരത്ത് റെയിൽ വേയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ടീച്ചർ പറയുന്നത്. മകനെ കോൺടാക്റ്റ് ചെയ്യുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. പേട്ടയിലുള്ള കുടുംബ വീട് തിരിച്ചു കിട്ടുന്നതു വരെ നഗരസഭയുടെ സംരക്ഷണയിൽ ഇപ്പോൾ കഴിഞ്ഞ വ്യദ്ധ സദനത്തിൽ കഴിയാനാണ് താൽപര്യമെന്ന് ടീച്ചർ വ്യക്തമാക്കി. ഭർത്താവ് മാവേലിക്കരയിൽ ഉണ്ട് ,ഉടൻ തിരിച്ചു വരും. ഇപ്പോഴും സ്‌നേഹത്തിലാണ് കഴിയുന്നതെന്നും ടീച്ചർ പറയുന്നു. ഇങ്ങനെ ടീച്ചറുടെ വാക്കുകളിൽ ഇപ്പോഴും അവ്യക്തതകൾ പലതുമുണ്ട്. ഇത് പരിഹരിക്കാനാണ് വിദ്യയും സുഹൃത്തുക്കളും ഇപ്പോൾ ശ്രമിക്കുന്നത്.

മറുനാടൻ മലയാളിയുടെ വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡയ അതിന്റെ കരുത്ത് ഒരിക്കൽ കൂടി പ്രകടിപ്പിച്ചപ്പോൾ റോഡരികിലും അമ്പലങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഒരു റിട്ടയേഡ് സ്‌കൂൾ അദ്ധ്യാപികയ്ക്ക് തലചായ്ക്കാൻ ഇടമൊരുങ്ങി. വഴിയരികിൽ ഇരുന്ന് മരത്തിൽ നിന്നും കായ്കൾ പറിച്ച് തിന്നുന്ന ഒരു സ്ത്രീയുടെ ചിത്രം വിദ്യ എന്ന യുവതി ഫേസ്‌ബുക്കിൽ പങ്ക് വയ്ക്കുകയും അവർ ഒരു അദ്ധ്യാപികയാണെന്ന വിവരം ഉൾപ്പടെ ഷെയർ ചെയ്തതിനെ തുടർന്ന് മറുനാടൻ മലയാളി നൽകിയ വാർത്തയും സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ആ അമ്മയ്ക്ക് കൈസഹായവുമായി ഭരണകൂടവും രംഗത്തെത്തി. മലപ്പുറത്തെ ഇസ്ലാഹിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്തുകൊണ്ട് തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഇരുന്ന് ഭിക്ഷയാചിക്കുന്നു? ഒരു മകനുള്ള പെൻഷൻ കൈപ്പറ്റുന്ന ടീച്ചർക്ക് സംഭവിക്കുന്നത് എന്ത്? വിശക്കുന്ന ടീച്ചർക്ക് ഇഡലി വാങ്ങി കൊടുത്ത ശേഷം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത വിദ്യയ്ക്ക് നിലയ്ക്കാത്ത കോളുകളാണ് എത്തിയത്. തുടർന്ന് അമ്മയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സബ് കളക്ടർ ദിവ്യാ എസ് അയ്യർ അവരെ ആശ്രയ കേന്ദ്രത്തിലുമാക്കി.

തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരിൽ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വൽസ എന്നു പേരുള്ള ടീച്ചർ. വിദ്യയുടെ ഈ പോസ്റ്റ് രാവിലെയോടെ മറുനാടൻ വാർത്തയാക്കി. ഇതോടെ ഭരണകൂടവും പൊലീസും ഉണർന്നു. മണിക്കൂറുകൾക്കുള്ളിൽ ഈ ടീച്ചർക്ക് സുരക്ഷിത സ്ഥാനവും കിട്ടി. മലപ്പുറത്തെ ഇസ്ലാഹിയ സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് വൽസല എന്ന് ആ അമ്മ വിദ്യയോട് പറഞ്ഞിരുന്നു. പോസറ്റിൽ ഈ വിവരവും വിദ്യ ഷെയർ ചെയ്തതോടെ വൽസല ടീച്ചറുടെ നിരവധി വിദ്യാർത്ഥികൾ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഇന്ന് രാവിലെ തന്നെ വൽസല ടീച്ചറെ കണ്ടെത്തി കൂട്ടി കൊണ്ട് വരാൻ തമ്പാനൂർ പൊലീസും രാവിലെ മുതൽ സർവ്വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു. വിദ്യയുടെ പോസ്റ്റിലുള്ള തമ്പാനൂരും ശ്രീകണ്‌ഠേശ്വരവും അരിച്ചു പറുക്കി. ഒടുവിൽ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ കനിവ് തേടിയുണ്ടായിരുന്ന അമ്മയെ പൊലീസ് തിരിച്ചറിഞ്ഞു.

റെയിൽവേ സ്റ്റേഷനിൽ കണ്ട ഭിക്ഷക്കാരിയിൽ ചില സംശയങ്ങൾ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാൻ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. 'കഴിക്കാൻ വല്ലതും വേണോ?' ആ കണ്ണുകൾ പെട്ടെന്നൊന്നു തിളങ്ങി. 'കയ്യിലുണ്ടോ ' അവർ വണ്ടിക്കു മുന്നിലിരുന്ന ഹെയർ ഓയിൽ പായ്ക്കറ്റിലേയ്ക്കു നോക്കി. 'അമ്മ ഇവിടെ തന്നെ നിൽക്കണം. ഞാൻ പോയി വാങ്ങി വരാം.' 'അതങ്ങു ദൂരെ പോണ്ടേ ''വിശക്കുമ്പോൾ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.'-ഇതായിരുന്നു വിദ്യ നൽകിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയിൽ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളിൽ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചത്.

വിദ്യയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവർ തുടർന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായ വൽസല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്‌കൂൾ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെൻഷൻ ആയിട്ട് ഏഴ് വർഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസിൽ ഇട്ടിട്ടുണ്ട്. 5000 രൂപ പെൻഷനുണ്ട്-അവർ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ...എന്നായി പിന്നീടുള്ള ചോദ്യം. പഴയ വിദ്യാർത്ഥികൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടിയ 'അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാൻ പോട്ടെ ' ഫോണിൽ സമയം നോക്കി. കൃത്യം 11.10 ''ഇനി എങ്ങോട്ടാ ടീച്ചറെ ' 'ശ്രീകണ്ഠേശ്വരത്ത് ' മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നിൽക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേർന്ന വത്സ ടീച്ചർ.-വിദ്യ നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിദ്യയുടെ പോസ്റ്റിൽ നിരവധി പ്രതികരണങ്ങളെത്തി. അതിൽ നീനാ ശബരീഷ് കുറിച്ചത് ഇങ്ങനെയാണ്. ഇന്ന് ഞങ്ങളെല്ലാവരും പെർമെന്റ് സർവ്വീസിൽ ൽ മറ്റു പല സ്‌ക്കൂളിലുമാണ്. അന്നു പഠിച്ചിരുന്ന കുട്ടികൾ കേരളം മുഴുവനും പടർന്നു വളർന്നിരിക്കണം. അതിനപ്പുറത്ത് മറ്റു രാജ്യങ്ങളിലേക്കും അവർ പറന്നുയർന്നിട്ടുണ്ട്. ഈ വാർത്ത കേട്ടാൽ അവരോടിയെത്തും. കാരണം അവർ മലപ്പുറത്തുകാരാണ്. എന്താണ് സംഭവിച്ചതെന്നു നമുക്കറിയില്ല. എങ്കിലും ടീച്ചർ എല്ലാവരിൽ നിന്നും വ്യത്യസ്തയായി നടന്നിരുന്ന ഒരാളായിരുന്നു പണ്ടേ .... എല്ലാവരും ചിന്തിക്കും പോലല്ല ടീച്ചർ ചിന്തിച്ചിരുന്നത്. പ്ലെയിൻ സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമായിരുന്നു എന്നും വേഷം. നിറയെ ആഭരണങ്ങളിടുമായിരുന്നു. പ്രായമേറെ ആയിട്ടാണ് ഒരു മോനുണ്ടായത്. സുന്ദരനായൊരാൺകുട്ടി. ടീച്ചർ പറയുന്ന കഥകൾ..... ടീച്ചറുടെ പ്രായം..... വിദ്യാഭ്യാസ യോഗ്യത...... വീട്ടിലെ ചുറ്റുപാട് പലതിലും പണ്ടേ പൊരുത്തക്കേടുകളുണ്ടായിരുന്നു-നീനാ ശബരീഷ് കുറിക്കുന്നു.

പെട്ടെന്നൊരാൾക്ക് എന്തോ ഒരു ചെറിയ പ്രശ്നമില്ലേ എന്നു തോന്നിക്കാവുന്ന ഒര സ്വാഭാവികത. എന്നാലും വളരെ സ്നേഹമുള്ള ആത്മാർത്ഥതയുള്ള ഒരു കണക്കു ടീച്ചറായിരുന്നു വത്സല ടീച്ചർ ..... പറഞ്ഞ പല ജീവിത കഥകളും ടീച്ചറുടെ ഭാവനകളായിരുന്നുവോ എന്നു തോന്നിയിട്ടുണ്ട്. ജീവിതത്തിലെ നിരാശകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം സൃഷ്ടിച്ചു സമാധാനിച്ചിരുന്ന ചില നിർദ്ദോഷമായ നുണകൾ ആയിരുന്നുവോ? അതെല്ലാം? അറിയില്ല....... കാരണം ടീച്ചറെ അടുത്തറിയുന്ന നാട്ടുകാരെയോ സുഹൃത്തുക്കളെയോ ഞങ്ങൾക്ക് മലപ്പുറം കാർക്ക് പരിചയമില്ല..... ഇവിടുള്ളിടത്തോളം കാലം മലപ്പുറത്തുകാര വരെ അകമഴിഞ്ഞു സ്നേഹിച്ചിട്ടുണ്ട്. അന്തസ്സായി നല്ലൊര ദ്ധ്യാപികയായി അവരി വിടെ താമസിച്ചിരുന്നു. അങ്ങനെയിരിക്കെ ജന്മനാട്ടിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു പോയതാണ് .... വർഷങ്ങൾക്കപ്പുറം..... പിന്നെ നടന്ന തൊന്നും ഞങ്ങൾക്കറിഞ്ഞുകൂട..... സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ കൂട്ടായി ശ്രമിക്കും അതുറപ്പ്.-ഈ വരികളാണ് വിദ്യയ്ക്കും പ്രതീക്ഷയായത്. തിരുവനന്തപരും സ്വദേശിയാണ് വിദ്യ. മന്ത്രി കെടി ജലീലിന്റെ ഓഫീസിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്. ഈ ജോലിയിലെ സൗഹൃദവും ബന്ധങ്ങളുമെല്ലാം ടീച്ചറെ കണ്ടെത്തുന്നതിൽ സഹായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP