Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

അവരെ കൊന്നു എന്ന് സമ്മതിക്കാൻ ഡിവൈഎസ്‌പി സോജൻ നിർബന്ധിച്ചു; കേരളത്തിൽ പല അച്ഛന്മാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് ഉപദേശം; കുറ്റം ഏറ്റെടുത്താൽ പിന്നീട് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനവും; ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ രണ്ടാനച്ഛൻ; വാളയാറിൽ നീതിക്കായുള്ള അമ്മയുടെ പ്രതിഷേധം തുടരുമ്പോൾ

അവരെ കൊന്നു എന്ന് സമ്മതിക്കാൻ ഡിവൈഎസ്‌പി സോജൻ നിർബന്ധിച്ചു; കേരളത്തിൽ പല അച്ഛന്മാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്ന് ഉപദേശം; കുറ്റം ഏറ്റെടുത്താൽ പിന്നീട് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനവും; ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ രണ്ടാനച്ഛൻ; വാളയാറിൽ നീതിക്കായുള്ള അമ്മയുടെ പ്രതിഷേധം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ പീഡന കൊലപാതകത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ നിർബന്ധിച്ചെന്ന് കുട്ടികളുടെ രണ്ടാനച്ഛൻ വെളിപ്പെടുത്തി. വാളയാർ പെൺകുട്ടികൾക്ക് നീതി തേടി കുട്ടികളുടെ അമ്മയുടെ സമരവും ആരംഭിച്ചു. മരിച്ച കുട്ടികൾ കളിച്ചുവളർന്ന അതേ വീട്ടുമുറ്റത്താണ് അമ്മ സമരം നടത്തുന്നത്. വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് 'വിധിദിനം മുതൽ ചതിദിനം വരെ' എന്ന പേരിലുള്ള സമരം തുടങ്ങിയിരിക്കുന്നത്. ഇതിനിടെയാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തലും.

അന്വേഷണ ഉദ്യോഗസ്ഥനായ സോജൻ പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചത്. കേരളത്തിൽ പല അച്ഛന്മാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥൻ പറഞ്ഞത്. കുറ്റം ഏറ്റെടുത്താൽ പിന്നീട് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്‌തെന്നും കുട്ടികളുടെ രണ്ടാനച്ഛൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സോജൻ എസ് പിയായി സർക്കാർ സ്ഥാനക്കയറ്റം കൊടുത്തിരുന്നു. ഇതിനോട് വാളയാറിലെ പെൺകുട്ടികളുടെ കുടുംബം പ്രതിഷേധം അറിയിക്കുകയും ചെയ്തു. കേസിൽ ഹൈക്കോടതി മേൽനോട്ടത്തിലെ അന്വേഷണമാണ് കുട്ടികളുടെ കുടുംബം ആവശ്യപ്പെടുന്നത്.

പാലക്കാട് എംപി. വി.കെ. ശ്രീകണ്ഠൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും ഞായറാഴ്ച സമരവേദിയിലെത്തിയിരുന്നു. പെൺകുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ട് പോലും അവർക്ക് നീതി ലഭ്യമായില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. ആരോപിച്ചു. കേസിൽ ഉന്നതനായ ഒരു പ്രതി കൂടി ഉണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡിവൈഎസ്‌പി സോജൻ ശ്രമിച്ചതെന്നും അമ്മയും ആരോപിച്ചു.

അതിനിടെ വാളയാർ കുട്ടികളുടെ മരണത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ബാലൻ അറിയിച്ചു. കേസ് ഹൈക്കോടതിയിലാണ്. കോടതിക്ക് മുന്നിലുള്ള കേസിൽ ഇപ്പോൾ എന്തിനാണ് സമരം എന്ന് അറിയില്ല. ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ്. ആരെങ്കിലും തെറ്റിധരിപ്പിക്കുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നിയമപരമായേ ചെയ്യാനാകുവെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.

ആസൂത്രിതമായ നീക്കങ്ങൾ വാളയാർ കേസ് തേച്ച് മായ്ച്ച് കളയാൻ സർക്കാരിന്റെയും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും വന്നു എന്നതിന്റെ തെളിവ് തന്നെയായാണ് സോജന്റെ ഇരട്ട പ്രമോഷൻ എന്ന ആരോപണമാണ് ശക്തമാകുന്നത്. വാളയാർ കേസിൽ സിപിഎം അക്ഷാർത്ഥത്തിൽ ലേലം വിളി തന്നെയാണ് നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ സിപിഎം ഇടപെടൽ വന്നു. പാർട്ടിക്കൂറുള്ളവർ പ്രതികളായി. കേസിൽപ്പെടും എന്ന് മനസിലാക്കിയപ്പോൾ ഒരു ആത്മഹത്യകൂടി അവിടെ വന്നു. ഒരു സിപിഎം പ്രവർത്തകൻ കേസുമായി ബന്ധപ്പെട്ടു സമ്മർദം വന്നപ്പോൾ ആത്മാഹുതി നടത്തി എന്ന വിവരമാണ് പിന്നീട് പുറത്ത് വന്നത്. കുട്ടിയുടെ അച്ഛനോട് വരെ പ്രതിയാകാൻ ചിലർ ആവശ്യപ്പെട്ടു. പിന്നീട് രക്ഷപ്പെടുത്താം എന്നാണ് പറഞ്ഞത്. എങ്ങനെയും കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി തലത്തിൽ നടത്തിയത്. വാളയാർ പോക്‌സോ കേസ് പ്രതിയുടെ അഭിഭാഷകനെ ജില്ല ശിശുക്ഷേമ സമിതി ചെയർമാനാക്കി മാറ്റിയതും വിവാദമായിരുന്നു.

52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടു. സ്വന്തം ചേച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുന്നോട്ടു പോയി. രണ്ടു പേർ മുഖം മറച്ച് ഓടിപ്പോകുന്നത് കണ്ടു എന്ന ഇളയ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. മക്കളെ പ്രതികൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന് തങ്ങൾ തന്നെ ഒരിക്കൽ സാക്ഷിയായിട്ടുണ്ട് എന്ന് ആദ്യത്തെ കുട്ടിയുടെ മരണം നടന്നപ്പോൾ തന്നെ മാതാപിതാക്കൾ പൊലീസിന് മൊഴികൊടുത്തിട്ടും അവർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ ചില രാഷ്ട്രീയക്കാർ ഇടപെട്ട് മണിക്കൂറുകൾക്കകം ജാമ്യത്തിലിറക്കി എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.. മൂത്ത് കുട്ടിയുടെ മരണം കഴിഞ്ഞു രണ്ടുമാസത്തിനുള്ളിൽ രണ്ടാമത്തെ കുട്ടിയും തൂങ്ങിമരിച്ച നിലയിൽ കണ്ടു.

കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ അവർ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേർത്ത് വാളയാർ പൊലീസ് അന്വേഷണം തുടങ്ങി. മൂത്തകുട്ടിയുടെ ഓട്ടോപ്സിയിൽ തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന പൊലീസ് ഒരു പരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി. പിടികൂടിയ പ്രതികൾക്കുമേൽ പൊലീസ് ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐപിസി 376 (ബലാത്സംഗം), എസ് സി എസ്ടി (പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, പോസ്‌കോ , ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തി കേസ് ചാർജ്ജ് ചെയ്യപ്പെട്ടു. ഒടുവിൽ കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോൾ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി. പ്രതികളാക്കപ്പെട്ട ഏഴുപേരിൽ നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ സെപ്റ്റംബർ 30 -ന് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട കോടതി, ബാക്കി മൂന്നുപേരെക്കൂടി കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.

ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടി മരിക്കുന്നത് 2017 ജനുവരി 13 -ന് വൈകുന്നേരം നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ്. ഇളയകുട്ടിയാണ് ചേച്ചി തൂങ്ങിമരിച്ച കാഴ്ച ആദ്യമായി കാണുന്നത്. ഇത്തരത്തിൽ ഒരു ആത്മഹത്യ പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് പൊലീസ് ചെന്നന്വേഷിക്കണമെന്നാണ്. വിവരം പൊലീസിൽ അറിയിക്കപ്പെടുന്നത് രാത്രി ഏഴരയോടെയാണ്. ഒമ്പതുമണിക്ക് മുന്നേ തന്നെ എഫ്‌ഐആറും രജിസ്റ്റർ ചെയ്യപ്പെടുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തപ്പെടുന്നു. ശരീരത്തിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിലും പോറലുകളും ചെറിയ മുറിവുകളും മറ്റും ഉള്ളതായി കണ്ടെത്തപ്പെടുന്നു. അടുത്ത ദിവസം രാവിലെ ഏഴുമണിയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുന്നു.

മൃതദേഹത്തിന്റെ ഓട്ടോപ്സി ഫലത്തിൽ അസിസ്റ്റന്റ് സർജൻ ഗൗരവമുള്ള ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിലൊന്ന്, കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കാണുന്ന അണുബാധയ്ക്ക് കാരണം ഒന്നുകിൽ എന്തെങ്കിലും അസുഖമാകാം, അല്ലെങ്കിൽ കുട്ടി ലൈംഗികപീഡനത്തിന് വിധേയമായതാകാം എന്നതായിരുന്നു. ഫോറൻസിക് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ പോലും ലൈംഗികപീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്ന് റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞിട്ടുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി. ഒരു തുടരന്വേഷണവുമുണ്ടായില്ല. ഒരു ആത്മഹത്യയാണ് നടന്നത് എന്നുറപ്പിച്ചതോടെ അസ്വാഭാവികമരണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുപോലും അന്വേഷണം അവസാനിപ്പിച്ചു.

ആദ്യ മരണം കഴിഞ്ഞു 52 ദിവസങ്ങൾക്കുള്ളിൽ, മാർച്ച് 4 -ന്, ഇളയ കുട്ടിയും മരിച്ചു. മൂത്ത പെൺകുട്ടി തൂങ്ങിയതായി കണ്ട അതേ മച്ചിൽ തൂങ്ങിയാണ് ഇളയകുട്ടിയുടെ മരണവും വന്നത്. . അതോടെ കേസ് മാധ്യമശ്രദ്ധയാകർഷിച്ചു. ഇളയകുട്ടിയുടെ ഓട്ടോപ്സി റിപ്പോർട്ടിൽ ആ കുട്ടി നിരവധി തവണ പീഡനത്തിന് വിധേയയാക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞു. അതോടെ പൊലീസ് പോക്‌സോ കൂടി ചുമത്തി ബലാത്സംഗക്കേസ് ചാർജ്ജ് ചെയ്ത് അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഏഴുപേർ പ്രതിചേർക്കപ്പെട്ടു.

പൊലീസ് സംശയിക്കുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്ത മൈനറായ വ്യക്തി കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്തു. മറ്റുള്ള പ്രതികളിൽ ഒന്നാം പ്രതി വി മധു, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവർ മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ അടുത്ത ബന്ധുക്കളായിരുന്നു. അതിനുപുറമെ രാജാക്കാട് സ്വദേശിയായ ഷിബു രണ്ടാം പ്രതിയായും, ചേർത്തല സ്വദേശിയായ പ്രദീപ് മൂന്നാം പ്രതിയായും പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഈ കേസിന്റെ വിചാരണയ്ക്കൊടുവിലാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്‌സോ) പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്.

മൂന്നാം പ്രതിയായ പ്രദീപിനെ കഴിഞ്ഞ സെപ്റ്റംബർ 30 -ന് ഇതേ കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. വാളയാർ കേസിൽ വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പ്രതികളെ വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരും കുട്ടികളുടെ മാതാപിതാക്കളും നൽകിയ ഹർജിയിലാണ് വിധി വന്നത്. പക്ഷെ കേസിന് അനക്കമൊന്നും സംഭവിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP