Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാളയാറിലെ സഹോദരിമാർക്ക് വേണ്ടി രണ്ടും കൽപ്പിച്ച് സോഷ്യൽ മീഡിയ; നിയമ വകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് ജസറ്റീസ് ഫോർ അവർ സിസ്റ്റേഴ്സ് എന്നാക്കി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ സർക്കാർ; നിയമസഭ തുടങ്ങാനിരിക്കവേ പൊതു സമൂഹവും സട കുടഞ്ഞെഴുന്നേറ്റു; കുട്ടി പീഡകരെ രക്ഷിക്കാൻ ഇറങ്ങിയ ആളെ ശിശു ക്ഷേമ സമിതിയുടെ ചെയർമാനാക്കിയതിന്റെ പേരിൽ സമാധാനം പറയാൻ ഭയന്ന് സർക്കാരും; പുനർവിചാരണ സാധ്യത അടയവേ സോഷ്യൽ മീഡിയ ബ്ലാക് ലാഷിൽ വെള്ളം കുടിച്ച് പിണറായി

വാളയാറിലെ സഹോദരിമാർക്ക് വേണ്ടി രണ്ടും കൽപ്പിച്ച് സോഷ്യൽ മീഡിയ; നിയമ വകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് ജസറ്റീസ് ഫോർ അവർ സിസ്റ്റേഴ്സ് എന്നാക്കി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ സർക്കാർ; നിയമസഭ തുടങ്ങാനിരിക്കവേ പൊതു സമൂഹവും സട കുടഞ്ഞെഴുന്നേറ്റു; കുട്ടി പീഡകരെ രക്ഷിക്കാൻ ഇറങ്ങിയ ആളെ ശിശു ക്ഷേമ സമിതിയുടെ ചെയർമാനാക്കിയതിന്റെ പേരിൽ സമാധാനം പറയാൻ ഭയന്ന് സർക്കാരും; പുനർവിചാരണ സാധ്യത അടയവേ സോഷ്യൽ മീഡിയ ബ്ലാക് ലാഷിൽ വെള്ളം കുടിച്ച് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ വെറുതെവിട്ടതിലെ പ്രതിഷേധം പുതിയ തലത്തിലെത്തുകയാണ്. സോഷ്യൽ മീഡിയ ഒന്നടങ്കരം രംഗത്ത് വരുന്നു. പ്രതിരോധിക്കാൻ പിണറായി സർക്കാരിനുമാകുന്നില്ല. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഹാക്കർമാരും എത്തുന്നു. ഇതോടെ സർക്കാർ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാകുകയാണ്. കേരള നിയമവകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ഞായറാഴ്ച രാത്രിയോടെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. തങ്ങളാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് 'കേരള സൈബർ വാരിയേഴ്സ്' ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു. ഹാക്ക് ചെയ്ത വെബ്‌സൈറ്റ് പൂർവ്വ സ്ഥിതിയിലാക്കാനും സർക്കാരിന് കഴിയുന്നില്ല. അങ്ങനെ വാളയാറിലെ സഹോദരിമാർക്ക് വേണ്ടി സൈബർ ആക്രമണത്തിന് ഹാക്കർമാരും എത്തുകയാണ്. ഉപതെരഞ്ഞെടുപ്പിലുണ്ടാക്കിയ മുൻതൂക്കം നൽകിയ ആത്മവിശ്വാസത്തിൽ നിന്ന് പിണറായി സർക്കാർ വീണ്ടും പ്രതിഷേധങ്ങൾക്ക് മുമ്പിൽ കിതയ്ക്കുകയാണ്.

കേരള നിയമവകുപ്പിന്റെ വെബ്സൈറ്റായ www.keralalawsect.org എന്ന സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോൾ ഈ വെബ്സൈറ്റ് ലഭ്യമല്ല. സൈബർ വാരിയേഴ്സിന്റെ എംബ്ലവും ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്സ് എന്ന സന്ദേശവുമാണ് സൈറ്റിൽ ഉള്ളത്. വാളയാറിലെ സഹോദരിമാരുടെ ഉത്തരവാദികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചുകൊണ്ടുള്ള കുറിപ്പും ഉണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിൽ കേരള സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും കേസ് പുനരന്വേഷിക്കണമെന്നും സൈബർ വാരിയേഴ്സ് ആവശ്യപ്പെടുന്നു. നിയമ വകുപ്പിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് ജസറ്റീസ് ഫോർ സിസ്‌റ്റേഴ്‌സ് എന്നാക്കി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ സർക്കാർ പ്രതിസന്ധിയിലാണ്. നിയമസഭ തുടങ്ങാനിരിക്കവേ പൊതു സമൂഹവും സട കുടഞ്ഞെഴുന്നേൽക്കുകയാണ്. പ്രതിഷേധങ്ങൾ ഇനി തെരുവിലും എത്തും. കുട്ടി പീഡകരുടെ രക്ഷിക്കാൻ ഇറങ്ങിയ അഡ്വക്കേറ്റിനെ ശിശു ക്ഷേമ സമിതിയുടെ ചെയർമാനാക്കിയതിന്റെ പേരിൽ സമാധാനം പറയാൻ ഭയന്ന് സർക്കാരും വെള്ളം കുടിക്കുന്നു. പുനർവിചാരണ അസാധ്യമാണെന്നിരിക്കെ സോഷ്യൽ മീഡിയ ബ്ലാക് ലാഷിൽ വലിയ പ്രതിസന്ധിയിലാണ് പിണറായി സർക്കാർ. അപ്പീൽ നൽകി മാനം കാക്കാനാകും ഇനി ശ്രമം.

2017 ജനുവരി പതിമൂന്നിനാണ് അട്ടപ്പളത്ത് പതിനൊന്നുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്പതുവയസ്സുകാരി സഹോദരിയെയും വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇരുവരും പീഡനത്തിനിരയായ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കേസ്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ സംഭവത്തിലെ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണത്തിൽ ഉണ്ടായ പിഴവുകളാണ് പ്രതികൾ രക്ഷപ്പെടാനിടയാക്കിയതെന്നും പുനരന്വേഷണം വേണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രതിഷേധ സൂചകമായി നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. കോടതിയിൽ വിചാരണ കഴിഞ്ഞതിനാൽ പുനരന്വേഷണം ഇനി കഴിയില്ലെന്നും വിലയിരുത്തലുണ്ട്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുക മാത്രമാണ് പോം വഴി. എന്നാൽ അതിന് പാകമായ രീതിയിൽ വിചാരണ നടന്നോ തെളിവ് ശേഖരണം നടന്നോ എന്നെല്ലാം പൊതു സമൂഹത്തിൽ ആശങ്കയുണ്ട്. അടച്ചിട്ട മുറിയിൽ നടന്ന വിചാരണയെ കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമില്ലാത്തതാണ് ഇതിന് കാരണം. പ്രതികളെ വെറുതെവിട്ടതിനെതിരേ പൊലീസ് അപ്പീൽ നൽകും. ഇതിനുള്ള നിയമോപദേശം ലഭിച്ചതായി തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, ഇനിയൊരു പൊലീസന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. മൂത്ത പെൺകുട്ടിയെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് താനും ഭർത്താവും നേരിൽക്കണ്ടിരുന്നു. ഈ വിവരം അന്വേഷണസംഘത്തിന് മുന്നിലും കോടതിയിലും പറഞ്ഞിട്ടും നീതികിട്ടിയില്ല. പ്രതികൾക്ക് സിപിഎം. ബന്ധമുണ്ടെന്നും ഇവർ ആരോപിച്ചു.

അതിനിടെ സിപിഎം. ജില്ലാനേതൃത്വം കുട്ടികളുടെ മരണംസംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ടു. പ്രതികളെ വെറുതെവിടാനുള്ള വിധിയുണ്ടായത് പ്രോസിക്യൂഷന്റെ വീഴ്ചയാണോ അതോ അന്വേഷണത്തിലെ വീഴ്ചയാണോ എന്ന് പരിശോധിക്കണമെന്നും പാർട്ടി ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. കേസുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധമില്ലെന്ന് സിപിഎം.പുതുശ്ശേരി ഏരിയാസെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. കേസന്വേഷണത്തിന്റെ ഒരുഘട്ടത്തിലും പാർട്ടിപ്രവർത്തകർ ആരും ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കേസിന്റെയും വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽനൽകുമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസങ്ങളിൽനടന്ന കോടതിവിധികളിൽ ഒരു പ്രതിയെ ആദ്യം വെറുതെവിട്ടതിന്റെ വിധിപ്പകർപ്പ് പൊലീസിന് കിട്ടിയതായി ഡി.െഎ.ജി. പറഞ്ഞു. 25-ന് മൂന്നുപ്രതികളെ വെറുെതവിട്ടതിന്റെ വിധിപ്പകർപ്പ് കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്. അതിനുശേഷമാകും അപ്പീലിനുപോവുക. പ്രതികളും സാക്ഷികളും കോടതിയിൽ കൊടുത്തിട്ടുള്ള മൊഴിയുടെ പകർപ്പും അപ്പീൽനൽകാൻ ആവശ്യമാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ശേഖരിച്ചാലേ മുൻ അന്വേഷണത്തിൽ വീഴ്ചപറ്റിയോ എന്ന് വ്യക്തമാവൂ എന്ന് ഡി.ഐ.ജി. പറഞ്ഞു.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിപിഎം. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുണ്ടായതായി നേരത്തേതന്നെ ആരോപണമുയർന്നിരുന്നു. പ്രതികൾക്കായി ആദ്യം കേസ് വാദിച്ച അഭിഭാഷകൻ പിന്നീട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായതായി പരാതിയുയർന്നു. ഈ അഭിഭാഷകനുമായി ബന്ധപ്പെട്ടവർതന്നെയാണ് പിന്നീട് പ്രതികൾക്കായി വാദിച്ചതും പ്രോസിക്യൂഷനുവേണ്ടി പലപ്പോഴും ഹാജരായതുമെന്ന ആക്ഷേപം ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കയാണ്. ഇതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. അഡ്വ രാജേഷിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനാക്കിയാതാണ് എല്ലാ പ്രതിഷേധങ്ങൾക്കും പുതു തലം നൽകുന്നത്. പീഡകരെ രക്ഷിക്കാൻ ഇറങ്ങിയവരെ അംഗീകരിച്ചതിന് തുല്യമാണ് ഇതെന്നാണ് ഉയരുന്ന ആരോപണം. വാളയാർ കേസിന്റെ വിധിപ്പകർപ്പ് പഠിച്ചശേഷം ആവശ്യമെങ്കിൽ ഇടപെടും. ഏത് സാഹചര്യത്തിലാണ് പ്രതികളെ വെറുതെവിട്ടതെന്ന് പരിശോധിക്കും. വിധിപ്പകർപ്പ് കണ്ടശേഷമേ കേസന്വേഷണത്തിൽ വീഴ്ചയുണ്ടായോ എന്ന് പറയാനാകൂ. കുറ്റംചെയ്തവരെ വെറുതെവിടാൻ അനുവദിക്കില്ല. പ്രതിഭാഗം അഭിഭാഷകനെ സി.ഡബ്ല്യു.സി. ചെയർമാനാക്കിയതിൽ തെറ്റില്ല. നിയമനം നടത്തുന്നതിനുമുമ്പ് കേസിന്റെ കാര്യം പരിശോധിച്ചിരുന്നു. പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ചെയർമാനാക്കിയത്-ഇതാണ് വിവാദത്തിൽ മന്ത്രി കെ.കെ. ശൈലജയുടെ പ്രതികരണം.

എന്നാൽ കുട്ടികളുടെ അമ്മയ്ക്ക് ഇതിലൊന്നും വിശ്വാസമില്ല. ഇനിയൊരു പൊലീസന്വേഷണത്തിൽ വിശ്വാസമില്ല. അന്വേഷണത്തിന്റെ ഓരോ സമയത്തും ഉദ്യോഗസ്ഥർ രേഖകളും തെളിവുകളുമെല്ലാം വാങ്ങിപ്പോയപ്പോൾ കരുതിയതൊക്കെ വെറുതെയായി. ഇനി ഒരുരേഖയോ തെളിവോ ഞങ്ങളുടെ കൈയിലില്ല. എന്റെ മക്കൾക്ക് നീതിലഭിക്കുന്ന അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ പറയുന്നു. 'അരിവാൾ പാർട്ടിക്കാരാണ് അവനെ രാത്രിയിൽ സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയത്' വാളയാർ അട്ടപ്പള്ളത്തു പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ അമ്മ പറയുന്നു. മൂത്ത മകളെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം സ്ഥലത്തെത്തിയ പൊലീസുകാരോടു കേസിൽ വിട്ടയച്ച പ്രതികളിൽ ഒരാൾ കുട്ടിയെ ഉപദ്രവിക്കുന്നതു നേരിട്ടു കണ്ടെന്ന് അമ്മ പറഞ്ഞിരുന്നു. തുടർന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു, രാത്രി 7ന് വാളയാർ സ്റ്റേഷനിൽ എത്തിച്ചു.

പ്രതികളെ സ്റ്റേഷനിൽ നിന്ന് ഇറക്കിയത് അരിവാൾ പാർട്ടിക്കാർ

ഇയാളെ പുറത്തിറക്കാൻ ജനപ്രതിനിധിയായ ഒരു ഡിവൈഎഫ്‌ഐ നേതാവ് സ്റ്റേഷനിലേക്കു വിളിക്കുകയും സിപിഎമ്മിന്റെ ഒരു ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും നേരിട്ടെത്തി ഇയാളെ പുറത്തിറക്കുകയുമായിരുന്നെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. അതു ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ അമ്മയുടെ വാക്കുകളും. പെൺകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക സൂചന സിപിഎം നേതാക്കളുടെ ഇടപെടലോടെ പൊലീസ് അവഗണിക്കുകയും ആത്മഹത്യയെന്നു പറഞ്ഞു മറ്റ് അന്വേഷണങ്ങൾ നടത്താതെ കേസ് ഒതുക്കുകയും ചെയ്‌തെന്നാണ് ആരോപണം. 52 ദിവസം കഴിഞ്ഞാണ് ഇളയ പെൺകുട്ടിയുടെ മരണം. പോസ്റ്റ്‌മോർട്ടത്തിൽ ഇളയ കുട്ടിയും പീഡനത്തിനിരയായെന്ന വ്യക്തമായ തെളിവു കിട്ടിയതോടെയാണു സംഭവം വിവാദമായത്. ആദ്യ മരണത്തിനുശേഷം പൊലീസ് പിടികൂടുകയും അന്നുതന്നെ വിട്ടയയ്ക്കുകയും ചെയ്ത പ്രതിയെ ഉൾപ്പെടെയാണു തുടരന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്. മൂത്ത പെൺകുട്ടിയുടെ മരണശേഷമാണ് ഇളയ പെൺകുട്ടി പീഡനത്തിനിരയായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങാതെ ആദ്യ സംഭവത്തിൽ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ ഇളയ പെൺകുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നെന്നു കുട്ടികളുടെ അമ്മയും പറഞ്ഞിരുന്നു.

''വാളയാർ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികൾ ആരായാലും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കർശന ശിക്ഷ തന്നെ വാങ്ങികൊടുക്കും''- രണ്ട് വർഷങ്ങൾക്ക് മുമ്പ് വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണം വാർത്ത ആയ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ്് ഇങ്ങനെയായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഉറപ്പെല്ലാം പാഴായി. വാളയാറിലെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികളായ നാല് പേരെയു കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. അന്വേഷണ ഘട്ടത്തിലും പ്രോസിക്യൂഷൻ വേളയിലും അട്ടിമറിക്കപ്പെട്ട കേസ് ഇപ്പോൾ വീണ്ടും സജീവമായി ഉയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത് ഈ വീഴ്ചകളെയാണ്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ പോവട്ടെ.. എന്തെങ്കിലും ശിക്ഷ കിട്ടിയിരുന്നെങ്കിൽ എന്നു പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയ കമന്റുകൾ. പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തിൽ പാലക്കാട് ഒന്നാം അഡീഷണൽ സെഷൻസ് പോക്സോ കോടതി വാളയാർ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കാട്ടിയാണ് വാളയാർ കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടത്.

ർക്കാരിനു വേണ്ടി വാദിച്ച സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ജാഗ്രതക്കുറവ് പൊലീസ് പലതവണ ചൂണ്ടിക്കാണിച്ചിരുന്നു. പ്രമാദമായ കേസായതിനാൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണ സംഘം സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലും പ്രത്യേക പ്രോസിക്യൂട്ടർ വേണ്ടെന്നായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്. വേണ്ടത്ര തെളിവുകളോ സാക്ഷികളോ രേഖകളോ ഇല്ലാത്ത സാഹചര്യത്തിൽ വിചാരണ തുടങ്ങും മുൻപു പുനരന്വേഷണത്തിനു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് അപേക്ഷ നൽകാമായിരുന്നു. അത് ഉണ്ടായില്ല.

വീഴ്ച സമ്മതിച്ച് സർക്കാരും

വാളയാർ അട്ടപ്പള്ളം പീഡനക്കേസിൽ തെളിവില്ലെന്നു പറഞ്ഞു പ്രതികളെ വിട്ടയയ്ക്കാൻ കാരണം പ്രോസിക്യൂഷന്റെ ജാഗ്രതക്കുറവാണെന്ന ആക്ഷേപം ശരിവച്ചു സർക്കാരും. കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തെ വീഴ്ച അന്വേഷിക്കുമെന്നു പറഞ്ഞ നിയമ മന്ത്രി എ.കെ. ബാലൻ അപ്പീൽ നൽകാനുള്ള നടപടി തുടങ്ങിയതായി അറിയിച്ചു. പ്രോസിക്യൂഷന്റെ വീഴ്ച ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജിയും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് അന്വേഷിക്കണമെന്നാണു സിപിഎം ജില്ലാ കമ്മിറ്റിയുടെ പക്ഷം.

വാളയാർ പീഡനക്കേസിൽ വിചാരണയ്ക്കു തൊട്ടുമുൻപു പ്രതികൾ ജാമ്യാപേക്ഷ നൽകിയപ്പോൾ എതിർക്കാൻ പ്രോസിക്യൂഷൻ തയാറായില്ലെന്നാണു കുട്ടികളുടെ ബന്ധുക്കളുടെ ആരോപണം. സാക്ഷികളായ പലരെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇതു കാരണമായി. വിചാരണയ്ക്കു തൊട്ടുമുൻപു ജാമ്യം നൽകിയാൽ കേസിൽ അട്ടിമറിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും അപേക്ഷ വന്നപ്പോൾ പ്രോസിക്യൂഷൻ എതിർത്തില്ല. ഇതോടെ പ്രതികൾക്കു ജാമ്യം കിട്ടി. എന്നാൽ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരിട്ടു ഹൈക്കോടതിയിൽ അപേക്ഷ നൽകി അനുകൂല വിധി നേടിയെടുത്തു. ഇതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒരു പ്രതിയെ വാളയാർ പൊലീസാണു പിടികൂടി ഹാജരാക്കിയത്.

വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ തയ്യാറാകുന്നുണ്ട്. പോക്‌സോ കേസുകളുടെ നടത്തിപ്പും നടപടികളും നിരീക്ഷിക്കാനും പരിശോധിക്കാനും കമ്മിഷനുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. തുടർ നടപടികൾക്കു നിർദ്ദേശം നൽകാൻ കമ്മിഷനും അധികാരമുണ്ട്. വാളയാർ കേസിൽ പ്രതികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമായാണു കാണുന്നതെന്നു കമ്മിഷൻ അധ്യക്ഷൻ പി. സുരേഷ് പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കംമുതൽ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. വാളയാർ കേസ് വിധി പകർപ്പ് പരിശോധിച്ചശേഷം നിയമവിദഗ്ധരുമായി ചർച്ച ചെയ്തു തീരുമാനമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP