Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യ നൽകിയ ചുംബനം സോഹൻ റോയിയെ കുടുക്കിയപ്പോൾ വടയിലെ തുളയുടെ കൗതുകം കൂട്ടുകാരനും ആയി പങ്കിട്ട സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസിനും പണികിട്ടി; കോവിഡ് കാലത്തെ തമാശകൾ പിടിവിട്ടു പോയാൽ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല; വട വീഡിയോ പറന്നപ്പോൾ മണിക്കൂറുകൾക്കകം ഓരോ ലിങ്കിലും ലക്ഷത്തോളം കാണികൾ

ഭാര്യ നൽകിയ ചുംബനം സോഹൻ റോയിയെ കുടുക്കിയപ്പോൾ വടയിലെ തുളയുടെ കൗതുകം കൂട്ടുകാരനും ആയി പങ്കിട്ട സ്റ്റോക്ക് ഓൺ ട്രെന്റിലെ ജോസിനും പണികിട്ടി; കോവിഡ് കാലത്തെ തമാശകൾ പിടിവിട്ടു പോയാൽ ദൈവത്തിനു പോലും രക്ഷിക്കാനാകില്ല; വട വീഡിയോ പറന്നപ്പോൾ മണിക്കൂറുകൾക്കകം ഓരോ ലിങ്കിലും ലക്ഷത്തോളം കാണികൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: കോവിഡ് പിടിക്കുന്നതിനേക്കാൾ കഷ്ടമാണ് സോഷ്യൽ മീഡിയയുടെ കെണിയിൽ അകപ്പെട്ടാൽ. വളരെ നിർദോഷം എന്ന് കരുതുന്നതും അറിയാതെ കയ്യമർത്തുന്ന ഒരു ഷെയർ ബട്ടണോ ഫോർവേർഡ് ക്ലിക്കോ നൽകുന്നത് എട്ടിന്റെ പണിയായിരിക്കും. മാനഹാനിക്കോ നിനച്ചിരിക്കാത്ത നേരത്തെ പ്രശസ്തിക്കോ വേറെ കൂടുതൽ ഒന്നും വേണ്ടിവരില്ല. വൈറലാകുക എന്നത് ഇക്കാലത്ത് ഏവരുടെയും ഹോബി ആണെങ്കിലും അതിനു തിരിച്ചടികളും അപ്രതീക്ഷിതമായി വന്നുകൊണ്ടിരിക്കും. ഇത്തരം അവസരങ്ങൾ മിക്കപ്പോഴും സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്കും മറ്റുമാണ് വീണുകിട്ടുക.

എങ്കിലും തികച്ചും അപ്രതീക്ഷിതമായി യുകെ മലയാളികൾക്കിടയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ സ്റ്റോക് ഓൺ ട്രെന്റിലെ ജോസിനേയും തേടിയെത്തിയിരിക്കുകയാണ്. നാട്ടിൽ ആലുവയിൽ ദിവസം 5000 വടയുടെ വരെ കച്ചവടം നടത്തിയിരുന്ന ജോസ് പഴയകാല ഓർമ്മകൾ പുതുക്കാൻ കോവിഡ് കാലത്തു വീട്ടിലിരിക്കേണ്ടി വന്നപ്പോൾ പഴയകാല സുഹൃത്തും ആലുവ ഗ്രാൻഡ് ഹോട്ടൽ ഉടമയുമായ നൗഷാദിന് അയച്ചു കൊടുത്ത വിഡിയോ ആണ് ഇപ്പോൾ ലോകമെങ്ങും മലയാളികൾ ആവേശത്തോടെ ട്രോളുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

വീഡിയോ പുറത്തു ലീക്കായത് മുതൽ ജോസിനെ തേടി യുകെയിൽ നിന്നും വിദേശത്തു നിന്നും ഫോൺ കോളുകളുടെ പ്രവാഹമാണ്. അടുത്തറിയുന്ന സുഹൃത്തുക്കൾ സന്തോഷം പങ്കിടുപ്പോൾ കലിപ്പ് തീർക്കാൻ പറ്റാതെ പോയവരാണ് ട്രോൾ സൃഷ്ടിച്ചു ജോസിന്റെ പിന്നാലെ പോയിരിക്കുന്നത്. ചിലരൊക്കെ വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റും അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും അവഹേളിക്കുന്നതുമായ കമന്റുകളുമായാണ് എത്തുന്നത്. ആദ്യമൊക്കെ അൽപം വിഷമം മനസ്സിൽ തോന്നിയെങ്കിലും ഇപ്പോൾ അതൊന്നും താൻ നോക്കുന്നു പോലും ഇല്ലെന്നു ജോസ് മറുനാടൻ മലയാളിയോട് മനസ് തുറന്നു. ലണ്ടനിലെ ലെവശ്യമിൽ നിന്നും അടുത്തകാലത്ത് സ്റ്റോക് ഓൺ ട്രെന്റിലേക്കു താമസം മാറിയ ജോസ് വീട്ടിൽ ഭാര്യക്കും അവധി കിട്ടിയ ദിവസം അൽപം വട ഉണ്ടാക്കാൻ തോന്നിയതിൽ നിന്നാണ് സംഭവങ്ങളുടെ മുഴുവൻ തുടക്കം.

''കേരളത്തിൽ വച്ച് ചെറിയ നിലയിൽ കാറ്ററിങ് ജോലികൾ ചെയ്തിട്ടുള്ള ഞാൻ ഹോട്ടലുകൾക്കും മറ്റും വട ഉൾപ്പെടെയുള്ള പലഹാരങ്ങളുടെ വിതരണവും നടത്തിയിരുന്നു. ചിലപ്പോഴെക്കെ ഭാര്യയും സഹായത്തിനുണ്ടാകും. അന്ന് അയ്യായിരം വടകൾ ഒക്കെ ഉണ്ടാക്കുന്നത് സാധാരണമായിരുന്നു. അക്കാലത്തു കൂടുതൽ വടകൾ നൽകിയിരുന്ന ഗ്രാൻഡ് ഹോട്ടൽ ഉടമ നൗഷാദുമായി കോവിഡ് വിശേഷങ്ങൾ പങ്കു വയ്ക്കാനും പഴയ കാല ജീവിതം ഓർമ്മിപ്പിക്കാനും വേണ്ടി വെറും തമാശക്ക് ചെയ്ത വിഡിയോ ആണ് ഇപ്പോൾ ലോകമെങ്ങും മലയാളികളുടെ കയ്യിൽ ഉള്ളത്. എനിക്കതിൽ ഒരു ദുരുദ്ദേശവും ഇല്ലായിരുന്നു. പലരും കമന്റുകളിൽ പറയുന്ന പോലെ പൊങ്ങച്ചക്കാരൻ വിദേശ മലയാളിയുടെ ലേബൽ ഒന്നും എനിക്ക് വേണ്ട. നന്നായി കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്. കാര്യം അറിയാതെ വിഡിയോ കണ്ടവർ പറയുന്ന അഭിപ്രായത്തോട് അതിനുള്ള ഗൗരവം കൊടുക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ'', ജോസ് വ്യക്തമാക്കി.

ജോസിന്റെ ഫോണിൽ നിന്നും തന്റെ ഫോണിലേക്കു മാത്രം വന്ന വട വിഡിയോ എങ്ങനെ ലീക്ക് ഔട്ട് ആയി എന്ന് കൂട്ടുകാരൻ നൗഷാദിനും അറിയില്ല. കുട്ടികൾ ആരെങ്കിലും ഫോൺ എടുത്തു കളിച്ചപ്പോൾ അറിയാതെ ഏതെങ്കിലും ഗ്രൂപ്പിലേക്കോ മറ്റോ ഫോർവേഡ് ആകുകയോ അങ്ങനെ പല കൈകൾ കൈമാറി വൈറൽ ആകുകയോ ചെയ്തിരിക്കാം എന്നാണ് ഇരുവരും കരുതുന്നത്. എന്നാൽ പൊതുവെ വിദേശ മലയാളികളെ പുച്ഛത്തോടെ നോക്കുന്ന വികൃത മലയാളി മനസിന്റെ ആഹ്ലാദം കൂടി ഒളിഞ്ഞിരിക്കുന്നുണ്ട് ട്രോൾ നിർമ്മിച്ചവരുടെ ഭാവന സൃഷ്ടിയിൽ. എൺപതുകളിൽ പുറത്തുവന്ന മലയാള സിനിമകളിൽ അവതരിപ്പിച്ചിരുന്ന വിദേശ മലയാളികളുടെ പൊങ്ങച്ച ലേബൽ എത്രകാലം ആയിട്ടും കേരളത്തിലെ മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല എന്ന് തെളിയിക്കുകയാണ് ജോസിനെതിരെയുള്ള അധിക്ഷേപ വാക്കുകൾ.

കേരളത്തിൽ കോവിഡ് പരത്തിയത് ഇറ്റലിക്കാരാണെന്ന പ്രചാരണം ശക്തമായപ്പോൾ മുഴുവൻ വിദേശ മലയാളികളെയും ആക്ഷേപിക്കാൻ തയ്യാറെടുത്തവരാണ് ശരാശരി മലയാളികൾ. ഒടുവിൽ വിദേശത്തു നിന്നും പ്രമുഖരായ വിദേശ മലയാളികൾ തന്നെ മുഖ്യമന്ത്രിയെ നേരിട്ടു വിളിച്ചതോടെ ഒരു ദിവസത്തെ പത്രസമ്മേളനം പൂർണമായും പ്രവാസി മലയാളികൾക്ക് വേണ്ടി മാറ്റി വച്ചാണ് അദ്ദേഹം ദുഷ്പ്രചാരണത്തിനു തടയിട്ടത്. പ്രവാസി മലയാളികളെ നെഞ്ചേറ്റു പിടിക്കുകയാണ് എക്കാലത്തും കേരളം ചെയ്യേണ്ടത് എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതോടെ താൽക്കാലികമായി അടങ്ങിയ മലയാളി മനസിന് വീണു കിട്ടിയ വടിയായി മാറുകയായിരുന്നു ജോസ്.

ഇക്കാര്യത്തിൽ ജോസ് ഒറ്റയ്ക്കല്ല എന്നതും ശ്രദ്ധേയമാണ്. ലോകമെങ്ങും അറിയുന്ന വിദേശ മലയാളിയായ സോഹൻ റോയിയും സമാനമായ തരത്തിൽ സോഷ്യൽ മീഡിയ വഴി പുലിവാലു പിടിച്ചിരിക്കുകയാണ്, അതും ഒന്നല്ല രണ്ടുതവണ. കോവിഡ് മൂലം വെവ്വേറെ ഇടങ്ങളിലായിപ്പോയ ദുബായ് മലയാളി സോഹൻ റോയ്യും ഭാര്യ അഭിനി സോഹനും തമ്മിലുള്ള വിഷുദിന സല്ലാപമാണ് ഇവ്വിധത്തിൽ വൈറലായി മാറിയത്. പ്രമുഖ നർത്തകിയായ ഭാര്യയുടെ നൃത്തം സിനിമയുടെയും ബിസിനസിന്റെയും ഒക്കെ തിരക്കിൽ നന്നായി ആസ്വദിക്കാൻ ഒന്നും സോഹൻ റോയിക്കു സാധിച്ചിട്ടില്ല. ഏറെ പ്രശസ്തമായ ഡാം 999 സിനിമയുടെ സംവിധായകനും പ്രമുഖ ബിസിനസ് ഗ്രൂപ്പായ എരീസിന്റെ തലവനുമായ സോഹന് ഭാര്യ വിഷുദിന ആശംസ ആയി കണികാണും നേരം എന്ന വിഷുഗാനത്തിനൊപ്പം അയച്ച നൃത്തചുവടുകളും അവസാനം നടത്തിയ ഫ്‌ളയിങ് കിസ്സും ആണ് ശരവേഗത്തിൽ മലയാളികൾ ലോകമെങ്ങും വൈറൽ ആക്കിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന് സോഹൻ റോയിക്ക് അറിയില്ല.

എന്നാൽ അദ്ദേഹത്തിന്റെ കഷ്ടകാലം അവിടെയും തീർന്നില്ല. പതിവായി കവിതകൾ എഴുതി ട്യൂൺ ചെയ്തു സോഷൽ മീഡിയ വഴി എത്തിക്കുന്ന സോഹൻ കഴിഞ്ഞ ദിവസം കോവിഡ് പശ്ചാത്തലത്തിൽ ചെയ്ത കവിതയുടെ ദൃശ്യാവിഷ്‌ക്കാരത്തിൽ ഒരു മതത്തെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന ആരോപണം കാട്ടുതീ ആയി എത്തുക ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകൾ പതിവായി റെക്കോർഡ് ചെയ്യുന്ന കേരളത്തിലെ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരാണ് ഇതൊക്കെ ചെയ്തതെങ്കിലും കവിതയിലെ ദൃശ്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നതായി ഫേസ്‌ബുക്ക് ലൈവിൽ എത്തിയ അദ്ദേഹം കവിതയുടെ ലിങ്കുകൾ സകല സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ എന്നിട്ടും വാർത്ത വലിയ പ്രാധാന്യത്തോടെയാണ് ഗൾഫിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP