Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ ഭൂമി അടിച്ചു മാറ്റിയുണ്ടാക്കിയ കോളേജ് ക്യാമ്പസിൽ അനധികൃതമായി വീടുവച്ചു താമസിക്കുന്ന സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർക്കു സ്ഥലം വിടേണ്ടി വരുമോ? ലോ അക്കാദമി സന്ദർശിച്ച വി എസിന്റെ പ്രധാന ലക്ഷ്യം പിണറായിയുടെ വിശ്വസ്തനെ ഒഴിപ്പിക്കുക തന്നെ; പണി മേടിക്കുന്നതു വി എസിനെ സംസ്ഥാന സമിതിയിൽ എടുക്കുന്നതു നഖശിഖാന്തം എതിർത്ത നേതാവ്

സർക്കാർ ഭൂമി അടിച്ചു മാറ്റിയുണ്ടാക്കിയ കോളേജ് ക്യാമ്പസിൽ അനധികൃതമായി വീടുവച്ചു താമസിക്കുന്ന സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർക്കു സ്ഥലം വിടേണ്ടി വരുമോ? ലോ അക്കാദമി സന്ദർശിച്ച വി എസിന്റെ പ്രധാന ലക്ഷ്യം പിണറായിയുടെ വിശ്വസ്തനെ ഒഴിപ്പിക്കുക തന്നെ; പണി മേടിക്കുന്നതു വി എസിനെ സംസ്ഥാന സമിതിയിൽ എടുക്കുന്നതു നഖശിഖാന്തം എതിർത്ത നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് തീരുമാനിച്ചത് സിപിഐ(എം) കേന്ദ്ര കമ്മറ്റിയായിരുന്നു. പോളിറ്റ് ബ്യൂറോ കമ്മീഷന്റെ തീരുമാനം നേതാവിന്റെ ജനസ്വാധീനം തിരിച്ചറിഞ്ഞായിരുന്നു. സംസ്ഥാന സമിതിയുടെ ഭാഗമാക്കി വിഎസിനെ മാറ്റാനും തീരുമാനിച്ചു. ചെറിയ താക്കീത് മാത്രം നൽകി വി എസ് വിഷയം അവസാനിപ്പിച്ചു. സംസ്ഥാന സമിതി യോഗത്തിൽ അച്ചക്കലംഘന വിഷയത്തിൽ വിഎസിനെതിരേ കേന്ദ്ര കമ്മിറ്റി സ്വീകരിച്ച തീരുമാനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള റിപോർട്ട് ചെയ്തു. എന്നാൽ ചില അപ്രതീക്ഷിത സ്വരങ്ങൾ ഉയർന്നു.

വി എസ് അച്യുതാനന്ദന്റെ അച്ചടക്കലംഘനത്തിനെതിരെ കടുത്ത നടപടി വേണമായുരുന്നുവെന്ന് സിപിഐ(എം) സംസ്ഥാന സമിതിയിൽ ഇവരുടെ ആവശ്യം. കേന്ദ്ര കമ്മിറ്റിയെടുത്ത നിടപടി അംഗീകരിക്കുന്നുണ്ടെങ്കിലും കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്നായിരുന്നു ഇവരുടെ വാദം. വെറും മൂന്നു പേരായിരുന്നു ഇതിന് പിന്നിൽ. പിണറായി പക്ഷത്തെ കരുത്തരായ എം വി ജയരാജൻ, പി ജയരാജൻ, കോലിയക്കോട് കൃഷ്ണൻ നായരും ആണ് വിഎസിനെതിരെ സംസാരിച്ചത്. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുന്നതിനെതിരായ പ്രതികരണമായിരുന്നു ഇത്. കൊല്ലവും ആലപ്പുഴയും തിരുവനന്തപുരവുമായിരുന്നു വിഎസിന് ഒരു കാലത്ത് പാർട്ടിയിൽ കരുത്ത് നൽകിയ ജില്ലകൾ. ഇതിൽ തിരുവനന്തപുരത്തെ പിണറായി പക്ഷത്ത് എത്തിച്ചവരിൽ പ്രമുഖനായിരുന്നു കോലിയക്കോട്. പിണറായിയുടെ വിശ്വസ്തനായ കോലിയക്കോടിന്റെ നീക്കങ്ങളിൽ വി എസിന് അടിപതറുകയും ചെയ്തിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് വിഎസിന്റെ സന്തത സഹചാരിയായ പിരപ്പിൻകോട് മുരളിയെ ജില്ലാ സെക്രട്ടറി പദത്തിൽ തോൽപ്പിച്ചതും കോലിയക്കോടൻ തന്ത്രങ്ങളായിരുന്നു. ഇതെല്ലാം വി എസ് മറന്നു തുടങ്ങിയപ്പോഴായിരുന്നു ഈ മാസം ആദ്യം സംസ്ഥാന സമിതിയിൽ കോലിയക്കോടിന്റെ പ്രതികരണമെത്തിയത്. അതുകൊണ്ട് തന്നെ ലോ അക്കാദമി വിഷയത്തിൽ കോലിയക്കോടിനെ വി എസ് ലക്ഷ്യമിടുന്നതും. പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയിൽ എടുക്കാനും നടപടി താക്കീതിൽ ഒരുക്കാനും തീരുമാനിച്ചത്. എന്നിട്ടും കോലിയക്കോട് സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വി എസ് ലോ അക്കാദമി വിഷയത്തിൽ നിലപാട് കടുപ്പിക്കും.

ലോ അക്കാദമിയുടെ ചെർമാൻ നാരായണൻ നായർ, കോലിയക്കോടിന്റെ സഹോദരനാണ്. ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമി പാട്ടത്തിനായിരുന്നു. 1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ പതിനൊന്ന് ഏക്കർ നാരായണൻ നായർ കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാനാണ് വിഎസിന്റെ തീരുമാനം. തന്നെ വിടാതെ എതിർക്കുന്ന കോലിയക്കോടിനെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് പ്രതികാരം തീർക്കാനാണ് വിഎസിന്റെ ശ്രമം.

സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് അംഗം, 17 വർഷത്തോളം നിയമസഭാംഗം, മൂന്നുതവണ കേരള സർവകലാശാല സെനറ്റ് അംഗം, ഒരുതവണ സിൻഡിക്കറ്റ് അംഗം, കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഐ(എം) സംസ്ഥാന സമിതി അംഗം എന്നീ പദവികളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള സഖാവാണ് കോലിയക്കോട്. അതുകൊണ്ട് കൂടിയാണ് എസ് എഫ് ഐ സമരത്തിനിറങ്ങിയിട്ടും സിപിഐ(എം) നേതാക്കൾ ആരും സമരത്തിൽ സജീവമാകാത്തത്. കോലിയക്കോടിന് പിണറായിയിലുള്ള സ്വാധീനവും ഇതിന് കാരണമായി. ഇത് മനസ്സിലാക്കിയാണ് വി എസ് അച്യൂതാനന്ദൻ കഴിഞ്ഞ ദിവസം സമരപന്തലിലെത്തിയത്. അനധികൃതമായി മാനേജ്‌മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നും വി എസ് അച്യുതാന്ദൻ ആവശ്യപ്പെട്ടു.

ഇതിൽ തന്നെ എല്ലാം വ്യക്തമാണ്. കോളേജ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുക. ആവശ്യത്തിന് മാത്രം ഭൂമിയിൽ കോളേജ് പ്രവർത്തിക്കട്ടേ എന്നാണ് വി എസ് പറയാതെ പറയുന്നത്. ലക്ഷ്മി നായർക്കെതിരായ പരാതികളൊന്നും ചർച്ചയാക്കാനും വി എസ് ശ്രമിച്ചില്ല. അതിനിടെ സംഭവത്തിൽ വിജിലൻസിന് വി എസ് പരാതി നൽകുമെന്നും സൂചനയുണ്ട്. സർക്കാർ പാട്ട ഭൂമിയിൽ സ്വകാര്യ വ്യക്തികൾ വീടു വച്ച് താമസിക്കുന്നതിനെതിരെയാകും വിജിലൻസിന് പരാതി നൽകുക. ഇതിലൂടെ കോലിയക്കോടിനെ അവിടെ നിന്നും ഇറക്കി വിടുകയാണ് ലക്ഷ്യം. പാർട്ടിയിൽ തനിക്കെതിരെ നിൽക്കുന്ന കോലിയക്കോടിന് ഇതിനപ്പുറം ഒരു പണി കൊടുക്കാനില്ലെന്നും വി എസ് കണക്ക് കൂട്ടുന്നു. സർക്കാർ ഭൂമി കൈയേറിയ കോലിയക്കോടിനെതിരെ പാർട്ടി നടപടിയും ആവശ്യപ്പെടും. അങ്ങനെ എല്ലാ അർത്ഥത്തിലും കോലിയക്കോടിന് പണി നൽകാനാണ് വിഎസിന്റെ നീക്കം.

നേരത്തെ ബന്ധുത്വ നിയമന വിവാദത്തിലും കോലിയക്കോടിന്റെ പേര് ഉയർന്നു വന്നിരുന്നു. കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ഉണ്ണിക്കൃഷ്ണൻ കിൻഫ്രയുടെ ജനറൽ മാനേജരായി നിയമനം നേടിയതു വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജനു പാർട്ടിയിൽ തന്നെയുള്ളവർ പരാതി നൽകിയെങ്കിലും മന്ത്രി പരാതി ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നു സുരേന്ദ്രൻ പറഞ്ഞു. ഈ ആരോപണവും ചർച്ചയാക്കാൻ വി എസ് ശ്രമിക്കും. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി കോലിയക്കോടിന്റെ സഹോദരി പുത്രൻ ജയകുമാറും പ്രവർത്തിക്കുന്നു. ഇതെല്ലാം ബന്ധുത്വ നിയമനമാണെന്ന വാദം വി എസ് ഉയർത്തും. അങ്ങനെ എല്ലാ അർത്ഥത്തിലും ലോ അക്കാദമി വിഷയത്തിൽ കോലിയക്കോടിനെ കടന്നാക്രമിക്കാനാണ് വിഎസിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP