Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു; തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണമെന്നതാണ് സർക്കാർ നിലപാട്; പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി എൻ വാസവൻ

തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു; ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു; തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണമെന്നതാണ് സർക്കാർ നിലപാട്; പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി വി എൻ വാസവൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാലാ ബിഷപ്പിനെ സന്ദർശിച്ച് അദ്ദേഹത്തിന് അനുകൂല നിലപാട് സ്വീകരിച്ച മന്ത്രി വി എൻ വാസവന്റെ നടപടി വിവാദത്തിലായിരിക്കവേ അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നു. പാലാ ബിഷപ് പണ്ഡിതനാണെന്നും പ്രശ്‌നം സൃഷ്ടിക്കുന്നത് തീവ്രവാദികളാണെന്നുമുള്ള പരാമർശം വിവാദമായിരിക്കെയാണ് മന്ത്രി വിശദീകരണം നൽകിയത്.

മാർ ജോസഫ് കല്ലറങ്ങാട്ടുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നു. ബിഷപ് നടത്തിയ പരാമർശവുമായി ഇതിന് ബന്ധമൊന്നുമില്ല. എന്നാൽ, ചിലർ ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പുസ്തകങ്ങളും വായനയുമായിരുന്നു ഞങ്ങളുടെ ചർച്ചവിഷയം. നിരവധി പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചു. ഖുർആനും രാമായണവുമെല്ലാം അദ്ദേഹം വായിക്കാറുണ്ടെന്ന് പറഞ്ഞു. ഇതെക്കുറിച്ചാണ് ഞാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പുതുതായി ഉണ്ടായ വിവാദങ്ങൾ സംബന്ധിച്ച് ഒരു പ്രതികരണവും നടത്താൻ ഉദ്ദേശിച്ചിരുന്നില്ല. ബിഷപ്പിന്റെ പരാമർശം സംബന്ധിച്ചും ചർച്ചയുണ്ടായിരുന്നില്ല. നേരത്തേ ആശുപത്രി വാർഷികച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും തിരുവനന്തപുരത്തായതിനാൽ പോകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് സമയം കിട്ടിയപ്പോൾ അദ്ദേഹത്തെ പോയി കണ്ടത്. പാസ്റ്ററൽ കൗൺസിൽ ചെയർമാൻ ഡോ. സിറിയക് തോമസും ഒപ്പമുണ്ടായിരുന്നു.

പക്ഷേ ചില കോണുകളിൽനിന്ന് അതിനെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇപ്പോൾ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നവർ ആരോപിക്കുന്ന തരത്തിലുള്ള ഒരു കാര്യവും മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞിട്ടില്ലെന്ന് അത് കണ്ടവർക്കറിയാം. മതനിരപേക്ഷതയിൽ അടിയുറച്ചതാണ് ഇടതുപക്ഷ സർക്കാർ. ആ നിലപാടിൽ തന്നെ മുന്നോട്ടു പോകും. തീവ്രവാദം നടത്തുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എതിർക്കപ്പെടണമെന്നതാണ് സർക്കാർ നിലപാടെന്നും വി.എൻ. വാസവൻ പറഞ്ഞു.

നേരത്തെ വിവാദത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. സർക്കാർ കാണിക്കേണ്ട സമചിത്തതയും ഉത്തരവാദിത്ത ബോധവും മന്ത്രിയിൽനിന്നുണ്ടായില്ല. ഒരുവിഷയം വരുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തുകയാണ് മന്ദബുദ്ധിയല്ലാത്ത ആൾ ചെയ്യുക. എന്നാൽ, ഇവിടെ ഒരാളെ മാത്രം സന്ദർശിച്ച് പ്രശ്‌നം അവസാനിപ്പിച്ചെന്ന നിലപാടെടുക്കുകയാണുണ്ടായതെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിമർശനം.

മതസ്പർധ വളർത്താൻ ആർക്കും താൽപര്യമില്ലെന്നും മുഖ്യമന്ത്രിയും ഭരണകൂടവും ചർച്ചനടത്തി വിഷയത്തിൽ തീർപ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും ഒരു പ്രതികരണവുമില്ലെന്നും സതീശൻ പറഞ്ഞു. സർക്കാറിന് ഇക്കാര്യത്തിൽ ഒരു നിലപാടുമില്ല. ചർച്ച നടത്തിയപ്പോൾ ഇരുവിഭാഗത്തിൽനിന്നും വലിയ സഹകരണമാണ് ലഭിച്ചത്. ഇനി സർക്കാർ മുൻകൈയെടുത്ത് സർവകക്ഷിയോഗം വിളിച്ചാൽ ഞങ്ങൾ അതുമായി സഹകരിക്കും. പ്രശ്‌നം പെട്ടെന്ന് തീരുകയാണ് വേണ്ടത്. ഈ രണ്ടു സമുദായങ്ങളും അകലണമെന്നാണ് സംഘ്പരിവാർ ആഗ്രഹിക്കുന്നതെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP