Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയത്തെ നേരിടാനുള്ള പണം സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്ന് വി മുരളീധരൻ; കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നൽകിയ 1400 കോടി രൂപ ഫണ്ടായി ഉണ്ടെന്നും അതുകൊണ്ട് സാമ്പത്തിക ബാധ്യത കേരള സർക്കാറിന് ഉണ്ടാകില്ലെന്നും പറഞ്ഞ് കേന്ദ്രമന്ത്രി; കേന്ദ്രഫണ്ട് വാങ്ങി കയ്യിൽ വെക്കുകയും പ്രളയ സെസ് വഴി ജനങ്ങളെ പിഴിയാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണം പൊടിതട്ടി മുഖ്യമന്ത്രിയെ കൊട്ടി ബിജെപി നേതാവ്

പ്രളയത്തെ നേരിടാനുള്ള പണം സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്ന് വി മുരളീധരൻ; കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നൽകിയ 1400 കോടി രൂപ ഫണ്ടായി ഉണ്ടെന്നും അതുകൊണ്ട് സാമ്പത്തിക ബാധ്യത കേരള സർക്കാറിന് ഉണ്ടാകില്ലെന്നും പറഞ്ഞ് കേന്ദ്രമന്ത്രി; കേന്ദ്രഫണ്ട് വാങ്ങി കയ്യിൽ വെക്കുകയും പ്രളയ സെസ് വഴി ജനങ്ങളെ പിഴിയാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണം പൊടിതട്ടി മുഖ്യമന്ത്രിയെ കൊട്ടി ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: പ്രളയത്തെ നേരിടാനുള്ള പണം പണ്ടേ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത് കേന്ദ്ര സർക്കാർ അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞതവണ 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സർക്കാരിന്റെ കയ്യിലുണ്ട്. സംസ്ഥാനം കൂടുതൽ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ കേന്ദ്ര സർക്കാർ അനുവദിച്ച തുകയുടെ മിച്ചം സർക്കാരിന്റെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്‌നം കേരളത്തിന് ഇല്ലെന്ന് മുരളീധരൻ പറഞ്ഞു. അതേസമയം കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്നും മുരളീധരൻ അറിയിച്ചു. സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ കേന്ദ്രം നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

2018ലെ പ്രളയത്തിലും കനത്തമഴയിലും ഉരുൾപൊട്ടലിലും ഏകദേശം 483 പേർ മരിച്ചതായാണ് കണക്ക്. 14 പേരെ കാണാതായി. 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനാല് ലക്ഷത്തിലേറെ ആളുകളാണ് അഭയം തേടിയത്. ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 54 ലക്ഷം പേരെയാണ് പ്രളയം നേരിട്ട് ബാധിച്ചത്.

പുനരധിവാസത്തിനും പുനർനിർമ്മാണത്തിനുമായി കേന്ദ്ര ദുരന്ത പ്രതികരണ നിധിയിൽ നിന്നും 2904.85 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് മെയ് 28ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. പ്രളയ സമയത്ത് കേന്ദ്രം 600 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ഡിസംബറിൽ 3,048 കോടി രൂപ അധികസഹായവും കിട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ പ്രളയദുരിതാശ്വാസമായി 4093.91 കോടി രൂപയും സാലറി ചലഞ്ചിലൂടെ 1021.26 കോടിരൂപയുമാണ് സമാഹരിച്ചത്. എന്നാൽ, ദുരിതാശ്വാസ നിധിയിൽ നിന്നും കോടികൾ വഴിമാറിയൊഴുകിയെന്ന ഗുരുതര ആരോപണവും ഉയർന്നു. പ്രളയ മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രിക്ക് ലഭിച്ച പതിനായിരത്തോളം പരാതികളിൽ 4,000 ത്തിലധികവും 10,000 രൂപയുടെ സാമ്പത്തിക സഹായം പോലും ലഭിച്ചില്ല എന്നതാണ്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയിൽ 2,257 കോടി രൂപ ഇനിയും ചിലവഴിച്ചിട്ടില്ല. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് എന്ന പേരിൽ തിരുവനന്തപുരത്തുള്ള ഒരു വിവാദ കെട്ടിടം മോടി പിടിപ്പിക്കുന്നതിനായി ദുരിതാശ്വാസ ഫണ്ടിൽ നിന്നും 88.50 ലക്ഷം രൂപ ചിലവഴിക്കാനും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

എന്നാൽ, പ്രളയാനന്തര പുനർനിർമ്മാണത്തിനായി സർക്കാർ എന്തുചെയ്തുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. ദുരിതം അനുഭവിച്ചവരിൽ പകുതിയിലേറെപ്പേർക്കും പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും ലഭ്യമായിട്ടില്ല. സർക്കാർ കണക്കുകൾ പ്രകാരം 6,92,966 കുടുംബങ്ങൾക്കാണ് 10,000 രൂപയുടെ സഹായം നൽകിയത്. അനർഹരും ഈ തുക കൈപ്പറ്റി.

പ്രളയത്തിൽ പൂർണമായി തകർന്ന 15,324 വീടുകളിൽ 5422 വീടുകളുടെ നിർമ്മാണം പൂർത്തിയായെന്നാണ് സർക്കാരിന്റെ അവകാശവാദം. അതേസമയം, തകർന്ന വീടുകളുടെ പുനർനിർമ്മാണം, അറ്റകുറ്റപ്പണി, ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി കണ്ടെത്താൻ നടപടി എന്നിവ സംബന്ധിച്ച് 98,181 അപ്പീൽ ഹർജികളാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതിൽ 85,141 എണ്ണം തീർപ്പാക്കിയതായും സർക്കാർ പറയുന്നു.

പ്രളയത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അതും നിഷേധിക്കുന്നു എന്ന ആരോപണവുമുണ്ട്. ധനസഹായം ലഭിക്കണമെങ്കിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് വേണമെന്ന നിബന്ധനയാണ് ഇതിന് തടസ്സമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP