Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയ്ഹിന്ദ് ടിവി ചെയർമാൻ സ്ഥാനം സുധീരൻ രാജിവച്ചു; അപ്രതീക്ഷിത നീക്കം ബൈലോ ഭേദഗതി ചെയ്ത് ചെയർമാൻ സ്ഥാനം തെറിപ്പിക്കാനുള്ള നീക്കം അറിഞ്ഞതോടെ; ശ്രീകുമാരൻ തമ്പിയുടെ ആരോപണവും രാജിക്ക് പ്രേരണയായി; ചെന്നിത്തലയെ പകരക്കാരനാക്കാൻ അണിയറ നീക്കം സജീവം

ജയ്ഹിന്ദ് ടിവി ചെയർമാൻ സ്ഥാനം സുധീരൻ രാജിവച്ചു; അപ്രതീക്ഷിത നീക്കം ബൈലോ ഭേദഗതി ചെയ്ത് ചെയർമാൻ സ്ഥാനം തെറിപ്പിക്കാനുള്ള നീക്കം അറിഞ്ഞതോടെ; ശ്രീകുമാരൻ തമ്പിയുടെ ആരോപണവും രാജിക്ക് പ്രേരണയായി; ചെന്നിത്തലയെ പകരക്കാരനാക്കാൻ അണിയറ നീക്കം സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ജയ്ഹിന്ദ് ടിവിയുടെ ചെയർമാൻ സ്ഥാനവും ഡയറക്ടർബോർഡ് യോഗവും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ചാനലിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് സുധീരൻ ചെയർമാൻ സ്ഥാനം രാജിവച്ചത്. രാജി വച്ചാൽ തന്നെയും കമ്പനിയുടെ ബൈലോ പ്രകാരം കെപിസിസി അധ്യക്ഷൻ തന്നെയാണ് ചെയർമാൻ സ്ഥാനത്തു വരിക. ഈ നിയമാവലി പൊളിച്ചെഴുതി പുതിയ ചെയർമാനെ പ്രതിഷ്ഠിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ രമേശ് ചെന്നിത്തലും എംഎം ഹസനും ചേർന്ന് നടത്തിവരുന്നതിന് ഇടെയാണ് സുധീരൻ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ചാനലിലെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ സുധീരനെതിരെ ഗ്രൂപ്പു മറന്നുകൊണ്ടുള്ള നീക്കം ശക്തമായിരുന്നു. ഈ നീക്കം അറിഞ്ഞതോടെയാണ് അദ്ദേഹം താൻ രാജിവെക്കുന്നതായി അറിയിച്ചത്.

കെടുകാര്യസ്ഥതയും അഴിമതിയും മൂലം പ്രതിസന്ധിയിലായ ചാനലിന്റെ മുന്നോട്ടുള്ള പോക്കിന് കോടികൾ വേണ്ടി വരും. ഇതിന് ആവശ്യമായ തുക മുടക്കാൻ സന്നദ്ധരായ ചില വ്യവസായികൾ രംഗത്തുണ്ട്. ഇവർ മുസ്ലിംലീഗ് അനുയായികളായവരാണ്. ചാനൽ സിഇഒ കെപി മോഹനനും എക്‌സിക്യൂട്ടിവ് എഡിറ്റർ ഇന്ദുകുമാറും ചേർന്നാണ് ഈ നിക്ഷേപകരെ കണ്ടെത്തിയത്. സുധീരൻ ചാനൽ തലപ്പത്താണെങ്കിൽ നിക്ഷേപം നടത്താൻ ഇക്കൂട്ടർ തയ്യാറല്ല. പത്ത് കോടി വരെ നിക്ഷേപിക്കാൻ തൽപ്പരരായി ഇവർ എത്തുമ്പോൾ കെപിസിസി അധ്യാക്ഷനാകണം ചാനൽ ചെയർമാൻ എന്ന ബൈലോയിൽ മാറ്റം വരുത്താൻ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിലൂടെ ലക്ഷ്യമിട്ടത് സുധീരനെ നീക്കാനായിരുന്നു. ഇങ്ങനെ നീക്കുമ്പോൾ പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ചെയർമാനാക്കാനും പദ്ധതിയിട്ടു.

ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി താൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അതിനുത്തരവാദി വി എം സുധീരനും എംഎം ഹസനും ആണെന്ന് പ്രതികരിച്ചത് ചർച്ചയായി ഒരാഴ്ച പിന്നിടുന്നതിന് മുമ്പേയാണ് സുധീരന്റെ രാജി. താൻ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരാവാദികൾ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, കോൺഗ്രസ് നേതാവ് എം.എം ഹസൻ, കെ.പി മോഹനൻ എന്നിവർ ആയിരിക്കുമെന്നാണ് എഴുത്തുകാരനും കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞിരുന്നത്. സമകാലിക മലയാളം വാരികയിൽ കെ.ആർ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരൻ തമ്പി സുധീരനെഴുതി വച്ച കത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്.

ഇതിനെ തുടർന്ന് കവി ശ്രീകുമാരൻ തമ്പിയുടെ അക്കൗണ്ടിൽ വി എം. സുധീരൻ പണം നിക്ഷേപിച്ചിരുന്നു. രണ്ടു ലക്ഷംരൂപയാണ് അക്കൗണ്ടിൽ നിക്ഷേപിച്ചത്. കെപിസിസിയുടെ ഫണ്ടിൽ നിന്നാണ് സുധീരൻ പണം നൽകിയത്. ഇത്തരം സംഭവങ്ങളിലൂടെ തന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്താതെ സൂക്ഷിക്കാൻ വേണ്ടിയാണ് സുധീരൻ രാജിവച്ചതെന്നും അറിയുന്നു. ജയ്ഹിന്ദ് ടി.വിയുടെ ദൈനംദിന കാര്യങ്ങൾക്കായി രൂപീകരിച്ച ഉന്നതാധികാര സമിതി ചാനൽ നടത്തിപ്പിൽ സജീവമാകണമെന്നാണ് സുധീരന്റെ നിർദ്ദേശം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണ് പാർട്ടിക്കൊരു ചാനൽ എന്ന നിർദ്ദേശം സജീവമാക്കിയതും ചാനൽ രൂപീകരിച്ചതും.

എം എം ഹസൻ മാനേജിങ് ഡയറക്ടറായിട്ടുള്ള ബോർഡ് ആയിരുന്നു ചാനലിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്തത്. തുടക്കം മുതൽ തന്നെ അഴിമതിയും കെടുകാര്യസ്ഥതയും ഈ ചാനലിന്റെ മുഖമുദ്രയായിരുന്നു. പാർട്ടിയുടെ നയപരിപാടികൾ പ്രചരിപ്പിക്കുന്നതിൽ ചാനൽ ഒരു വൻ പരാജയമായിരുന്നു. ചാനലിന്റെ തലപ്പത്തുവന്ന മൂന്നംഗ സംഘം നടത്തിയ അഴിമതികൾ സുധീരൻ എത്തിയതോടെ തടഞ്ഞിരുന്നു. ചാനലിലേക്ക് വരുന്ന പരസ്യവരുമാനം മാർക്കറ്റിങ് മാനേജരും അയാളുടെ ശിങ്കിടികളും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു എന്ന ആക്ഷേപവുിം സജീവമായിരുന്നു.

അതേസമയം മുസ്ലിംലീഗ് അനുകൂലികളുടെ കൂടി സാമ്പത്തിക പങ്കാളിത്തത്തോടെ ചാനൽ വികസിപ്പിക്കാൻ പദ്ധതികൾ സജീവമായതോടെ കോൺഗ്രസ് ചാനൽ എന്ന പദവിയും ചാനലിന് നഷ്ടമാകും. ഇത്തരമൊരു ആശയത്തോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജയ്ഹിന്ദ് ചെയർമാൻ എം എം ഹസനും ഉൾപ്പെടെയുള്ള നേതാക്കൾ അനുകൂലമായാണ് പ്രതികരിച്ചത്. എന്നാൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അനുകൂലമായിരുന്നില്ല. കോൺഗ്രസ് ചാനലിലെ കെടുകാര്യസ്ഥതയാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്ന് സുധീരന് ബോധ്യമായിരുന്നു. എന്നാൽ, ഇതുമായി അന്വേഷണം നീണ്ടാൽ പ്രതിക്കൂട്ടിലാകുക എംഎം ഹസനാണെന്ന് എ ഗ്രൂപ്പിനും ബോധ്യമായിയിരുന്നു.

ചാനലിന്റെ പേര് പറഞ്ഞ് ഹസൻ പ്രവാസികളിൽ നിന്നായി വലിയ തുക തന്നെ വാങ്ങിയിരുന്നു. ഈ തുകയൊക്കെ എവിടെ പോയെന്ന ചോദ്യവും ശക്തമായിരുന്നു. ഇപ്പോഴത്തെ നിലയിൽ ലീഗ് പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ജയ്ഹിന്ദ് ഡയറക്ടർ ബോർഡ് പുനഃസ്സംഘടിപ്പിക്കും. കൂടുതൽ നിക്ഷേപമുണ്ടാകുന്നതോടെ ചാനൽ കൂടുതൽ മെച്ചപ്പെടുത്താനും മുഖ്യധാരാ ചാനലുകളുടെ നിരയിലേക്ക് ക്രമേണ എത്തിക്കാൻ ശ്രമവും ഉണ്ടാകും. സുധീരൻ രാജിവെക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP