Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ചതോ? കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയൻ; കേസ് കോടതി വരാന്തയിൽ പോലും നില്ക്കില്ല; കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നെന്ന് വി ഡി സതീശൻ

നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ചതോ? കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയൻ; കേസ് കോടതി വരാന്തയിൽ പോലും നില്ക്കില്ല; കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നെന്ന് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റ്‌ െക.സുധാകരനെതിരെ കേസെടുത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്ന് സതീശൻ പറഞ്ഞു. നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കൾ ആരും ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു.

കൊച്ചി കോർപറേഷൻ ഭരണം നഷ്ടപ്പെടാതിരിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചെന്നും വി.ഡി.സതീശൻ ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്കു കഴിഞ്ഞവട്ടം സ്വതന്ത്രയായി മത്സരിച്ചതിനേക്കാൾ 78 വോട്ട് അധികം കിട്ടിയതായും സതീശൻ പറഞ്ഞു. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരൻ പ്രസ്താവന പിൻവലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശൻ ചോദിച്ചു.

കെ വി തോമസിനെ സതീശൻ പരിഹസിച്ചു. കെ വി തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണം. കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാണ്. എം എം മണിയുടേയും പിണറായിയുടെയും വാക്കുകളിൽ തുടങ്ങാമെന്നും സതീശൻ പറഞ്ഞു.

ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. പരാമർശം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അതിനിടെ സുധാകരന്റെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തെത്തി. അങ്ങനെയൊരു നാട്ടുഭാഷ സുധാകരന്റെ നാട്ടിലില്ലെന്ന് സ്വരാജ് പറഞ്ഞു. കെ സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. അതേത് നാടാണ്? ഇനി ഇങ്ങനെയാണ് ഭാഷയെങ്കിൽ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഈ ഭാഷയിലാണോ വിശേഷിപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.

സുധാകരന്റെ പ്രസ്താവനക്കെതിരെ സിപിഎം നേതൃത്വം യാതൊരു നടപടിക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം മുന്നിൽവച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. അതിനിടെ ഇത്തരം സംസ്‌കാരശൂന്യമായ പ്രസ്താവനകൾക്ക് യാതൊരു വിലയും കൽപിക്കുന്നില്ല. സുധാകരന്റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവെക്കുകയാണ്. അവർ അതിന് മറുപടി നൽകുമെന്നും സ്വരാജ് പറഞ്ഞു.

അതേസമയം സുധാകരനെതിരെ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് ആരോപിച്ചു. കേസ് ജനങ്ങൾ വിലയിരുത്തും. എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ച് ഇടതുപക്ഷ അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ബൂത്ത് തലത്തിൽ ഇടപെട്ടത്. എന്നിട്ടും പ്രശ്‌നങ്ങൾ തീരാത്തതിനാലാണ് ശ്രദ്ധതിരിക്കാൻ സിപിഎം ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും സിദ്ദീഖ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP