Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202329Sunday

വികസനം തടയുന്നത് രാജ്യദ്രോഹം; തുറമുഖം വന്നാൽ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ടുപോകാനല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ; അദാനി പോർട്ടല്ല, സർക്കാരിന്റെ പോർട്ട്, 2023 സെപ്റ്റംബറിൽ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് അഹമ്മദ് ദേവർകോവിലും; വിഴിഞ്ഞവുമായി സർക്കാർ ഉറച്ചുതന്നെ

വികസനം തടയുന്നത് രാജ്യദ്രോഹം; തുറമുഖം വന്നാൽ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ടുപോകാനല്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ; അദാനി പോർട്ടല്ല, സർക്കാരിന്റെ പോർട്ട്, 2023 സെപ്റ്റംബറിൽ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് അഹമ്മദ് ദേവർകോവിലും; വിഴിഞ്ഞവുമായി സർക്കാർ ഉറച്ചുതന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് ആവർത്തിച്ചു ഇടതു സർക്കാറിലെ രണ്ട് മന്ത്രിമാർ. തിരുവനന്തപുരത്ത് നടന്ന സെമിനാറിലാണ് മന്ത്രിമാർ ഈ നിലപാട് അറിയിച്ചത്. വികസനപ്രവർത്തനങ്ങൾ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടു പോകില്ല. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല. സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. കോടതി വിധി നടപ്പാക്കാൻ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന് താഴാവുന്നതിന് പരിധിയുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത പൊതുജനത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിച്ച എക്സ്പെർട്ട് സമ്മിറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പകുതിയിലധികം നിർമ്മാണപ്രവർത്തനം നടന്നശേഷം പദ്ധതി നിർത്തിവെക്കാൻ പറഞ്ഞാൽ സംസ്ഥാനത്തിനും രാജ്യത്തിനും അത് അംഗീകരിക്കാനാവില്ല.

പട്ടിണിയില്ലാതെ, സന്തോഷത്തോടെ കഴിയുന്ന ജനങ്ങളെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന് അനുസൃതമായി പുതിയ സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടാകേണ്ടതുണ്ട്. സീ പോർട്ട് വരുമ്പോൾ സർക്കാരിന് വരുമാനം ഉണ്ടാകും. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ടുപോകാനല്ല. പദ്ധതിക്ക് തറക്കല്ലിട്ട് സദ്യയുമുണ്ടിട്ട് പോയവർ ഇപ്പോൾ സമരം ചെയ്യുകയാണ്. ഇപ്പോൾ ഇവർ ഈ പദ്ധതി മാറ്റിവെക്കണമെന്ന് പറയുന്നതിന് പിന്നിൽ മറ്റുപലതുമാണ്. ഈ രാജ്യം അത് അനുവദിക്കാൻ പോകുന്നില്ല.

ഈ തുറമുഖം കേരളത്തിലുണ്ടാകുമെന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. ഈ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഇവിടെ കപ്പലുകൾ വരും എന്നതിൽ സംശയം വേണ്ട. പ്രത്യേകം പത്താളുകൾ കൂടിയാൽ ഒരു സംസ്ഥാനത്തിന്റെ വികസന പ്രവർത്തനം തടസ്സപ്പെടുത്താമെങ്കിൽ, പിന്നെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ആവശ്യമില്ലല്ലോ. പിന്നെ കുറേ ആളുകളും ഗുണ്ടകളുമുണ്ടെങ്കിൽ അതു മതിയല്ലോയെന്ന് മന്ത്രി ചോദിച്ചു.

കോടതി പറഞ്ഞ പ്രകാരം ഒരു നിമിഷം കൊണ്ട് നടപ്പാക്കാൻ സർക്കാരിനറിയാം. എന്നാൽ സമരം നടത്തുന്നവരെ പറഞ്ഞു മനസ്സിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യസ്നേഹമുള്ള ആർക്കും സമരം അംഗീകരിക്കാനാവില്ല. ഈ പദ്ധതിയുടെ പേരിൽ ഒരു മത്സ്യത്തൊഴിലാളിയുടേയും കണ്ണീർ വീഴാൻ സർക്കാർ അനുവദിക്കില്ല. ഇതിൽ ആർക്കും സംശയം വേണ്ട. ഇതിലും വലിയ തടസ്സങ്ങൾ നീക്കിയിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ സംബന്ധിച്ചു. വിഴിഞ്ഞത്ത് 2023 സെപ്റ്റംബറിൽ ആദ്യ കപ്പൽ അടുക്കും. 400 മീറ്റർ ബെർത്ത് പൂർത്തിയാക്കി ആദ്യ കപ്പൽ എത്തിക്കുമെന്നുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുത്തിനായി മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കേണ്ടിവന്നിട്ടില്ല.പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം. തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.

പദ്ധതിക്കായി മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടി വന്നിട്ടില്ല. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം. തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ല.അദാനി പോർട്ട് അല്ല സർക്കാരിന്റെ പോർട്ട് ആണെന്നും മന്ത്രി പറഞ്ഞു. 2011 നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി CMFRI പഠനം തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതാകില്ലെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കിൽ നഷ്ടപരിഹാരം മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ സർക്കാർ തയ്യാറാണെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു, സംയമനത്തിന്റെ പാതയാണ് വേണ്ടത്, വികസന പദ്ധതി തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല.ക്ഷണം ഇല്ലാത്ത സാഹചര്യത്തിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപിയും വ്യക്തമാക്കി.വിഴിഞ്ഞം സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. അതിനിടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP