Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ; മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതി പിൻവലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്; നിർത്തലാക്കുന്നത് 44 വർഷം പഴക്കമുള്ള പദ്ധതി

മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ; മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതി പിൻവലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്; നിർത്തലാക്കുന്നത് 44 വർഷം പഴക്കമുള്ള പദ്ധതി

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പിൻവലിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് 50,000 രൂപ നൽകിവന്നിരുന്ന സർക്കാർ പദ്ധതി പിൻവലിക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം. വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ പ്രത്യേക നിയമ നിർമ്മാണം നടത്തിയതിന് പിന്നാലെയാണ് മിശ്രവിവാഹങ്ങൾക്കുള്ള ധനസഹായം നിർത്താലാക്കാൻ പോകുന്നത്.

44 വർഷം പഴക്കമുള്ള പദ്ധതിയാണ് സർക്കാർ പിൻവലിക്കുന്നത്. 1976ൽ അന്നത്തെ ഉത്തർപ്രദേശ് സർക്കാരിന്റെ ദേശീയ ഇന്റഗ്രേഷൻ വകുപ്പാണ് മിശ്രവിവാഹ പ്രോത്സാഹന പദ്ധതി നടപ്പാക്കിയിരുന്നത്. പിന്നീട് യു.പിയിൽ നിന്ന് വിഭജിച്ച ഉത്താരാഖണ്ഡും പദ്ധതി നിലനിർത്തിയെങ്കിലും നിലവിൽ അവരും ഈ പദ്ധതി പിൻവലിക്കാനുള്ള ആലോചനയിലാണ്.

വിവാഹ ശേഷം ദമ്പതിമാരിൽ ആരെങ്കിലും ഒരാൾ മതംമാറിയാൽ പദ്ധതി ആനുകൂല്യം നഷ്ടമാകുമെന്ന നിയമഭേദഗതി 2017ൽ യു.പി സർക്കാർ കൊണ്ടുവന്നിരുന്നു. പദ്ധതി പ്രകാരം കഴിഞ്ഞ വർഷം 11 ദമ്പതിമാർക്ക് 50,000 രൂപ വീതം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം 2020ൽ നാല് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആർക്കും പദ്ധതി ആനുകൂല്യം നൽകിയിട്ടില്ല.

ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്നു മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് ഉത്തർപ്ര​ദേശിലെ പുതിയ നിയമം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ മൂന്ന് മുതൽ 10 വരെ തടവും 25,000 രൂപ പിഴയും ചുമത്താമെന്നും ഓഡിനൻസിൽ പറയുന്നു. അരുണാചൽ പ്രദേശ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ എട്ടു സംസ്ഥാനങ്ങളിൽ നിലവിൽ മതപരിവർത്തനത്തിനെ നിയമം നിലനിൽക്കുന്നുണ്ട്. ഒഡീഷയിൽ 1967ലും മധ്യപ്രദേശിൽ 1968ലുമാണ് നിയമനിർമ്മാണം നടന്നത്. നിയമനിർമ്മാണം നടത്തുന്ന ഒൻപതാമത്തെ സംസ്ഥാനമായിരിക്കും ഉത്തർപ്രദേശെന്ന് നിയമവിഭാഗ വൃത്തങ്ങൾ പറഞ്ഞു.

വിവാഹങ്ങൾക്ക് മതം മാറേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, സർക്കാരും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് 'ലൗ ജിഹാദ്' തടയാൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു യോഗി പറഞ്ഞത്. തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു വെച്ച് സ്ത്രീകളെ വഞ്ചിക്കുന്നവർക്കെതിരെ ഫലപ്രദമായ നിയമം നിർമ്മിക്കുമെന്നായിരുന്നു യോഗിയുടെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP