Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

19500 രൂപ വാങ്ങേണ്ടിടത്ത് രണ്ട് പൂജ്യം കൂടി ചേർത്ത് 19.5 ലക്ഷം ആക്കി 200 കോടി വാങ്ങിയത് 2000 പേരിൽ നിന്നും; കൊണ്ടു പോയവർക്കെല്ലാം നല്ല ശമ്പളത്തോടെ ജോലി കിട്ടിയതിനാൽ പരാതിക്കാരുണ്ടായില്ല; സർക്കാർ മാറിയതോടെ വലയിലായ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ഉതുപ്പിന്റെ കഥ

19500 രൂപ വാങ്ങേണ്ടിടത്ത് രണ്ട് പൂജ്യം കൂടി ചേർത്ത് 19.5 ലക്ഷം ആക്കി 200 കോടി വാങ്ങിയത് 2000 പേരിൽ നിന്നും; കൊണ്ടു പോയവർക്കെല്ലാം നല്ല ശമ്പളത്തോടെ ജോലി കിട്ടിയതിനാൽ പരാതിക്കാരുണ്ടായില്ല; സർക്കാർ മാറിയതോടെ വലയിലായ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ഉതുപ്പിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ഉതുപ്പ് വർഗ്ഗീസ് നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കുരുക്കിൽപ്പെട്ടിട്ടും ആർക്കും ഒന്നും ചെയ്യാനായില്ല. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി ഇന്ത്യയിൽ നിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിൽ 117 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് എം. വർഗീസ് വിവാദമുയർന്നിട്ടും താരമായി തുടർന്നു. കേരളത്തിലെ റിക്രൂട്ട്‌മെന്റ് അവസാനിച്ചപ്പോൾ കുവൈറ്റിൽ മലയാളിയെ എത്തിച്ച് പണം തട്ടിപ്പ് തുടങ്ങി. ഒടുവിൽ അന്വേഷണം സിബിഐയ്ക്ക് കിട്ടി. ഇതോടെ രക്,ിക്കാൻ ആരുമില്ലാതെയായി. അങ്ങനെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ അഴിക്കുള്ളിലായി.

പാവപ്പെട്ട നേഴ്സുമാരെ പിഴിഞ്ഞ് പ്രമുഖരുമായി അടുപ്പമുള്ള ഉതുപ്പ് വർഗീസ് ലക്ഷ്യമിട്ടത് 250 കോടി രൂപയുടെ വമ്പൻ തട്ടിപ്പായിരുന്നു കേന്ദ്ര ഏജൻസിയുടെ വലയിൽ വീഴുന്നതിന് മുമ്പ് നേടിയത് 100 കോടി രൂപയും. കുവൈറ്റിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. റിക്രൂട്ട് ചെയ്ത നേഴ്സുമാർക്ക് ജോലി കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇതിനെ റിക്രൂട്ട്മെന്റ് തട്ടിപ്പായി കണക്കാക്കാൻ കഴിയില്ല. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൂവൈറ്റിലെത്തിച്ച് പറ്റിച്ചിരുന്നുവെങ്കിൽ അതിനെ അങ്ങനെ വിളിക്കാം. അതുകൊണ്ട് തന്നെ പരാതിക്കാരും ഉണ്ടായില്ല. 20,000 രൂപ വാങ്ങേണ്ടിടത്ത് 20 ലക്ഷം തട്ടിയെടുത്ത സാമ്പത്തിക തിരുമറിയാണ് ഇയാൾ നടത്തിയത്. 1200 നേഴ്സുമാരെ കുവൈറ്റിലെത്തിക്കുമ്പോൾ 250 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉതുപ്പ് വർഗ്ഗീസ് ലക്ഷ്യമിട്ടത്. ഇതാണ് സിബിഐ അറസ്റ്റോടെ പൊളിയുന്നത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് സിബിഐയാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പിനെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഈ മാസം 30 മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ യഥാർഥത്തിൽ ഇടാക്കേണ്ട 19,500 രൂപയ്ക്കു പകരം രേഖകളിൽ കൃത്രിമം കാണിച്ചു 19.50 ലക്ഷം രൂപ വാങ്ങിയെന്നാണു കേസ്. ഇതിൽ 95 കോടി രൂപ ഹവാലയായി അബുദാബിയിലേക്കു കടത്തിയ കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ സിബിഐ നിലപാട് കടുപ്പിച്ചു.

അബുദാബിയിലായിരുന്നു ഉതുപ്പിന്റെ ഒളി ജീവിതം. എന്നാൽ സിബിഐയും ഇന്റർപോളും അന്വേഷണം സജീവമാക്കിയപ്പോൾ വീടിന് പുറത്തു പോലും ഇറങ്ങാനാവാത്ത സ്ഥിതി വന്നു. ഇതോടെ വിദേശ രാജ്യത്തിരുന്നുള്ള റിക്രൂട്ട്‌മെന്റും നടക്കാതെയായി. അങ്ങനെയാണ് ഉതുപ്പ് കേരളത്തിലേക്ക് മടങ്ങിയത്. ഇന്നലെ പുലർച്ചെ 3.10ന് അബുദാബിയിൽനിന്നു നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞുവച്ചു സിബിഐക്കു കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുറ്റപത്രം സമർപ്പിച്ച കേസിൽ ഉതുപ്പിനെ ഇനി അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ നൽകേണ്ടതില്ലെന്നു പ്രതിഭാഗം വാദിച്ചു.

പ്രതിയുടെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടിയ സിബിഐ കൂടുതൽ അന്വേഷണങ്ങൾക്കായി ഉതുപ്പിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. ഏകദേശം 1291 പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണു സിബിഐയുടെ നിഗമനം. രണ്ടു ഹർജികളും കോടതി ഇന്നു പരിഗണിക്കും. ഈ കേസിലെ ഒന്നാം പ്രതി മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (പിഒഇ) എൽ. അഡോൾഫസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗാർഥികൾ നൽകിയ വിദ്യാഭ്യാസ രേഖകളും കാലി ചെക്കുകളും ഇപ്പോഴും പ്രതിയുടെ കൈവശമുള്ളതിനാൽ സിബിഐക്ക് അവ കണ്ടെത്തേണ്ടതുണ്ട്. വ്യാപകമായ പരാതികളെത്തുടർന്നു 2015 മാർച്ച് 30നാണ് അൽ സറാഫ ട്രാവൽസ് ഉടമ ഉതുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യുമ്പോൾ 19.500 രൂപ സർവീസ് ചാർജ് എടുക്കേണ്ടിടത്ത് 19.5 ലക്ഷം ഈടാക്കുക വഴിയാണ് ഇത്ര വലിയ തുക നേടാൻ ഉതുപ്പും സംഘവും പദ്ധതി ഇട്ടത്. ഇതിനോടകം 500 പേരെ കുവൈറ്റിന് അയച്ചത് വഴി ഉതുപ്പും സംഘവും 100 കോടി രൂപയെങ്കിലും നേടി കഴിഞ്ഞിരുന്നെന്നാണ് ഏകദേശ നിഗമനം. ഈ പണം ഒന്നും കണക്കിൽ കാണിക്കാത്തതിനാൽ നികുതി അടയ്ക്കുന്നത് തുച്ഛം മാത്രം. എന്തായാലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലൂടെ ഉതുപ്പും സംഘവും പുലിവാല് പിടിച്ചു. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമായിരുന്നു ഇതെല്ലാം. പിന്നെ ആർക്കും രക്ഷിക്കാനായില്ല.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈത്തിലെത്തിച്ചിട്ടുണ്ട്. കുവൈത്തുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.

കോട്ടയം മണർകാട് സേദേശിയായ ഉതുപ്പ് വർഗീസ് അബുദാബിയിലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വർഗീസിന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്. പലരും പണം അൽസറഫ മുഖാന്തിരമല്ല അടച്ചിരുന്നതെന്ന് ഇൻകം ടാക്സ് അധികൃതർക്ക് മനസിലാക്കാനായിട്ടുണ്ട്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും നാട്ടിലെത്തി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കാത്ത ഉതുപ്പിനെതിരെ നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാം ആദായ നികുതി വകുപ്പും തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സി ബി ഐ യും ചെയ്തിരുന്നു്. ഉതുപ്പിന്റെ നാട്ടിലെ സ്ഥാപനങ്ങളുടേയും മറ്റു സ്വത്തുക്കളുടേയും കണകുകൾ ഇതിനായി ഇൻകം ടാക്സ് ശേഖരിച്ചു കഴിഞ്ഞു. സ്വത്തുക്കളും സ്ഥാപനങ്ങളും കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളാണ് വകുപ്പ് ആലോചിക്കുന്നതെന്നാണ് സൂചന. ഉതുപ്പിന്റേയും അയാളുടെ കമ്പനിയുടേയും പേരിലുള്ള മുഴുവൻ ബാങ്ക് അക്കൗണ്ട് ഇടപാടുകളും ഇതിന്റെ ഭാഗമായി മരവിപ്പിക്കാനാണ് നീക്കം.

എന്നാൽ ഇൻകം ടാക്സിന്റെ മുന്നറിയിപ്പ് നോട്ടീസ് പോലും കൈപ്പറ്റാൻ ഉതുപ്പിന്റെ കുടുംബാംഗങ്ങൾ തയ്യാറായിരുന്നില്ല. ഇയാളുടെ കോട്ടയം മണർക്കാടുള്ള വീട്ടിൽ വീട്ടിൽ അമ്മയും സഹോദരിയും മകനുമാണ് താമസം. നോട്ടീസ് കൈപ്പറ്റാനൂള്ള സാങ്കേതിക തടസം മുൻനിർത്തി ഇൻകം ടാക്സ് അധികൃതർ വീട്ടിൽ അറിയിപ്പ് നോട്ടീസ് ഒട്ടിച്ച് പോകുകയാണ് ഉണ്ടായത്. ഉതുപ്പിന്റെ ഭാര്യയും കുടുംബവും അബുദാബിയിലാണ് സ്ഥിരതാമസം. അവർ അവിടുത്തെ പ്രമുഖമായ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ്ങ് ചീഫിന്റെ ചുമതലയുള്ളയാളാണ്. മൂന്ന് മക്കളും അബുദാബിയിൽ തന്നെയാണ് പഠിക്കുന്നത്.

കുവൈറ്റിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈറ്റിലെത്തിച്ചിട്ടുണ്ട്.

കുവൈറ്റുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. സാമ്പത്തിക കുറ്റകൃത്യമാണ് ഉതുപ്പ് നടത്തിയിട്ടുള്ളത്. ഇയാൾ റിക്രൂട്ട് ചെയ്തവർക്ക് കുവൈത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ല. എന്നാൽ, ഓരോരുത്തരിൽനിന്നും 19 ലക്ഷത്തിലേറെ തുക തട്ടിച്ചുവെന്ന ഗുരുതരമായ കുറ്റം ഉതുപ്പിനെതിരെ ഉയരുന്നുണ്ട്. ഈ തട്ടിപ്പിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

ഓരോ ഏജൻസിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്. ഇതേത്തുടർന്ന് സി.ബി.എ ചാർജ് ചെയ്ത കേസ്സിൽ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് മേധാവി അഡോൾഫ്സ് ലോറൻസാണ് ഒന്നാം പ്രതി. കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

ഉതുപ്പ് എന്ന കുറ്റവാളിക്കെതിരായ തെളിവുകൾ പുറത്തുകൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ചത് കോട്ടയം പുതുപ്പള്ളി സ്വദേശി ജോൺ എം കുര്യാക്കോസ് എന്ന ജോജി. ജോജിയുടെ ഉതുപ്പുമായുള്ള ശത്രുതയാണ് പിന്നീട് ഇയാളുടെ സ്വത്ത് വിവരമടക്കമുള്ള സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലെത്താൻ കാരണം. വർഷങ്ങൾക്ക് മുൻപ് ഉതുപ്പിന്റെ അവിഹിത ബന്ധത്തിന്റെ പേരിലുള്ള വഴക്കാണ് ഇവർ തമ്മിലുള്ള കടുത്ത ശത്രുതയിലേക്ക് വഴിമരുന്നിട്ടത്. തന്റെ അനുജന്റെ ഭാര്യയുമായുള്ള ഉതുപ്പിന്റെ രഹസ്യ ബന്ധം കണ്ടുപിടിച്ചതാണ് പ്രശനത്തിന്റെ തുടക്കം.ഉതുപ്പിന്റെ എല്ലാം എല്ലാമായ ഉമ്മൻ ചാണ്ടിയോട് പ്രതിപക്ഷ നേതാവായിരിക്കെ ജോജി പരാതി പറഞ്ഞതോടെ ശത്രുത വർദ്ദിച്ചു.ആളൊഴിഞ്ഞ പറമ്പിലിട്ട് ഉതുപ്പ് ജോജിയെ വെടി വച്ചതോടെ സംഭവം ക്രിമിനൽ കേസുമായി. മരണത്തെ മുഖാമുഖം കണ്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാസത്തിനൊടുവിൽ തലയിൽ തറച്ച ഒരു കഷണം വെടിയുണ്ടയുമായാണ് പിന്നീട് ജോജി ജീവിതത്തിലേക്ക് തിരിച്ച് വന്നത്.ഡോക്ടർമാർ പലരും ഒരു രക്ഷയുമില്ലെന്ന് വിധിയെഴുതിയിട്ടും തനിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനായത് ചിലപ്പോൾ ഒരു നിയോഗമായിരിക്കാമെന്നാണ് ജോജി ഇപ്പോൾ കരുതുന്നത്.

തലയിൽ തറച്ച വെടിയുണ്ടയോടൊപ്പം ഉതുപ്പ് വർഗീസ് എന്ന കൊടുംകുറ്റവാളിയോടുള്ള പകയും ജോജി അണയാതെ സൂക്ഷിച്ചു ഉതുപ്പിന്റെ അൽസറാഫ എന്ന കൊച്ചിയിലെ നഴ്സിങ്ങ് റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ ഇൻകം ടാക്സ് റെയ്ഡ് നടത്തിയതോടെയാണ് വർഗീസ് ഉതുപ്പ് എന്ന മണർക്കാട്ടുകാരൻ കുപ്രശസ്തിയോടെ വാർത്തകളിൽ നിറയുന്നത്. 3 കോടി രൂപയുടെ കള്ളപ്പണം അവിടെ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടിത്തതോടെ പിന്നെ ജോജിയും ഉതുപ്പിനെതിരായ തന്റെ ''പണി''തുടങ്ങി. ഇയാൾ നഴ്സിങ്ങ് റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി പാവപ്പെട്ട നഴ്സുമാരെ കബളിപ്പിക്കുകയാണെന്ന് അതിന് എത്രയോ മുൻപ് താൻ സംസ്ഥാന സർക്കാർ വകുപ്പുകളെ അറിയിച്ചിരുന്നു എന്ന് ജോജി പറയുന്നു.

ഉമ്മൻ ചാണ്ടിയോട് പോലും നിരവധി തവണയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ജോജി പരാതിയുമായത്. അപ്പോഴെല്ലാം ഉമ്മൻ ചാണ്ടി തന്നെ കണ്ട ഭാവം പോലും നടിച്ചില്ലെന്ന് ജോജി ആരോപിച്ചിരുന്നു. ഇത്രയെല്ലാം തട്ടിപ്പ് നടത്തിയ വർഗീസ് ഉതുപ്പിന് ഉമ്മൻ ചാണ്ടി എമേർജിങ്ങ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി നൽകാനായി ശ്രമിച്ചിരുന്നതായും ഇത് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. കേവലം എൽഐസി ഏജന്റായിരുന്ന വർഗീസ് ഉതുപ്പ് കോടികളുടെ ഇടപാട് നടത്തുന്ന വ്യവസായിയായി മാറിയത് വളരെ പെട്ടന്നായയോരുന്നു. ചുരുങ്ങിയ കാലം കൊണ്ടുള്ള വളർച്ചയുടെ കാരണം അന്വേഷിക്കാൻ പോലും അധികൃതർ രേഖാമൂലം പരാതി കിട്ടുന്നത് വരെ തയ്യാറായിരുന്നില്ല.

പുതുപ്പള്ളിക്കാരൻ ഉതുപ്പിന് നിരവധി തവണ ഹാജരാകാൻ സിബിഐ നോട്ടീസ് അയച്ചിട്ടും അയാൾ മുങ്ങി നടക്കുകയായിരുന്നു. വർഗീസിന്റെ മുഴുവൻ സ്വത്ത് വിവരങ്ങളും രേഖകൾ സഹിതം ജോജി എൻഫോഴ്സ്മെന്റിനും സിബിഐക്കും കൈമാറി. റിക്രൂട്ട് നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് നിരവധി പ്രാവശ്യം ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടു പറഞ്ഞിട്ടും യാതിരു ഫലവുമുണ്ടായില്ല. അതേസമയം തന്റെ ആരോപണങ്ങളെല്ലാം ശരി വയ്ക്കുന്നതായിരുന്നു പിന്നീട് പ്രൊട്ടക്ടർ ഓഫ് എമിഗ്രെന്റ്സിന്റെ അറസ്റ്റോടെ തെളിഞ്ഞതെന്നു ജോജി മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP