Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാമ്പ് ആ അലമാരയുടെ അടിയിലുണ്ടെന്ന് പറഞ്ഞ് ഇറങ്ങി പോയ നിർവികാരമായ പെരുമാറ്റം; സഹോദരന്റെ ചുമലിൽ ചാരാൻ നോക്കിയ കൊല; മരണാനന്തരം സുഹൃത്തുക്കൾക്കൊപ്പമുള്ള പൊട്ടിച്ചിരി; ഒരേ മുറിയിൽ കിടന്നിട്ടും സൂരജിനെ കൊത്താത്ത പാമ്പ്; പണവും പണ്ടവും മാറ്റിയ നിമിഷങ്ങൾ; മനഃപൂർവം വൈകിച്ച ചികിത്സ; അതിസമർത്ഥനായ സൂരജിലേക്ക് വിരൽ ചൂണ്ടിയ പൊലീസിന്റേയും ആശുപത്രി അധികൃതരുടേയും സംശയം; സൂരജിനെ കുടുക്കിയ തെളിവുകൾ ഇവയെല്ലാം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലത്ത് വീടിനുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയെന്ന പെൺകുട്ടിയുടെ മരണവും തുടർന്നുണ്ടായ വിവാദങ്ങൾക്കും കഴിഞ്ഞ ദിവസമാണ് ചുരുളഴിഞ്ഞത്. ഉത്രയെന്ന യുവതിയുടെ മരണം സ്വാഭാവിക മരണമല്ലെന്നും അതിൽ അസ്വഭാവികത പുലർത്തുന്നതായും മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്.

സൂരജിന്റെ വീട്ടിലെ രണ്ടാം നിലയിലേക്ക് എങ്ങനെ വിഷമൂർഖൻ എത്തിയെന്നതും മുൻപ് അണലി കടിയേറ്റ സംഭവവുമെല്ലാം സംശയങ്ങൾ പ്രകടിപ്പിക്കുന്നതായിരുന്നു. ഒടുക്കം ഇതൊരു ആസൂത്രിതമായ കൊലപാതകമാണ് എന്ന് പൊലീസ് എത്തിച്ചേരുന്നത് പാമ്പ് വിദഗ്ധരുടെ ഈ വിഷയത്തിലുള്ള നിഗമനങ്ങൾ കൂടി പരിഗണിച്ചായിരുന്നു.

എന്നാൽ ആർക്കും സംശയത്തിന് പോലും ഇടകൊടുക്കാതെ ആസൂത്രിതമായ കൊലപാതകം നടത്തിയ സൂരജ് ഉത്രയുടെ സ്വത്തെല്ലാം അടിച്ചെടുക്കാമെന്ന് വ്യാമോഹവും കണ്ടു. ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് അച്ഛൻ വിശ്വസേനനും അമ്മ മണിമേഖലയും പൊലീസിൽ പരാതി നൽകിയത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബവീട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇടതുകൈയിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തിയത്.എന്നാൽ സൂരജ് പ്രതിക്കൂട്ടിലേക്ക് എത്താനിടയായ സംശയങ്ങൾ പൊലീസിനും ആശുപത്രി അധികൃതർക്കും തോന്നിയത് സൂരജിലെ ഈ പെരുമാറ്റങ്ങൾ തന്നെയായിരുന്നു. ഉത്രയുടെ മരണം പാമ്പുകടിയേറ്റാണെന്ന് അഞ്ചലിലെ ആശുപത്രി അധികൃതർ അറിയിച്ചതു മുതൽ സംശയമുന നീണ്ടത് സൂരജിനു നേരെയായിരുന്നു സൂരജിനെ കുടുക്കിയ തെളിവുകൾ ഇവയാണ്

സംശയം ഉദിപ്പിച്ച നിർവികാരമായ പെരുമാറ്റം

പാമ്പ് വീട്ടിലുണ്ടാകുമെന്നു പറഞ്ഞ് സൂരജും ഉത്രയുടെ സഹോദരൻ വിഷുവും കിടപ്പുമുറിയിലെത്തുമ്പോഴും സൂരജ് നിർവികാരതയോടെ പെരുമാറി.വിഷു പാമ്പിനെ കട്ടിലിനടിയിൽ തിരയുമ്പോൾ മുറിക്കുള്ളിലെ അലമാരയ്ക്കടിയിൽ പാമ്പ് കിടപ്പുണ്ടെന്നു പറഞ്ഞ് സൂരജ് പുറത്തിറങ്ങിപ്പോയി. പാമ്പിനെ വിഷു ഒറ്റയ്ക്കാണ് കൊന്നത്. ഇതിനിടെ വിഷു ഉത്രയെ കൊല്ലാൻ ശ്രമിച്ചതായി സൂരജ് ആരോപിക്കുകയും ചെയ്തു.

മുറിയിൽ പാമ്പുണ്ടായിട്ടും ദംശനം ഏൽക്കാഞ്ഞ സൂരജ്

വീടിനടുത്ത് സർപ്പക്കാവും ക്ഷേത്രവും വിജനമായ സ്ഥലങ്ങളും ഉണ്ടായിരുന്നതിനാൽ ഉത്രയുടെ ബന്ധുക്കളും സൂരജിനെ സംശയിച്ചില്ല. എന്നാൽ ജനലിനരികിൽക്കിടന്ന സൂരജിനെ തൊടാതെ പാമ്പ് ഉത്രയുടെ അരികിലേക്ക് എങ്ങനെയെത്തിയെന്നതും സംശയത്തിനിടയാക്കി. ഉത്രയുടെ അമ്മ ജനൽ അടച്ചിരുന്നെന്ന് പറഞ്ഞിട്ടും സൂരജ് അത് നിഷേധിച്ചു. ജനലിലൂടെയാണ് പാമ്പ് എത്തിയതെന്ന് സൂരജ് ആവർത്തിച്ചു.

സംശയത്തിന്റെ പൊട്ടിച്ചിരികൾ

മരണശേഷം ഉത്രയുടെ വീട്ടിലായിരുന്ന സൂരജിനെ കാണാൻ സുഹൃത്തുക്കൾ വൈകുന്നേരങ്ങളിൽ എത്തിയിരുന്നു. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇവർ മണിക്കൂറുകൾ ചെലവഴിക്കുകയും പൊട്ടിച്ചിരിക്കുകയുമെല്ലാം ചെയ്തതും ബന്ധുക്കൾ ശ്രദ്ധിച്ചിരുന്നു.

മകൻ ധ്രുവിനെയുംകൊണ്ട് അടൂരിലേക്ക് മടങ്ങാൻ സൂരജ് ശ്രമിച്ചത് വാക്കു തർക്കത്തിനിടയാക്കി. ലോക്കറിൽനിന്ന് ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജ് കൈക്കലാക്കിയതും ഉത്രയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നു. പൊലീസ് ഇടപെട്ട് സൂരജിന്റെ വീട്ടിൽനിന്ന് 12 പവനോളം സ്വർണം കണ്ടെടുത്തിരുന്നു. ഇതു കൈമാറാൻ സൂരജ് തയ്യാറായതുമില്ല.

മനഃപൂർവം വൈകിച്ച ചികിത്സ

സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലേക്കുള്ള പടിയിൽ മാർച്ച് ഒന്നിന് പാമ്പിനെക്കണ്ടിരുന്നു. മുകൾനിലയിൽവെച്ച ഫോൺ എടുക്കാനായി ഉത്രയെ സൂരജ് മുകൾനിലയിലേക്ക് അയച്ചു. പാമ്പ് കിടക്കുന്നതുകണ്ട് ഭയപ്പെട്ട് ഉത്ര താഴെവന്നു പറഞ്ഞപ്പോൾ പാമ്പിനെ സൂരജ് പിടികൂടി ചാക്കിലാക്കി. ഇക്കാര്യം ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു.

മാർച്ച് രണ്ടിന് ഉത്രയ്ക്ക് പാമ്പുകടിയേറ്റെന്നും ആശുപത്രിയിലാണെന്നും വീട്ടുകാരെ അറിയിക്കേണ്ടെന്നും സൂരജ് ഉത്രയുടെ വലിയച്ഛന്റെ മകനെ വിളിച്ചറിയിച്ചിരുന്നു. വളരെപ്പെട്ടെന്ന് എത്തിക്കാവുന്ന ആശുപത്രികളുണ്ടായിട്ടും ചികിത്സ വൈകിപ്പിക്കാൻ പരമാവധി ശ്രമിച്ചതും സംശയമുണർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP