Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202102Thursday

കൊലപാതകം ഒഴികെ മറ്റെല്ലാ കുറ്റങ്ങൾക്കും സൂരജിന് പരമാവധി ശിക്ഷ; ജീവിതകാലം മുഴുവൻ പ്രതി ജയിലിൽ കഴിയേണ്ടിവരും; വിധി തൃപ്തികരമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ എ.ഐ.ജി ഹരിശങ്കർ; അപ്പീൽ നൽകുന്നതിൽ തീരുമാനം വിധി പൂർണമായി വന്നശേഷം മാത്രം

കൊലപാതകം ഒഴികെ മറ്റെല്ലാ കുറ്റങ്ങൾക്കും സൂരജിന് പരമാവധി ശിക്ഷ; ജീവിതകാലം മുഴുവൻ പ്രതി ജയിലിൽ കഴിയേണ്ടിവരും; വിധി തൃപ്തികരമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ എ.ഐ.ജി ഹരിശങ്കർ; അപ്പീൽ നൽകുന്നതിൽ തീരുമാനം വിധി പൂർണമായി വന്നശേഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിലെ ശിക്ഷാവിധി തൃപ്തികരമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ എ.ഐ.ജി ഹരിശങ്കർ. കേസന്വേഷണ വേളയിൽ കൊല്ലം റൂറൽ എസ്‌പിയായിരുന്ന ഹരിശങ്കർ നിലവിൽ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഐജിയാണ്.

ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണു രാജ്യത്തുതന്നെ അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്. കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിനെ കണ്ടതിനെ തുടർന്ന് ലോക്കൽ പൊലീസ് എഴുതിത്ത്ത്തള്ളിയ കേസിനു വഴിത്തിരിവുണ്ടായി. ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറുകയായിരുന്നു. സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചായിരുന്നു അന്വേഷണം.

17 വർഷവും അതിനുശേഷം ജീവപര്യന്തവും തടവ് എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം തൃപ്തികരമാണ്. പൊലീസ് കണ്ടെത്തിയ എല്ലാ കുറ്റങ്ങളും അംഗീകരിക്കാൻ കോടതി തയാറായി. പരമാവധി ശിക്ഷയായ വധശിക്ഷ നൽകാൻ തയാറായില്ല. അത് കോടതിയുടെ വിവേചനാധികാരമാണ്.

പ്രതിയുടെ പ്രായവും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നില്ല എന്ന കാരണവും മുൻനിർത്തിയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. വിധി പൂർണമായി വന്നശേഷം മാത്രമേ അപ്പീൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന, ഡമ്മി പരീക്ഷണം എന്നിവ അന്വേഷണത്തിൽ നിർണായകമായി.

സൂരജിന് കൊലപാത കുറ്റം ഒഴികെ മറ്റെല്ലാ കുറ്റങ്ങൾക്കും പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്. 17 വർഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. ആദ്യം പത്ത് വർഷവും പിന്നീട് ഏഴ് വർഷവും തടവിനുശേഷമാണ് പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്.

കൊലപാതകത്തിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 307-ാം വകുപ്പിനും (വധശ്രമം) പരമാവധി ശിക്ഷയായ ജീവപര്യന്തം അനുഭവിക്കണം. 328-ാം വകുപ്പിന് പരമാവധി ശിക്ഷയായ 10 വർഷം വിധിച്ചിട്ടുണ്ട്. 201-ാം വകുപ്പിന് അതിന്റെ പരമാവധി ശിക്ഷയായ ഏഴ് തടവ് വിധിച്ചു. ഇതിനെല്ലാം പിഴയുമുണ്ട്. പത്തും ഏഴും വർഷം ശിക്ഷ അനുഭവിച്ചശേഷം മാത്രമേ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. ഇതോടെ സർക്കാർ ഇളവ് നൽകിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ പ്രതി ജയിലിൽ കഴിയേണ്ടിവരും.

മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂർവമായ കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയുരുന്നു. ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷം നൽകി അപായപ്പെടുത്തൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായാണ് കോടതി കണ്ടെത്തിയത്.

കഴിഞ്ഞവർഷം ഓഗസ്റ്റ് 14ന് കുറ്റപത്രം സമർപ്പിച്ച കേസിൽ കോടതിയിൽ വിചാരണ നടപടികളും വേഗത്തിലായിരുന്നു. ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിർണായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP