Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്നെനിക്ക് 19 വയസ്സ്; ശങ്കരേട്ടന് 51 ഉം; പിതൃ തുല്യമായ വാത്സല്യമായിരുന്നു എന്നും അദ്ദേഹത്തിന് എന്നോട്; ഞാൻ അദ്ദേഹത്തിൽ കണ്ടത് സ്നേഹനിധിയായ ഒരു രക്ഷിതാവിനേയും; ഭാവി ഇരുളടഞ്ഞ പോലെ തോന്നിയ ആ ഘട്ടത്തിൽ എല്ലാ വേദനകളും പങ്കുവെക്കാൻ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ; ശങ്കരൻ അങ്കിൾ, ഐ വാണ്ട് ടു മാരി യു.. ഇത് കേട്ട് ഞെട്ടിയത് ശങ്കരൻ നായരും; വിവാഹത്തിലും തന്റേടം കാട്ടിയ നടി; ഒടുവിൽ സഹായത്തിനുണ്ടായത് മോഹൻലാൽ മാത്രം; ഉഷാറാണി ഇനി ഓർമ്മകളിൽ

അന്നെനിക്ക് 19 വയസ്സ്; ശങ്കരേട്ടന് 51 ഉം; പിതൃ തുല്യമായ വാത്സല്യമായിരുന്നു എന്നും അദ്ദേഹത്തിന് എന്നോട്; ഞാൻ അദ്ദേഹത്തിൽ കണ്ടത് സ്നേഹനിധിയായ ഒരു രക്ഷിതാവിനേയും; ഭാവി ഇരുളടഞ്ഞ പോലെ തോന്നിയ ആ ഘട്ടത്തിൽ എല്ലാ വേദനകളും പങ്കുവെക്കാൻ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ; ശങ്കരൻ അങ്കിൾ, ഐ വാണ്ട് ടു മാരി യു.. ഇത് കേട്ട് ഞെട്ടിയത് ശങ്കരൻ നായരും; വിവാഹത്തിലും തന്റേടം കാട്ടിയ നടി; ഒടുവിൽ സഹായത്തിനുണ്ടായത് മോഹൻലാൽ മാത്രം; ഉഷാറാണി ഇനി ഓർമ്മകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തെന്നിന്ത്യൻ സിനിമയിലെ തന്റേടിയായിരുന്നു ഉഷാ റാണി. എന്നാൽ സഹജീവികളോടുള്ള കരുതൽ മാത്രമായിരുന്നു ആ മനസ്സിലുണ്ടായിരുന്നത്. അസാധാരണ ജീവിത സാഹചര്യങ്ങളുമായി പൊരുതിയ നടി. കഷ്ടപ്പെടുന്ന സിനിമാപ്രവർത്തകർക്ക് സഹായം എത്തിക്കാൻ മുൻനിരയിൽ നിന്നു കലാകാരിയാണ് ഉഷാ റാണി. നടികർസംഘം വഴി പലർക്കും പെൻഷൻ ഏർപ്പെടുത്തി. ചെറുപ്പത്തിൽ അഭിഭാഷകയാകാനായിരുന്നു മോഹം. അവിചാരിതമായി സിനിമയിലെത്തി. കുടുംബ സുഹൃത്തുകൂടിയായ സംവിധായകൻ എൻ. ശങ്കരൻനായരാണ് കുഞ്ചാക്കോയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്ന് എട്ടു വയസ്സായിരുന്നു.

1966-ൽ ജയിൽ എന്ന ചിത്രത്തിൽ ബേബി ഉഷയെന്ന ബാലതാരമായി. 16-ാം വയസ്സിൽ അരങ്ങേറ്റം എന്ന ചിത്രത്തിൽ കമൽഹാസന്റെ നായികയായി. ഇതിനിടെ് അച്ഛന്റെയും അമ്മയുടെയും ദാമ്പത്യം തകർന്നു. ഉഷാറാണിക്ക് 19 വയസ്സുള്ളപ്പോൾ അമ്മ സുകേശിനിയും മരിച്ചു. സഹോദരി രജനിയുടെ സംരക്ഷണം ഉഷാറാണി ഏറ്റെടുത്തു. സഹോദരിയെ കരകയറ്റിയതോടെ അവർ വീണ്ടും ഒറ്റപ്പെട്ടു. ആ നേരത്താണ് 'അങ്കിൾ' എന്നു ബഹുമാനത്തോടെ വിളിച്ചിരുന്ന സംവിധായകൻ എൻ. ശങ്കരൻനായരോട് 'തന്നെ വിവാഹം കഴിക്കുമോ' എന്ന് ആവശ്യപ്പെടുന്നത്. അങ്ങനെ 19-കാരിയായ ഉഷാറാണിയും 51-കാരനായ ശങ്കരൻ നായരും ഭാര്യയും ഭർത്താവുമായി.

കുടുംബജീവിതത്തിനുവേണ്ടി പത്തുവർഷത്തോളം അഭിനയ രംഗത്തുനിന്ന് മാറിനിന്നു. 2005-ൽ ശങ്കരൻ നായർ മരിച്ചതോടെ സാമ്പത്തിക ഉലച്ചിലും തുടങ്ങി. ഇത് തരണംചെയ്യാൻ സഹായിച്ചത് നടൻ മോഹൻലാലായിരുന്നു. ഉഷയുടെ മകൻ വിഷ്ണുവിന്റെ പഠനച്ചെലവുകൾ മുഴുവൻ മോഹൻലാൽ വഹിച്ചു. മോഹൻലാൽ, കമൽഹാസൻ, പ്രിയദർശൻ, ജയറാം, ഇടവേള ബാബു, രഞ്ജിപണിക്കർ, എം. രഞ്ജിത്ത്, മേനകാ സുരേഷ്, ജയഭാരതി, നടി രഞ്ജിനി, പിന്നണിഗായിക അമ്പിളി തുടങ്ങിയവർ ഉഷാറാണിയെ പല തരത്തിൽ സഹായിച്ചു. ഇതിനിടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി.

രോഗാതുരയായി അർദ്ധബോധാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞ ഉഷാറാണിയെ കാണാൻ സിനിമാരംഗത്തു നിന്ന് അധികം പേരൊന്നും എത്തിയിരുന്നില്ല. വന്നത് അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ചിലർ മാത്രം. ദീർഘകാല സുഹൃത്തായ ജയഭാരതി ആയിരുന്നു ഉഷാറാണിയുടെ അന്ത്യനാളുകളിൽ അവർക്കൊപ്പം ഉണ്ടായിരുന്ന അപൂർവം സിനിമക്കാരിൽ ഒരാൾ.

ജയിൽ എന്ന സിനിമയിൽ ബാലതാരമായാണ് ഉഷാറാണിയുടെ അരങ്ങേറ്റം. തമിഴിലും മലയാളത്തിലുമായി മുപ്പതോളം ചിത്രങ്ങളിൽ ബാലതാരമായ ശേഷം പ്രേംനസീറിന്റെയും എം ജി ആറിന്റെയുമൊക്ക അനിയത്തിയായി. കെ ബാലചന്ദറിന്റെ ``അരങ്ങേറ്റ''ത്തിൽ കമൽഹാസനൊപ്പം അഭിനയിക്കുമ്പോൾ പ്രായം പതിനാറ്.

അനന്തരം സംഗീതമുണ്ടായി എന്ന പുസ്തകത്തിൽ ശങ്കരൻ നായരുമായുള്ള വിവാഹത്തെ ഉഷാ റാണി വിശദീകരിക്കുന്നുണ്ട്. -------------- ``ചേട്ടന്റെ പ്രോത്സാഹനം നുകർന്ന് വളർന്നു വന്നവർ പോലും അദ്ദേഹത്തെ സൗകര്യപൂർവ്വം മറന്നുകളഞ്ഞോ എന്ന് സംശയം. '' ശങ്കരൻ നായരുടെ ഭാര്യയും അഭിനേത്രിയുമായ ഉഷാറാണി വേദനയോടെ പറയുന്നു. ``ഇന്നും അദ്ദേഹത്തിന്റെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസവും കടന്നുപോകാറില്ല എന്റെ ജീവിതത്തിൽ. മദനോത്സവം ഒക്കെ മറക്കാനാകുമോ മലയാളിക്ക്? ആ സിനിമയിലെ പാട്ടുകളിലൂടെയെങ്കിലും അദ്ദേഹം ഓർക്കപ്പെടും എന്നാണെന്റെ പ്രതീക്ഷ..''

`മദനോത്സവം' മറക്കാനാവാത്ത അനുഭവമാണ് ഉഷാറാണിക്കും. ആ സിനിമയുടെ ചിത്രീകരണത്തിരക്കിനിടെയാണ് ഉഷാറാണി ശങ്കരൻ നായരുടെ ജീവിതത്തിലേക്ക് കടന്നുചെന്നത് -- 1977 ൽ. ``അന്നെനിക്ക് 19 വയസ്സ്; ശങ്കരേട്ടന് 51 ഉം. കുട്ടിക്കാലം മുതലേ അറിയാം അദ്ദേഹത്തെ. ഞങ്ങളുടെ കുടുംബവുമായി വലിയ അടുപ്പമായിരുന്നു. പിതൃ തുല്യമായ വാത്സല്യമായിരുന്നു എന്നും അദ്ദേഹത്തിന് എന്നോട്; ഞാൻ അദ്ദേഹത്തിൽ കണ്ടത് സ്നേഹനിധിയായ ഒരു രക്ഷിതാവിനേയും. ജീവിതത്തിലെ ഏക ആശ്രയമായിരുന്ന അമ്മ മരിച്ചുപോയ സന്ദർഭത്തിലാണ് അദ്ദേഹവുമായി കൂടുതൽ അടുത്തത്. ഭാവി ഇരുളടഞ്ഞ പോലെ തോന്നിയ ആ ഘട്ടത്തിൽ എല്ലാ വേദനകളും പങ്കുവെക്കാൻ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. ഒരു രാത്രി വളരെ വൈകുവോളം അദ്ദേഹം ക്ഷമയോടെയിരുന്ന് എന്നെ ആശ്വസിപ്പിച്ചത് ഓർമ്മയുണ്ട്. അന്നെനിക്ക് ഉറക്കം വന്നില്ല. പിറ്റേന്ന് ചെന്നൈ ജാഫർഖാൻപേട്ടിൽ അദ്ദേഹം താമസിച്ചിരുന്ന വാടകവീട്ടിൽ ചെന്ന് ഞാൻ പറഞ്ഞു: ശങ്കരൻ അങ്കിൾ, ഐ വാണ്ട് ടു മാരി യു.''

ഞെട്ടിപ്പോയത് ശങ്കരൻ നായർ മാത്രമല്ല. സഹവാസികളായ ശോഭന പരമേശ്വരൻ നായരും പ്രേംനവാസും കൂടിയാണ്. ``എനിക്ക് ഭ്രാന്താണെന്നാണ് എല്ലാവരും കരുതിയത്. അവരെ കുറ്റം പറഞ്ഞുകൂടാ.'' ഉഷാറാണി ചിരിക്കുന്നു. ``എന്തുകൊണ്ടാണ് അന്ന് ഞാനങ്ങനെ പറഞ്ഞതെന്ന് പിന്നീട് ഓർത്തുനോക്കിയിട്ടുണ്ട്. പ്രണയം എന്ന് വിളിക്കാൻ വയ്യ ആ വികാരത്തെ. ഒരു തരം സുരക്ഷിതത്വ ബോധമായിരുന്നു ആ സമയത്ത് എനിക്ക് ആവശ്യം. സഹോദരിയെ വളർത്തിക്കൊണ്ടു വരണം. ഒറ്റയ്ക്ക് ആ വെല്ലുവിളി ഏറ്റെടുക്കുന്നതിലും നല്ലത് എന്നെ ശരിക്കും അറിയാവുന്ന ഒരാൾക്കൊപ്പം അത് പങ്കിടുകയാണ് എന്ന് തോന്നി. കൂടുതലൊന്നും ചിന്തിക്കാനുള്ള പ്രായമായിരുന്നില്ലല്ലോ.''

ഉഷയുടെ വാക്കുകൾ ആദ്യം തമാശയായേ കണ്ടുള്ളൂ ശങ്കരൻ നായർ. കല്യാണം കഴിക്കാനുള്ള പ്രായമല്ല തനിക്കെന്ന് വാദിച്ചുനോക്കി. പക്ഷേ സ്വന്തം തീരുമാനത്തിൽ നിന്ന് അണു പോലും വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല ഉഷ. 1977 ലായിരുന്നു രജിസ്റ്റർ വിവാഹം. പിന്നെ നീണ്ട ദാമ്പത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP