Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വിറ്റ് ഇന്ത്യാ സമരത്തെ തളർത്താൻ മാധ്യമങ്ങൾക്ക് ബ്രിട്ടീഷ് ഭരണകൂടം വിലക്കേർപ്പെടുത്തിയപ്പോൾ അതിനെ മറികടക്കാൻ അണ്ടർഗ്രൗണ്ട് റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച 22 കാരി; മൂന്ന് മാസക്കാലം നീണ്ടുനിന്ന പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തിയത് സ്വാതന്ത്ര്യ സമര വാർത്തകൾ; അവസാനം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ വാഗ്ദാനം നൽകിയത് വിദേശ പഠനവും ജോലിയും; എല്ലാം നിരാകരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഉഷാ മേത്തയുടെ കഥ

ക്വിറ്റ് ഇന്ത്യാ സമരത്തെ തളർത്താൻ മാധ്യമങ്ങൾക്ക് ബ്രിട്ടീഷ് ഭരണകൂടം വിലക്കേർപ്പെടുത്തിയപ്പോൾ അതിനെ മറികടക്കാൻ അണ്ടർഗ്രൗണ്ട് റേഡിയോ സ്റ്റേഷൻ സ്ഥാപിച്ച 22 കാരി; മൂന്ന് മാസക്കാലം നീണ്ടുനിന്ന പ്രക്ഷേപണത്തിൽ ഉൾപ്പെടുത്തിയത് സ്വാതന്ത്ര്യ സമര വാർത്തകൾ; അവസാനം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ വാഗ്ദാനം നൽകിയത് വിദേശ പഠനവും ജോലിയും; എല്ലാം നിരാകരിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഉഷാ മേത്തയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

1942 ഓഗസ്റ്റ് 8നാണ് ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ അവസാന യുദ്ധം പ്രഖ്യാപിച്ചത്. പ്രവർത്തിക്കുക, അല്ലെങ്കിൽ മരണം വരിക്കുക. ഞങ്ങൾ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കിൽ അതിനുള്ള ഉദ്യമത്തിൽ ഞങ്ങൾ മരണം വരിക്കും. ഇതായിരുന്നു ഗാന്ധിജിയുടെ അന്ത്യശാസനം. ക്വിറ്റ് ഇന്ത്യാ എന്ന സിംഹഗർജ്ജനം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര ഇടനാഴികളിൽ പ്രകമ്പനം കൊണ്ടപ്പോൾ നിരവധി ഇന്ത്യൻ യുവാക്കളാണ് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം പോലും മാറ്റിവച്ചുകൊണ്ട് രംഗത്തിറങ്ങിയത്. അതിൽ ഒരാളായിരുന്നു ഉഷാ മേത്ത.

ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ച ഉടനെ ഭരണകൂടം ശ്രദ്ധ ചെലുത്തിയത്, സമരവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പ്രചാരം ലഭിക്കാതിരിക്കാനായിരുന്നു. അന്നത്തെ വ്യവസ്ഥാപിത മാധ്യമങ്ങൾക്കെല്ലാം പലവിധത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് സർക്കാർ പ്രതികരിച്ചത്. അതിനെ പ്രതിരോധിക്കാൻ ഉഷാ മേത്ത കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു ഒരു സ്വകാര്യ റേഡിയോ സ്റ്റേഷൻ.

അന്ന് കേവലം 22 വയസ്സുണ്ടായിരുന്ന ഉഷാ മേത്ത തന്റെ ചില സുഹൃത്തുക്കളുമൊത്ത് ഒരു റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. എതിർപ്പ് ഒരു പുത്തരിയൊന്നുമായിരുന്നില്ല ഉഷാ മേത്തക്ക്. സൈമൺ കമ്മീഷൻ റിപ്പോർട്ടിനെതിരെ ''സൈമൺ ഗോ ബാക്ക്'' എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ ഉഷയുടെ പ്രായം വെറും എട്ടു വയസ്സായിരുന്നു. ഉപ്പ് നികുതി നൽകരുതെന്ന ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് പ്രചാരണം ആരംഭിക്കുമ്പോൾ അവരുടെ പ്രായം വെറും 13 വയസ്സ്. അന്നുതൊട്ട് എല്ലാ സിവിൽ നിയമലംഘന പ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുത്ത ഒരു വ്യക്തിത്വമായിരുന്നു ഉഷാ മേത്ത.

''ഇത് കോൺഗ്രസ്സ് റേഡിയോ. ഇന്ത്യയിൽ എവിടെനിന്നോ സംപ്രേഷണം ചെയ്യുന്നു'' ഉഷാമേത്തയുടെ റേഡിയോ പ്രക്ഷേപണത്തിന്റെ തലവാചകം മൂന്ന് മാസത്തിലേറെക്കാലം ബ്രിട്ടീഷ് ഭരണകൂടത്തെ അങ്കലാപ്പിലാക്കിയിരുന്നു. ചന്ദ്രകാന്ത് ബാബുഭായ്, വിത്തൽദാസ് കെ. ജവേരി എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പം അവർ ഷിക്കാഗോ റേഡിയോ കമ്പനി എന്ന ഒരു ടെലെഫോൺ കമ്പനി നടത്തിയിരുന്ന നങ്ക മോട്ട്വാനെയുടെ സഹായത്തോടെയായിരുന്നു റേഡിയോ ആരംഭിച്ചത്.ഒരു അമേച്വർ റേഡിയോ ഓപ്പറേറ്ററായിരുന്ന നരിമാൻ പ്രിന്ററും അവരെ സഹായിച്ചു.

1942 ഓഗസ്റ്റ് 14 നായിരുന്നു ആദ്യത്തെ സംപ്രേഷണം. ആദ്യമാദ്യം ഹിന്ദിയിലും ഇംഗ്ലീഷിലുമായി ദിവസേന രണ്ടുതവണ സംപ്രേഷണം ചെയ്തിരുന്ന വാർത്ത പിന്നീട് വൈകിട്ട് 7.30 നും 8.30 നും ഇടയിൽ ഒരു പ്രക്ഷേപണം മാത്രമാക്കി. ബ്രിട്ടീഷ് പൊലീസ് അവരുടെ പിറകെ തന്നെയുണ്ടായിരുന്നു. മൂന്ന് മാസക്കാലം റേഡിയോ സംപ്രേഷണം നടത്തിയതിനിടയിൽ ഏഴു പ്രാവശ്യമാണ് പൊലീസിനെ വെട്ടിച്ച് അവർക്ക് സ്ഥലം മാറ്റേണ്ടി വന്നത്. വ്യാപാരികൾ അരി കയറ്റുമതി ചെയ്യാൻ വിസമ്മതിക്കുന്നതു മുതൽ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് വരെയുള്ള വാർത്തകൾ അവർ സംപ്രേഷണം ചെയ്തു.

പ്രത്യേക സന്ദേശവാഹകർ മുഖാന്തിരമായിരുന്നു തങ്ങൾക്ക് വാർത്തകൾ ലഭിച്ചിരുന്നതെന്ന് പിന്നീട് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. അന്ന് കോൺഗ്രസ്സിന്റെ ദേശീയ കമ്മിറ്റി ഓഫീസ് ബോംബെയിലായിരുന്നു. അവിടന്നും അവർക്ക് വിവരങ്ങൾ ലഭിച്ചിരുന്നു. അന്നത്തെ മുഖ്യധാരാ മാധ്യമങ്ങൾ തൊടാൻ പോലും ഭയന്നിരുന്ന പല വാർത്തകളും അവർ സംപ്രേഷണം ചെയ്തിരുന്നു. മാത്രമല്ല പല നേതാക്കളുടെ പ്രസംഗങ്ങളും അവർ സംപ്രേഷണം ചെയ്തു.

അവസാനം, ബ്രിട്ടീഷ് പൊലീസ് കൂടുതൽ ശക്തമായി ഇവർക്കെതിരെ നീങ്ങാൻ തുടങ്ങി. ഇവരുടെ ആസ്ഥാനം കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി അന്ന് ബോംബെയിൽ ഉണ്ടായിരുന്ന റേഡിയോ കടകളെല്ലാം റേയ്ഡ് ചെയ്തു. അതിന്റെ ഭാഗമായി ബാബുഭായിയേയും അവർ പിടിച്ചു. ബാബുഭായിയുടെ കുറ്റസമ്മതം അനുസരിച്ചാണെന്ന് തോന്നുന്നു, അവർ ഈ റേഡിയോയുടെ അപ്പോഴത്തെ കേന്ദ്രത്തിലെത്തി.

കിട്ടാവുന്നിടത്തോളം ബ്രോഡ്കാസ്റ്റിങ് സാധനങ്ങളും എടുത്തുകൊണ്ട്, പൊലീസ് വരുന്നതിന് മുൻപേ ഉഷാ മേത്ത അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് പുതിയൊരു സ്ഥലം ഒരുക്കി അവർ അന്നത്തെ പ്രക്ഷേപണത്തിന് തയ്യാറെടുത്തു. ചില വാർത്തകളും, ഹിന്ദുസ്ഥാൻ ഹമാര എന്ന ദേശഭക്തി ഗാനവും സംപ്രേഷണം ചെയ്തു. പരിപാടിയുടെ അവസാനം കുറിച്ചുകൊണ്ട് വന്ദേ മാതരം സംപ്രേഷണം ചെയ്യുമ്പോഴായിരുന്നു വാതിലിൽ മുട്ടുകേട്ടത്. വാതിൽ തുറന്നു വന്നത് ബ്രിട്ടീഷ് പൊലീസായിരുന്നു. വന്ദേമാതരം നിർത്താൻ പറഞ്ഞെങ്കിലും അവർ നിർത്തിയില്ല.

തുടർന്ന് മറ്റുള്ളവർക്കൊപ്പം ഉഷാ മേത്തയേയും പൊലീസ് അറസ്റ്റ് ചെയ്തു. സാങ്കേതിക വിദ്യയിലും മറ്റും അവർക്കുണ്ടായിരുന്ന കഴിവ് കണക്കിലെടുത്ത്, രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയാൽ അവരെ ഇംഗ്ലണ്ടിൽ പഠിക്കാൻ വിടാമെന്നും തൊഴിൽ നൽകാമെന്നും അധികാരികൾ പറഞ്ഞു. പക്ഷെ അവർ അതെല്ലാം നിഷേധിക്കുകയായിരുന്നു.നാല് വർഷത്തെ തടവാണ് അവർക്ക് വിധിച്ചത്.

തടവ് അനുഭവിച്ച് പുറത്തുവന്നതിന് ശേഷം അവർ പി എച്ച് ഡി എടുക്കുകയും വിൽസൺ കോളേജിൽ 30 വർഷത്തോളം അദ്ധ്യാപികയായി പ്രവർത്തിക്കുകയും ചെയ്തു.1998-ൽ ഉഷാ മേത്തക്ക് പത്മ വിഭൂഷൺ നൽകി രാഷ്ട്രം അവരെ ആദരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP