Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രം ഇന്നലെ മരിച്ചത് 332 പേർ; അമേരിക്കയിലെ ഇന്നലത്തെ കൊറോണ മരണം ആയിരത്തിനടുത്ത്; മരണസംഖ്യയിൽ ചൈനയെ മറികടന്ന് ലോക പൊലീസും; 3850 മരണവും 1,87,321 രോഗികളുമായി ആർക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് അമേരിക്ക; യുഎസിൽ എങ്ങും ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന ഭയാനകമായ കാഴ്ചകൾ

ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രം ഇന്നലെ മരിച്ചത് 332 പേർ; അമേരിക്കയിലെ ഇന്നലത്തെ കൊറോണ മരണം ആയിരത്തിനടുത്ത്; മരണസംഖ്യയിൽ ചൈനയെ മറികടന്ന് ലോക പൊലീസും; 3850 മരണവും 1,87,321 രോഗികളുമായി ആർക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് അമേരിക്ക; യുഎസിൽ എങ്ങും ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന ഭയാനകമായ കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: അമേരിക്കയുടെ അലസതയ്ക്കും, അമിത ആത്മവിശ്വാസത്തിനും കാലം കരുതിവച്ചിരിക്കുന്ന മറുപടി സ്വപ്നം കാണാൻ പോലുമാകാത്തത്ര ഭയാനകമായിരിക്കും എന്ന് തെളിയിക്കുകയാണ് ഇവിടെ ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ. ലോകത്തിന് കൊറോണയെ ദാനം നൽകിയ ചൈനയിലെ മരണസംഖ്യയേയും കടത്തിവെട്ടി 3850 ൽ എത്തിനിൽക്കുന്നു അമേരിക്കയിലെ കോവിഡ് 19 മരണങ്ങളുടെ എണ്ണം. 1,87, 321 രോഗികളുമായി രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് ആയുധശക്തിയിലും സാങ്കേതിക വിദ്യയിലും സമ്പത്തിലുമൊക്കെ ഒന്നാംസ്ഥാനത്തുള്ള അമേരിക്ക. ന്യൂയോർക്കിൽ മാത്രം ഇന്നലെ മരിച്ചവർ 332 ആണ് എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം.

ഈ കണക്കുകൾ മാത്രമല്ല ഭയാനകം. അതിനേക്കാൾ ഭയാനകമായ വേറെ ചില ദൃശ്യങ്ങളുണ്ട്, ഒരുപക്ഷെ ഈ വൻശക്തിയുടെ നിസ്സഹായവസ്ഥയുടെ ആഴം വെളിവാക്കുന്ന ചിത്രങ്ങൾ. ലോകത്തെവിടെയും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊണ്ടിട്ടുള്ള രാഷ്ട്രമാണ് അമേരിക്ക. പല രാജ്യങ്ങളിലേയും മനുഷ്യാവകാശം സംരക്ഷിക്കുവാൻ യുദ്ധങ്ങൾ വരെ നടത്തിയിട്ടുമുണ്ട്. എന്നാൽ, മരണശേഷം മൃതദേഹത്തിന് ആദരവ് നൽകണം എന്ന സാമാന്യ ചട്ടം പോലും പാലിക്കാനാകാതെ സങ്കടപ്പെടുകയാണ് ഇന്നീ മനുഷ്യാവകാശങ്ങളുടെ വക്താവ്. മരണസംഖ്യ വർദ്ധിച്ചതോടെ ഫോർക്ക് ലിഫ്റ്റ് ഉപയോഗിച്ച് മൃതദേഹങ്ങൾ ട്രക്കുകളിൽ അടുക്കിവയ്ക്കേണ്ടുന്ന ഗതികേടിലേക്ക് നീങ്ങി അമേരിക്ക.

മരണ സംഖ്യയിൽ യുഎസ് ചൈനയെ മറികടന്നുവെന്നതാണ് വസ്തുത. രോഗികൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ അടിയന്തരമായി 10 ലക്ഷം ആരോഗ്യപ്രവർത്തകരുടെ സഹായം അഭ്യർത്ഥിച്ചു. നാവികസേന 1000 കിടക്കകളുള്ള കപ്പൽ തീരത്ത് സജ്ജീകരിച്ചു. 80,000 വിരമിച്ച നഴ്‌സുമാരും ഡോക്ടർമാരും സന്നദ്ധസേവനത്തിനുണ്ട്. എന്നിട്ടും കാര്യങ്ങൾ എങ്ങുമെത്തുന്നില്ലെന്നു പരിതപിച്ച ഗവർണർ ആർഡ്രു ക്യൂമോ 'ദയവായി ഞങ്ങളെ സഹായിക്കൂ'എന്ന് അഭ്യർത്ഥിച്ചു. ന്യൂയോർക്കിലേതിനു സമാനമായ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന ഭീതി ശക്തമാണ്. അങ്ങനെ വലിയ ഭീതിയിലാണ് അമേരിക്ക.

ഇറ്റലിയിലേത് പോലെ, രോഗികളുടെ ആധിക്യത്താൽ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ താളംതെറ്റിയ അമേരിക്കയും ഇറ്റലിയുടെ വഴിക്ക് നീങ്ങുകയാണ്. മരണ സംഖ്യയിൽ ഇപ്പോഴും ഇറ്റലിതന്നെയാണ് മുന്നിലെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക് ഇറ്റലിക്കും ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,05,792 ആണെങ്കിൽ അമേരിക്കയിലത് 1,87,321 ആയിരിക്കുന്നു. രോഗബാധ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന ന്യൂയോർക്കിൽ ഗവർണർ ആൻഡ്രൂ കുവോമിന്റെ സഹോദരനും സി എൻ എൻ അവതാരകനുമായ ക്രിസ് കുവോമിനും രോഗബാധ സ്ഥിരീകരിച്ചതായി ഇന്നലെ ഗവർണർ വെളിപ്പെടുത്തി.

ന്യൂയോർക്ക് നഗരത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ തികയാതെ വന്നതോടെ ജാവിറ്റ്സ് കൺവെൻഷൻ സെന്ററിൽ 1000 കിടയ്ക്കകളുള്ള ഒരു താത്ക്കാലിക ആശുപത്രി നിർമ്മിച്ചിട്ടുണ്ട്. 1000 കിടയ്ക്കകളുള്ള ഒരു നേവൽ ആശുപത്രി കപ്പലും ഇന്നലെ മുതൽ ന്യൂയോർക്കിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അമേരിക്കൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് നടക്കാറുള്ള ഇൻഡോർ കോർട്ടും താത്ക്കാലിക ആശുപത്രിയായി മാറ്റിയിട്ടുണ്ട്. ഇതുകൂടാതെ നഗരത്തിനു പുറത്ത് നിന്ന് 250 ഓളം ആരോഗ്യ പ്രവർത്തകരെ നഗരത്തിലെത്തിക്കുവാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ദേശീയ ശേഖരത്തിൽ നിന്നും പുതുതായി 150 വെന്റിലേറ്ററുകൾ കൂടി നഗരത്തിലേക്ക് അയയ്ക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എന്ന് എത്തുമെന്ന വിവരം അറിയിച്ചിട്ടില്ല.

ഇതിനിടയിൽ ഹോളണ്ട് അമേരിക്കൻ ആഡംബരക്കപ്പലിൽ, രോഗലക്ഷണങ്ങൾ കാണിച്ച ഒരുഡസൻ ആളുകൾക്ക് ചികിത്സ ലഭ്യമാക്കണമെന്ന അഭ്യർത്ഥന ഫ്‌ളോറിഡ നിഷേധിച്ചു. വിലയേറിയ സ്രോതസ്സുകൾ ഫ്‌ളോറിഡാക്കാരല്ലാത്തവർക്ക് വേണ്ടി ഉപയോഗിക്കുന്ന കാര്യം ഇപ്പോൾ ചിന്തിക്കാൻ പോലുമാകില്ലെന്നാണ് ഫ്‌ളോറിഡ ഗവർണർ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ന്യൂയോർക്കിനെ വിട്ടുമാറാതെ ഒരു ശാപമായി കൊറോണ

അമേരിക്കയിലെ കോവിഡ് 19 എപ്പിസെന്ററായ ന്യൂയോർക്കിന്റെ ദുരിതത്തിന് ഇനിയും ഒരു അറുതി വരാറായിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചവരിൽ 75,795 പേർ ന്യൂയോർക്കിൽ നിന്നാണ്. തിങ്കളാഴ്‌ച്ച മാത്രം 9298 പേർക്കാണ് ഇവിടെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ന്യൂയോർക്കിലെ മരണസംഖ്യ ഇതുവരെ 1550 ആണ്. ഈ ദുരന്തത്തെ ചെറുക്കാൻ സ്വകാര്യ-പൊതുമേഖലാ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഒന്നായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത ഗവർണർ പക്ഷെ എന്ന് ഈ ഭീകരനെ തളയ്ക്കാനാകുമെന്ന് തനിക്കറിയില്ലെന്ന് വ്യക്തമാക്കി.

ഇന്നലെ മാത്രം 18,000 പേരെ കൊറോണാ പരിശോധനയ്ക്ക് വിധേയമാക്കിയ ന്യൂയോർക്കിൽ 2,00,000 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. അതിലാണ് 75,795 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് ഞെട്ടലുളവാക്കുന്ന കാര്യമാണെന്നാണ് ന്യൂയോർക്ക് ഗവർണർ പറയുന്നത്. നമ്മൾ ഈ വൈറസിന്റെ ശക്തിയെ കുറച്ചുകണ്ടതാണ് എല്ലാ അപകടങ്ങൾക്കും കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുവിന്റെ ശക്തിയെ കുറച്ചുകാണുന്നവൻ അമിതമായ ആത്മവിശ്വാസത്താൽ സ്വന്തം നാശത്തെ പുൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രോഗബാധയുടെ മൂർദ്ധന്യാവസ്ഥയിൽ ഇനിയും ന്യൂയോർക്ക് എത്തിയിട്ടില്ലെന്നും അതിനാൽ കൂടുതൽ കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മരണത്തേക്കാൾ ഹൃദയഭേദകമാണ് മൃതദേഹങ്ങളുടെ ചിത്രങ്ങൾ. കുളിപ്പിച്ച് പുത്തൻ വസ്ത്രങ്ങൾ അണിയിച്ച്, സുഗന്ധവ്യഞ്ഞ്ജനങ്ങൾ പൂശി, കുന്തിരിക്കവും കൂദാശകളുമില്ലാതെ, യാത്രാമൊഴിയേകാൻ ഉറ്റവരും ഉടയവരുമില്ലാതെ ഫോർക്ക് ലിഫ്റ്റിൽ കുരുങ്ങി, ട്രക്കുകളിലെ അടുക്കുകളായി പിന്നെ ദൂരെയേതോ മണ്ണിൽ തീർത്ത കുഴിയിലേക്ക് പോകാൻ വിധിക്കപ്പെട്ട കുറേ ജന്മങ്ങൾ. ആശുപത്രികളിലും താത്ക്കാലിക മോർച്ചറികളിലും മൃതദേഹങ്ങൾ കുമിഞ്ഞുകൂടുമ്പോൾ ഇതല്ലാതെ മറ്റൊരു വഴിയും ആർക്കും മുന്നിലില്ല. മരവിച്ച മനസ്സുമായി മൃതദേഹങ്ങൾ ഫോർക്ക് ലിഫ്റ്റിൽ വാരിയെടുക്കുന്ന തൊഴിലാളികളുടെ മനസ്സിലും ആശങ്കയുണ്ടായിരിക്കും, ഒരുപക്ഷെ തങ്ങൾക്ക് വേണ്ടപ്പെട്ടവരാരെങ്കിലുമായിരിക്കും നാളെ ഈ സ്ഥാനത്ത് ഉണ്ടാവുക എന്ന്.

സൈനികർക്കും രോഗം

4 ദിവസത്തിനിടെ കലിഫോർണിയയിലും രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മൂന്നിരട്ടിയും ആയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ആശങ്കയാകുന്നുണ്ട്. ആദ്യമായി യുഎസ് സൈനികൻ രോഗം ബാധിച്ചു മരിച്ചു. ന്യൂ ജഴ്‌സി ആർമി നാഷനൽ ഗാർഡ്‌സ്മാനാണു മരിച്ചത്. 568 സൈനികർക്കു രോഗമുണ്ട്. യുഎസ് കോൺഗ്രസിലെ 6 അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. 30 പേർ സ്വയം ക്വാറന്റീനിൽ. മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പു പ്രചാരണസംഘത്തിൽ അംഗമായിരുന്ന ഇന്ത്യൻ വംശജൻ സൂരജ് പട്ടേലിനും രോഗം പിടിപെട്ടിട്ടുണ്ട്. അതായത് സമസ്ത മേഖലയിലേക്കും രോഗമെത്തുകയാണ്.

25 വയസ്സുള്ള യുഎസ് ഗായിക കാലീ ഷോർ രോഗംബാധിച്ചതായി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. അതിനിടെ അടുത്ത 30 ദിവസം നിർണായകമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ മെക്‌സിക്കൻ അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി. ഫോർഡ് മോട്ടർ കമ്പനി മിഷിഗൻ പ്ലാന്റിൽ അടുത്ത 100 ദിവസങ്ങൾക്കുള്ളിൽ അരലക്ഷം വെന്റിലേറ്ററുകൾ നിർമ്മിക്കാമെന്ന് ഉറപ്പുനൽകി. ജനറൽ മോട്ടോഴ്‌സും വെന്റിലേറ്റർ നിർമ്മിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഹോളിവുഡ് ദമ്പതികളായ റിയാൻ റെയ്‌നോൾഡ്‌സും ബ്ലേക്ക് ലൈവ്ലിയും ന്യൂയോർക്കിലെ ആശുപത്രികൾക്ക് 4 ലക്ഷം യുഎസ് ഡോളർ സംഭാവന ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP