Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയിൽ ന്യൂനപക്ഷ പീഡനമെന്ന് യുഎസ് റിപ്പോർട്ട്; ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിച്ചു; ഗോ സംരക്ഷണത്തിന്റെ പേരിൽ കടുത്ത നിയമങ്ങൾ; മുസ്ലിംങ്ങളും ക്രിസ്ത്യാനികളും കടുത്ത വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുവെന്ന് മതസ്വാതന്ത്ര്യ റിപ്പോർട്ട്

ഇന്ത്യയിൽ ന്യൂനപക്ഷ പീഡനമെന്ന് യുഎസ് റിപ്പോർട്ട്; ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിച്ചു; ഗോ സംരക്ഷണത്തിന്റെ പേരിൽ കടുത്ത നിയമങ്ങൾ; മുസ്ലിംങ്ങളും ക്രിസ്ത്യാനികളും കടുത്ത വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുവെന്ന് മതസ്വാതന്ത്ര്യ റിപ്പോർട്ട്

വരുൺ ചന്ദ്രൻ

വാഷിങ്ടൺ: മോദി ഭരണകാലത്ത് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും കൊലപാതകങ്ങളും കഴിഞ്ഞ വർഷം വ്യാപകമായതായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട്. ഗോസംരക്ഷണം, മുസ്‌ലിം മത സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങൾ, സംസ്ഥാനങ്ങളിലെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ എന്നിവയുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വ്യാഴാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ഇന്ത്യയിൽ ജനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ അക്രമങ്ങൾ വർധിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇന്ത്യയിൽ ഒരുവിഭാഗം ഉദ്യോഗസ്ഥർ ജനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെ അവഗണിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുകയാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡർ റഷാദ് ഹുസൈൻ പറഞ്ഞു. ഗോവധം, ഗോമാംസ വില്പന, കൈവശം വയ്ക്കൽ തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അഹിന്ദുക്കളെ നിരിക്ഷിക്കുന്ന സംഭവങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിലെ ഇന്ത്യയെക്കുറിച്ചുള്ള ഭാഗം പറയുന്നു.

രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ പത്തിലും മതപരിവർത്തന നിരോധന നിയമങ്ങളുണ്ട്. വിവാഹം മൂലമുള്ള മതംമാറ്റത്തെ നിർബന്ധിത മതപരിവർത്തനം എന്നപേരിൽ പിഴ ചുമത്തുന്ന നിയമങ്ങളും നാല് സംസ്ഥാനങ്ങളിലുണ്ട്. ചില ഹൈക്കോടതികൾ തന്നെ ഈ നിയമപ്രകാരമുള്ള കേസുകൾ തള്ളിക്കളഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. ഡിസംബറിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു മതസമ്മേളനത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടായ വിദ്വേഷ പ്രസംഗങ്ങളും, ഹിന്ദുത്വ നേതാവ് നരസിംഹാനന്ദ് മുസ്‌ലിങ്ങൾക്കെതിരെ ആയുധമെടുക്കാൻ ആഹ്വാനം ചെയ്തതും ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ ഖുറാനെ അവഹേളിക്കുന്നവരുടെ തലവെട്ടാൻ ഇസ്‌ലാമിക പ്രഭാഷകൻ അബ്ബാസ് സിദ്ദിഖി നടത്തിയ പ്രസ്താവനയും പരാമർശിക്കുന്നു.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരും സ്ത്രീകളും ഇരകളാക്കപ്പെടുന്നു. വിയറ്റ്‌നാമിൽ, രജിസ്റ്റർ ചെയ്യാത്ത മതങ്ങളിലെ അംഗങ്ങളെ അധികാരികൾ പീഡിപ്പിക്കുന്നു. നൈജീരിയയിൽ അപകീർത്തി വിരുദ്ധ നിയമങ്ങളും മതനിന്ദാ നിയമങ്ങളും ഉപയോഗിക്കുന്നു. ബുദ്ധ, ക്രിസ്ത്യൻ, ഇസ്‌ലാമിക, താവോയിസ്റ്റ് ആരാധനാലയങ്ങൾ തകർത്തും ക്രിസ്ത്യാനികൾക്കും മുസ്‌ലിങ്ങൾക്കും തൊഴിലിനും താമസത്തിനും തടസങ്ങൾ സൃഷ്ടിച്ചും ചൈനീസ് ഭരണകൂടം പീഡനം തുടരുകയാണെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിങ്ങൾ വർഗീയ കലാപത്തിനും വിവേചനത്തിനും ഇരയാകുന്നുണ്ടെന്ന് ഏപ്രിലിലും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. മതസ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളായ ഇന്ത്യൻ സർക്കാരിനും സർക്കാർ ഏജൻസികൾക്കും ഉപരോധം ഏർപ്പെടുത്തണമെന്നും യുഎസ് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. 2021-ൽ മോദി ഭരണകാലത്ത് നടന്ന വർഗീയ ലഹളകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല. തലേ വർഷത്തേക്കാൾ വർഗീയ ലഹളകളും സാമുദായിക കലാപങ്ങളും വലിയ തോതിൽ വർധിച്ചുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. പൗരത്വ ബില്ലിനെതിരായി നടന്ന സമരങ്ങളും കലാപങ്ങളുമാണ് വർഗീയ ലഹളയിലേക്ക് തിരിഞ്ഞത്. ഇതോടൊപ്പം തന്നെ സാമുദായിക- സന്നദ്ധ സംഘടനകൾക്ക് വിദേശ സഹായം നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവന്നതും ന്യൂനപക്ഷങ്ങളെ വരുതിയിൽ നിർത്തുന്നതിന് വേണ്ടിയാണെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.

ക്രിസ്ത്യാനികൾക്കും മുസ്ലിംങ്ങൾക്കുമെതിരായി മതപരിവർത്തന നിയമം ഉപയോഗിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ തോതിൽ അടിച്ചമർത്തലുകൾ നടക്കുന്നുണ്ട്. ഗോസംരക്ഷണത്തിന്റെ പേരിൽ നിയമങ്ങളുണ്ടാക്കി മതന്യൂനപക്ഷങ്ങൾക്ക്‌ന നേരെ പ്രയോഗിക്കുകയും അവരെ തടവിലാക്കാനും നിയമം ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്.

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള യുഎസ് റിപ്പോർട്ട് അന്താരാഷ്ട്ര ബന്ധങ്ങളിലെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രണെന്ന് കേന്ദ്ര സർക്കാർ. മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും രാജ്യം വിലമതിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ഉദ്യോഗസ്ഥരുടെ തെറ്റായ അഭിപ്രായങ്ങൾ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP