Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ വിരട്ടി മലേറിയ മരുന്ന് വാങ്ങിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനക്കെതിരെയും ട്രംപിന്റെ ഭീഷണി; ചൈനയെ അനുകൂലിക്കുന്ന നിലപാട് തുടർന്നാൽ അമേരിക്ക നൽകുന്ന സാമ്പത്തികസഹായം നിർത്തിവെക്കും; പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ചൈന നൽകുന്ന തെറ്റായ വിവരങ്ങൾ ഡബ്ല്യുഎച്ച്ഒ അതേപോലെ വിശ്വസിക്കുന്നു; കാനഡയുടെയും ജർമ്മനിയുടെയും മാസ്‌ക്ക് തട്ടിയെടുത്തുവെന്ന വിവാദം തീരുന്നതിന് മുമ്പ് യുഎസ് വീണ്ടും വിവാദത്തിൽ; കൊവിഡിൽ അമേരിക്ക വിറക്കുമ്പോൾ കലിപ്പുതീരാതെ ട്രംപ്

ഇന്ത്യയെ വിരട്ടി മലേറിയ മരുന്ന് വാങ്ങിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനക്കെതിരെയും ട്രംപിന്റെ ഭീഷണി; ചൈനയെ അനുകൂലിക്കുന്ന നിലപാട് തുടർന്നാൽ അമേരിക്ക നൽകുന്ന സാമ്പത്തികസഹായം നിർത്തിവെക്കും; പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ചൈന നൽകുന്ന തെറ്റായ വിവരങ്ങൾ ഡബ്ല്യുഎച്ച്ഒ അതേപോലെ വിശ്വസിക്കുന്നു; കാനഡയുടെയും ജർമ്മനിയുടെയും മാസ്‌ക്ക് തട്ടിയെടുത്തുവെന്ന വിവാദം തീരുന്നതിന് മുമ്പ് യുഎസ് വീണ്ടും വിവാദത്തിൽ; കൊവിഡിൽ അമേരിക്ക വിറക്കുമ്പോൾ കലിപ്പുതീരാതെ ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

ന്യയോർക്ക്: കോവിഡിൽ അമേരിക്കയിൽ മരണം പതിനായിരം കവിഞ്ഞ് നീങ്ങിയതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വാക്കുകളുടെ നിയന്ത്രണം നഷ്ടമാവുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടനയെയാണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. കൊറോണ വൈറസ് മുന്നറിയിപ്പ് ഗൗരവായി പരിഗണിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഡബ്ല്യുഎച്ച്ഒ ചൈനയെ മാത്രം പരിഗണിക്കുന്നതിനാലാണ് അങ്ങനെ തോന്നുന്നതെന്ന് ട്രംപ് ആരോപിച്ചു.

മുമ്പും ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ കാര്യത്തിൽ ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് ലോകാരോഗ്യ സംഘടന സ്വീകരിക്കുന്നതെന്നാണ് ട്രംപ് നിരന്തരം പരാതിപ്പെടുന്നത്. ഇതുവരെ പരാതിയും ആരോപണങ്ങളും ഉന്നയിച്ചിരുന്ന ട്രംപ് ഇപ്പോൾ ഭീഷണിയുടെ സ്വരമാണ് ഉയർത്തിയിരിക്കുന്നത്.ട്രംപിനെ കൂടാതെ അമേരിക്കയിലെ ജനപ്രതിനിധികളും ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നുണ്ട്.

പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ചൈന നൽകുന്ന തെറ്റായ വിവരങ്ങൾ ഡബ്ല്യുഎച്ച്ഒ അതേപോലെ വിശ്വസിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയ മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ തന്നില്ലെങ്കിൽ ഇന്ത്യക്ക് തക്കതായ മറുപടി നൽകുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഇന്ത്യ മലേറിയ മരുന്നിന്റെ കയറ്റുമതി നിർത്തിയിരുന്നു. കയറ്റുമതി നിർത്താൻ ഇന്ത്യ തീരുമാനിച്ചതിന് ശേഷമാണ് അമേരിക്ക മരുന്ന് ആവശ്യപ്പെട്ടത്.

ട്രംപിന്റെ ഭീഷണി വന്നതോടെ ഇന്ത്യ വഴങ്ങുന്നതാണ് പിന്നീട് കണ്ടത്. മാനുഷിക പരിഗണനയിൽ അയൽ രാജ്യങ്ങൾക്കും രോഗബാധ രൂക്ഷമായ രാജ്യങ്ങൾക്കും മരുന്ന് നൽകാമെന്നാണ് ഇന്ത്യയുടെ പുതിയ നിലപാട്.ആഭ്യന്തന്തര ആവശ്യങ്ങൾക്കുള്ള മരുന്ന് ലഭ്യതയിൽ കുറവ് വരാതിരിക്കാനാണ് ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിർത്തലാക്കിയത്. എന്നാൽ ഹൈഡ്രോക്‌സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയില്ലെങ്കിൽ തിരിച്ചടികൾ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

'ഞാൻ അദ്ദേഹവുമായി ഞായറാഴ്ച ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്കുള്ള വിതരണത്തിന് ( ഹൈഡ്രോക്‌സി ക്ലോറോക്വിൻ) അനുമതി നൽകുകയാണെങ്കിൽ അത് പ്രശംസനീയമാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അനുമതി നൽകിയില്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ തീർച്ചയായും ചില തിരിച്ചടികൾ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?', എന്നായിരുന്നു ട്രംപ് വൈറ്റ്ഹൗസിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

നേരത്തെ തങ്ങൾക്കു കിട്ടേണ്ട മാസ്‌ക്കുകൾ അമേരിക്ക തട്ടിയെടുത്തതായി ജർമ്മനി ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചൈനയിലെ 3ങ കമ്പനിയിൽ നിന്നും ഓർഡർ ചെയ്ത 2 ലക്ഷം മാസ്‌കുകൾ അമേരിക്ക കൈക്കലാക്കിയെന്നായിരുന്നെന്നാണ് ഒരു ജർമ്മൻ ഉദ്യോഗസ്ഥൻ ആരോപിച്ചത്. ആധുനിക കാലത്തെ കൊള്ളയടിക്കലായി ഇതിനെ കണക്കാക്കുമെന്നായിരുന്നു ബെർലിൻ ആഭ്യന്തര മന്ത്രി ഇതിനോട് പ്രതികരിച്ചത്.

ഈ വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് സമാനമായ ആരോപണവുമായി കാനഡയും രംഗത്തെത്തി. ഇടപെടലുകൾക്കെതിരെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ വിമർശനം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യക്ക് ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞുവെച്ചു എന്നാണ് പ്രവിശ്യയുടെ അധികാരി ഡങ് ഫോർഡ് ആരോപിക്കുന്നത്.. കഴിഞ്ഞയാഴ്ചാണ് സംഭവം നടന്നതെന്നും ഇതൊരു തരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്നും ഇദ്ദേഹം ഗ്ലോബൽ ന്യൂസിനോട് പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ പ്രവിശ്യയിലുള്ള സുരക്ഷാ സാമഗ്രികൾ തീരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി ചർച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണ് കരുതുന്നതെന്നുമാണ് കാനഡ പ്രധാനമന്ത്രി ജസറ്റിൻ ട്രൂഡോ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.നേരത്തെ അമേരിക്കൻ ഉടമസ്ഥതയിലുള്ള 3ങ കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും അമേരിക്കയിൽ നിന്ന് നിർമ്മിച്ച മാസ്‌കുകൾ കയറ്റുമതി ചെയ്യരുതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്തായാലും കോവിഡ് കൊണ്ട് സഖ്യകക്ഷികൾക്കിടയിലും ഒരു വില്ലൻ ഇമേജാണ് അമേരിക്കയ്ക്ക് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP